കശാപ്പിനും ബലിദാനത്തിനും കന്നുകാലികളെ കാലിച്ചന്തയിൽ വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിെൻറ അസാധാരണ വിജ്ഞാപനം സാമൂഹിക രാഷ്ട്രീയ നിയമ മണ്ഡലങ്ങളിൽ ചൂടേറിയ ചർച്ചകൾക്കും വാഗ്വാദങ്ങൾക്കും കാരണമായിരിക്കുകയാണ്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള നിയമം നൽകിയ അധികാരം ഉപയോഗിച്ചുകൊണ്ടാണ് കേന്ദ്രസർക്കാർ ചട്ടങ്ങൾ കൊണ്ടുവന്നിരിക്കുന്നതെങ്കിലും അത് സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റമെന്ന നിലയിൽ എതിർക്കപ്പെടുകയാണ്. കാലിച്ചന്തകളെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയും മൃഗസംരക്ഷണം ലക്ഷ്യംെവച്ചുമാണ് കേന്ദ്രസർക്കാർ നിരോധനം കൊണ്ടുവന്നിരിക്കുന്നത്. ചട്ടവ്യവസ്ഥകൾ പ്രകാരം കന്നുകാലി വിൽപന കേന്ദ്രങ്ങളിൽനിന്നും ചന്തകളിൽനിന്നും വാങ്ങുന്ന കന്നുകാലികൾ കൃഷിയാവശ്യത്തിനായി മാത്രം വാങ്ങിയതാണെന്നും അവയെ കശാപ്പിനായി ഉപയോഗിക്കുകയില്ലെന്നുമുള്ള ഉറപ്പ് പ്രധാന ഘടകമാക്കിയിരിക്കുകയാണ്.
കന്നുകാലി വ്യാപാരികൾ പാലിക്കേണ്ട നിരവധി നടപടിക്രമങ്ങൾ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാങ്ങുന്നവരും വിൽക്കുന്നവരും അവരുടെ തിരിച്ചറിയൽ രേഖകളും കൃഷി ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളും നിർബന്ധമായും പ്രാദേശിക റവന്യൂ ഒാഫിസുകളിലും പ്രദേശത്തെ വെറ്ററിനറി ഡോക്ടറുടെ പക്കലും കന്നുകാലി വ്യാപാര കമ്മിറ്റി മുമ്പാകെയും സമർപ്പിക്കുകയും ഇവ കൃത്യമായി സൂക്ഷിച്ചുപോരുകയും വേണം. ജില്ല മൃഗവ്യാപാര സമിതിയുടെ രൂപവത്കരണമാണ് ചട്ടങ്ങൾ മുന്നോട്ടുവെക്കുന്ന മറ്റൊരു സുപ്രധാന വ്യവസ്ഥ. ജില്ല മൃഗവ്യാപാര നിരീക്ഷണ സമിതിയുടെ അധ്യക്ഷൻ ജില്ല മജിസ്േട്രറ്റ് ആയിരിക്കും. കമ്മിറ്റിയുടെ സുപ്രധാന ജോലി ജില്ലയിലെ മൃഗവ്യാപാരകേന്ദ്രങ്ങളെ നിയന്ത്രിക്കലാണ്. അന്താരാഷ്ട്ര അതിർത്തിയുടെ 50 കി.മി. ചുറ്റളവിലും സംസ്ഥാന അതിർത്തിയുടെ 25 കി.മി. ചുറ്റളവിലും കന്നുകാലി വിപണന വ്യാപാരകേന്ദ്രങ്ങൾ തുടങ്ങുവാനാവില്ലെന്ന് ചട്ടങ്ങൾ നിഷ്കർഷിക്കുന്നു. സംസ്ഥാന അതിർത്തിക്ക് പുറത്തേക്ക് കന്നുകാലികളെ കൊണ്ടുപോകുമ്പോൾ സംസ്ഥാനസർക്കാറിെൻറ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥെൻറ മുൻകൂർ അനുമതി വേണമെന്നും ചട്ടങ്ങൾ പ്രതിപാദിക്കുന്നു.
