ഗുജറാത്തിലെ ബറൂച്ചിനടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്ക് പകുതി കസേരകളോളം ഒഴിഞ്ഞുകിടന്നതിെൻറ കാരണം തിരക്കാനാണ് മോദി പ്രസംഗിച്ചുകൊണ്ടിരിെക്ക മൈതാനത്തിെൻറ പിറകുവശത്ത് വന്ന് ബാഡ്ജ് വെച്ച സംഘാടകരിലൊരാളെ കണ്ടത്. മോദി പ്രസംഗിക്കുന്നത് രൂപാണി സർക്കാറിലെ, ബി.ജെ.പിക്കെതിരെ തിരിഞ്ഞ മുൻമന്ത്രിയുടെ മണ്ഡലത്തിലാണെന്നും അതുകൊണ്ടാണ് റാലിക്ക് ആളു കുറവായതെന്നും സംഘാടകനായ ബറൂച്ചിൽ നിന്ന് എത്തിയ ആബിദ് ഭായ് പേട്ടൽ വിശദീകരിച്ചു. കോൺഗ്രസിൽ നിന്ന് സ്ഥാനമാനങ്ങൾ ലഭിക്കില്ലെന്ന് തോന്നിയ ഘട്ടത്തിൽ ഒന്നരവർഷത്തെ രാഷ്ട്രീയവനവാസത്തിനുശേഷം ആറുമാസം മുമ്പാണ് അഹ്മദ് പേട്ടലിെൻറ വിശ്വസ്തനായ ആബിദ് ഭായ് ബി.ജെ.പിയിലെത്തുന്നത്. ബി.ജെ.പി ജില്ല ന്യൂനപക്ഷ സെൽ തലവനായ ആബിദ് ഭായ് റാലി നടക്കുന്ന മണ്ഡലം ബി.ജെ.പിയെ കൈവിടുമെന്ന് പറഞ്ഞേപ്പാൾ ചുറ്റും കൂടിയ പ്രവർത്തകരെല്ലാം അത് സമ്മതിച്ചു.
എന്നാൽ, ബറൂച്ച് ജില്ലയിലെ മറ്റു മണ്ഡലങ്ങളിൽ ഫലം മറിച്ചാകുമെന്ന് ആബിദ് ഭായ് ഉടൻ കൂട്ടിച്ചേർക്കുകയും ചെയ്തു. തുടർന്ന് ഗുജറാത്തിലെ ബി.ജെ.പി പ്രതീക്ഷയെന്താണെന്ന് ചോദിച്ചപ്പോൾ കഴിഞ്ഞ ഒരാഴ്ചയായി പ്രചാരണം മുറുകിയതോടെ മെച്ചപ്പെട്ടുവെന്നും ഇൗയവസ്ഥയിൽ 100 കടക്കുമെന്നുമായിരുന്നു അദ്ദേഹത്തിെൻറ പ്രതികരണം. കൈയിലുള്ള സീറ്റ് പോകുമെന്ന് പറയുന്ന നിങ്ങൾക്ക് എവിടെ നിന്നാണ് അത് മറികടക്കാനുള്ള സീറ്റ് ലഭിക്കുകയെന്ന് ചോദിക്കുേമ്പാൾ തൃപ്തികരമായ മറുപടി ബി.ജെ.പി നേതാവിനില്ലായിരുന്നു. കഴിഞ്ഞതവണ ജയിച്ച ജനതാദൾ-യു നേതാവ് ഛോട്ടുഭായ് വാസവയുടെ മണ്ഡലത്തിൽ അതേപേരിലും കഴിഞ്ഞതവണത്തെ അയാളുടെ ചിഹ്നത്തിലും ഒരാളെ നിർത്തിയതിനാൽ വോട്ടുകൾ ഭിന്നിച്ച് ആ സീറ്റ് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതത്രെ. 22 വർഷമായി നിലനിർത്തിയ സ്വന്തം വോട്ടുബാങ്കിെൻറ ആത്മവിശ്വാസത്തിൽ നിന്ന് അപരൻ പിടിക്കുന്ന വോട്ടിൽ ജയം കണക്കുകൂട്ടുന്നിടത്തേക്ക് രാജ്യത്തെ ഏറ്റവും വലിയ പാർട്ടി എത്തിച്ചേർന്ന നിസ്സഹായതയാണ് ആ മറുപടിയിൽ നിഴലിച്ചത്. അപ്പോൾ ഒരാഴ്ച മുമ്പ് എന്തായിരുന്നു സ്ഥിതിയെന്ന് ചോദിച്ചപ്പോൾ കോൺഗ്രസ് തിരിച്ചുവരുമെന്ന് തോന്നിച്ചുവെന്നായിരുന്നു മറുപടി. അതായത് ഗുജറാത്തിൽ ബൂത്ത്തലത്തിൽ പ്രവർത്തിക്കുന്ന ബി.െജ.പി പ്രവർത്തകർ കോൺഗ്രസ് ഭരണത്തിലേക്ക് തിരിച്ചെത്തുമോ എന്ന ആധിയിലായിരുന്നപ്പോഴാണ് അമിത് ഷായും ബി.ജെ.പി നിയന്ത്രിക്കുന്ന ദൃശ്യ, ശ്രാവ്യമാധ്യമങ്ങളും ബി.ജെ.പിക്ക് 150 സീറ്റ് ലഭിക്കുമെന്ന് പ്രവചിച്ചുകൊണ്ടിരുന്നത്. പോയ മാസങ്ങളിൽ നിരന്തരം അഭിപ്രായവോെട്ടടുപ്പ് നടത്തിയ ഏജൻസി ഇരുകൂട്ടരും തമ്മിലുള്ള വോട്ടിങ് ശതമാനം പൂജ്യത്തിലെത്തിയെന്ന് പറയുേമ്പാഴാണ് അതായിരുന്നില്ല പോയ മാസങ്ങളിലെ ചിത്രമെന്ന് ഗുജറാത്തിലുള്ളവർ പറയുന്നത്.
