നാനൂറിലേറെ ജീവനെടുത്ത് പതിനായിരക്കണക്കിന് കോടിയുടെ സാമ്പത്തിക നഷ്ടം വരുത്തി മലയാളിയുടെ സ്വപ്നങ്ങളും സമ്പാദ്യങ്ങളും കവർന്ന 2018ലെ പ്രളയം നൽകിയ ഒരു തിരിച്ചറിവുണ്ട്. കേരളത്തിെൻറ മലയും വയലും പുഴയും ചേർന്ന പരിസ്ഥിതിയെ ഉൾക്കൊള്ളാൻ പ്രേരിപ്പിച്ച അനുഭവ ബോധ്യമാണത്. 2019 ലും ഇക്കുറിയും പ്രളയം തുടർക്കഥയായി.
54 ലക്ഷംപേരെ ബാധിച്ച പ്രളയം സംസ്ഥാനത്തിന് 30,000 കോടി രൂപയുടെ (430 കോടി യു.എസ്. ഡോളർ) സാമ്പത്തികനഷ്ടമുണ്ടാക്കിയെന്നാണ് ഐക്യരാഷ്്ട്ര വികസന പദ്ധതി (യു.എൻ.ഡി.പി) യുടെ വിലയിരുത്തൽ. പ്രളയ പ്രതിവിധി പദ്ധതികളൊന്നും കേരളം ഇതുവരെയും പൂർണതയിലെത്തിച്ചിട്ടില്ല. പ്രളയ സാധ്യതാ പ്രവണതയാവുന്ന വികസന പദ്ധതികളെങ്കിലും പുനഃപരിശോധന നടത്തേണ്ടതല്ലേ?
63,941 കോടി രൂപ ചെലവാക്കി തിരുവനന്തപുരം- കാസർകോട് സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ (കെ. റെയിൽ) പദ്ധതി നടപ്പാക്കാനൊരുങ്ങുന്ന സംസ്ഥാന സർക്കാർ ഈ ചോദ്യത്തിന് ഉത്തരം നൽകേണ്ട സമയമാണിത്. പ്രളയത്തെ ക്ഷണിച്ചുവരുത്തിയത് വികലമായ വികസന നയമാണെന്ന് തിരിച്ചറിഞ്ഞേടത്ത് 88 കി.മീ. പാടത്തിലൂടെ 4- 6 മീറ്റര്‍ ഉയരമുള്ള ആകാശ റെയിലാണ് വരാനിരിക്കുന്നത്. നീരൊഴുക്കുകൾ തടയപ്പെട്ട പ്രളയാനുകൂലമായ ഭൗതിക സാഹചര്യമാണ് കേരളത്തിെൻറ ദൗർബല്യമെന്നിരിക്കെ സംസ്ഥാനത്തെ നെടുകെ പിളർത്തുന്ന പുതിയ പാതയുടെ പരിണതി എന്തായിരിക്കുമെന്നത് ആശങ്കപ്പെടുത്തുന്നതാണ്.
ആർക്കു വേണ്ടിയാണീ പാത?
നിർദിഷ്ട തിരുവനന്തപുരം- കാസർകോട് സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ (കെ. റെയിൽ) പദ്ധതിയുടെ സമഗ്ര പാരിസ്ഥിതിക ആഘാത പഠനം (EIA) തയാറാക്കി, പ്രസ്തുത രേഖയും വിശദ പദ്ധതി രേഖയും (DPR) ജനങ്ങൾക്ക് ചർച്ചക്കായി നൽകുന്നതിന് മുമ്പ് എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണമെന്നാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഉൾപ്പെടെ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത്ര വലിയൊരു പ്രോജക്ടിെൻറ വിശദ പദ്ധതി രേഖ, സമഗ്ര പാരിസ്ഥിതിക ആഘാത പഠനം എന്നിവയൊന്നും ലഭ്യമല്ല എന്നതാണ് വിവരം. ജനങ്ങളുടെ അറിയാനുള്ള ജന്മാവകാശത്തെ വരിഞ്ഞുകെട്ടിക്കൊണ്ട് ഒരു വികസനം നടപ്പിലാക്കുന്നുവെന്ന് വന്നാൽ അതിെൻറ അർഥമെന്താണ്? കേരളത്തിലെ ജനങ്ങളുടെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടത് സമഗ്ര ഗതാഗത നയമാണ്. പ്രളയം നൽകിയ പാഠത്തെ മുന്നിൽവെച്ചു വേണം ആ നയം ആവിഷ്കരിക്കാൻ. സിൽവർ ലൈൻ പദ്ധതി അത്തരമൊരു പ്രത്യാഘാത പഠന ഘട്ടം പൂർത്തീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണം.
സില്‍വര്‍ ലൈന്‍ പദ്ധതി സ്റ്റാന്‍ഡേര്‍ഡ് ഗേജിലാണ്. അതുകൊണ്ടുതന്നെ നിലവിലുള്ള 96 ശതമാനം വരുന്ന ബ്രോഡ്ഗേജുമായി ചേര്‍ന്നുപോകില്ല. അതിനാല്‍, അന്തര്‍സംസ്ഥാന യാത്രക്കാര്‍ക്ക് പ്രയോജനം ചെയ്യില്ല. നിലവിലുള്ള പാതയില്‍നിന്ന് വളരെ മാറിയാണ് എന്നതുകൊണ്ടുതന്നെ അതൊരു ഒറ്റയാന് പാതയായിരിക്കും. അതായത്, പാതകളുടെ ഇടനാഴികളായി കേരളത്തിെൻറ തീരദേശം വിഭജിക്കപ്പെടും.
