1991 ലെ തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണ കാലം. അധികാര വികേന്ദ്രീകരണത്തിനു ത്രിതല പഞ്ചായത്ത് നടപ്പാക്കുകയെന്ന അന്നത്തെ നായനാർ സർക്കാറിെൻറ തീരുമാനത്തിെൻറ പ്രസക്തിയെക്കുറിച്ച് ഫീച്ചർ തയാറാക്കുന്നതിെൻറ ഭാഗമായി എറണാകുളത്ത് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരെ കണ്ട ശേഷം 'ദേശാഭിമാനി' മുഖ്യപത്രാധിപരായിരുന്ന വി.ടി. ഇന്ദുചൂഡനെ സന്ദർശിക്കുന്നു. ഇ.എം.എസ്, ഇ.കെ. നായനാർ, കെ.പി.ആർ. ഗോപാലൻ, വി.എസ്. അച്യുതാനന്ദൻ തുടങ്ങിയവർ വഹിച്ച പദവിയിലിരുന്ന ആളാണെങ്കിലും വി.ടി. ഇന്ദുചൂഡൻ അപ്പോഴേക്ക് പ്രത്യയശാസ്ത്രപരമായി തന്നെ സി.പി.എമ്മിനോട് അകന്നിരുന്നതിനാൽ മുൻ കമ്യൂണിസ്റ്റുകാരൻ എന്ന നിലക്കാണ് തൃശൂരിലെ വീട്ടിൽ ചെന്നു കാണുന്നത്. സംസാരത്തിനിടെ കുറച്ചു പൊതുപ്രവർത്തകർ അദ്ദേഹത്തെ കാണാൻ വരുന്നു. മുഖവുര ഒന്നുമില്ലാതെ അകത്തുകടന്നയുടൻ പ്രാദേശികമായി അവർ തീരുമാനിച്ച സ്ഥാനാർഥിയുടെ കഴിവുകളും സാധ്യതകളും അവർ അവതരിപ്പിച്ചു. വന്നവർ സ്ഥലത്തെ ബി.ജെ.പി പ്രമുഖരായിരുന്നു എന്നത് എന്നിലും കൗതുകം ജനിപ്പിച്ചു. വന്നവർ കാണിച്ച ഉത്സാഹം വി.ടിയിൽ കണ്ടില്ലെന്നു മാത്രമല്ല, അവരുടെ അനുചിത സംസാരത്തെ കുറിച്ച് കുറ്റപ്പെടുത്തി പറയുകയും ചെയ്തു.
പക്ഷേ, അധികം കഴിയാതെ അദ്ദേഹം അതേ ബി.ജെ.പിയോട് കൂറ് പരസ്യമാക്കി. ഒരു ദിവസം ഈ സംഭവത്തെ കുറിച്ച് ആർ.എം. മനക്കലാത്തിനോട് സംസാരമധ്യേ സൂചിപ്പിച്ചു. സ്വാതന്ത്ര്യ സമര സേനാനി, പത്രപ്രവർത്തകൻ, ജെ.പി മൂവ്മെൻറിൽ ജയപ്രകാശ് നാരായണനോടൊപ്പം അഖിലേന്ത്യതലത്തിൽ നേതൃപരമായ പങ്കുവഹിച്ച മാതൃഭൂമി മുൻ ജനറൽ മാനേജർ കൂടിയായ അദ്ദേഹം പറഞ്ഞത്, പണ്ടേ ചൂടനായ വി.ടി. ഇന്ദുചൂഡൻ സംഘ്പരിവാരത്തിലേക്കു ചേക്കേറുന്ന അവസാനത്തെ പ്രമുഖനാവില്ല എന്നാണ്. അതിൽ അതിശയിക്കാനൊന്നുമില്ലെന്നു മാത്രമല്ല, ഇന്ത്യയിൽ അത്തരമൊരു അന്തർധാര ശക്തവുമാണ്.
