കാലവര്‍ഷത്തി​െൻറ കവാടം 

ഈ നൂറ്റാണ്ടിലെയും കഴിഞ്ഞ നൂറ്റാണ്ടിലെയും രാജ്യത്തെ  ഏറ്റവും ചൂടേറിയ വര്‍ഷത്തെ (2016) കഠിനമായ വരള്‍ച്ചക്കുശേഷം ഈ വര്‍ഷത്തെ കാലവര്‍ഷം അഥവാ തെക്ക്-പടിഞ്ഞാറന്‍ മൺസൂണ്‍  കാലാവസ്​ഥവകുപ്പ്​ പ്രവചിച്ചപോലെ മേയ്​ 30ന്​ കേരളത്തില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. മൺസൂൺ മഴയുടെ കേരളത്തിലെ സാധാരണ ആരംഭദിനം ജൂണ്‍ ഒന്ന്‍ ആണ്. ഇത് മലയാളമാസം ഇടവം പകുതി ആയതുകൊണ്ടാണ് അതിനെ ഇടവപ്പാതി എന്നുപറയുന്നത്​. എന്നാല്‍, 1971 മുതല്‍ 2016 വരെയുള്ള  കാലയളവില്‍ മൂന്നുതവണ (1980, 2000, 2013) മാത്രമാണ് കാലവർഷം ജൂണ്‍ ഒന്നിന് തുടങ്ങിയത്. എങ്കിലും, അന്തരീക്ഷശാസ്ത്രം അനുസരിച്ച് മൺസൂൺ ആരംഭത്തിലെ  ഏഴുദിവസം വരെയുള്ള  വ്യത്യാസം സാധാരണയായതുകൊണ്ട് മേയ്‌ 25 മുതല്‍ ജൂണ്‍ എട്ടുവരെയുള്ള കാലയളവിനെ ശരാശരി മൺസൂണ്‍ ആരംഭമായി കണക്കാക്കാം. 

മൺസൂണ്‍ നേരത്തേ തുടങ്ങിയാലും താമസിച്ചാലും അത് മഴയുടെ അളവിനെ കാര്യമായി സ്വാധീനിക്കാറില്ല. കഴിഞ്ഞ 117   വർഷത്തെ ചരിത്രത്തില്‍ ഏറ്റവും നേരത്തെ മൺസൂൺ വന്നത് 1918ല്‍ ആണ്. അന്ന് മേയ്‌ 11നു തന്നെ ഇടവപ്പാതി മഴ തുടങ്ങി. എന്നാല്‍, ആ വർഷമാണ്‌ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഇടവപ്പാതി മഴയായ 110 സെ.മീ. രേഖപ്പെടുത്തിയത് (കിട്ടേണ്ട മഴ 204 സെ.മീ. ആയിരുന്നു). ഈ പരിധിക്കുപുറത്തു ഇടവപ്പാതി തുടങ്ങിയത് എട്ടുതവണയാണ്. അതില്‍ നാലുതവണ നല്ല മഴ കിട്ടിയപ്പോള്‍ നാലുതവണ വരൾച്ചയായിരുന്നു. ചരിത്രത്തിലെ ഏറ്റവും താമസിച്ചുവന്ന ഇടവപ്പാതി 1972ൽ ആ​യിരുന്നു. അന്ന് ജൂണ്‍ 18നാണ് മൺസൂണ്‍ മഴ വന്നത്​; മിഥുന മാസത്തില്‍. അന്നുകിട്ടിയ മഴ 160 സെ.മീ. ആയിരുന്നു. 165 മുതല്‍ 243 സെ.മീ. വരെയുള്ളതാണ്​ സാധാരണനില. 

