കെ. റെയിൽ ആർക്കുവേണ്ടി?

വികസനം വസ്​തുക്കളുടേതല്ല, മനുഷ്യ​േൻറതായിരിക്കണം എന്ന യുനെസ്​കോയുടെ ലോകവികസന റിപ്പോർട്ടിലെ വാചകം കേരളത്തിലെ കെ. റെയിൽ പദ്ധതിയുടെ വരവിെൻറ പശ്ചാത്തലത്തിൽ ഒന്നുകൂടി ഓർക്കേണ്ടിയിരിക്കുന്നു. മനുഷ്യ​െൻറ ആവാസവ്യവസ്​ഥക്കും പരിസ്​ഥിതിക്കും മുറിവുകളേൽപിക്കുന്ന വൻകിടപദ്ധതികൾ നടപ്പാക്കുമ്പോൾ ഓർക്കാനുള്ള മുന്നറിയിപ്പു കൂടിയാണ് ആ വാക്കുകൾ.

എന്നാൽ, കേരള സർക്കാർ മുൻകൈയെടുത്ത് കാസർകോട്​ മുതൽ തിരുവനന്തപുരം വരെ 529 കിലോമീറ്റർ ദൂരത്തിൽ നടപ്പാക്കാനുദേശിക്കുന്ന കെ. റെയിൽ അതിവേഗപാത വികസനത്തിെൻറ മനുഷ്യസങ്കൽപങ്ങൾ പാടേ വിസ്​മരിച്ചിരിക്കുന്നു. പാരിസ്​ഥിതികാഘാതത്തിെൻറയും സാമൂഹികാഘാതത്തിെൻറയും ആഴം തിരിച്ചറിയാതെ അതിവേഗതയിൽ പദ്ധതിനടത്തിപ്പിന് ഭൂമി ഏറ്റെടുക്കാൻ മാനദണ്ഡങ്ങൾ ലംഘിച്ചു നടത്തുന്ന നീക്കങ്ങൾ പ്രതിഷേധങ്ങൾ ക്ഷണിച്ചുവരുത്തുന്നു.

കേരള ഭൂപ്രകൃതിക്ക്​ ഇണങ്ങില്ല

കേരള സർക്കാറും റെയിൽവേ മന്ത്രാലയവും സംയുക്തമായി രൂപവത്​കരിച്ച കേരള റെയിൽ ഡെവലപ്​മെൻറ് കോർപറേഷൻ ലിമിറ്റഡ് ആണ് പദ്ധതി നടത്തിപ്പിന് നേതൃത്വം നൽകുന്നത്​. നിലവിലുള്ള പാതയുടെ ഇരട്ടിപ്പിക്കലല്ല, സമാന്തരമായി മറ്റൊരു ഇരട്ടപാത പ്രത്യേകമായി നിർമിച്ച് പ്രത്യേകം നിരക്ക് നിശ്ചയിച്ചു പ്രവർത്തിപ്പിക്കുന്ന റെയിൽ കോറിഡോർ പദ്ധതിയാണ് കമ്പനി വിഭാവനം ചെയ്യുന്നത്.

അതാകട്ടെ, 1227ഹെക്ടർ ഭൂമി റെയിൽ ലൈനിനു വേണ്ടിയും കൂടാതെ 800 ഹെക്ടറോളം ഭൂമി അനുബന്ധാവശ്യങ്ങൾക്കും ഏറ്റെടുത്തുകൊണ്ടാണ് പണിയുക. 11 ജില്ലകളിലൂടെ പാത കടന്നുപോകുന്നതിനാൽ ഏറ്റവും ചുരുങ്ങിയത് ഇരുപതിനായിരം വീടുകളെങ്കിലും പൊളിച്ചു മാറ്റേണ്ടിവരുമെന്നാണ് പ്രാഥമിക കണക്കുകൾ. കൂടാതെ, മറ്റു കെട്ടിടങ്ങളും.

40 ശതമാനം വരുന്ന, തിരൂർ-കാസർ​കോട്​ 220 കിലോമീറ്റർ ദൂരം നിലവിലെ പാതയോടു ചേർന്നും അവശേഷിക്കുന്ന 60 ശതമാനം പാത പുതിയ വഴികൾ കണ്ടെത്തിയുമാണ് പൂർത്തിയാക്കുന്നത്. രണ്ടായാലും, ഇന്ത്യൻ റെയിൽവേ സംവിധാനവുമായി ബന്ധപ്പെട്ട ഒരു പാതയായിരിക്കില്ല നിർമിക്കപ്പെടാൻ പോകുന്നത്. പദ്ധതി രൂപരേഖയിൽ പറയുന്നതുപോലെ ഇതൊരു വേറിട്ട പാത തന്നെയായിരിക്കും.