കന്നുകാലികൾക്ക് അത്യന്തം ഉപദ്രവകരവും ദോഷകരവുമായ എല്ലാ പ്രവൃത്തികളെയും സമ്പ്രദായങ്ങളേയും നിരോധിക്കുന്നതാണ് ചട്ടങ്ങൾ. കന്നുകാലികളെ തിരിച്ചറിയുന്നതിന് സാധാരണഗതിയിൽ പാലിച്ചുപോരുന്ന എല്ലാ തിരിച്ചറിയൽ സമ്പ്രദായങ്ങളേയും ചട്ടങ്ങൾ നിരോധിക്കുന്നു. ചട്ടങ്ങളിൽ പ്രതിപാദിച്ച പശു, കാള, ഒട്ടകം, പോത്ത്, എരുമ, കന്നുകാലി കുട്ടികൾ തുടങ്ങിയ വിഭാഗത്തിലുള്ള മൃഗങ്ങളുടെ സംരക്ഷണവും അവക്ക് ഉപദ്രവമോ വേദനയോ ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ട ബാധ്യതയും പ്രസ്തുത മൃഗസൂക്ഷിപ്പുകാരെൻറ പ്രാഥമിക ഉത്തരവാദിത്തമായി ചട്ടങ്ങൾ വിഭാവന ചെയ്യുന്നു. ചട്ടങ്ങളിൽ പ്രതിപാദിച്ച കന്നുകാലികളുടെ കയറ്റിറക്കുമായി ബന്ധപ്പെട്ട് പരിപൂർണസുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി വെറ്ററിനറി ഇൻസ്പെക്ടർ പ്രത്യേകം സാക്ഷ്യപ്പെടുത്തണമെന്നും വിൽക്കപ്പെടാനാവാത്ത കന്നുകാലികളെ അപ്രകാരം ഇൻസ്പെക്ടർക്ക് മുദ്രണം ചെയ്യാമെന്നും ചട്ടങ്ങൾ അനുശാസിക്കുന്നു. ഇന്ത്യൻ ഭരണഘടനയുടെ നിയമ നിർമാണ അധികാര വിഭജന സിദ്ധാന്തമനുസരിച്ച് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിയമ നിർമാണം നടത്താനുള്ള പ്രത്യേക മേഖലകളും വിഷയങ്ങളുമുണ്ട്.
കേന്ദ്ര അധികാരത്തിൽപ്പെടുന്നവയുടെ കാര്യത്തിൽ സംസ്ഥാനങ്ങൾക്കോ സംസ്ഥാനവിഷയങ്ങളിൽ കേന്ദ്രത്തിനോ നിയമനിർമാണം നടത്താനാവില്ല. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിയമനിർമാണം ഒരേസമയം നടത്താൻ കഴിയുന്ന പൊതുമേഖലകളുമുണ്ട്. ഇൗ മേഖലകളിൽ സംസ്ഥാനങ്ങൾ നിയമനിർമാണം നടത്തുമ്പോൾ അതു രാഷ്ട്രപതിയുടെ മുൻകൂർ അനുമതിക്ക് വിധേയമായി വേണം. മൃഗസംരക്ഷണം ഇന്ത്യൻ ഭരണഘടനയുടെ വ്യവസ്ഥകൾ പ്രകാരം സംസ്ഥാനത്തിെൻറ നിയമനിർമാണ അധികാരത്തിൽപ്പെട്ടതാണ്. ഇന്ത്യൻ ഭരണഘടനയുടെ സ്റ്റേറ്റ് ലിസ്റ്റിെൻറ എൻട്രി 15 ഇതിനെ സാക്ഷ്യപ്പെടുത്തുന്നു. അതേസമയം, മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള അധികാരവും മൃഗക്ഷേമവും കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിയമനിർമാണം നടത്താനാവുന്ന പൊതു നിയമനിർമാണ അധികാരത്തിൽപ്പെടുന്നു. ഭരണഘടനയുടെ കൺകറൻറ് ലിസ്റ്റിലെ എൻട്രി 17, 17^ബി എന്നിവ ഇതിന് തെളിവാണ്. മൃഗക്ഷേമവും മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനായി വിശേഷാലുള്ള അധികാരവുമായി ബന്ധപ്പെട്ട വിഷയം എന്ന നിലയിലാണ് കേന്ദ്രസർക്കാർ പുതിയ ചട്ടങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.
