ഏവരും ഉറ്റുനോക്കിയ ഇന്ത്യ സന്ദർശനത്തിനായി തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ ന്യൂഡൽഹിയിൽ ഏപ്രിൽ 30ന് കാലുകുത്തിയതും ഇസ്തംബൂളിൽ പോയി തയാറാക്കിയ അദ്ദേഹവുമായുള്ള അഭിമുഖം ‘വിയോൺ’ ചാനൽ പുറത്തുവിട്ടതും ഒരുമിച്ചായിരുന്നു. ആർക്കും കിട്ടാത്ത ഇത്തരമൊരു അഭിമുഖം സംേപ്രഷണം ചെയ്ത ചാനൽ കശ്മീരും പാകിസ്താനുമായി ബന്ധപ്പെട്ട പരാമർശങ്ങൾ മാത്രം ചർച്ചയാക്കി നിലനിർത്തുകയും രാത്രിതന്നെ അവ വാർത്തക്കുറിപ്പാക്കി ഏജൻസികൾക്കും പത്രമാധ്യമങ്ങൾക്കും അയച്ചുകൊടുക്കുകയും ചെയ്തു. എൻ.ഡി.ടി.വി പോലും ചെയ്യാത്ത ഇത്തരമൊരു സാഹസം ചാനൽരംഗത്തെ നവാഗതരായ ‘വിയോൺ’ ചെയ്തത് എല്ലാവരെയും അമ്പരപ്പിച്ചു.
തങ്ങളുടെ ലേഖകൻ രമേശ് രാമചന്ദ്രനെ ഇസ്തംബൂളിലേക്ക് അയച്ചാണ് അധികം പഴക്കമില്ലാത്ത ‘വിയോൺ’ ചാനൽ ഈ അഭിമുഖം തരപ്പെടുത്തിയത്. ദീർഘമായ അഭിമുഖത്തിൽ സന്ദർശനോദ്ദേശ്യം വ്യക്തതയോടെ ഉർദുഗാൻ വിശദീകരിച്ചിരുന്നുവെങ്കിലും ‘വിയോൺ’തന്നെ സന്ദർശന വിഷയത്തെ തുർക്കി -പാക് സൗഹൃദത്തിലും കശ്മീരിെൻറ ഹിതപരിശോധനയിലുമാക്കി ഒതുക്കിനിർത്തി. പിറ്റേന്ന് രാവിലെ തുടങ്ങാനിരിക്കുന്ന നയതന്ത്ര ചർച്ചക്ക് മുമ്പായി ഉർദുഗാൻ ഇന്ത്യയുടെയല്ല, പാകിസ്താെൻറ സുഹൃത്താണെന്ന് ഏതുവിധേനയും സ്ഥാപിച്ചെടുത്ത് സന്ദർശനോദ്ദേശ്യം അട്ടിമറിക്കുകയായിരുന്നു ലക്ഷ്യമെന്ന് ചാനൽ നടത്തിയ ചർച്ചയും വാർത്ത ഏജൻസിയുടെ റിപ്പോർട്ടും ബോധ്യപ്പെടുത്തും. ഉർദുഗാെൻറ കടപ്പാട് പാകിസ്താനോട് മാത്രമാണെന്നും ഇന്ത്യയുമായി ചങ്ങാത്തത്തിന് വന്നാലും അതുകൊണ്ട് കാര്യമില്ലെന്നും സ്ഥാപിക്കാൻ തുർക്കി കാര്യങ്ങളറിയുന്ന വിദഗ്ധനായി ചാനൽ ഡൽഹി സ്റ്റുഡിയോവിലിരുത്തിയത് അദ്ദേഹവുമായി ബദ്ധവൈരമുള്ള ഫത്ഹുല്ല ഗുലൻ മൂവ്മെൻറിെൻറ ഇന്ത്യയിലെ പ്രധാന പ്രചാരകനായ മുഹമ്മദ് ബഹ്സദ് ഫത്മിയെയായിരുന്നു. തുർക്കി അട്ടിമറിക്ക് പിന്നിൽ പ്രവർത്തിച്ചവരെന്ന് കുറ്റപ്പെടുത്തി ഉർദുഗാൻ ശിക്ഷ നടപടികളെടുത്തുകൊണ്ടിരിക്കുന്ന സംഘടനയാണ് ഫത്ഹുല്ല ഗുലൻ ടെററിസ്റ്റ് ഓർഗനൈസേഷൻ (ഫെറ്റോ) എന്ന് തുർക്കിയും ‘ഹിസ്ബെക്’ എന്ന് അനുയായികളും പ്രചരിപ്പിക്കുന്ന ഗുലൻ മൂവ്മെൻറ്. പട്ടാള അട്ടിമറിക്കു ശേഷമുള്ള നടപടിയെന്ന നിലയിൽ തുർക്കി അടച്ചുപൂട്ടിയ ഗുലൻ മൂവ്മെൻറിെൻറ പത്രമായ ‘ടുഡേ സമാൻ’ ലേഖകനായിരുന്നു മുഹമ്മദ് ബഹ്സദ് ഫത്മി.