ഇ. ശ്രീധരെൻറ ബി.ജെ.പി രംഗപ്രവേശത്തെ തുടർന്നുണ്ടായ വാദവിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആർ.എം. മനക്കലാത്തിെൻറ വാക്കുകൾ വളരെ പ്രസക്തമാണ്:
• ഇന്ത്യയിൽ ഡീപ് സ്റ്റേറ്റ് ഒരു യാഥാർഥ്യമാണെങ്കിൽ അതിെൻറ ഗുണഭോക്താക്കൾ സംഘ്പരിവാറാണ്. എന്നാൽ, അത് വ്യവസ്ഥാപിതമായ മുന്നൊരുക്കത്തോടെ തുടങ്ങിയതും തുടരുന്നതുമാണ്. ഇന്ത്യയിൽ നിലവിലുള്ള വ്യവസ്ഥിതിയുടെ എല്ലാ ആനുകൂല്യങ്ങളും അതിന് അവർക്കു ലഭിക്കുന്നുണ്ട്.
• നിലവിലുള്ളതും വരാൻ പോകുന്നതുമായ ഒട്ടുമിക്ക പ്രസ്ഥാനങ്ങളിലും സംഘ് ആശയങ്ങളും അഭിലാഷങ്ങളും ഉള്ളവർ അവരുടെ തിരക്കഥക്കനുസരിച്ചു പ്രവർത്തിക്കുന്നുണ്ട്. ഉചിതമായ സമയത്തു അവർ അതു പുറത്തെടുക്കും.
• മൗലികമായിത്തന്നെ ജാതിവ്യവസ്ഥക്കും മൂലധന ശക്തികൾക്കും എതിരാണെങ്കിൽ കൂടി ഇടതുപക്ഷപ്രസ്ഥാനങ്ങളും അവരുടെ കെണിയിൽ നിന്നകലെയല്ല; ജനത പരിവാറും കോൺഗ്രസും തുടങ്ങി മറ്റു പാർട്ടികൾ പോലെത്തന്നെ. അഖിലേന്ത്യ നേതൃത്വം മുതൽ ഇടതുപാർട്ടികളുടെ കുഞ്ചികസ്ഥാനങ്ങളിൽ അവർ വിരാജിക്കുന്നുണ്ട്, മറ്റു പല പാർട്ടികളെയും പോലെ.
• ഇന്ത്യയിൽ സമൂല മാറ്റത്തിനു വഴിവെക്കുമായിരുന്ന ജെ.പി മൂവ്മെൻറിനെ ശിഥിലമാക്കാനും നിഷ്പ്രഭമാക്കാനും പോന്നതാണ് ആ ശക്തി. മുലായംസിങ് യാദവ്, ജോർജ് ഫെർണാണ്ടസ് എന്നിവരെ അന്നത്തെ ഏറ്റവും പുതിയ ഉദാഹരണമായി അദ്ദേഹം എടുത്തു പറഞ്ഞു.
• സംഘ്പരിവാറിെൻറ വിപുലമായ റിസോഴ്സസും പ്ലാനിങ്ങും ഇന്ത്യയിൽ മാത്രം പരിമിതമല്ല, ഇന്ത്യക്കു പുറത്തും അത് ശക്തമാണ്. ഏതെങ്കിലും പ്രത്യേക ഘട്ടത്തിൽ അത് നിലക്കാനുള്ള കാരണങ്ങളൊന്നും കാണുന്നില്ല.
• അതി വിപുലമായ ഈ നെറ്റ് വർക്കിെൻറ കണക്കുകൂട്ടലുകൾ അതതു കാലങ്ങളിൽ അന്യൂനമായി നടപ്പാക്കിയിരുന്നെങ്കിൽ ഇന്ത്യ ഇന്ന് കാണുന്ന ഇന്ത്യ ആകുമായിരുന്നില്ല. അതിന് ഇന്ത്യക്കാർ പലരോടും കടപ്പെട്ടിരിക്കുന്നു. ജനാധിപത്യ പ്രക്രിയകൾക്കും ജനഹിതങ്ങൾക്കുമപ്പുറം അവരുടെ താൽപര്യങ്ങൾ നടപ്പിലാക്കാൻ ചരടുവലികൾ തുടർന്നുകൊണ്ടേ ഇരിക്കും.