കന്നുകാലികളുടെ വിപണനകേന്ദ്രങ്ങളിലെ വിൽപനയുമായി ബന്ധപ്പെട്ട് സർക്കാർ കൊണ്ടുവന്ന നിരോധനം നിയമപരവും ഭരണഘടനാപരവുമായ നിരവധി ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. ജനങ്ങൾ എന്തുകഴിക്കണം, എന്ത് പാനംചെയ്യണം എന്നിവ തികച്ചും വ്യക്തികേന്ദ്രീകൃതമെന്നിരിക്കെ വ്യക്തികളുടെ ഭക്ഷണശീലങ്ങളെ എപ്രകാരം ക്രിമിനൽ കുറ്റങ്ങളായി കാണുവാൻ കഴിയും? ഒരു വ്യക്തി കാലാകാലമായി പിന്തുടർന്നുപോരുന്ന ഭക്ഷ്യസംസ്കാരത്തെയും ഭക്ഷണരീതികളേയും സംരക്ഷിക്കാനും നിലനിർത്താനും വ്യക്തിക്ക് അവകാശമില്ലേ? ആ അവകാശം സർക്കാറിെൻറ നിരോധനങ്ങളാലോ നിയന്ത്രണങ്ങളാലോ നിജപ്പെടുത്താൻ കഴിയുന്നതാണോ?
ഇന്ത്യൻ ഭരണഘടനയുടെ 21ാം അനുഛേദം വ്യക്തികളുടെ വ്യക്തിസ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും ജനങ്ങൾക്ക് കൽപിച്ചുനൽകുന്നു. ജീവിക്കാനുള്ള അവകാശം ലക്ഷ്യംവെക്കുന്നത് സസ്യജീവിതമോ മൃഗതുല്യമായ ജീവിതമോ അല്ല മറിച്ച്, അന്തസ്സോടെയും ആരോഗ്യപരമായും ജീവിക്കാനുള്ള മനുഷ്യെൻറ അവകാശമാണ്. ഇത് മനുഷ്യാവകാശവും മൗലികാവകാശവുമാണ്. ഭക്ഷ്യാവകാശവും ഭക്ഷണസ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശത്തിൽപെട്ടതാണ്. സുപ്രീംകോടതി 1989ൽ കിഷൻ പട്നായ്ക് കേസിലും 2001ൽ പീപ്ൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസ് കേസിലും ഭക്ഷ്യാവകാശം ജീവിക്കാനുള്ള അവകാശത്തിെൻറ ഭാഗമായി അംഗീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ ഉടമ്പടിയുടെ 25ാം അനുഛേദത്തിലും സാമ്പത്തിക സാംസ്കാരിക സാമൂഹിക അവകാശങ്ങളുമായി ബന്ധപ്പെട്ട 1976ലെ അന്താരാഷ്ട്ര ഉടമ്പടിയുടെ 11ാം അനുഛേദത്തിലും കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട 1990 ലെ അന്താരാഷ്ട്ര ഉടമ്പടിയുടെ 24ാം അനുഛേദത്തിലും ഭക്ഷ്യാവകാശത്തെയും പോഷകഗുണങ്ങളുള്ള ആഹാര രീതിയേയും മനുഷ്യാവകാശമായി കണ്ടറിഞ്ഞുകൊണ്ട് ഭരണകൂടങ്ങൾ സംരക്ഷിക്കേണ്ടതിെൻറ പ്രാധാന്യം എടുത്തുകാണിക്കുന്നുണ്ട്.