ഇന്ത്യയുമായുള്ള മിക്ക വിഷയങ്ങളിലും തുർക്കി പാകിസ്താെൻറ നിലപാടുകളെയാണ് അംഗീകരിക്കുന്നതെന്ന് ഫത്മി ആധികാരികമെന്നോണം വിശദീകരിച്ചു. തുർക്കി വിദേശമന്ത്രി ഈയിടെ പാകിസ്താനിലായിരുന്നുവെന്നും കശ്മീർ വിഷയത്തിൽ തങ്ങൾ പൂർണമായും പാകിസ്താനെ പിന്തുണക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ഫത്മി ആരോപിച്ചു. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ കാണാൻ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഒാപറേഷൻ (ഒ.ഐ.സി) ഒരു പ്രതിനിധിതല സംഘത്തെ അയക്കുകയാണെങ്കിൽ അതിനെ പിന്തുണക്കുമെന്നും തുർക്കി അറിയിച്ചിട്ടുണ്ട്. പാകിസ്താൻ -തുർക്കി ബന്ധം വളരെ ശക്തമാണെന്നും ഇന്ത്യയോടുള്ള തുർക്കി നിലപാട് പാകിസ്താനോടുള്ള ഇന്ത്യൻ നിലപാടിനെ ആശ്രയിച്ചാണെന്നും മുഹമ്മദ് ബഹ്സാദ് ഫത്മി പറഞ്ഞു. അവിടംകൊണ്ടും ഫത്മി അവസാനിപ്പിച്ചില്ല. 2015ൽ തുർക്കിയിലെ ആയുധ നിർമാണക്കമ്പനികൾ ഇന്ത്യക്ക് ആയുധങ്ങൾ വിൽക്കുന്നത് നിരോധിച്ചിരുന്നുവെന്നും ഇത് പാകിസ്താെൻറ ശ്രമഫലമാണെന്നും അദ്ദേഹം പറഞ്ഞു. തുർക്കി ഗവൺമെൻറ് ഈ വിഷയങ്ങളിൽ ഇന്ത്യയെ വിശ്വസിക്കുന്നില്ല. ഉർദുഗാൻ ഇവിടെ വന്ന് എന്തെങ്കിലും സമ്മതിച്ചാലും തിരിച്ച് അദ്ദേഹം തുർക്കിയിലേക്കോ പാകിസ്താനിലേക്കോ പോയാൽ ഇതിന് വിപരീതമായി അദ്ദേഹം പറയുമെന്നും ഫത്മി ഓർമിപ്പിച്ചു.