കാലാവസ്ഥവകുപ്പി​​​െൻറ ന്യൂഡൽഹി ആസ്ഥാനത്തുനിന്നു ഏപ്രില്‍ 18നു പ്രസിദ്ധീകരിച്ച ആദ്യഘട്ട മൺസൂൺ പ്രവചനം വ്യക്തമാക്കുന്നത് ഈ വർഷം രാജ്യത്ത്​ നല്ല കാലവര്‍ഷം ലഭിക്കുമെന്നാണ്.  രാജ്യത്ത്​ കാലവർഷം   സജീവമായിരുന്നാലും കേരളത്തില്‍ നല്ല മഴ ലഭിക്കണമെന്നില്ല എന്നത് കഴിഞ്ഞ ചില വർഷങ്ങളില്‍ കണ്ടതാണ്. ഉദാഹരണത്തിന് 2012ലും 2016 ലും രാജ്യത്തു ശരാശരി മൺസൂൺ മഴ ലഭിച്ചപ്പോള്‍ കേരളത്തില്‍ ഇടവപ്പാതി മഴ കുറവായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ കഴിഞ്ഞവർഷത്തേക്കാള്‍ (2016) കുറഞ്ഞ മഴ ലഭിച്ചത് വെറും രണ്ടുവർഷങ്ങളിലാണ്; 1918 ലും 1976 ലും. എന്നാല്‍, കൊടും വരൾച്ച രേഖപ്പെടുത്തിയ 1987ലും 2002 ലും ഇതേ 135 സെ.മീ. മഴ തന്നെയാണ് ലഭിച്ചത്. ശാസ്ത്രീയമായി കിട്ടേണ്ട മഴയുടെ 19 ശതമാനം വരെയുള്ള കൂടുതലും കുറവും സാധാരണ മഴയായാണ് (Normal rain fall) കണക്കാക്കുന്നത്. കഴിഞ്ഞ  100 കൊല്ലങ്ങളില്‍  സമൃദ്ധമായി ലഭിച്ച മഴ തന്നെയാണ് ഇന്നും കേരളത്തി​​​െൻറ ദാഹം ശമിപ്പിക്കുന്ന ഭൂഗർഭജല ​സ്രോതസ്സുകൾ. കേരളത്തി​​​െൻറ‍ ചരിഞ്ഞ ഭൂപ്രകൃതി പെയ്യുന്ന മഴയുടെ 70 ശതമാനവും ഒഴുക്കി കടലില്‍ കൊണ്ടുപോകുന്നു. ആധുനിക സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗവും കൂടുതല്‍ തണ്ണീര്‍തടങ്ങളും കിണറുകളും അത്യാവശ്യമായി വന്നിരിക്കുകയാണ്.

രാജ്യത്തു നാലുതരം കാലാവസ്ഥയാണ് നിലനിൽക്കുന്നത്‌ ^ശൈത്യം, വേനൽ, തെക്ക്^പടിഞ്ഞാറന്‍ കാലവർഷം, വടക്ക്^കിഴക്കന്‍ കാലവർഷം എന്നിങ്ങനെ. എന്നാല്‍, തീരദേശത്തി​​​െൻറ സാന്നിധ്യമുള്ളതുകൊണ്ട്​ മരംകോച്ചുന്ന ഒരു തണുപ്പുകാലം കേരളത്തില്‍ ഇ​െല്ലന്ന് പറയാം. അതുകൊണ്ട്​ കേരളത്തില്‍ ശിശിരകാലം ഇല്ല, ഹേമന്തം മാത്രമാണെന്ന് പഴമക്കാര്‍ പറയുന്നുണ്ട്. കേരളത്തി​​​െൻറ ശരാശരി താപനില പൊതുവെ 14 ഡിഗ്രി സെൽഷ്യസില്‍ കുറയാറില്ല. മൂന്നാര്‍ ഇതിനൊരു അപവാദമാ​െണങ്കിലും അത് കേരളത്തി​​​െൻറ മുഴുവന്‍ പ്രകൃതിയെ ബാധിക്കുന്ന ഒന്നല്ല. അങ്ങനെ പൊതുവായി നോക്കുമ്പോള്‍ മൂന്നുതരം മഴക്കാലങ്ങള്‍ മാത്രമാണ് കേരളത്തിലുള്ളത്: വേനല്‍മഴയും (മാർച്ച്​ മുതല്‍ മേയ്‌ വരെ) ഇടവപ്പാതിയും (ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ) തുലാവർഷവും (ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ). രാജ്യത്തി​​​െൻറ  മഞ്ഞുകാലം എന്നറിയപ്പെടുന്ന ജനുവരിയിലും ഫെബ്രുവരിയിലും പോലും കേരളത്തില്‍ മഴയുണ്ട്. ഏറ്റവും നല്ല ശൈത്യമഴ ലഭിക്കുന്നത് തെക്കന്‍ ജില്ലകളിലാണ്. പ്രത്യേകിച്ച് ആലപ്പുഴയിലും പത്തനംതിട്ടയിലും കോട്ടയത്തും. 

