നീണ്ട സമരങ്ങളും നിയമയുദ്ധവും നടത്തി രാജ്യത്തെ തൊഴിലാളികൾ നേടിയെടുത്ത പി.എഫ് പെൻഷൻ അനുവദിക്കുന്നതിൽ ബോധപൂർവം പ്രതിബന്ധവും കാലതാമസവുമുണ്ടാക്കുന്ന നടപടികളാണ് കേന്ദ്ര സർക്കാർ ഇപ്പോൾ ചെയ്തുകൂട്ടുന്നത്. പെൻഷൻ സംബന്ധിച്ച സുപ്രീംകോടതി വിധിവന്ന് അനേകം മാസങ്ങൾ കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച് കോടതി നിർദേശിച്ചതിൻപ്രകാരമുള്ള ഒരു വിജ്ഞാപനംപോലും കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടില്ല. തൊഴിലാളികളെ ഒരു പാഠം പഠിപ്പിക്കാനാണ് ഇക്കൂട്ടരുടെ ബോധപൂർവമായ നീക്കം.
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് മിസലേനിയസ് പ്രൊവിഷൻസ് ആക്ട് പ്രകാരം 1952ലാണ് ഇ.പി.എഫ് സ്കീം നിലവിൽവന്നത്. 73 ലക്ഷം തൊഴിലാളികളാണ് പി.എഫ് പെൻഷൻ പദ്ധതിയിൽ നിലവിൽ അംഗങ്ങളായുള്ളത്. 1995 നവംബർ 16ന് രൂപവത്കരിച്ച എംപ്ലോയീസ് പെൻഷൻ സ്കീം 2014ൽ കേന്ദ്ര സർക്കാർ അങ്ങേയറ്റം തൊഴിലാളിവിരുദ്ധമായ നിലയിൽ ഭേദഗതിചെയ്തു. കേന്ദ്ര സർക്കാർ നടപടി കേരള ഹൈകോടതി റദ്ദാക്കുകയും ഹൈകോടതി വിധി സുപ്രീംകോടതി രണ്ടുവട്ടം ശരിവെക്കുകയും ചെയ്തു.
ഇ.പി.എഫ്.ഒയും തൊഴിൽ മന്ത്രാലയവും നൽകിയ ഹരജികളിൽ വാദംകേട്ട സുപ്രീംകോടതി പി.എഫ് പെൻഷൻ വിഷയത്തിൽ ജീവനക്കാർക്ക് ഭാഗിക ആശ്വാസം നൽകുന്ന വിധിയാണ് പ്രഖ്യാപിച്ചത്. 2014ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന എംപ്ലോയീസ് പെൻഷൻ (ഭേദഗതി) പദ്ധതിയുടെ നിയമപരമായ സാധുത ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സുകാർഷോ തൂലിയ എന്നിവരടങ്ങിയ ബഞ്ച് ശരിവെച്ചെങ്കിലും ഭേദഗതിയിലെ തൊഴിലാളികൾക്ക് എതിരാവുന്ന ചില വ്യവസ്ഥകൾ റദ്ദാക്കി.
തൊഴിലാളികൾക്കനുകൂലമായ പരമോന്നത കോടതിയുടെ വിധികളെ ഒന്നുംതന്നെ മാനിക്കാതെയാണ് പുതിയ ചില നടപടികളുമായി ഇ.പി.എഫ് അധികൃതർ ഇപ്പോൾ രംഗത്തുവന്നിട്ടുള്ളത്. വളരെ കുറഞ്ഞ പെൻഷൻ മാത്രം കിട്ടുന്ന പ്രോ-റേറ്റ വ്യവസ്ഥ ഉയർന്ന പെൻഷൻ കിട്ടേണ്ടവരുടെയും കാര്യത്തിൽ നടപ്പാക്കാനാണ് ശ്രമമെന്ന് ഈയിടെ പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നു. ഇക്കാര്യം അംഗീകരിക്കോനോ നിഷേധിക്കാനോ ഇ.പി.എഫ്.ഒയോ തൊഴിൽ മന്ത്രാലയമോ ഇതുവരെ തയാറായിട്ടില്ല.