യഥാർഥത്തിൽ ‘വിയോൺ’ ചാനലിന് നൽകിയ അഭിമുഖത്തിൽ ഇന്ത്യയിൽ ഗുലൻ മൂവ്മെൻറ് പ്രവർത്തിക്കുന്ന കാര്യവും അതിനുള്ള നെറ്റ്വർക്ക് സംബന്ധിച്ച സ്വാധീനവും സംബന്ധിച്ച് ഉർദുഗാൻതന്നെ ലേഖകനെ ഓർമപ്പെടുത്തിയതായിരുന്നു. രാജ്യം വിട്ട ഫത്ഹുല്ല ഗുലൻ 19 വർഷമായി അമേരിക്കയിലാണെങ്കിലും അദ്ദേഹത്തിെൻറ ആളുകൾ സൈന്യത്തിലും പൊലീസിലും നീതിന്യായ സംവിധാനത്തിലും വിദ്യാഭ്യാസ സംവിധാനത്തിലും മറ്റു സർക്കാർ സംവിധാനങ്ങളിലും നുഴഞ്ഞുകയറിയെന്ന് ഉർദുഗാൻ അഭിമുഖത്തിൽ പറയുന്നുണ്ട്. അവരെയെല്ലാം നീക്കി ഭരണസംവിധാനങ്ങൾ ശുദ്ധീകരിക്കാനുണ്ടെന്നു പറഞ്ഞ ഉർദുഗാൻ പശ്ചിമ ജർമനിയും പൂർവ ജർമനിയും ഒന്നായപ്പോൾ ആറുലക്ഷം സർക്കാർ ജീവനക്കാരെ സസ്പെൻഡ് ചെയ്തത് ഓർമപ്പെടുത്തുകയും ചെയ്തു. അട്ടിമറിശ്രമം വീണ്ടും ആവർത്തിക്കാതിരിക്കാൻ തങ്ങൾക്കും ചില നടപടികൾ എടുക്കേണ്ടിവന്നുവെന്നും ഇന്ത്യയിൽ ഫത്ഹുല്ല ഗുലന് വലിയ ശൃംഖലയാണുള്ളതെന്നും അവരെ നിസ്സാരമായി കാണരുതെന്നും ഇന്ത്യ ഗവൺമെൻറ് അവരുടെ സാന്നിധ്യം ഗൗരവമായി എടുക്കണമെന്നും ഉർദുഗാൻ പറഞ്ഞിട്ടുണ്ട്.
എന്നാൽ, അട്ടിമറിക്കു പിന്നിൽ അവരാണെന്നതിന് തെളിവില്ലെന്ന് യു.കെ ഫണ്ട് കമ്മിറ്റി പറഞ്ഞിട്ടുണ്ടെന്നായിരുന്നു ഫത്മിയുടെ മറുപടി. അധ്യാപകർക്കും പത്രപ്രവർത്തകർക്കും അക്കാദമിക് പണ്ഡിതർക്കും അട്ടിമറിശ്രമത്തിൽ എന്ത് പങ്കാണുള്ളതെന്ന് ഫത്മി ചോദിച്ചു. 231 പത്രപ്രവർത്തകർ തുർക്കിയിൽ ജയിലിലാണ്. 15 സർവകലാശാലകളും ആയിരക്കണക്കിന് സ്കൂളുകളും അടച്ചുപൂട്ടി. ഗുലൻ മൂവ്മെൻറുമായി ബന്ധമുണ്ടെന്ന കാരണം പറഞ്ഞായിരുന്നു ഇതെല്ലാം ചെയ്തത്. തുർക്കി പറയുന്നതുപോലെ പാകിസ്താൻ ചെയ്തുകൊടുക്കുന്നുണ്ട്. ഗുലെൻറ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്കുള്ള വിസ പാകിസ്താൻ നിഷേധിച്ചിട്ടുണ്ട്. അതേസമയം, നിയമവാഴ്ചയിൽ വിശ്വസിക്കുന്ന രാജ്യമെന്ന നിലക്ക് ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള നടപടി ഗുലൻ മൂവ്മെൻറിനെതിരെ എടുക്കില്ലെന്നാണ് താൻ വിശ്വസിക്കുന്നതെന്നും മുഹമ്മദ് ഫത്മി പറഞ്ഞു.
ഡൽഹിയിലെത്തി രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി തുടങ്ങിയ ഇന്ത്യൻ നേതാക്കളുമായി പിറ്റേന്ന് നടത്താനിരിക്കുന്ന ഉഭയകക്ഷി സംഭാഷണത്തിനായി ഉർദുഗാനും സംഘവും തയാറെടുക്കുന്ന രാത്രിതന്നെയാണ് സന്ദർശന അജണ്ട മാറ്റിമറിക്കുന്ന അഭിമുഖവും ചർച്ചയും പുരോഗമിച്ചതും വാർത്ത ഏജൻസി വഴി വാർത്ത പരന്നതും. ഈ വാർത്തകളുടെ നിഴലിലാണ് മേയ് ഒന്നിന് ഉർദുഗാൻ ഇന്ത്യയിലെ ഔദ്യോഗിക നയതന്ത്ര ചർച്ചകൾക്ക് തുടക്കമിടുന്നത്. ഉഭയകക്ഷി സംഭാഷണത്തിന് ശേഷം ഉർദുഗാനും നരേന്ദ്ര മോദിയും ഇരുവിഭാഗം മന്ത്രിമാരുടെ സാന്നിധ്യത്തിൽ പരസ്പരം കരാറുകൾ ഒപ്പിട്ട് ഹൈദരാബാദ് ഹൗസിൽ മാധ്യമപ്രവർത്തകർക്ക് മുമ്പാകെ സംയുക്ത പ്രസ്താവന നടത്തിയതും ഈയൊരു പിരിമുറുക്കം തങ്ങിനിൽക്കുന്ന അന്തരീക്ഷത്തിലായിരുന്നു.