പുതിയ വഴികൾ കണ്ടെത്തുമ്പോൾ എത്ര നദികൾ, നീർത്തടങ്ങൾ, നെൽവയലുകൾ, കുന്നുകൾ, കായലുകൾ, ജലാശങ്ങൾ നികത്തേണ്ടിവരും? വ്യക്തവും ശാസ്​ത്രീയവുമായ ഒരു പാരിസ്​ഥിതികാഘാതപഠനം ഇനിയും നടത്തിയിട്ടില്ല എന്നതിനാൽ പൂർണചിത്രം ലഭ്യമല്ല. നടത്തിയതാകട്ടെ, ഒരു തട്ടിക്കൂട്ട് സർവേയും.

ആകാശ സർവേ അവ്യക്തം

പാരിസ്​ഥിതികാഘാത പഠനറിപ്പോർട്ട് തിരക്കിട്ട് നടത്തിയതിനാലും ആകാശദൃശ്യങ്ങളെമാത്രം ആശ്രയിച്ചതിനാലും യഥാർഥ ആഘാതത്തിെൻറ അടുത്തെവിടെയെങ്കിലും എത്തുന്നതല്ല സെൻറർ ഫോർ എൻവയോൺമെൻറ് ആൻഡ് ഡെവലപ്​മെൻറ് സമർപ്പിച്ച റിപ്പോർട്ട്. പദ്ധതിനടത്തിപ്പിന് അനുകൂലമായി എഴുതപ്പെട്ട വാദമുഖങ്ങളാണ്​ അതി​ലേറെയും. സാധ്യതപഠന റിപ്പോർട്ടിെൻറ കാര്യത്തിലും സ്​ഥിതി വ്യത്യസ്​തമല്ല. പദ്ധതി നടത്തിപ്പിെൻറ വക്താക്കളുടെ വാദങ്ങളും ഭാഷയുമാണ് അതിലും.

'സിസ്​ട്രാ' എന്ന ഫ്രഞ്ച് കമ്പനിയെ സാധ്യതപഠനത്തിനായി നിയോഗിച്ചെങ്കിലും അവർ പദ്ധതി നടത്തിപ്പിന് എതിരെയാണ് ഒന്നാം റിപ്പോർട്ട് നൽകിയത്. രണ്ടാമത്തെ റിപ്പോർട്ടിലാണ്, കേരള റെയിൽ ഡെവലപ്​മെൻറ് കോർപറേഷൻ (കെ.ആർ.ഡി.സി.എൽ) നിർദേശിച്ച പ്രകാരം തയാറാക്കിയ റിപ്പോർട്ടിലാണ്, ക്ലിയറൻസ്​ നൽകുന്നത്.

ആകാശസർവേയെ അടിസ്​ഥാനപ്പെടുത്തിത്തന്നെയാണ് 'സിസ്​ട്രാ'യുടെ പഠനവും മുഖ്യമായും തയാറാക്കിയത്. ഭൂമിയിലേക്ക് ഇറങ്ങി സർവേ നടത്തിയിരുന്നുവെങ്കിൽ കേരളത്തെ കീറിമുറിക്കുന്നതാണ് കെ. റെയിൽപാതയെന്നു റിപ്പോർട്ട് നൽകേണ്ടിവന്നേനെ. ഇതോടൊപ്പം, മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിലെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കാതെയും പരിഗണിക്കാതെയുമാണ് ഇ.ഐ.എ പഠനറിപ്പോർട്ട് തയാറാക്കിയതെന്നും വ്യക്തമാണ്.

പദ്ധതിയെ തള്ളി നിതി ആയോഗും

സാമൂഹികവും പാരിസ്​ഥിതികവുമായ ആഘാതങ്ങളോടൊപ്പം സാമ്പത്തികമായും കെ. റെയിൽ ഒരു ദുരന്തമാണെന്ന് പദ്ധതിച്ചെലവിനെ സംബന്ധിച്ച കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാവണം വിശദ പഠന റിപ്പോർട്ടിെൻറ പൂർണരൂപം കെ.ആർ.ഡി.സി ഇപ്പോഴും പുറത്തുവിടാൻ മടികാണിക്കുന്നത്. വാസ്​തവത്തിൽ, കേരളത്തിന് താങ്ങാനാവാത്ത അതിഭീമമായ തുക വേണം പദ്ധതി യാഥാർഥ്യമാക്കാൻ.