വേണം പ്രളയാനന്തര വായന
കേരളത്തെ അഞ്ചാറ് മീറ്റർ ഉയരത്തിൽ കീറി മുറിക്കുമ്പോൾ അത് പ്രളയാനന്തര ജാഗ്രതയുടെ ഇഴപിരിച്ചു നോക്കിയിട്ടുണ്ടോ? ലഭ്യമായ പ്ലാൻ അനുസരിച്ച് തീരദേശത്തിലൂടെയാണ് പാത കടന്നുപോവുക. കടലിലേക്കും പുഴയിലേക്കും കായലുകളിലേക്കുമുള്ള മഴവെള്ള ഒഴുക്കിനെ ഇതുമായി താരതമ്യം ചെയ്തിട്ടുണ്ടോ? പ്രളയകാലത്തെ പഠന റിപ്പോർട്ടുകളുമായി വിശകലനം ചെയ്തിട്ടുണ്ടോ? കൊച്ചി മെട്രോ സൃഷ്ടിച്ച നീരൊഴുക്ക് പ്രതിസന്ധിയെ തുലനം ചെയ്തിട്ടുണ്ടോ?
വളരെ പ്രതീക്ഷയോടെ പ്രളയാനന്തരം ആവിഷ്കരിച്ചതാണ് കേരള പുനർനിർമാണ വികസന പരിപാടി (RKDP). പദ്ധതികളെ വികസിപ്പിക്കുക, ഏകോപിപ്പിക്കുക, പദ്ധതി പ്രവർത്തനം സുഗമമാക്കുക, മേൽനോട്ടം വഹിക്കുക എന്നതിനുള്ളതാണ് ആർ.കെ.ഡി.പി. നാടിനെ ഹരിതാഭ നിറഞ്ഞ പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരാൻ ചിട്ടയായ കർമരേഖ ആർ.കെ.ഡി.പിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സംസ്ഥാനത്തിെൻറ സുസ്ഥിരവും സുഗമവുമായ വീണ്ടെടുക്കലിനും പുനർനിർമാണത്തിനും അനിവാര്യമായ പ്രവർത്തനങ്ങളാണ് ആവിഷ്കരിച്ചു നടപ്പാക്കുക എന്നും പദ്ധതി രേഖയിലുണ്ട്. നിർദിഷ്ട െറയിൽ പദ്ധതി ആർ.കെ.ഡി.പിയുടെ ഈ നിലപാടിനോട് ചേർന്നുനിൽക്കുന്നുണ്ടോ?
സംസ്ഥാനത്തെ ജൈവവൈവിധ്യ തന്ത്രങ്ങളും പ്രവർത്തന പദ്ധതിയും വികസിപ്പിക്കൽ, പരിസ്ഥിതി സെൻസിറ്റിവ് ഏരിയകളുടെ ഉപയോഗം എന്നിവയെല്ലാം പ്രളയാനന്തരം അതിസൂക്ഷ്മ പഠനത്തിന് വിധേയമാവണം എന്ന് നിശ്ചയിച്ചതാണ്.മെച്ചപ്പെട്ട സംരക്ഷണവും പരിപാലനവും സംസ്ഥാനത്തെ തണ്ണീർത്തടങ്ങൾക്കുണ്ടാവും എന്നും ആർ.കെ.ഡി.പി പ്രഖ്യാപിച്ചതാണ്തണ്ണീർത്തടങ്ങൾക്കായുള്ള ജില്ലതല നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുന്നതുൾപ്പെടെയുള്ള പദ്ധതിയും പ്രളയാനന്തര ജാഗ്രതയിലുണ്ട്. 88 കിലോമീറ്റർ പാടങ്ങൾ താണ്ടാനിരിക്കുന്ന പുതിയ പാതയിൽ ഇവയൊക്കെ സുരക്ഷിതമാണോ? നികത്തപ്പെടുന്ന പാടങ്ങൾക്ക് മണ്ണ് സ്വരൂപിക്കാൻ എത്ര കുന്നുകൾ ഇടിച്ചു നിരപ്പാക്കപ്പെടണം?
കെട്ടിട നിർമാണ മാനദണ്ഡങ്ങൾപോലും കാലാവസ്ഥയും ദുരന്തസാധ്യതകളും പരിഗണിച്ചുള്ള വാസ്തുശിൽപ കാർക്കശ്യമുള്ളതാവണം എന്ന് 'റീബിൽഡ് കേരള െഡവലപ്മെൻറ് പ്രോഗ്രാം' നിഷ്കർഷിച്ചിട്ടുണ്ട്. അവയൊന്നും നടപ്പിലായിട്ടില്ല എന്നത് വേറെ കാര്യം.എന്നിരിക്കെ കേരളത്തെ നെടുകെ പിളർക്കുന്ന പുതിയൊരു പദ്ധതിയുടെ ആവിഷ്കരണം സർവതല സ്പർശിയായ പoനത്തിന് വിധേയമാക്കപ്പെടണം എന്നത് വികസന വിരുദ്ധ വീക്ഷണമല്ല. നാടിെൻറ വികസന സന്തുലിതത്വവും ജനങ്ങളുടെ അതിജീവനവും കൂടിക്കലർന്ന സർഗാത്മക നിലപാട് മാത്രമാണ്.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.