നിയമസഭാംഗമായ ആദ്യ ഊഴത്തിൽതന്നെ ഏറെ നിർണായകമായ വകുപ്പുകളുടെ ചുമതലയാണ് മന്ത്രി ഡോ. ആർ. ബിന്ദുവിൽ വന്നുചേർന്നിരിക്കുന്നത്. കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റുവാൻ വിഭാവനം ചെയ്യുന്ന മാറ്റങ്ങളെക്കുറിച്ച് മന്ത്രി വിശദമാക്കുന്നു
കേരള മോഡൽ വികസനത്തിെൻറ ആധാരശിലയാണ് പൊതുവിദ്യാഭ്യാസ രംഗത്തെ മികവ്. എന്നാൽ, ഈ മികവ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ആർജിക്കാൻ കഴിഞ്ഞിട്ടില്ല. ഗുണപരമായ (ക്വാണ്ടിറ്റേറ്റിവ്) വളർച്ചയുണ്ട്, ഗുണപരമായി വേണ്ടത്ര ഉണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മ വർധിപ്പിക്കാൻ കഴിഞ്ഞ അഞ്ചു വർഷത്തിനിടക്ക് പ്രാഥമികമായി ചിലതൊക്കെ ചെയ്തു. അതു പൂർണമാകണമെങ്കിൽ ഉന്നതവിദ്യാഭ്യാസ രംഗത്തു സാരമായ മാറ്റംവേണം. നാളത്തെ കേരളം എങ്ങനെയാവണം എന്നു നിർണയിക്കുന്നത് ഈ മാറ്റത്തെ അടിസ്ഥാനമാക്കിയായിരിക്കും. വിജ്ഞാനമാണ് ശക്തിയും സമ്പത്തും എന്ന തിരിച്ചറിവിലാണ് ലോകം മുേന്നറുന്നത്.
പുതിയ വിജ്ഞാനോൽപാദന മേഖലയിലേക്ക് നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപിടിച്ച് നടത്തണം. അതിന് സമൂലവും സമഗ്രവുമായ മാറ്റംവേണം. സർവകലാശാലകളുടെ അഴിച്ചുപണി അടക്കമുള്ള വലിയ ദൗത്യമാണിത്. നമ്മുടെ സർവകലാശാലകളിലെ ചട്ടങ്ങൾക്കും നിയമങ്ങൾക്കും ഏഴു പതിറ്റാണ്ട് പഴക്കമുണ്ട്. അന്ന് അത് വിഭാവനം ചെയ്തവർ നന്നായി പരിശോധിച്ച് ചെയ്തതാണ് എന്നതിൽ തർക്കമില്ല. എന്നാൽ, സ്ഥലവും കാലവുംപോലുള്ള സംജ്ഞകൾ ഇല്ലാതാകുന്ന വിവര വിപ്ലവത്തിെൻറ കാലത്തിന് അനുസൃതമായി ചട്ടങ്ങളും നിയമങ്ങളും പരിഷ്കരിക്കുകയും ഉള്ളടക്കത്തിൽ വലിയ മാറ്റംവരുകയും വേണം. ഇതിന് കോളജുകളുടെ ഘടനയും കോഴ്സുകളുടെ സ്വഭാവവും മാറേണ്ടതുണ്ട്.
വിദ്യാഭ്യാസവും തൊഴിലും തമ്മിലെ ബന്ധം ദൃഢമാക്കുകയാണ് മറ്റൊരു ലക്ഷ്യം. പുതിയതായി 20 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് യുവസമൂഹത്തെ പ്രാപ്തരാക്കേണ്ടതുണ്ട്. ബിരുദ-ബിരുദാനന്തര ബിരുദ പഠനം, അതനുസരിച്ച് കിട്ടുന്ന തൊഴിൽ എന്നതാണ് നിലവിലെ രീതി. അതു പോരാ. സ്വന്തം കഴിവ് മനസ്സിലാക്കി അതിനൊത്ത കോഴ്സ് തിരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് അവസരം ഉണ്ടാവണം. ഉന്നത വിദ്യാഭ്യാസ രംഗത്ത് പൊതുസമീപനത്തിനുപകരം അവരവരുടെ താൽപര്യത്തിന് ഉതകുന്ന പ്രത്യേക വിജ്ഞാനം നേടാൻ അവസരം ഒരുക്കണം. വൈദഗ്ധ്യ പോഷണത്തിന് 'അസാപ്' (അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം) ചില കാര്യങ്ങൾ ചെയ്യുന്നുണ്ട്. അത് കുറെക്കൂടി വ്യാപിപ്പിക്കണം.
പ്രതിഭാ സമ്പന്നമായ നാടാണ് കേരളം. എന്നാൽ, ഈ പ്രതിഭകൾ നമ്മുടെ നാട്ടിൽ തുടരുന്നില്ല. പല വിദേശരാജ്യങ്ങളിലും വിവിധ രംഗങ്ങളിൽ ഉന്നതങ്ങളിലുള്ളത് മലയാളികളാണ്. ഈ പ്രതിഭകളെ കേരളത്തിന് ഉപയോഗപ്പെടുത്താൻ സാധിക്കണം. ഏറ്റവും മികച്ച വിദ്യാഭ്യാസം ഏറ്റവും കുറഞ്ഞ ചെലവിൽ കേരളത്തിൽ ലഭ്യമായാൽ അത്തരക്കാർ ഇവിടെ പഠിക്കും. അനുബന്ധ സംവിധാനങ്ങൾ ഉണ്ടായാൽ അവർ ഇവിടെ തുടരുകയും ചെയ്യും.