രവീഷിനും അമരേഷിനും പറയാനുള്ളത്.
‘‘എനിക്ക് ഗുജറാത്ത് തെരഞ്ഞെടുപ്പിെൻറ ഫലമറിയാം. എന്നാൽ, 18ന് അറിഞ്ഞശേഷമേ ഞാനത് പറയൂ. തെരഞ്ഞെടുപ്പ് കമീഷെൻറ ഫലം ശരിയാണോ അല്ലേ എന്ന് ആദ്യം നോക്കും. എെൻറ ഫലവുമായി അത് ഒത്തുപോകുന്നുണ്ടോ എന്ന്’’. ഗുജറാത്ത് എക്സിറ്റ് പോൾ ഫലം പുറത്തുവരും മുമ്പ് പ്രമുഖ മാധ്യമപ്രവർത്തകൻ രവീഷ് കുമാർ പറഞ്ഞതാണിത്. ചില എക്സിറ്റ് പോളുകൾ ശരിയാകാം, ചിലത് തെറ്റാകാം. പത്രക്കാർതന്നെ ഒരു തെരഞ്ഞെടുപ്പിന് അഞ്ചും പത്തും ആംഗിളുകളെഴുതുന്ന കാലമാണിത്. 2010ന് ശേഷം താൻ ചാനലുകൾ കാണാറേയില്ലെന്ന് എൻ.ഡി.ടി.വിയുടെ ഹിന്ദി ചാനലിെൻറ എല്ലാമെല്ലാമായ രവീഷ് പറയുന്നു. ഒാഫിസിൽ വന്ന് കുറച്ചുനേരം സ്ക്രീനിൽ നോക്കിയിരുന്നാൽ മതി. ചാനൽകാണരുതെന്ന തെൻറ തീരുമാനം എത്ര ശരിയാണെന്ന് ബോധ്യമാകുമെന്നും രവീഷ് പറഞ്ഞു.
ജനങ്ങളെ ചകിതരാക്കി ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതിനുള്ള മനഃശാസ്ത്രയുദ്ധമാണ് എക്സിറ്റ് പോൾ എന്ന് പറയുന്നത് പ്രമുഖ രാഷ്ട്രീയനിരീക്ഷകനും കോളമിസ്റ്റുമായ അമരേഷ് മിശ്രയാണ്. ഒരിക്കൽ ഇൗ വിശ്വാസത്തിന് ഇളക്കം തട്ടിച്ചാൽ പിന്നെ ജനാധിപത്യത്തെ നശിപ്പിക്കാനെളുപ്പമാകുമെന്ന് അദ്ദേഹം ഗുജറാത്ത് എക്സിറ്റ് പോളുകളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കുന്നു. ഒരു തെരഞ്ഞെടുപ്പിൽ കാറ്റ് പ്രതികൂലമായി വീശിയ പാർട്ടിക്ക് അനുകൂലമായി ജയം പ്രവചിക്കുക എന്നതാണിതിെൻറ ഒന്നാമത്തെ ലക്ഷ്യം. ഗുജറാത്തിനെ പോലെ വാതുവെപ്പ് വലിയ വരുമാനമാർഗമായി നഗരങ്ങളിൽ കോടികൾ മറിയുന്ന പന്തയത്തിലേക്കാണ് എക്സിറ്റ് പോളുകൾ കൊണ്ടെത്തിക്കുക. ഇതിെൻറ പ്രത്യാഘാതം പന്തയത്തിനിറങ്ങുന്നവരിലൊതുങ്ങുന്നുവെന്ന് ആശ്വസിക്കാം. എന്നാൽ, രണ്ടാമത്തേതാണ് കുറേക്കൂടി അപകടകരമായ പ്രത്യാഘാതെമന്നും വോെട്ടണ്ണൽ സമയത്ത് യഥാർഥഫലത്തെ അട്ടിമറിക്കാനായി ഇതുപയോഗിക്കുമെന്നും അമരേഷ് മിശ്ര മുന്നറിയിപ്പ് നൽകുന്നു. എല്ലാ എക്സിറ്റ് പോളുകൾക്കും അവലോകനങ്ങൾക്കുംശേഷം ഗുജറാത്ത് വോെട്ടടുപ്പിൽ ജയിച്ചത് കോൺഗ്രസ് ആണെന്ന് ഉറപ്പിച്ച് പറയുന്ന അത്യപൂർവം രാഷ്ട്രീയനിരീക്ഷകരിലൊരാളാണ് അമരേഷ് മിശ്ര.