ദീർഘമായ നിയമയുദ്ധത്തിനുശേഷം 2022 നവംബർ നാലിന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ അന്തഃസത്തക്കു വിരുദ്ധമാണ് കേന്ദ്ര സർക്കാർ നടപടി. 30-35 വർഷം വരെ മെച്ചപ്പെട്ട ശമ്പളത്തിൽ ജോലി ചെയ്തവർക്ക് തുച്ഛമായ ഇ.പി.എഫ് പെൻഷൻ ലഭിക്കുന്ന സാഹചര്യമാണ് നിയമയുദ്ധത്തിന് ഇടയാക്കിയത്. ഉയർന്ന ശമ്പളം ഉള്ളവരിൽനിന്ന് അതനുസരിച്ചുള്ള പ്രതിമാസ വിഹിതം ഈടാക്കി ഉയർന്ന പെൻഷൻ നൽകണമെന്ന് വിവിധ ഹൈകോടതികൾ വിധിച്ചിരുന്നതാണ്. ഇതിനെതിരെ ഇ.പി.എഫ്.ഒയും തൊഴിൽ മന്ത്രാലയവും നൽകിയ അപ്പീലിന്മേലാണ് സുപ്രീംകോടതി വിധി വന്നത്. ഈ വിധി നടപ്പാക്കാൻ ഊർജിത നടപടിയൊന്നും കേന്ദ്ര സർക്കാർ സ്വീകരിച്ചില്ല. ഉയർന്ന പെൻഷൻ ഓപ്ഷൻ സമർപ്പണംപോലും പൂർത്തീകരിച്ചിട്ടില്ല. പെൻഷൻ കണക്കാക്കുന്നത് എങ്ങനെയെന്ന് ഔദ്യോഗികമായി വിശദീകരിക്കാനും ഇ.പി.എഫ്.ഒ വിസമ്മതിക്കുകയാണ്.
ഉയർന്ന പെൻഷൻ നിശ്ചയിക്കാനുള്ള മാർഗനിർദേശം എന്ന പേരിൽ ഇ.പി.എഫ്.ഒ ആസ്ഥാനത്തുനിന്ന് മേഖല ഓഫിസുകളിലേക്ക് അയച്ചത് എന്നു കരുതുന്ന കത്തിൽ 2014 സെപ്റ്റംബർ ഒന്നിനുശേഷം വിരമിച്ചവരുടെ പെൻഷൻ കണക്കാക്കാനും പ്രോ-റേറ്റ വ്യവസ്ഥ ബാധകമാക്കുമെന്ന് വ്യക്തമായി പറയുന്നുണ്ട്. ജീവനക്കാർ മുഴുവൻ സേവനകാലത്തേക്കും ഉയർന്ന വിഹിതം അടക്കണം. എന്നാൽ, പെൻഷൻ ആനുപാതികമായി കൂടുകയില്ല എന്നതാണ് പ്രോ-റേറ്റ വ്യവസ്ഥയുടെ മുഖ്യദോഷം.
ഉയർന്ന പി.എഫ് പെൻഷൻ പദ്ധതിയിൽ പ്രോ-റേറ്റ വ്യവസ്ഥ നടപ്പാക്കുന്നത് പെൻഷൻ കേസിലെ സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനവും യുക്തിക്ക് നിരക്കാത്തതുമാണ്. ഇതുവഴി പെൻഷൻകാർക്കുണ്ടാകുന്ന നഷ്ടം വളരെ വലുതാണ്. ഇ.പി.എഫ്.ഒ നിശ്ചയിച്ച ശമ്പളപരിധിക്കുള്ള വിഹിതം മാത്രം പെൻഷൻ ഫണ്ടിലേക്ക് അടച്ചുപോരുന്നവരുടെ പെൻഷൻ കണക്കാക്കാൻ 2014 സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ കൊണ്ടുവന്നതാണ് പ്രോ-റേറ്റ വ്യവസ്ഥ. യഥാർഥ ശമ്പളം എത്ര ഉയർന്നതാണെങ്കിലും 2014 ആഗസ്റ്റ് 31 വരെയുള്ള സർവിസിന്റെ പെൻഷൻ പരമാവധി 6500 രൂപ ശമ്പളത്തിനും, 2014 സെപ്റ്റംബർ ഒന്നിനുശേഷമുള്ള സർവിസിന്റെ പെൻഷൻ പരമാവധി 15,000 രൂപ ശമ്പളത്തിലും കണക്കാക്കണമെന്നാണ് അതിൽ പറയുന്നത്.
ഈ കാലയളവുകളിൽ ഈ ശമ്പളപരിധിക്കുള്ള വിഹിതം മാത്രമേ പെൻഷൻ ഫണ്ടിലേക്ക് സ്വീകരിച്ചിട്ടുള്ളൂ എന്നതാണ് ഇ.പി.എഫ്.ഒ ഇതിനു കാണുന്ന ന്യായം. എന്നാൽ, ഉയർന്ന പെൻഷൻ പദ്ധതിയിലേക്ക് ഓപ്ഷൻ നൽകിയവർ സേവനകാലം മുഴുവൻ പൂർണ ശമ്പളത്തിന് ആനുപാതികമായ വിഹിതം പെൻഷൻ ഫണ്ടിലേക്ക് അടക്കണം. വിഹിതം അടക്കുന്നതിൽ 2014 സെപ്റ്റംബറിനുമുമ്പ്, അതിനുശേഷം എന്ന വ്യത്യാസം ഇല്ലാതിരിക്കെ പെൻഷൻ മാത്രം രണ്ടായി കണക്കാക്കുന്നതും സാമാന്യ നീതിയുടെ നിഷേധംതന്നെയാണ്.
