ഭരണഘടനയിൽ മാധ്യമ സ്വാതന്ത്ര്യം മൗലികാവകാശമായി പ്രത്യേകം പരാമർശിച്ചിട്ടില്ലെങ്കിലും വകുപ്പ് 19 (1) ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ മാധ്യമ സ്വാതന്ത്ര്യവും ഉൾപ്പെടും. ഭരണഘടനയെ മാനിക്കാത്തവർ മാധ്യമ സ്വാതന്ത്ര്യത്തിനും അതുവഴി അഭിപ്രായ സ്വാതന്ത്ര്യത്തിനും കടിഞ്ഞാണിടാനുള്ള ശ്രമം എല്ലാ കാലത്തും നടത്താറുണ്ട്.
ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയായ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടുന്നതിലൂടെ ഭരണകൂടം അമിതാധികാര പ്രയോഗമാണ് നടപ്പാക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര ഗാന്ധിയുടെ മാധ്യമസ്വാതന്ത്ര്യനിഷേധത്തെ ശക്തമായി വിമർശിച്ചവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്.
കുനിയാൻ പറഞ്ഞപ്പോൾ മുട്ടിലിഴയുന്നു എന്നുവരെ മാധ്യമങ്ങളെ വിമർശിച്ച എൽ.കെ. അദ്വാനിയുടെ പാർട്ടിയുടെ ഭരണത്തിൽ ആർ.എസ്.എസിന്റെ വിചാരധാരയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ഭരണകൂടം മാധ്യമങ്ങൾക്കുനേരെ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. അഭിപ്രായ സ്വാതന്ത്ര്യ നിഷേധത്തിന്റെ ആദ്യത്തെ ഇരകൾ എന്നും മാധ്യമ പ്രവർത്തകരായിരിക്കും.
ഹാഥറസിൽ ദലിത് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാൻ പുറപ്പെട്ട സിദ്ദീഖ് കാപ്പനെ കുടുക്കിയ സംഭവം ഉദാഹരണമാണ്. കേരളത്തിന് പുറത്ത് കോവിഡ് കാലത്തും മറ്റുമായി എത്രയോ മാധ്യമ പ്രവർത്തകരെയാണ് രാജ്യദ്രോഹ കുറ്റം ചുമത്തി ഭരണകൂടം കൽതുറുങ്കിലടച്ചത്.
ഒഡിഷയിലെ രോഹിത് കുമാർ ബിസ്‍വാളിനെ പോലെ നിരവധി മാധ്യമ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. പൗരത്വ പ്രക്ഷോഭ സമരവും ഡൽഹി കലാപവും സംബന്ധിച്ച യാഥാർഥ്യങ്ങൾ പുറംലോകത്തെ അറിയിച്ചതിന്റെ പേരിലും വേട്ടയാടലിന് വിധേയരായിട്ടുണ്ട്. ഭരണകൂടത്തിന് ഇഷ്ടപ്പെടാത്ത വാർത്തകൾ ചർച്ച ചെയ്യാൻ പാടില്ലെന്നും തിരസ്കരിക്കണമെന്നുമുള്ള മാധ്യമ സ്ഥാപനങ്ങളുടെ നിലപാടുമൂലം ഇതിനകം ഒട്ടനവധി മാധ്യമ പ്രവർത്തകരാണ് തൊഴിൽരഹിതരായത്.
വർധിച്ചുവന്ന ആൾക്കൂട്ട കൊലപാതകം അതതു ദിവസം കൃത്യമായി കണക്കുകൾ സഹിതം പ്രസിദ്ധീകരിച്ച ദേശീയപത്രത്തിലെ പത്രാധിപരെയും കോവിഡ് കാലം സർക്കാറിന്റെ നിഷ്ക്രിയത്വം പുറത്തുകൊണ്ടുവന്ന വാരികയുടെ എഡിറ്ററെയും ഭരണകൂടം കണ്ണുരുട്ടിയതുമൂലമാണ് മാധ്യമ സ്ഥാപനങ്ങൾ പുറത്താക്കിയത്.
ഭരണകൂടത്തിന്റെ നാവാണെന്ന് ഒരു മാധ്യമവും സ്വയം അവകാശപ്പെടാറില്ല. പക്ഷേ, അവരുടെ വാർത്ത വിവേചനത്തിൽ ഭരണകൂട വിധേയത്വം ബോധ്യമാവും. നമുക്ക് അപ്രധാനമായി തോന്നുന്ന വാർത്തകളായിരിക്കും അവർ പ്രധാന വാർത്തയായി അവതരിപ്പിക്കാറുള്ളത്. പ്രാമുഖ്യം സർക്കാർ പദ്ധതികൾക്കായിരിക്കും.
ഇന്ദിര ഗാന്ധി മാധ്യമങ്ങൾ പൂട്ടിപ്പിക്കുകയാണ് ചെയ്തതെങ്കിൽ ഫാഷിസ്റ്റ് ഭരണത്തിൽ കഴുത്തുഞെരിച്ച് പ്രവർത്തിക്കാനാവാത്ത സാഹചര്യമാണ് സൃഷ്ടിക്കുന്നത്. റെയ്ഡ് നടത്തിയും സർക്കാർ പരസ്യങ്ങൾ നിഷേധിച്ചും എൻ.ഡി.ടി.വിയെ വേട്ടയാടിയത് ഈ നയത്തിന്റെ ഭാഗമാണ്.
