ഓരോ പത്രത്തിനും-മാധ്യമത്തിനും ഒരു ആദർശം ഉണ്ട്, ഒരു പ്രത്യയശാസ്ത്രം ഉണ്ട്. അത് അംഗീകരിക്കുന്നവർ മാത്രം വായിച്ചാൽ മതി എന്നുചിന്തിച്ചാൽ പത്രം പ്രീതി നേടില്ല. സ്വന്തം പ്രത്യയശാസ്ത്രത്തെ സംരക്ഷിച്ച് പൊതുതാൽപര്യം സംരക്ഷിക്കാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണം
കേരള മാധ്യമങ്ങളുടെ ലോകത്ത് മാധ്യമം ദിനപത്രം വേറിട്ടുനിൽക്കുന്നതായി നിഷ്പക്ഷ വായനക്കാരന് തോന്നുന്നു. രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും വൈജാത്യമുള്ളവരെയുംകൂടി ആകർഷിക്കുകയും സ്വന്തം വായനക്കാരനാക്കുകയും ചെയ്യുമ്പോഴാണ് ഒരുമാധ്യമം അതിെൻറ മാധ്യമധർമം നിർവഹിക്കുന്നതായി വിലയിരുത്താനാവുന്നത്. അതിനുള്ള ആർജവം, വാർത്ത വിന്യാസശേഷി, സർഗാത്മകത, വിശാലബോധം എന്നിവ പത്രാധിപർ പ്രകടിപ്പിക്കുമ്പോൾ അദ്ദേഹം നയിക്കുന്ന പത്രം ജനശ്രദ്ധ ആകർഷിച്ച് വായനലോകത്തെ വിപുലീകരിക്കുന്നു. ഈ സിദ്ധി പ്രമുഖ എഴുത്തുകാരനും വാഗ്മിയുംകൂടിയായ പത്രാധിപർ ഒ. അബ്ദുറഹ്മാന് സ്വായത്തമാണെന്ന് ഞാൻ വിലയിരുത്തുന്നു. പത്രത്തിെൻറ നിലനിൽപിലും വികാസത്തിലും പത്രാധിപരുടെ ഈ സവിശേഷത പ്രധാനഘടകമായി മാറുന്നു. എല്ലാ പത്രാധിപന്മാരും കണക്കിലെടുക്കേണ്ട കാര്യമാണിത്. ഓരോ പത്രത്തിനും-മാധ്യമത്തിനും ഒരു ആദർശം ഉണ്ട്, ഒരു പ്രത്യയശാസ്ത്രം ഉണ്ട്. അത് അംഗീകരിക്കുന്നവർ മാത്രം വായിച്ചാൽ മതി എന്നുചിന്തിച്ചാൽ പത്രം പ്രീതി നേടില്ല. സ്വന്തം പ്രത്യയശാസ്ത്രത്തെ സംരക്ഷിച്ച് പൊതുതാൽപര്യം സംരക്ഷിക്കാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണം.
‘മാധ്യമ’ത്തിന് മൂന്ന് പതിറ്റാണ്ടും മൂന്നുവർഷവും തികഞ്ഞു എന്നറിയുന്നതിൽ സന്തോഷിക്കുന്നു. കാറ്റും കാറും കോളും നിറഞ്ഞ ലോകരാഷ്ട്രീയത്തിൽ, അതൽപംപോലും കുറവില്ലാത്ത ഭാരത-കേരള രാഷ്ട്രീയത്തിൽ പുതുതായി വെറും കൈകളോടെ വന്നു മൂന്ന് പതിറ്റാണ്ട് പൊരുതി മുന്നേറി കൈനിറയെ നേട്ടങ്ങളുമായി നിൽക്കുന്ന ഒരുമാധ്യമത്തെ കാണുമ്പോൾ ‘മാധ്യമ’ത്തെ അഭിനന്ദിക്കാതെ വഴിമാറി നടക്കാനാവില്ല.
33 വർഷംകൊണ്ട് കേരളത്തിലെ അരനൂറ്റാണ്ട് മുതൽ ഒരുനൂറ്റാണ്ടുവരെ പാരമ്പര്യമുള്ള വർത്തമാനപത്രങ്ങളുടെ കൂട്ടത്തിൽ ആദ്യത്തെ അരഡസൻ പത്രങ്ങളുടെ നിരയിൽ വായനക്കാരുടെ എണ്ണത്തിൽ കടന്നിരിക്കാൻ ‘മാധ്യമ’ത്തിനായി. വരുന്ന ലേഖനങ്ങളിൽ രണ്ടുകാര്യം എെൻറ ശ്രദ്ധയിൽ സവിശേഷമായി പതിഞ്ഞുകിടക്കുന്നു.
ഒന്നാമതായി, സാമ്രാജ്യത്വവിരുദ്ധ നിലപാട് എടുക്കുന്ന കാര്യംതന്നെ. സാമ്രാജ്യത്വം, വിശേഷിച്ച് അമേരിക്കൻ സാമ്രാജ്യത്വം നടപ്പാക്കുന്ന ആഗോള സാമ്പത്തിക കൊള്ളകളും അക്രമങ്ങളും എതിർക്കപ്പെടാതെ പോകാൻ പാടില്ലെന്ന് ‘മാധ്യമം’ ഉറച്ചുവിശ്വസിക്കുന്നു. പത്രത്താളുകളിലൂടെ ആശയപരമായി സാമ്രാജ്യത്വവിരുദ്ധ യുദ്ധത്തിൽ ഏർപ്പെടുന്നു. സാമ്രാജ്യത്വത്തിന് അനുകൂലമായി ഒരുനിലപാടും 33 വർഷങ്ങളിൽ ‘മാധ്യമം’ എടുത്തതായി എെൻറ ശ്രദ്ധയിൽ വന്നിരുന്നില്ല, അഭിനന്ദനങ്ങൾ.