ഒരുവർഷത്തെ 12 മാസവും മഴ പെയ്യുന്ന ഭൂവിഭാഗമാണ്‌ കേരളം. മൂന്നുതരം പ്രദേശങ്ങളും (മലനാട്, ഇടനാട്‌, തീരപ്രദേശം) മൂന്നു മഴക്കാലങ്ങളും മൂന്നുതരം  കൃഷിയും (വിരിപ്പ്, മുണ്ടകന്‍, പുഞ്ച) നമ്മുടെ മാത്രം  പ്രത്യേകതയാണ്. മേയ്‌ പകുതി കഴിയുമ്പോള്‍ രാജ്യത്തി​​​െൻറ മുഴുവന്‍ ശ്രദ്ധയും കേരളത്തിലേക്ക് നീളുന്നതിനു കാരണം  കേരളത്തി​​​െൻറ‍യും രാജ്യത്തി​​​െൻറയും വാർഷികമഴയുടെ 70 ശതമാനവും  ലഭിക്കേണ്ടത് ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീളുന്ന  തെക്ക്-പടിഞ്ഞാറന്‍ കാലവർഷത്തിലാണ് എന്നുള്ളതു മാത്രമല്ല, രാജ്യത്തെ 80 ശതമാനം ജനങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ ഈ മഴയെ ആശ്രയിക്കുന്നു എന്നുള്ളതുമാണ്.  ഇവിടെ ജൂണ്‍ ഒന്നിന് കാലവർഷം തുടങ്ങിയാല്‍മാത്രമേ ജൂലൈ 15 ആകു​േമ്പാഴേക്കും അത് രാജ്യം മുഴുവന്‍ വ്യാപിക്കുകയുള്ളൂ. 

രാജ്യത്തി​​​െൻറ പ്രധാന ഭാഗത്തേക്ക്​ കാലവർഷം എത്തുന്നത്​ കേരളത്തിലൂടെയാണ്. അതുകൊണ്ടാണ്​ കേരളത്തിനെ ‘കാലവർഷത്തി​​​െൻറ കവാടം’ എന്ന് വിളിക്കുന്നത്‌. എന്നാല്‍, കാലവർഷക്കാറ്റുകള്‍ ആദ്യം എത്തുന്നത്‌ അന്തമാൻ^നികോബാര്‍ സമുദ്രതീരങ്ങളിലാണ്. അവിടെ മേയ്‌ 20 നാണ് ഈ വാണിജ്യവാതങ്ങള്‍ (Trade winds) എത്തേണ്ടത്. ഈ വർഷം (2017) അതിനു മുമ്പേതന്നെ കാലവർഷക്കാറ്റുകള്‍ സജീവമായി. ബംഗാള്‍ ഉൾക്കടലില്‍ ആ സമയത്ത് ചുഴലിക്കാറ്റുകള്‍ ഉണ്ടാകാത്തതും മൺസൂൺ വളരെ വേഗത്തില്‍ ശക്തിപ്രാപിക്കുന്നതിനു കാരണമായി. അതുകൊണ്ടാണ്​ ഇത്തവണ  മേയ്‌ 30നു തന്നെ മൺസൂണ്‍ മഴ കേരളത്തിലെത്തിയത്​. ഇപ്പോള്‍ ബംഗാള്‍ ഉൾക്കടലി​​​െൻറ വടക്ക്^കിഴക്ക് ഭാഗത്ത്‌ രൂപംകൊണ്ട ‘മൊറ’ എന്ന ചുഴലിക്കാറ്റ്​ പടിഞ്ഞാറന്‍ കാറ്റി​​​െൻറ വേഗത വർധിപ്പിക്കുമെന്നതുകൊണ്ടും മഴ വരുംദിവസങ്ങളില്‍ ശക്തിപ്രാപിക്കും. ഇപ്പോഴുള്ള കാറ്റുകളുടെ ശക്തി നിലനിന്നാല്‍ നല്ലൊരു ഇടവപ്പാതി പ്രതീക്ഷിക്കാം. ഇടവപ്പാതി മഴയുടെ വ്യതിയാനം 110ല്‍ നിന്ന്​ 345 സെ.മീ. വരെയാണ്. 