സർക്കാറിനു വേണ്ടി വാഴ്ത്തുപാട്ടു നടത്തുന്നവർക്ക് ഇഷ്ടം പോലെ പരസ്യം കൊടുക്കുമ്പോഴാണ് ജനപക്ഷത്ത് നിലയുറപ്പിക്കുന്ന മാധ്യമങ്ങളോട് വിവേചനം കാണിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്ന കാര്യത്തിൽ കേരളത്തിലെ സാഹചര്യവും വിഭിന്നമല്ല. ആരോഗ്യ വകുപ്പിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയതിന്റെ പേരിലാണ് ഒരു മാധ്യമ സ്ഥാപനത്തിന് സംസ്ഥാന സർക്കാർ പരസ്യം നിഷേധിച്ചത്.
ഭരണകൂടം മാധ്യമങ്ങളെ പലപ്പോഴും നിശ്ശബ്ദമാക്കുമ്പോൾ സത്യം തുറന്നുപറയാൻ ജനം ആശ്രയിക്കുന്ന ഇന്റർനെറ്റ് സംവിധാനത്തിനും ലോകതലത്തിൽതന്നെ ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ തവണ നിരോധനം ഏർപ്പെടുത്തിയത്. കശ്മീരിൽ 555 ദിവസം തുടർച്ചയായി ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു.
സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്നാണ് ചെറിയ ഇളവുകൾ നൽകാൻ കേന്ദ്ര സർക്കാർ തയാറായത്. 2012 സോഫ്റ്റ് വെയർ ഫ്രീഡം ലോ സെന്റർ കണക്കുപ്രകാരം 665 പ്രാവശ്യമാണ് ഇന്ത്യയിൽ ഇന്റർനെറ്റിന് വിലക്കേർപ്പെടുത്തിയത്. ഈ വർഷം മാത്രം 56 തവണ. സമൂഹ മാധ്യമങ്ങളിലെ ചർച്ചകളും മാധ്യമങ്ങൾ ഏറ്റെടുക്കാറുണ്ട്. മാധ്യമ പ്രവർത്തനത്തെ ആരും വിചാരണ ചെയ്യാൻ പാടില്ല എന്ന നിലപാടും ശരിയല്ല.
മോശമായ ഭാഷ ഉപയോഗിച്ചും വ്യക്തിഹത്യ നടത്തിയും അധിക്ഷേപിക്കുന്നതിനു പകരം മാന്യമായ വിമർശനങ്ങളാണ് ഉയർന്നുവരേണ്ടത്. മാധ്യമരംഗം കോർപറേറ്റുവത്കരണത്തിന് വിധേയമാവുന്ന ആപത്കരമായ പ്രവണത രാജ്യത്ത് കൂടിവരുന്നതും ആശങ്കജനകമാണ്. ഇഷ്ട വാർത്തകൾ നൽകി ജനത്തെ അതിലേക്ക് വഴിനടത്താൻ പ്രത്യേക കഴിവാണ് കോർപറേറ്റുകൾക്ക്.
രാഷ്ട്രീയ പ്രബുദ്ധതയിൽ മുന്നിട്ടുനിൽക്കുന്ന കേരളത്തിൽ കോർപറേറ്റ് അജണ്ട എളുപ്പം നടത്താനാവില്ല. രാജ്യസുരക്ഷയുടെ പേരിൽ ഏതു മാധ്യമസ്ഥാപനവും അടച്ചുപൂട്ടാൻ കേന്ദ്ര ഭരണകൂടത്തിന് നിഷ്പ്രയാസം കഴിയും എന്നതാണ് മീഡിയവണ്ണിനു നേരെ നടന്ന നടപടികൾ വിളിച്ചുപറയുന്നത്.
മീഡിയവണ്ണിന്റെ ഏതു വാർത്തയിലാണ് അപകടമെന്ന് നാളിതുവരെ പറയാൻ കേന്ദ്ര സർക്കാറിനു കഴിഞ്ഞിട്ടില്ല. അടച്ചുപൂട്ടൽ നടപടി സത്യം വിളിച്ചുപറയുന്നവർക്കുള്ള മുന്നറിയിപ്പുകൂടിയാണ്. പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യമാണ് പരമ പ്രധാനം. അതു പ്രകടിപ്പിക്കാൻ കഴിയുന്ന സാഹചര്യമുണ്ടായാൽ മാധ്യമ സ്വാതന്ത്ര്യത്തിനും വഴിയൊരുങ്ങും. അതിനുവേണ്ടി ശക്തമായി എല്ലാ ഭാഗത്തുനിന്നും ഉറക്കെ ശബ്ദമുയരേണ്ടതുണ്ട്.
(മീഡിയവൺ സീനിയർ കോഓഡിനേറ്റിങ് എഡിറ്ററായ സ്മൃതി പരുത്തിക്കാട് സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച ഫ്രീഡം ടോക്ക്സിൽ നടത്തിയ പ്രഭാഷണത്തിൽനിന്ന്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.