എന്നാൽ, ഈ കോലാഹലങ്ങൾക്കിടയിലും മാധ്യമങ്ങളുദ്ദേശിച്ചപോലെ വിവാദമാക്കിയ പാകിസ്താനും കശ്മീരും ഉഭയകക്ഷി സംഭാഷണത്തിെൻറ അജണ്ടയായി ചർച്ചയിൽ കടന്നുവന്നതേയില്ല എന്ന് മോദിയുടെയും ഉർദുഗാെൻറയും പ്രസ്താവനകൾ തെളിയിച്ചു. തുർക്കിക്കും ഇന്ത്യക്കുമിടയിലുള്ള വ്യാപാരവും നിക്ഷേപവും വർധിപ്പിക്കുകയെന്ന ഉർദുഗാെൻറ പ്രധാന അജണ്ടയെ ഉയർത്തിക്കാണിക്കുന്നതിനു പകരം മോദി- ഉർദുഗാൻ സംഭാഷണത്തിൽ ഭീകരതയും കശ്മീരും പാകിസ്താനും ചർച്ച ചെയ്യുമെന്നായിരുന്നു പലരുടെയും പ്രതീക്ഷ. ഭീകര പ്രവർത്തനങ്ങൾക്കിരയാകുന്ന രാജ്യങ്ങളെന്ന നിലയിൽ ഭീകരതയെ നേരിടുന്നതിന് ഇരു നേതാക്കളും സംയുക്ത തന്ത്രങ്ങൾ ആവിഷ്കരിക്കുമെന്നും പലരും പ്രവചിച്ചു. ഈ പ്രതീക്ഷകളും പ്രവചനങ്ങളും തെറ്റി. ഭീകരതക്കെതിരായ പോരാട്ടവുമായി ബന്ധപ്പെട്ട് അതിർത്തി കടന്നുള്ള ഭീകരവാദം തടയണമെന്ന കാര്യത്തിൽ ഇരു വിഭാഗവും യോജിപ്പിലാണെന്ന് മോദി പറഞ്ഞപ്പോൾ ഫത്ഹുല്ല ഗുലൻ ടെററിസ്റ്റ് ഓർഗനൈസേഷെൻറ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് മോദിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉർദുഗാൻ വ്യക്തമാക്കി. കിഴക്ക് പടിഞ്ഞാറിനെ കണ്ട് പഠിക്കേണ്ടെന്ന് ഇന്ത്യയെ ഓർമിപ്പിച്ച ഉർദുഗാൻ വൻശക്തികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന അഞ്ച് രാഷ്ട്രങ്ങളെക്കാൾ മഹത്തരമാണ് ലോകമെന്നും ഇക്കാര്യം ലോകരാഷ്ട്രങ്ങളെ ധരിപ്പിച്ചാൽ ഇന്ത്യ രക്ഷാസമിതിയിൽ സ്ഥിരാംഗമായി മാറുമെന്നും പറഞ്ഞു.
