പൊലീസ് നുണക്കഥകള്‍ക്ക് സര്‍ക്കാര്‍ കൈയൊപ്പ് ചാര്‍ത്തരുത്

പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ സ്പെഷല്‍ കണ്‍വെന്‍ഷന്‍െറ  സമാപനസമ്മേളനം ഉദ്ഘാടനം  ചെയ്തു നടത്തിയ പ്രസംഗത്തില്‍ നിലമ്പൂരില്‍ മാവോവാദികളെ വെടിവെച്ചുകൊന്ന സംഭവത്തിനെതിരായ പ്രതിഷേധങ്ങളെയും വിമര്‍ശനങ്ങളെയും തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസ് നടപടികള്‍ക്ക് സല്യൂട്ട് നല്‍കിയിരിക്കുകയാണ്. അതോടൊപ്പം മുഖ്യമന്ത്രി മറ്റൊരു കാര്യം കൂടി പറഞ്ഞു. പൊലീസ് സ്റ്റേഷനുകളില്‍ മൂന്നാംമുറ അനുവദിക്കില്ളെന്ന്്.

ഈ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകമാണ് കാസര്‍കോട് സ്റ്റേഷനില്‍ മൂന്നു യുവാക്കളെ മൂന്നാംമുറക്കിരയാക്കിയത്. ബൈക്കില്‍ പോവുകയായിരുന്ന മൂന്നു യുവാക്കളെ ഹെല്‍മറ്റ് ധരിച്ചില്ളെന്ന കാരണം പറഞ്ഞാണ് കസ്റ്റഡിയിലെടുത്തിരുന്നത്. പിഴ ഈടാക്കി വിടേണ്ട പെറ്റി കേസായിട്ടും യുവാക്കളെ പൊലീസ് ലോക്കപ്പിലിട്ട് ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു.

കേരളത്തിലിപ്പോള്‍ പൊലീസ് രാജാണെന്ന ആരോപണത്തെ ഊട്ടിയുറപ്പിക്കുന്നതാണ് നിലമ്പൂരില്‍ മാവോവാദികളെ വെടിവെച്ചു കൊന്ന നടപടി. പൊലീസിന് ആരെയും വെടിവെച്ചുകൊല്ലാനും മനുഷ്യാവകാശധ്വംസനം നടത്താനും അധികാരമുണ്ടെന്നു മുഖ്യമന്ത്രി ഇത്തരമൊരു പ്രസ്താവനയിലൂടെ പറയാതെ പറയുകയായിരുന്നു.

നിലമ്പൂര്‍ വനത്തില്‍ നടന്ന നരവേട്ടയെ ന്യായീകരിക്കാന്‍ സര്‍ക്കാറും പൊലീസ് ഉന്നതാധികാരികളും പാടുപെടുകയാണ്. നിലമ്പൂര്‍വനത്തില്‍ കൊല്ലപ്പെട്ടത് ആര് എന്നതല്ല, അവര്‍ ഏതുരീതിയില്‍ കൊലചെയ്യപ്പെട്ടുവെന്നതാണ് പ്രധാനപ്രശ്നം. പ്രത്യേകിച്ചും ഒരു ഇടതുപക്ഷ സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോള്‍. പൊലീസുമായുള്ള ഏറ്റുമുട്ടലിലല്ല അവര്‍ കൊല്ലപ്പെട്ടതെന്നും നിരായുധരും രോഗികളുമായ രണ്ട് മാവോവാദികളെ പൊലീസ് സംഘം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നതിനും കൂടുതല്‍ സുവ്യക്തത വരുത്തുന്ന തെളിവുകളാണ് പുറത്തുവരുന്നത്.

ഈ സാഹചര്യത്തില്‍ എങ്ങനെ കൊല നടന്നുവെന്നു അറിയാന്‍ പൊതുസമൂഹത്തിന് അവകാശമുണ്ട്. ഇടതു ജനാധിപത്യമുന്നണിക്കകത്തുനിന്നുതന്നെ അന്വേഷണം വേണമെന്ന വികാരം അതിശക്തമായിക്കഴിഞ്ഞു. ഈ വിഷയത്തില്‍ ശക്തമായി പ്രതികരിക്കാനും മാവോയിസ്റ്റുകളെ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന് ഉറക്കെ വിളിച്ചുപറയാനുമുള്ള ആര്‍ജവം ആദ്യം കാണിച്ചത് സംസ്ഥാനത്തെ മനുഷ്യാവകാശസംഘടനകളും സി.പി.ഐയുമാണ്. 