ധാരാളം കോളജുകളും സർവകലാശാലകളും ഉണ്ടെങ്കിലും മികച്ച ഗവേഷണ കേന്ദ്രങ്ങളുടെ കുറവ് നമുക്കുണ്ട്. ഗവേഷണതലത്തിൽ വിജ്ഞാനോൽപാദനത്തിന് പറ്റിയ സാഹചര്യം വേണം. രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നുരണ്ടെണ്ണമെങ്കിലും കേരളത്തിൽ ആയിരിക്കണം. സ്കൂൾ വിദ്യാഭ്യാസത്തിൽ ഉണ്ടാക്കിയ മുന്നേറ്റം എണ്ണത്തിൽ കുറവില്ലെങ്കിലും കലാലയ, സർവകലാശാല തലത്തിൽ ഇല്ല. 30 മികവിെൻറ കേന്ദ്രങ്ങൾ എന്നത് എൽ.ഡി.എഫിെൻറ കാഴ്ചപ്പാടാണ്. അടിസ്ഥാന സൗകര്യവും അക്കാദമിക ഉള്ളടക്കവും മികച്ചതാവണം. ഇൻറർ ഡിസിപ്ലിനറി, മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾ വേണം.
സയൻസ് പഠിക്കുന്ന കുട്ടിക്ക് നൃത്തത്തിൽ വാസനയുണ്ടെങ്കിൽ രണ്ടും ലഭ്യമാവുന്ന കോഴ്സ് തെരഞ്ഞെടുക്കാൻ ഉണ്ടാവണം. ആർട്സ്, സയൻസ്, ഹ്യുമാനിറ്റീസ്, കലാരൂപങ്ങൾ, സ്പോർട്സ് എന്നിവയെല്ലാം ഒറ്റ കുടക്കീഴിൽ പഠിക്കാൻ പറ്റുന്നൊരു മികച്ച കേന്ദ്രം; ഒരു മാതൃകാ സ്ഥാപനം ഉണ്ടാക്കാൻ നമുക്ക് കഴിയണം. ഇതു നേടാനുള്ള ശ്രമത്തിൽ വകുപ്പുകൾ 'വാട്ടർ ടൈറ്റ്' ആകാതെ പരസ്പരം കൊടുക്കൽ-വാങ്ങൽ നടത്തി ഏകോപിതമായി നീങ്ങണം. പ്രവേശന പരീക്ഷ ഉൾപ്പെടെ എല്ലാ പരീക്ഷകളുടെയും സമ്പ്രദായം കാലാനുസൃതമായി മാറേണ്ടതുണ്ട്. വിദ്യാഭ്യാസ രംഗത്തെ ഏതു പരിഷ്കരണവും വിദ്യാഭ്യാസ വിദഗ്ധരും മറ്റുമായി ചർച്ച ചെയ്ത് മാത്രമേ നടപ്പാക്കൂ.
ഉന്നത വിദ്യാഭ്യാസംപോലുള്ള വകുപ്പുകൾ ഏറെ പ്രധാനപ്പെട്ടതാണെങ്കിലും അക്കാദമിക തലവുമായി മാത്രം ബന്ധപ്പെട്ടതാണ്. എന്നാൽ, സാമൂഹിക നീതി വകുപ്പ് സമൂഹത്തിൽ പ്രാന്തവത്കരിക്കപ്പെട്ടവരും പരിത്യജിക്കപ്പെട്ടവരുമായ എല്ലാവരെയും സ്പർശിക്കുന്നതാണ്. ആ നിലക്ക് നല്ല വെല്ലുവിളിയുമുണ്ട്. ഭിന്നശേഷിക്കാർ അടക്കം വകുപ്പിെൻറ പരിഗണനയിൽ വരുന്ന എല്ലാവരുടെയും പുനരധിവാസം, ശാക്തീകരണം എന്നിവ സമഗ്രമാകേണ്ടതുണ്ട്. നമുക്ക് കുറെയധികം അനാഥാലയങ്ങളുണ്ട്. എന്നാൽ, അതിൽ ഭൂരിഭാഗവും അത്ര മികവോടെയല്ല പ്രവർത്തിക്കുന്നത്. ഇതു വളരെ ശ്രദ്ധിച്ച് സമീപിക്കേണ്ട വിഷയമാണ്, അതൊരു വലിയ ദൗത്യവുമാണ്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന സ്ഥാപനങ്ങൾ നമുക്കുണ്ട്. അതു വേണ്ടപ്പെട്ടവർക്ക് പ്രയോജനപ്പെടുന്നുണ്ടോ എന്നതിലാണ് കാര്യം. സമൂഹത്തിൽ ഒരാൾപോലും അനാഥനും അവഗണിക്കപ്പെട്ടവനും ആവരുത് എന്നതാണ് സമീപനം. സമൂഹത്തിെൻറ കാഴ്ചപ്പാടിൽ തുടങ്ങി ഈ മാറ്റം പ്രകടമാക്കാൻ കഴിയണം. ആ അർഥത്തിൽ ഏറെ ഇടപെടൽ ആവശ്യപ്പെടുന്ന ഒന്നായാണ് സാമൂഹിക നീതി വകുപ്പിനെ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.