കേന്ദ്രസർക്കാർ സാധാരണ വിജ്ഞാപനത്തിലൂടെ കൊണ്ടുവന്ന നിരോധനവും നിയന്ത്രണങ്ങളും ഫലത്തിൽ നടപ്പാക്കേണ്ടത് സംസ്ഥാനതലത്തിലും ജില്ല^ പ്രാദേശിക തലങ്ങളിലുമാണ്. ഭരണഘടനയുടെ 243ാം അനുഛേദപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് കൈമാറാവുന്നതാണ്. ഈ ഒരു സ്ഥിതിവിശേഷത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിരോധനവും നിയന്ത്രണങ്ങളും സംസ്ഥാനങ്ങൾക്ക് നടപ്പാക്കുകയോ നടപ്പാക്കാതിരിക്കുകയോ ചെയ്യാം. സംസ്ഥാനങ്ങൾക്ക് അതിേൻറതായ നിയമനിർമാണം നടത്തിയും നടപ്പാക്കാം. രാഷ്ട്രപതിയുടെ മുൻകൂർ അനുമതി അതിന് വേണമെന്നുമാത്രം. സംസ്ഥാനങ്ങൾക്ക് കേന്ദ്രനിയന്ത്രണം സുപ്രീംകോടതിയിലോ ഹൈകോടതിയിലോ ചോദ്യം ചെയ്യുകയുമാവാം. മിർസാപുർ കേസിലെ 2005ലെ സുപ്രീംകോടതിയുടെ ഭരണഘടനാ െബഞ്ചിെൻറ വിധി നിരോധനത്തിന് നീതീകരണം നൽകുന്നതാണെങ്കിലും പ്രസ്തുത വിധിയിൽ ഭക്ഷ്യസംസ്കാരങ്ങളെയും ഭക്ഷണശീലങ്ങളേയും സംരക്ഷിക്കാനുള്ള പൗരെൻറ അവകാശത്തെയും ഭക്ഷ്യാവകാശത്തിൽ ഉൾപ്പെടുന്ന ഭക്ഷണ സ്വാതന്ത്ര്യത്തെയും വിശകലനം ചെയ്യാനുള്ള സാഹചര്യമുണ്ടായിട്ടില്ല.
അതിനുമുമ്പ് 1958ലെ ഖുറൈശി കേസിലെ സുപ്രീംകോടതി വിധിയിൽ കൃഷിക്ക് ഉപകാരപ്രദമായ കന്നുകാലികളെ കശാപ്പുചെയ്യുന്നത് നിരോധിച്ചതുമാത്രം ശരിവെക്കുന്നതായിരുന്നു. ഖുറൈശി കേസിലെ വിധിയുടെ അന്തസ്സത്തയാണ് ഏതാണ്ട് അഞ്ചു പതിറ്റാണ്ടോളം മിർസാപുർ കേസിലെ വിധിവരെ ഇന്ത്യയിലെ നീതിന്യായകോടതികൾ പിന്തുടർന്നുപോന്നിരുന്നത്. എന്നാൽ, മുമ്പ് സുപ്രീംകോടതി പരിഗണിച്ച കേസുകൾ എല്ലാ കശാപ്പുകാരുടെ തൊഴിലവകാശവുമായി ബന്ധപ്പെട്ടതായിരുന്നെങ്കിൽ ഇനി ഇപ്പോൾ കോടതി പരിഗണിക്കേണ്ടിവരുക മാംസ ഭക്ഷ്യാവകാശവും ഭക്ഷണസംസ്കാര ശീലങ്ങളുമായി ബന്ധപ്പെട്ട ഭരണഘടന–നിയമപ്രശ്നങ്ങളായിരിക്കും. കേന്ദ്രസർക്കാർ നിയന്ത്രണങ്ങൾ ഉയർത്തുന്ന മറ്റൊരു വിവാദം മൃഗങ്ങളെ ബലിദാനം ചെയ്യുന്നത് നിരോധിക്കുന്നതാണ്. മൃഗങ്ങളെ ബലിയർപ്പിക്കുന്നത് മതാചാരത്തിെൻറ ഭാഗമാണെങ്കിൽ അതിനെ നിരോധിക്കാനോ നിയന്ത്രിക്കാനോ രാഷ്ട്രത്തിന് എത്രത്തോളം കഴിയും എന്നുള്ളത് ഇവിടെ പ്രസക്തമാകുകയാണ്.
