ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ സമൂഹങ്ങളിലൊന്നാണ് ഇന്ത്യയിലേത്. അവരുടെ അവകാശം സംരക്ഷിക്കുന്നതിനും ലളിത നടപടികളിലൂടെ നീതി ഉറപ്പാക്കലും ലക്ഷ്യമിട്ട് 1986ൽ ഉപഭോക്തൃ സംരക്ഷണ നിയമം നടപ്പാക്കിയിരുന്നു.
അത് റദ്ദാക്കിയാണ് വ്യാപാരമേഖലയിലുണ്ടായ വിവിധ മാറ്റങ്ങൾക്കനുസൃതമായി 2020 ജൂലൈ 20ന് ഉപഭോക്തൃ സംരക്ഷണ നിയമം-2019 നിലവിൽ വന്നത്. ടെലികോം, ഭവനനിർമാണം, ബാങ്കിങ്, ഗതാഗതം, വൈദ്യുതി, ഊർജവിതരണം, ബോർഡിങ്/ലോഡ്ജിങ് തുടങ്ങിയ മേഖലകളെല്ലാം പുതിയ നിയമത്തിന്റെ പരിധിയിൽ വരുന്നു.
വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങൾ, വില സംബന്ധിച്ച കള്ളം പറച്ചിൽ, മറ്റുള്ളവരുടെ സേവനങ്ങളും ഉൽപന്നങ്ങളും മോശമാണെന്ന് പ്രചരിപ്പിക്കൽ, ആദായ വിൽപനയെന്ന് തെറ്റിദ്ധരിപ്പിക്കൽ, സമ്മാനങ്ങൾ, ഭാഗ്യക്കുറികൾ എന്നിവയിലൂടെ ഉപഭോക്താക്കളെ കബളിപ്പിക്കൽ, നിയമം അനുശാസിക്കുമ്പോഴോ പൊതുതാൽപര്യത്തോടെയോ അല്ലാതെ ഉപഭോക്താവിന്റെ വ്യക്തിവിവരങ്ങൾ പരസ്യപ്പെടുത്തൽ എന്നിവയെല്ലാം പുതിയ നിയമത്തിന്റെ ലംഘനങ്ങളാണ്.
കമ്പനികളുടെ സേവനങ്ങളും ഉൽപന്നങ്ങളുടെ ഗുണമേന്മയും സംബന്ധിച്ച് വ്യാജ അവകാശവാദങ്ങൾ നടത്തുന്ന ’ബ്രാൻഡ് അംബാസഡർ’മാർക്കെതിരെയും പരാതി നൽകാനാവും. തിക്ത അനുഭവങ്ങളും വഞ്ചനയും നേരിടുന്ന ഉപഭോക്താക്കൾ മടിച്ചു നിൽക്കാതെ പരാതി നൽകിയാൽ ലക്ഷക്കണക്കിന് മനുഷ്യരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് നിമിത്തമാവും.
ബസ്, ട്രെയിൻ, ടാക്സി, വിമാനങ്ങൾ എന്നിവയിൽ യാത്ര ചെയ്യുന്നവരുടെ ന്യായമായ ആവലാതികൾക്കെല്ലാം ഉപഭോക്തൃനിയമപ്രകാരം പരിഹാരം തേടാം. ട്രെയിനിലെ ശുചിമുറി വൃത്തിഹീനമാണെങ്കിലും വിളമ്പിയ ഭക്ഷണം മോശമാണെങ്കിലും മുൻകൂട്ടി ഉറപ്പാക്കിയ റിസർവേഷൻ റദ്ദാക്കിയാലുമെല്ലാം ഇതു സാധിക്കും.
പ്രവാസികൾ ഉൾപ്പെടെ ഒട്ടനവധി മലയാളികൾ പലപ്പോഴും വിമാനക്കമ്പനികളാൽ കബളിപ്പിക്കപ്പെടാറുണ്ട്. വിമാനം വൈകുകയോ സമയത്തിന് മുമ്പ് പുറപ്പെടുകയോ ചെയ്യുക, മോശം ഭക്ഷണം ലഭിക്കുക, ബാഗേജ് നഷ്ടമാവുക തുടങ്ങിയ അനുഭവങ്ങളുണ്ടായാൽ ഉപഭോക്തൃ നിയമപ്രകാരം പരിഹാരം തേടാം. ഒന്നിലേറെ പേർക്ക് നഷ്ടവും മനഃക്ലേശവും നേരിടേണ്ടി വന്ന സംഭവങ്ങളിൽ നഷ്ടത്തിനിരയായവർക്ക് വേണ്ടി ഒന്നോ രണ്ടോ പേർ കോടതിയെ സമീപിച്ചാൽ മതിയാവും.