പ്രകൃതിയുടെ അദ്​ഭുതം പോലെ തെക്കുനിന്ന്​ വടക്കോട്ട്​ കാലവർഷത്തി​​​െൻറ ഒരു രേഖീയ വർധനവ്​ കാണാന്‍ കഴിയും. കേരളത്തിലെ ഏറ്റവും തെക്കുള്ള വർഷമാപിനി നെയ്യാറ്റിൻകരയിലാണ്. അവിടെനിന്നു കാസർകോട്​ വരെയുള്ള വർഷമാപിനികള്‍ നോക്കിയാല്‍ ഇടവപ്പാതി മഴ 71 സെ.മീറ്ററില്‍നിന്ന്​ 303ലേക്ക് വർധിക്കുന്നതായി കാണാം. വടക്കോട്ട്‌ പോകുമ്പോള്‍ മഴ കുറയുന്ന സ്ഥലം പാലക്കാടാണ്. തെക്കു^പടിഞ്ഞാറ് ദിശയില്‍നിന്ന്​ വരുന്ന ജലകണങ്ങള്‍ നിറഞ്ഞ കാലവർഷക്കാറ്റുകളെയും മേഘങ്ങളെയും സഹ്യാദ്രി തടഞ്ഞുനിർത്തുമ്പോഴാണ് ഇടവപ്പാതി മഴ ശക്തമായി പെയ്യുന്നത്. ഈ മലയില്‍ കാണുന്ന 25 കി.മീ. നീളമുള്ള വലിയ ഒരു വിള്ളലായ പാലക്കാടു ചുരത്തിന്​ അതിനെ തടഞ്ഞുനിർത്താന്‍ കഴിയാത്തതുകൊണ്ടാണ്​ പാലക്കാടു ജില്ലയിലെ കാലവർഷം (157 സെ.മീ.) അയൽ ജില്ലകളായ മലപ്പുറത്തേക്കാളും (206 സെ.മീ.) തൃശൂരിനെക്കാളും (220 സെ.മീ.) കുറയാന്‍ കാരണം. ഇത്തരം കാരണങ്ങളൊന്നുമില്ലാതെ കേരളത്തില്‍ ഏറ്റവും കുറച്ച്​ ഇടവപ്പാതി മഴ ലഭിക്കുന്ന ജില്ല തിരുവനന്തപുരമാണ്. സീസണില്‍ 100 സെ.മീറ്ററില്‍ താഴെ മഴ ലഭിക്കുന്ന ഒരേയൊരു ജില്ല തലസ്ഥാന ജില്ലയാണ്^ വെറും 87 സെ.മീ. കണക്കുകള്‍ സൂചിപ്പിക്കുന്നത് ഓരോ വർഷവും തിരുവനന്തപുരത്തെ മഴക്ക്​ വർധനവോ കുറവോ ഇ​െല്ലന്നാണ്. എങ്കിലും ഇവിടെയാണ് കേരളത്തിൽ ഏറ്റവുമധികം ജലദൗർലഭ്യം അനുഭവപ്പെടുന്നത്. 

(ചെന്നൈ കാലാവസ്​ഥ  കേന്ദ്രത്തിലെ ഡയറക്​ടറാണ്​ ലേഖകൻ)

Tags:    
News Summary - gate of rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.