പദ്ധതി രൂപരേഖ പ്രകാരം പ്രതീക്ഷിക്കുന്ന ചെലവ് 63,941കോടി രൂപയാണ്. ഇതിെൻറ 10 ശതമാനം തുക കേന്ദ്ര സർക്കാരും 25 ശതമാനം സംസ്​ഥാനസർക്കാരും വഹിക്കുമെന്ന് പറയുന്നുണ്ടെങ്കിലും കേന്ദ്രസർക്കാർ ഇതുവരെ കെ. റെയിൽ പാതക്ക്​ അംഗീകാരം നൽകിയിട്ടില്ല. അപ്പോൾ പിന്നെ 62 ശതമാനം തുകയും വിദേശവായ്പയെ ആശ്രയിച്ചു വേണം. കേരള സർക്കാറിെൻറ 1790 കോടി രൂപയുടെ വിഹിതവും ഒരർഥത്തിൽ കിഫ്ബിയിൽനിന്നുള്ള വായ്പതന്നെയായിരിക്കും. അപ്പോൾ, ഫലത്തിൽ കെ. റെയിൽ ഒരു വായ്പാധിഷ്ഠിത പാതയായി മാറുമെന്നർഥം.

ഇനി, യഥാർഥ ചെലവിലേക്ക് വരാം. കേന്ദ്ര നിതി ആയോഗ് കെ. റെയിൽ പദ്ധതിയെക്കുറിച്ച് നൽകിയ റിപ്പോർട്ടിൽ ആകെ വേണ്ടിവരുന്ന പദ്ധതിച്ചെലവ് 1,33,000 കോടി രൂപയായിരിക്കുമെന്ന് പറയുന്നുണ്ട്. അതുകൊണ്ടുതന്നെ, സാമ്പത്തികമായി ഈ പദ്ധതി അപ്രായോഗികമാണെന്ന് അസന്ദിഗ്​ധമായി നിതി ആയോഗ് ചൂണ്ടിക്കാട്ടുന്നു. അതിനെയെല്ലാം ധിക്കരിച്ചു ഈ അതിവേഗ പാതയുമായി മുന്നോട്ടുപോയാൽ കേരളം ഭയാനകമായ കടക്കെണിയിൽ വീഴുകയാവും ഫലം.

ഇരകൾ പ്രതിരോധം തീർക്കുന്നു

ഈ വൻകിട പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാൻ തുടങ്ങുന്നതോടെ കുടിയിറക്കപ്പെടുന്നവരുടെ എണ്ണം ലക്ഷക്കണക്കിന് വരും. 20,000 കുടുംബങ്ങൾക്കായി ആകെ 11,537 കോടി രൂപ മാത്രമാണ് നഷ്​ടപരിഹാരമായി നീക്കിവെച്ചിട്ടുള്ളത്. 2013ലെ ഭൂമിയേറ്റെടുക്കൽ നിയമമനുസരിച്ചായാലും ഇരകൾ ദുരിതത്തിലാവും. അതുകൊണ്ടുതന്നെയാണ് 11 ജില്ലകളിലും ഭൂമി നഷ്​ടപ്പെടുന്നവർ സമരരംഗത്തിറങ്ങാൻ നിർബന്ധിതരായിത്തീരുന്നത്.

ഫലത്തിൽ പ്രത്യാഘാതങ്ങൾ സങ്കൽപാതീതമാണ്. മാത്രമല്ല, നിലവിലുള്ള റെയിൽവേ ടിക്കറ്റ് നിരക്കിെൻറ അഞ്ചിരട്ടി മുതൽ പത്തിരട്ടി വരെ ചാർജ് നൽകി യാത്രചെയ്യാൻ ഭൂരിപക്ഷംവരുന്ന സാധാരണ യാത്രക്കാർക്ക് കഴിയുകയി​െല്ലന്നുവരുമ്പോൾ, ഇതിനകം നഷ്​ടത്തിൽ തളർന്നുകൊണ്ടിരിക്കുന്ന കൊച്ചി മെേട്രായുടെ അനുഭവങ്ങൾ ഓർക്കാതെ വയ്യ.

സർവാർഥത്തിലും കേരളത്തിന് നഷ്​ടം മാത്രം സമ്മാനിക്കുന്ന ഈ അതിവേഗ നഷ്​ടപദ്ധതി നമുക്ക് വേണമോയെന്ന് അനുമതി നൽകിയ സംസ്​ഥാന സർക്കാർ ഉണർന്നു ചിന്തിക്കട്ടെ. മൂലമ്പിള്ളിയിലെ വികസനത്തിെൻറ ഇരകളായി മാറിയവരെ തെരുവിലേക്ക് തള്ളിയത് ആവർത്തിക്കാതെ, പരിസ്​ഥിതി തകർക്കാതെ കേരളത്തെ രക്ഷിക്കാനുതകുന്ന തീരുമാനമെടുക്കാൻ സമയം വൈകിയിട്ടില്ല.

Tags:    
News Summary - for whom k rail is for

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.