വോെട്ടണ്ണൽ കേന്ദ്രത്തിലും
അട്ടിമറി നടത്താം
എക്സിറ്റ് പോൾ ഫലം വന്നുതുടങ്ങുന്നതോടെ തെരഞ്ഞെടുപ്പിൽ ശരിക്കും കണ്ട പ്രവണതക്ക് വിരുദ്ധമായ മാനസികാവസ്ഥയിലേക്ക് ജനങ്ങൾ ക്രമാനുഗതമായി തങ്ങളുടെ മനസ്സ് മാറ്റുമെന്ന് അമരേഷ് വ്യക്തമാക്കുന്നു. എക്സിറ്റ്പോളുകൾക്ക് അനുകൂലമായി അവലോകനം ചമക്കുന്ന ഇതേ മാധ്യമപ്രവർത്തകർ ജനങ്ങളുടെ മനസ്സ് മാറുന്നതിനുള്ള ഗതിവേഗം കൂട്ടും.
എതിർ സ്ഥാനാർഥികളുടെ ഏജൻറുമാരെ പേടിപ്പിച്ചോടിച്ച് പോളിങ് ബൂത്തുകൾ പിടിച്ചടക്കി എല്ലാ വോട്ടും തങ്ങൾക്ക് അനുകൂലമാക്കുന്നതിെൻറ മറ്റൊരു രീതി വോെട്ടണ്ണൽ കേന്ദ്രത്തിലുമുണ്ട്. ഇതിനകം പ്രഖ്യാപിക്കപ്പെട്ട ഫലത്തിെൻറ അന്തരീക്ഷത്തിലാണ് വോെട്ടണ്ണൽ കേന്ദ്രത്തിലേക്ക് മാധ്യമങ്ങൾ തോൽവി പ്രഖ്യാപിച്ച പ്രതിപക്ഷപാർട്ടിയുടെ കൗണ്ടിങ് ഏജൻറുമാർ എത്തുന്നത്. പലരും വോെട്ടണ്ണും മുേമ്പ പരാജയം സമ്മതിച്ചിട്ടുണ്ടാകും. അവധിയെടുത്ത് വീട്ടിൽപോകാൻ ആവശ്യപ്പെടുമിവരോട്. അവർ സ്ഥലംവിട്ടുപോകും. സമ്മതിച്ചില്ലെങ്കിൽ െപാലീസിനെ ഉപയോഗിക്കും. പലരെയും വോെട്ടണ്ണൽ കേന്ദ്രത്തിലെത്താതിരിക്കാൻ ഭീഷണിപ്പെടുത്തിയിട്ടുണ്ടാകും. നേരേത്ത രജിസ്റ്റർ െചയ്ത അവർ വരാതിരിക്കുകയും ഭരണകക്ഷിയുടെ ആൾ തന്നെ പ്രതിപക്ഷപാർട്ടിയുടെയും കൗണ്ടിങ് ഏജൻറായി മാറുകയും ചെയ്യും. ചിലയിടങ്ങളിൽ രജിസ്റ്റർ ചെയ്ത കൗണ്ടിങ് ഏജൻറുമാർ ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷരാകുകയും ആർക്കുമറിയാത്ത ചിലർ ആ പാർട്ടിയുടെ ബാഡ്ജുമായി രംഗം കൈയടക്കുകയും ചെയ്യും. പ്രതിപക്ഷപാർട്ടിയുടെ കൗണ്ടിങ് ഏജൻറില്ലാത്ത കൗണ്ടിങ് ടേബിളിൽ എന്തുസംഭവിക്കുമെന്ന് ഉൗഹിച്ചുനോക്കുക. ബാലറ്റ് പേപ്പറുകളുടെ കാര്യത്തിൽ അവയോരോന്നും എണ്ണിത്തിട്ടപ്പെടുത്തുന്നതിൽ ഒാരോ കൗണ്ടിങ് ഏജൻറും ഭാഗഭാക്കാകും. ഇവിടെ യന്ത്രത്തിലെ ഒാരോ സ്ഥാനാർഥിക്കും കിട്ടുന്ന വോട്ടുപട്ടികയുണ്ടാക്കുന്ന കൗണ്ടിങ് ഒാഫിസറുടെ കൈപ്പിടിയിലാകും കാര്യങ്ങൾ.