ഭക്ഷണം ഓർഡർ ചെയ്യാൻ മുതൽ ജീവിത പങ്കാളിയെ കണ്ടെത്താനും നിയമസേവനം തേടാനും വരെ ഓൺലൈൻ സേവനത്തെ ആശ്രയിക്കുന്ന കാലമാണിത്. ഓൺലൈനിൽ വാങ്ങിയ ഉൽപന്നം മോശമാണെങ്കിൽ പരാതിപ്പെടാൻ മാർഗമില്ല എന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്.
പുതുകാലത്തെ കച്ചവടക്കാരായ ഓൺലൈൻ വ്യാപാരികളെ (ഇ-കോമേഴ്സ്) പരിധിയിൽ കൊണ്ടുവന്നു എന്നതാണ് പുതുക്കിയ നിയമത്തിന്റെ മറ്റൊരു സവിശേഷത. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള വ്യാപാരം, ടെലി ഷോപ്പിങ്, ഡയറക്ട് സെല്ലിങ്, മൾട്ടിലെവൽ മാർക്കറ്റിങ് എന്നിവയിലൂടെ വാങ്ങുന്ന ഉൽപന്നങ്ങളും സേവനങ്ങളും ഇതിൽ ഉൾപ്പെടുന്നു.
അഞ്ചുലക്ഷം രൂപക്ക് മേലുള്ള കേസുകളിൽ മാത്രം കോർട്ട് ഫീ അടക്കേണ്ടതുള്ളൂ. ചോദിക്കുന്ന നഷ്ടപരിഹാരത്തിനനുസരിച്ചല്ല, ഉൽപന്നത്തിന് നൽകിയ വിലയുടെ അടിസ്ഥാനത്തിലാണ് കോർട്ട് ഫീസും അധികാര പരിധിയും നിർണയിക്കുന്നത്. അഞ്ച് ലക്ഷം മുതൽ 10 ലക്ഷം വരെ 200 രൂപയാണ് ഫീസ്. പത്തു ലക്ഷം മുതൽ 20 ലക്ഷം വരെ 400 രൂപയും 20 ലക്ഷം മുതൽ 50 ലക്ഷം വരെ 1000 രൂപയും ഫീസ് ഒടുക്കണം.
50 ലക്ഷം വരെയുള്ള പരാതികളുമായി ജില്ല കമീഷനുകളിലും രണ്ടു കോടി വരെ സംസ്ഥാന കമീഷനിലും രണ്ടു കോടിക്ക് മേൽ ദേശീയ കമീഷനിലും പരാതി നൽകാം. ഉപഭോക്താവ് താമസിക്കുന്ന സ്ഥലം, ഉപഭോക്താവ് ജോലി ചെയ്യുന്ന സ്ഥലം, എതിർകക്ഷി പ്രവർത്തിക്കുന്ന സ്ഥലം, തർക്കം ഉത്ഭവിച്ച സ്ഥലം എന്നിവിടങ്ങളിൽ പരാതി ഫയൽ ചെയ്യാം.
പരാതിയുടെ മൂന്ന് കോപ്പി ഉപഭോക്തൃ കമീഷന് സമർപ്പിക്കണം. അതിനൊപ്പം എത്ര എതിർകക്ഷികളുണ്ടോ പരാതിയുടെ അത്രയും പകർപ്പുകൾ നോട്ടീസ് അയക്കാനായി നൽകണം. ഉൽപന്നം അഥവാ സേവനം വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകൾ, ബിൽ, വാറന്റി കാർഡ്, സർവിസ് സെന്ററിന്റെ ജോബ് കാർഡ്, കമ്പനിക്ക് നൽകിയ പരാതി, അവരുടെ മറുപടി (ലഭിച്ചിട്ടുണ്ടെങ്കിൽ) എന്നിവ പരാതിക്കൊപ്പം നൽകണം.
ടി.വി, മൊബൈൽഫോൺ പോലുള്ള ഉൽപന്നങ്ങൾ സംബന്ധിച്ച പരാതിയിൽ ഉപകരണം നിർമിച്ച കമ്പനി, ഡീലർ, ഓൺലൈൻ പോർട്ടൽ, സർവിസ് സെന്റർ എന്നിവയെ എതിർകക്ഷികളായി ചേർക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.