ഉദ്യോഗസ്ഥർ നിർവഹിക്കേണ്ട ചുമതലകൾ വ്യക്തമാക്കുന്നതാണ് നിയന്ത്രണങ്ങൾ. പക്ഷേ, ചുമതലകൾ നിർവഹിക്കാൻ പര്യാപ്തമായ ഉദ്യോഗസ്ഥ സംവിധാനമോ സൗകര്യങ്ങളോ സംസ്ഥാനങ്ങളിലോ പ്രാദേശികതലങ്ങളിലോ നിലവിലുണ്ടോ എന്നതും ചട്ട രൂപവത്കരണവേളയിൽ പരിശോധിക്കപ്പെട്ടിട്ടില്ല.ഇംഗ്ലണ്ടിൽ അനിമൽ വെൽഫയർ റെഗുലേഷൻസ് പ്രകാരം ഫുഡ് സ്റ്റാൻഡേർഡ് അതോറിറ്റിയും വെൽെഫയർ കൗൺസിലും നിയന്ത്രണങ്ങളുടെ നിരീക്ഷണ സംവിധാനങ്ങളായി നിലനിൽക്കുമ്പോൾ ഇന്ത്യയിൽ ഇത്തരം സമിതികൾ സർക്കാർതലങ്ങളിൽ രൂപവത്കൃതമാകുകയോ അധികാര ചുമതലകൾ കൈമാറുകയോ ചെയ്യപ്പെട്ടിട്ടില്ല.
കേന്ദ്ര നിയന്ത്രണങ്ങൾ പശുക്കൾക്ക് മാത്രമല്ല മറ്റു മൃഗങ്ങൾക്കും കൂടി ബാധകമാക്കിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള നിയമനിർമാണ അധികാരം ഉപയോഗിച്ച് തീർച്ചയായും കേന്ദ്രത്തിന് ഇത്തരത്തിൽ നിരോധനങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരാം. മിർസാപുർ കേസിൽ സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ െബഞ്ച് ഇത് അംഗീകരിച്ചിട്ടുള്ളതാണ്. പക്ഷേ, അത്തരം ഉദ്യമങ്ങൾ ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുകൂടി നടപ്പാക്കാൻ ശ്രമിക്കുകയും ഫെഡറൽ സൗഹാർദത്തെ ഉയർത്തിപ്പിടിക്കുകയും വേണം. ഭാരതീയ ഗോവൻഷ് രക്ഷൺ സംവർധൻ പരിഷത് കേസിൽ ഹിമാചൽ പ്രദേശ് ഹൈകോടതിയുടെ ഡിവിഷൻ െബഞ്ച് 2016 ജൂലൈയിൽ പുറപ്പെടുവിച്ച വിധിയിൽ മൃഗങ്ങൾക്കും മൗലികാവകാശങ്ങൾ ഉണ്ടെന്ന് ഓർമപ്പെടുത്തികൊണ്ട് അത് സംരക്ഷിക്കാൻ ദേശീയതലത്തിൽ നിയമനിർമാണം നടത്തേണ്ടതിെൻറ ആവശ്യകത ചൂണ്ടിക്കാണിക്കുകയുണ്ടായി. പ്രസ്തുത വിധിന്യായത്തിെൻറ നിയമസാധുത ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
നിയമവാഴ്ച അടിസ്ഥാനമാക്കിയ ജനാധിപത്യസംവിധാനത്തിൽ നിയന്ത്രണങ്ങളും നിരോധനങ്ങളും അനുവദനീയമായ രീതികളിൽ മാത്രം കൊണ്ടുവരാവുന്നതാണ്. മൃഗങ്ങളോട് കാരുണ്യം പ്രകടിപ്പിക്കേണ്ടത് ഭരണഘടനയുടെ 51^എ അനുഛേദപ്രകാരം ഓരോ പൗരെൻറയും കടമയും മൃഗസംരക്ഷണത്തിനായി നടപടികൾ കൈക്കൊള്ളേണ്ടത് ഭരണഘടനയുടെ 48ാം അനുഛേദപ്രകാരം രാഷ്ട്രത്തിെൻറ ചുമതലയുമാണ്. എന്നാൽ, അപ്രകാരം സ്വീകരിക്കുന്ന നടപടികൾ സമസ്ത ജനവിഭാഗങ്ങളുടെയും അവകാശങ്ങളെ ബഹുമാനിക്കുന്നതും സംരക്ഷിക്കുന്നതും സൗകര്യപ്പെടുത്തുന്നതും അവകാശങ്ങൾ നിഷേധിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതുമാകണം. നിയമങ്ങളുടെയും ചട്ടങ്ങളുടേയും മേലുള്ള ജുഡീഷ്യൽ പുനരവലോകന അധികാരത്തിലൂടെ ഉന്നതനീതിപീഠങ്ങൾ ചെയ്യേണ്ടതും ഇതുതന്നെ.
(ഹൈേകാടതി അഭിഭാഷകനാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.