150 വ്യവസായ പ്രമുഖരെയും കൂട്ടിവന്ന ഉർദുഗാൻ നിലവിലെ ആറര ബില്യൺ ഡോളറിൽനിന്ന് 10 ബില്യൺ ഡോളറാക്കി ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കാൻ ധാരണയിലെത്തിയതാണ് ഇന്ത്യ സന്ദർശനത്തിെൻറ പ്രധാന നേട്ടം. ഏഷ്യ പസഫിക്കിലെ തുർക്കിയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. 2017 മുതൽ 2020 വരെ മൂന്നു വർഷത്തേക്ക് ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സാംസ്കാരിക വിനിമയ പരിപാടിക്കുള്ള ധാരണപത്രം, ഇന്ത്യയുടെ ടെലികോം നിയന്ത്രണ അതോറിറ്റിയും തുർക്കിയുടെ ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻസ് ടെക്നോളജീസ് അതോറിറ്റിയും തമ്മിലുള്ള ധാരണപത്രം, ഇന്ത്യയുടെ ഫോറിൻ സർവിസ് ഇൻസ്റ്റിറ്റ്യൂട്ടും തുർക്കിയുടെ ഡിപ്ലോമസി അക്കാദമിയും തമ്മിലുള്ള സഹകരണം, ഇരു രാജ്യങ്ങളിലെയും നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധപ്പെട്ട ഉടമ്പടി, തുർക്കിയുടെ അനാദൊലു ഏജൻസിയും ഇന്ത്യയുടെ പി.ടി.െഎയും തമ്മിലുള്ള സഹകരണ കരാർ എന്നിവയിലും ഇരു രാജ്യങ്ങളും ഒപ്പിട്ടു.
തലേന്ന് രാത്രി വിയോൺ ടി.വിയുടെ സ്റ്റുഡിയോയിലിരുന്ന് തുർക്കി പാകിസ്താനൊപ്പമാണ് എന്ന് സ്ഥാപിച്ച ഫത്മിയെ പിന്നീട് കാണുന്നത് ഉർദുഗാന് ഡോക്ടറേറ്റ് നൽകുന്ന ജാമിഅ മില്ലിയ ഇസ്ലാമിയക്ക് മുന്നിലാണ്. ഉർദുഗാന് ഡോക്ടറേറ്റ് കൊടുക്കുന്നതിൽ ജാമിഅയിൽ പ്രതിഷേധമുണ്ടെന്ന വാർത്ത ചമക്കാൻ വന്ന ‘ക്വിൻറ്’ ലേഖകനൊപ്പം നിന്ന് സ്വാതന്ത്ര്യ സമരത്തിെൻറ ഭാഗമായുണ്ടായ ജാമിഅക്ക് എങ്ങനെ ഉർദുഗാനെപോലൊരാൾക്ക് ഡോക്ടറേറ്റ് നൽകാനാകുമെന്ന് കാമറക്കു മുന്നിൽ ചോദിക്കുകയാണ് ഫത്മി. ഫത്മിക്കൊപ്പം ഏതാനും ചിലരുടെ അഭിപ്രായം എടുത്ത് ഉർദുഗാനെതിരെ ജാമിഅയിൽ പ്രതിഷേധം എന്ന് വാർത്തയുണ്ടാക്കിയ ‘ക്വിൻറ്’ അപ്പുറത്ത് ഉർദുഗാന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുദ്രാവാക്യം മുഴക്കുന്ന വിദ്യാർഥികളെ കാണുകയോ അഭിപ്രായമറിയുകയോ ചെയ്തില്ല. ജവഹർലാൽ നെഹ്റു സർവകലാശാലയിലെ മലയാളി വിദ്യാർഥി എം.കെ. നൗഷാദ് സ്വയം വരച്ച ഛായാചിത്രം രാവിലെ മാധ്യമപ്പട തമ്പടിച്ച ഹോട്ടൽ താജ് പാലസിൽ പോയി സമ്മാനിച്ചതും പ്രതിഷേധം തിരഞ്ഞുനടക്കുന്നതിനിടയിൽ ആരും കണ്ടുവെന്ന് നടിച്ചില്ല.
ഒരു വർഷം സ്കോളർഷിപ്പോടെ തുർക്കിയിൽ പഠിച്ച കാളികാവിലെ സാധാരണ കുടുംബത്തിൽനിന്നുള്ള മലയാളി വിദ്യാർഥിക്ക് കനത്ത സുരക്ഷാ കോട്ട കെട്ടിയ താജ് പാലസിൽ പോയി താൻ തലേന്ന് രാത്രി കുത്തിയിരുന്ന് വരച്ച ഒരു ചിത്രം സമ്മാനിക്കാൻ േപ്രാട്ടോക്കോളുകളൊന്നും തടസ്സമായില്ല. ഉർദുഗാൻ തിരിച്ച് ഇസ്തംബൂളിലെത്തിയപ്പോഴേക്കും തുർക്കി സാംസ്കാരിക മന്ത്രാലയം ആ നിമിഷം പകർത്തി നൗഷാദിന് അയച്ചുകൊടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.