രണ്ടാമതായി, ലോകത്ത് ഇസ്ലാം മതത്തിെൻറ ഈർജസ്വലമായ നിലനിൽപും വ്യാപനവും ചെറുത്തുനിൽപും വെളിപ്പെടുത്തുന്നതിനും വിശദീകരിക്കുന്നതിലും മറ്റൊരു മാധ്യമത്തിലും കാണാത്ത തുടർപ്രവർത്തനങ്ങൾ പത്രത്തിലൂടെ നടത്തുന്നു. ഒരുപക്ഷെ പത്രം സ്ഥാപിച്ചതുതന്നെ ഇക്കാര്യത്തിെൻറ ഉപന്യാസത്തിനാകാമെന്നും ന്യായമായി കരുതുന്നു.
ലോകമതങ്ങളിൽ ഈ കാലങ്ങളിൽ ഏറ്റവും കർമശേഷിയും ചൈതന്യവും ഉള്ള ഒന്നായും സാമ്രാജ്യത്വ നീക്കങ്ങളെ ചെറുക്കാൻ മുന്നിട്ടുനിൽക്കുന്ന ഒന്നായും മിക്കപ്പോഴും കാണപ്പെടുന്നു. ഇറാക്കും ഇറാനും ഫലസ്തീനും അടക്കം ഉദാഹരണങ്ങൾ. സാമ്രാജ്യത്വത്താൽ ശിക്ഷിക്കപ്പെട്ടാലും ഉയർത്തെഴുന്നേൽക്കുന്ന മഹാ ശക്തിയായി ഇസ്ലാം മതം ഒരു ജീവശക്തിയായി കാണപ്പെടുന്നു. ൈക്രസ്തവ മതത്തിെൻറ ആദ്യനാളുകളിൽ കണ്ട ഉയർത്തെഴുന്നേൽപിെൻറ ആന്തരികശക്തി-ഊർജം-പ്രകാശിക്കുന്നത് ഇന്ന് ഇസ്ലാം മതമാണെന്ന് അനുഭവം സാക്ഷ്യപ്പെടുത്തുന്നു. ഇതിെൻറ സന്ദേശം ‘മാധ്യമം’ നല്ല നിലയിൽ പ്രചരിപ്പിക്കുന്നു.
ലോകത്ത് 174 വർഷങ്ങളായി സാമ്രാജ്യത്വത്തെ മുഖ്യപ്രതിബന്ധമായും അമേരിക്കൻ സാമ്രാജ്യത്വത്തെ അതിെൻറ വിനാശകാരിയായ കുന്തമുനയായും കണ്ട് അതിനെ എതിർത്തു പോരാടി നിൽക്കുന്ന ഒരു മഹാ പ്രസ്ഥാനമാണ് ലോകത്തെ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രസ്ഥാനങ്ങൾ. ഇത് വിപ്ലവങ്ങൾ നടത്തുകയും വിജയിക്കുകയും വിജയിച്ച ചിലയിടങ്ങളിൽ പരാജയപ്പെടുകയും പലയിടങ്ങളിലും ഇന്നും വിജയിച്ചുനിൽക്കുകയും ചെയ്തത് ലോകം കാണുന്നു. ‘മാധ്യമ’ത്തിെൻറ സാമ്രാജ്യത്വവിരുദ്ധ നിലപാട് സമാന്തരമായി പ്രയാണം ചെയ്യുന്നു. ഏതായാലും സാമ്രാജ്യത്വവിരുദ്ധ ശക്തികൾ ലോകത്ത് ശക്തരായിതന്നെ നിലകൊള്ളുന്നു. ഈ കൊറോണ മഹാരോഗ കാലത്ത് എങ്ങനെ ലോക സാമ്രാജ്യത്വശക്തികൾ ഈ മഹാരോഗത്തെ വേണ്ടത്ര പ്രതിരോധിക്കാനാകാതെ ബോംബുകളും മിസൈലുകളും ടാങ്കുകളും തോക്കുകളും കെട്ടപ്പിടിച്ച് പേടിച്ച് നിലകൊള്ളുമ്പോൾ, ഒരു ബോംബും ഇല്ലാത്ത കേരള ജനതയും കേരള സർക്കാറും ഇതിനെ വലിയ നിലയിൽ പ്രതിരോധിക്കുന്നത് എത്ര ആവേശകരമാണ്. ആ പോരാട്ടത്തിലും ‘മാധ്യമം’ മുൻനിരയിലുണ്ട്.
മൂന്ന് പതിറ്റാണ്ട് കഴിഞ്ഞ ‘മാധ്യമ’ത്തിനും അനുബന്ധ പ്രസിദ്ധീകരണങ്ങൾക്കും വിശേഷിച്ച് ഉന്നത നിലവാരമുള്ള ‘മാധ്യമം വാരിക’ക്കും അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. മനുഷ്യെൻറ ധാർമികബോധം ഉണർത്താൻ ‘മാധ്യമം’ നടത്തുന്ന പ്രത്യേകപ്രവർത്തനങ്ങൾക്ക് പ്രത്യേകം ആശംസകൾ.
വിടരൂ! വിടരൂ! നിൻ
മാനവ സ്നേഹത്തിെൻറ
നറുതേൻ തൂവുന്നൊരാ
വാഴ കൂമ്പതിൻ ദളം!
മികവാർന്നൊരാ നിെൻറ
താളുകൾ സ്നേഹത്തിെൻറ
ദിന മാധ്യമങ്ങളായ്
തീരട്ടെ നാളിൽ നാളിൽ!
ആശംസകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.