ജീവനക്കാരുടെ പെൻഷൻ വരുമാനം ഗണ്യമായി കുറക്കുന്ന ഈ നടപടിക്ക് ഒരു നീതീകരണവുമില്ല. 2014 സെപ്റ്റംബർ ഒന്നിനുശേഷം വിരമിച്ചവർക്ക് അവസാനത്തെ 60 മാസത്തെ ശമ്പള ശരാശരിയും അതിനുമുമ്പ് വിരമിച്ചവർക്ക് അവസാനത്തെ 12 മാസത്തെ ശമ്പള ശരാശരിയും വെച്ചാണ് ഉയർന്ന പെൻഷൻ കണക്കാക്കുന്നത്. പ്രോ-റേറ്റ വ്യവസ്ഥയിൽ 2014 സെപ്റ്റംബർ ഒന്നിനു മുമ്പും ശേഷവുമുള്ള ശമ്പളം രണ്ടു രീതിയിലാണ് കണക്കാക്കുക. പദ്ധതി തുടങ്ങിയ 1995 നവംബർ മുതൽ 2014 ആഗസ്റ്റ് വരെ പരമാവധി 6500 രൂപ ശമ്പളത്തിലും, 2014 സെപ്റ്റംബറിനുശേഷം പരമാവധി 5000 രൂപ ശമ്പളത്തിലുമാണ് നിലവിൽ പെൻഷൻ കണക്കാക്കുന്നത്.
ഉയർന്ന പെൻഷന് ഓപ്ഷൻ നൽകിയവർ പി.എഫിൽ അംഗമായതുമുതലുള്ള പൂർണ ശമ്പളത്തിന്റെ 8.33 ശതമാനം വിഹിതം പ്രോവിഡന്റ് ഫണ്ടിലടക്കണം. അതിന് 2014 സെപ്റ്റംബറിനുമുമ്പും ശേഷവും എന്ന വേർതിരിവില്ല. നിലവിലെ പ്രോ-റേറ്റ രീതി നടപ്പാക്കിയാൽ 2014 സെപ്റ്റംബറിനു മുമ്പും ശേഷവുമുള്ള ശമ്പളം രണ്ടു രീതിയിൽതന്നെ കണക്കാക്കുകയും ഉയർന്ന ശമ്പളത്തിന് ആനുപാതികമായ മുഴുവൻ പെൻഷൻ ലഭിക്കാതെ വരുകയും ചെയ്യും.
ശമ്പളത്തെ പെൻഷനബിൾ സർവിസ് കൊണ്ട് ഗുണിച്ചശേഷം 70 കൊണ്ട് ഹരിക്കുന്നതാണ് പെൻഷൻ ഫോർമുല. ഇതിൽ പെൻഷനബിൾ ശമ്പളവും സർവിസും 2014 സെപ്റ്റംബർ ഒന്നിനു മുമ്പും ശേഷവുമായി വേർതിരിക്കുമ്പോഴാണ് പെൻഷൻ കുറയുന്നത്. പെൻഷനാകുന്ന സമയത്ത് ഉയർന്ന ശമ്പളം ലഭിക്കുന്നതിന്റെ ആനുകൂല്യം കിട്ടാതാവും. അവസാനത്തെ 60 മാസത്തെ ശമ്പളത്തിന്റെ ശരാശരിയാണ് പെൻഷനബിൾ ശമ്പളം. 20 വർഷത്തിൽ കൂടുതൽ സർവിസുള്ളവർക്ക് നൽകുന്ന രണ്ടു വർഷ വെയിറ്റേജ് കുറഞ്ഞ ശമ്പളം ലഭിച്ച 2014നു മുമ്പത്തെ കാലയളവിനെ വെച്ച് കണക്കാക്കുന്നതും ജീവനക്കാർക്ക് വലിയ തിരിച്ചടിയാകും.
നമ്മുടെ രാജ്യത്ത് പരമോന്നത കോടതിയുടെ സുപ്രധാനമായ ഉത്തരവുകൾ എങ്ങനെയെല്ലാം അട്ടിമറിക്കപ്പെടും എന്നതിന് ഉത്തമ ഉദാഹരണമാണ് കേന്ദ്ര സർക്കാറിന്റെ പി.എഫ് പെൻഷൻ സംബന്ധിച്ച പുതിയ തീരുമാനം. തൊഴിലാളികളുടെ പെൻഷൻ അവകാശം നിഷേധിക്കാൻ ആർക്കും അധികാരമില്ല. അതിന് അനുവദിക്കുകയുമരുത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.