• മാധ്യമ കോർപറേറ്റ് അവിഹിത കൂട്ടുകെട്ടിന് ഇത്തരം താൽപര്യങ്ങളെ സംരക്ഷിക്കാൻ സ്വാഭാവികമായ ഉത്തരവാദിത്തമുണ്ട്. അതവർ നിർവഹിക്കുമ്പോൾ പകച്ചുനിൽക്കുന്നതിൽ അർഥമില്ല. അത് കൂടുതൽ ശക്തിപ്പെടാനിരിക്കുന്നതേയുള്ളൂ. താൻതന്നെ ജനറൽ മാനേജർ ആയി പ്രവർത്തിച്ചതും ജനത പരിവാറിലെ പഴയ സഹപ്രവർത്തകൻ എം.പി. വീരേന്ദ്രകുമാർ നയിക്കുന്നതുമായ 'മാതൃഭൂമി' പോലും തെൻറ വാർത്തകൾ എങ്ങനെ തമസ്കരിക്കുന്നു എന്നും അതിെൻറ കാരണങ്ങളെന്തെന്നും അദ്ദേഹം വിസ്തരിച്ചു പറഞ്ഞു.
• വി.പി. സിങ്, ചന്ദ്രശേഖർ തുടങ്ങിയ പ്രധാനമന്ത്രിമാരുടെ അധികാരം നഷ്ടപ്പെട്ടതിനു പിന്നിൽ ഇതേ ശക്തികൾ നാമറിയുന്നതിലും വിപുലമായ ചരടുവലികൾ വലിച്ചിട്ടുണ്ട്.
• ഒരു പാർട്ടി എന്ന നിലക്കും ദേശീൈയക്യത്തിനും സ്വാതന്ത്ര്യത്തിനും നേതൃത്വം കൊടുത്ത മൂവ്മെൻറ് എന്ന നിലക്കും ഇതിനു ഏറ്റവും വലിയ വില കൊടുക്കേണ്ടി വന്നത് കോൺഗ്രസ് പ്രസ്ഥാനമാണ്. അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിനെ സംഘ്പരിവാർ നോമിനിയെന്നു ആദ്യമായി വിശേഷിപ്പിച്ചവരിൽ ഒരാൾ മനക്കലാത്ത് ആയിരിക്കും.
• സർദാർ വല്ലഭഭായ് പട്ടേൽ നെഹ്‌റുവിനെ നിഷ്പ്രഭമാക്കാൻ ശ്രമിച്ചു. ഒരു പരിധിവരെ നെഹ്റുവിെൻറ നയങ്ങൾ നടപ്പിലാക്കാൻ എതിരുനിന്നു, നിയന്ത്രിച്ചു. നെഹ്‌റുവിനെ പോലെ സോഷ്യലിസം ആദർശമായി കൊണ്ടുനടന്ന ലോകവീക്ഷണമുള്ള നേതൃത്വത്തിൻ കീഴിൽ ഡോ. അംബേദ്‌കർ, അബുൽകലാം ആസാദ്, ഡോ. രാജേന്ദ്ര പ്രസാദ് തുടങ്ങിയ ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭരായ മന്ത്രിമാർക്കു ആഭ്യന്തരമന്ത്രി എന്ന നിലക്ക് പരമാവധി വിഘ്നങ്ങൾ സൃഷ്ടിക്കാനും പ്രതിലോമപരമായി പ്രവർത്തിക്കാനും പട്ടേൽ നേതൃത്വം കൊടുത്ത ഈ അച്ചുതണ്ട് ശ്രമിച്ചു.
