പലവിധ ബുദ്ധിമുട്ടുകളാൽ വിഷമിക്കുന്ന കുട്ടികൾക്ക് വലിയ ആശ്വാസമായിരുന്നു 1098 എന്ന ചൈൽഡ് ലൈൻ നമ്പറിലേക്കുള്ള വിളി. സമൂഹത്തിൽനിന്നും സ്കൂളിൽനിന്നും എന്തിനേറെ, സ്വന്തം വീടുകളിൽനിന്നുപോലും നേരിടേണ്ടിവന്ന മാനസിക-ശാരീരിക പീഡനങ്ങൾ പലപ്പോഴും പുറത്തറിയിക്കാനും പരിഹാരമുണ്ടാക്കാനും ഈ ഫോൺകാൾ വഴിതുറന്നിരുന്നു.
വീടുകളിലെ പ്രതികൂല സാഹചര്യങ്ങൾ, അമിതമായ മൊബൈൽ ഉപയോഗം, മയക്കുമരുന്നിന് അടിപ്പെടുന്ന അവസ്ഥ, പഠനപിരിമുറുക്കം, സോഷ്യൽ മീഡിയയിൽനിന്നുള്ള ചതിക്കുഴികൾ, ശാരീരിക അസ്വസ്ഥതകൾ, വീടുകളിലെ ഒറ്റപ്പെടൽ, മാതാപിതാക്കൾ തമ്മിലെ അഭിപ്രായവ്യത്യാസം തുടങ്ങി വിവിധതരം സംഘർഷം അനുഭവിച്ച ആയിരക്കണക്കിന് കുട്ടികൾക്ക് ഇതിന്റെ ഗുണഫലം ലഭിച്ചു. ഇതിനു പുറമെ ബാലവേല, ബാല ഭിക്ഷാടനം എന്നിവയിൽ കുരുങ്ങിയ കുഞ്ഞുങ്ങൾക്ക് അടിയന്തര സഹായം എത്തിക്കാനും ചൈൽഡ് ലൈനിന്റെ ഇടപെടലിനു കഴിഞ്ഞിരുന്നു. 1098ൽ ഒരു വിളി എത്തിയാൽ മൂന്നു മണിക്കൂറിനുള്ളിൽ ടീം അംഗങ്ങൾ അവിടെയെത്തി കുട്ടിക്ക് ആവശ്യമായ സംരക്ഷണവും ഭക്ഷണം, വസ്ത്രം, കൗൺസലിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിനൽകുന്നു.
എന്നാൽ, ചൈൽഡ് ലൈൻ പ്രവർത്തനം കുറച്ചുകാലമായി അതീവ ദുഷ്കരമായാണ് നടത്തിപ്പോരുന്നത്. കേന്ദ്ര വനിത-ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ജില്ല ചൈൽഡ് ലൈൻ കേന്ദ്രങ്ങളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലേക്കു മാറ്റാൻ ശ്രമമാരംഭിച്ചതോടെയാണ് പദ്ധതി അവതാളത്തിലായത്. ചൈൽഡ് ലൈൻ നടത്തിപ്പിന് ഫണ്ട് ലഭ്യത അതോടെ മുടങ്ങി.
കേരളത്തിൽ വിവിധ ജില്ലകളിലായി 235 കരാർ ജീവനക്കാരാണ് ചൈൽഡ് ലൈൻ ടീം മെംബർമാരായി പ്രവർത്തിക്കുന്നത്. ഇവരുടെ ശമ്പളം വെറും 8000 രൂപ മാത്രമാണ്. 20 വർഷത്തിലധികമായി ഈ ജോലി തുടരുന്നവർ വരെയുണ്ട്. അവർക്കും ഇതേ ശമ്പളംതന്നെ. 2014ലാണ് ഈ ശമ്പളം നിശ്ചയിച്ചത്. സോഷ്യൽ വർക്കിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഉള്ളവരാണ് മിക്കവരും. ഇവർക്ക് ശമ്പളം മുടങ്ങിയിട്ട് ഇപ്പോൾ ഒമ്പതു മാസം കഴിഞ്ഞിരിക്കുന്നു.
ജോലിയോടുള്ള താൽപര്യവും സാമൂഹിക പ്രതിബദ്ധതയും മാത്രമാണ് ഇവരെ പിടിച്ചുനിർത്തുന്നത്. എന്നാൽ, മുന്നോട്ടുപോകാനാവാതെ ഇതിനകം സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്ന് നൂറിനടുത്ത് ജീവനക്കാർക്ക് ജോലി ഉപേക്ഷിക്കേണ്ടിവന്നു. പല ജില്ലകളിലും ഇതാണ് സ്ഥിതിയെങ്കിലും ഈ പ്രതിസന്ധികൾക്കിടയിലും 1500ലധികം കേസുകളിലാണ് സംസ്ഥാനത്ത് പ്രതിമാസം ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെടുന്നത്. വിവിധ പോക്സോ കേസുകളിലെ പരാതിക്കാരും പ്രധാന സാക്ഷികളുമാണ് പിരിഞ്ഞുപോയവരിൽ പലരുമെന്നുമോർക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.