ഡിജിറ്റൽ വോെട്ടണ്ണാൻ
ഇൗ കാത്തിരിപ്പെന്തിന്?
ഇത്തരമൊരു പ്രക്രിയയിലൂടെ വോെട്ടണ്ണൽകേന്ദ്രം പൂർണമായും വരുതിയിലാക്കിക്കഴിഞ്ഞാൽപിന്നെ വോട്ടുയന്ത്രത്തിൽ കൃത്രിമം കാണിക്കേണ്ട കാര്യമില്ലെന്ന് അമരേഷ് മിശ്ര പറയുന്നു. അതിനാൽ വോട്ടിങ്ങിനും വോെട്ടണ്ണലിനുമിടയിലുള്ള തീയതികൾ നിർണായകമാണെന്ന് അമരേഷ് മുന്നറിയിപ്പ് നൽകുന്നു. വോട്ടുയന്ത്രങ്ങൾ ഉപയോഗിക്കുന്ന ഡിജിറ്റൽ ഇന്ത്യയിൽ ഒാരോ വോട്ടുയന്ത്രത്തിലെയും ഫലം കുറിച്ചെടുക്കുന്നത് പേനയും കടലാസുമുപയോഗിച്ചാണ്. വിവിധ വോട്ടുയന്ത്രങ്ങളിലെ സ്ഥിതിവിവരക്കണക്ക് ഡിജിറ്റലായി തന്നെ ഏകോപിപ്പിക്കാൻ കഴിയുന്നില്ല. ബാലറ്റ് പേപ്പറിൽ േപാലും അവസാന ഘട്ട വോെട്ടടുപ്പ് കഴിഞ്ഞ് റീപോളിങ്ങിനുള്ള ദിവസവും ഒഴിച്ചിട്ട് രണ്ട് നാൾ കഴിഞ്ഞ് വോെട്ടണ്ണാൻ കഴിയുമായിരുന്നിട്ടും ഡിജിറ്റൽ വോട്ട് എണ്ണാൻ നാലുദിവസമാണെടുക്കുന്നത്. കോടികൾ െചലവിട്ട് നടപ്പാക്കിയ വോട്ടുയന്ത്രങ്ങൾ സമയലാഭമോ ധനലാഭമോ നൽകുന്നില്ലെന്നതിന് കൂടി ഗുജറാത്ത് തെരഞ്ഞെടുപ്പ് തെളിവാകുകയാണ്.
ഫലം പുറത്തുവന്നുതുടങ്ങുേമ്പാഴേക്കും ചാനൽ മുറികളിലിരുന്ന് അട്ടിമറിക്കുന്ന ഫലത്തിന് അടിവരയിട്ട് സംസാരിച്ച് അതിനെ യഥാർഥ ഫലമാക്കി മാറ്റുമെന്നും മിശ്ര മുന്നറിയിപ്പ് നൽകുന്നു. പ്രത്യാഘാതങ്ങളെ ക്കുറിച്ച് മുന്നറിയിപ്പ് നൽകിയശേഷം നമ്മുടെ ജനാധിപത്യവും നാഗരികതയും സംരക്ഷിക്കാൻ എക്സിറ്റ് പോളുകൾക്ക് നിരോധനമേർപ്പെടുത്തിയേ മതിയാകൂ എന്ന് അമരേഷ് ആണയിടുന്നു. വോട്ടുയന്ത്രങ്ങൾക്കൊപ്പം എക്സിറ്റ് പോളുകൾക്കും നിരോധനമേർപ്പെടുത്തിയാൽ മാത്രമേ ജനാധിപത്യത്തെ രക്ഷിക്കാൻ കഴിയൂ എന്ന് അമരേഷ് മിശ്ര ഒാർമപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.