• വിരോധാഭാസമെന്നു പറയാം, ഗാന്ധി നേതൃത്വം കൊടുത്തതാണെങ്കിൽ പോലും കോൺഗ്രസ് പ്രസ്ഥാനം ഏതെങ്കിലും കാലത്തു അവരുടെ കർമമണ്ഡലങ്ങളിലേക്കു തിരിച്ചുപോകുമെന്ന സൂചനകളൊന്നും ദൗർഭാഗ്യവശാൽ കാണുന്നില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. മൂർത്തമായ ചില ആശയങ്ങളാണ് ഒരു പരിഹാരമെന്ന നിലക്ക് അദ്ദേഹം ആഗ്രഹിച്ചത്. പാർട്ടികൾക്കു വേണ്ടി എന്നതിനേക്കാൾ ആശയങ്ങൾക്കു മുൻതൂക്കം നൽകി വേണം ജനത പരിവാറും ഇടതു പ്രസ്ഥാനങ്ങളും ഉൾക്കൊള്ളുന്ന പുരോഗമനപ്രസ്ഥാനങ്ങൾ പ്രവർത്തിക്കേണ്ടത്.
ബദൽ മാധ്യമങ്ങളെ വളർത്തിക്കൊണ്ടു വരുകയാണ് പ്രധാനം. വൈയക്തിക നേട്ടങ്ങളെക്കാൾ ഉത്തരവാദിത്തങ്ങളിൽ വിശ്വസിക്കുന്ന മാധ്യമപ്രവർത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും നിയമ വിദഗ്ധരുടെയും ഒരു നെറ്റ് വർക്. വളരെ ജാഗ്രത്തായ അത്തരമൊരു കൂട്ടായ്മക്ക് ഈ കുത്തൊഴുക്കിനെതിരെ പലതും സംഭാവന ചെയ്യാൻ സാധിക്കും.
പിന്നാക്കവിഭാഗങ്ങളിൽനിന്നുള്ള കഴിവുറ്റ നേതാക്കളെ കൂടി കണക്കിലെടുത്തു ദേശീയതലത്തിൽ പുതിയൊരു നേതൃനിര ഉണ്ടായി വരണം. പ്രകൃതിസംരക്ഷണം, സ്ത്രീ ശാക്തീകരണം, ജുഡീഷ്യൽ ആക്ടിവിസം തുടങ്ങിയ മേഖലകളിൽ കൂടുതൽ ശ്രദ്ധ പുലർത്താനാവണം. പിന്നാക്ക വിഭാഗങ്ങളിൽനിന്നുള്ള കഴിവുറ്റ നേതാക്കളെ കൂടി കണക്കിലെടുത്തു ദേശീയ തലത്തിൽ പുതിയൊരു നേതൃനിര ഉണ്ടായിവരണം.
ഒരു കാലത്തെ ഗർജിക്കുന്ന സിംഹം ജോർജ് ഫെർണാണ്ടസ് കാവി കൂടാരത്തിൽ അഭയം തേടിയപ്പോഴും, ആശയങ്ങളും ആദർശങ്ങളും അടിയറവു പറഞ്ഞു പ്രതീക്ഷിക്കാത്ത പലരും പല കൂട്ടങ്ങളും സംഘ്‌പരിവാരത്തോടു സമരസപ്പെട്ടപ്പോഴും നമ്മളൊക്കെ ഞെട്ടിക്കൊണ്ടേയിരിക്കുന്നു. മനക്കലാത്തിനെ പോലുള്ളവർ ഇതൊക്കെ മുൻകൂട്ടിക്കണ്ടു. അവർ വിഭാവനം ചെയ്തതിൽ എന്തെങ്കിലും നടപ്പിൽ വരുത്താനാകുമോ എന്ന് ആലോചിക്കലാണ്, നമ്മെ എന്നോ വിട്ടുപോയ അവരോടു നമുക്ക് ചെയ്യാനാകുന്ന പുണ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.