ഇടതുപക്ഷത്തിന്‍െറ രാഷ്ട്രീയവും നിലപാടുമെല്ലാം വ്യാജ ഏറ്റുമുട്ടലുകള്‍ക്കെതിരാണ്. സമീപകാലത്ത് ഭോപാലില്‍ ജയില്‍ചാടിയെന്ന് ആരോപിക്കപ്പെടുന്ന നിരോധിതസംഘടനയുടെ പ്രവര്‍ത്തകരെ പൊലീസ് വെടിവെച്ചുകൊന്ന സംഭവത്തില്‍ അതിശക്തമായ പ്രതിഷേധം ഉയര്‍ത്തിയത് ഇടതുപക്ഷമാണ്. ജയില്‍ചാടിയവര്‍ തീവ്രവാദികളാണോ അല്ളേ എന്നും അവര്‍ കുറ്റം ചെയ്തിട്ടുണ്ടോയെന്നുമൊക്കെയുള്ള കാര്യങ്ങള്‍ കോടതിയാണ് തെളിയിക്കേണ്ടത്. തീവ്രവാദത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുമ്പോള്‍ തന്നെ സംശയത്തിന്‍െറ പേരില്‍ കസ്റ്റഡിയിലെടുക്കുന്നവരെയും വിചാരണത്തടവുകാരെയും ഒരു പ്രകോപനവുമില്ലാതെ വെടിവെച്ചു കൊല്ലുന്നതിന് ഇടതുപക്ഷം എതിരാണെന്നാണ് രാജ്യത്തെ ജനങ്ങള്‍ മനസ്സിലാക്കിയിട്ടുള്ളത്. 

ആന്ധ്രപ്രദേശും ബിഹാറും ഛത്തിസ്ഗഢും അടക്കമുള്ള സംസ്ഥാനങ്ങളില്‍ മാവോവാദി വേട്ടയുടെ പേരില്‍ കൂട്ടക്കുരുതികള്‍ അരങ്ങേറുന്നുണ്ട്. ഇതില്‍ പലതും വ്യാജ ഏറ്റുമുട്ടലുകളാണ്. തീവ്രവാദികളെയും നക്സലൈറ്റുകളെയും നേരിടുമ്പോള്‍ പൊലീസിന്‍െറ ഭാഗത്തുനിന്നുണ്ടാകുന്ന തുടര്‍ച്ചയായ മനുഷ്യാവകാശലംഘനങ്ങള്‍ക്കു പിന്നിലെ അടിസ്ഥാനകാരണം കേന്ദ്ര ഫണ്ട് തട്ടാനുള്ള പദ്ധതി തന്നെയാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. അത്തരത്തിലുള്ള ഒരു ഉപായമാണ് നിലമ്പൂരിലെ ഇരട്ടക്കൊല വഴിയും പ്രയോഗിച്ചിരിക്കുന്നത്.

മാവോവാദികളുടെ ശരീരത്തില്‍ ഏറ്റ വെടിയുണ്ടകളില്‍ പലതും പുറത്തേക്ക് തെറിച്ചുപോയിരുന്നു. അടുത്തുനിന്ന് നിറയൊഴിച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്നും നേരിയ ചെറുത്തുനില്‍പിന് പോലും അവസരം നല്‍കാതെ വളരെ അടുത്തുനിന്നുതന്നെ പൊലീസ് വെടിയുതിര്‍ത്തുവെന്നതിന് ഏറ്റവും വലിയ തെളിവാണ് വെടിയുണ്ടകള്‍ അവരുടെ ശരീരത്തില്‍  പതിഞ്ഞ രീതി. ഏറ്റുമുട്ടലാണെങ്കില്‍ അത് നിശ്ചിത അകലത്തില്‍നിന്നു മാത്രമേ ഉണ്ടാകൂ. വെടിയുണ്ടകള്‍ ശരീരം തുളച്ച് പുറത്തുപോകില്ല. മാത്രമല്ല, മാവോയിസ്റ്റുകളുമായി പോരാടിയെന്ന് വീമ്പിളക്കുന്ന പൊലീസുകാരില്‍ ഒരാള്‍ക്കും പോറലേറ്റിട്ടില്ല.

ഒരു പിസ്റ്റളല്ലാതെ നിലമ്പൂര്‍ വനത്തില്‍നിന്നു വേറെ ആയുധങ്ങളൊന്നും കണ്ടത്തൊനായിട്ടില്ല.  എന്നിട്ടും മാവോവാദികള്‍ പൊലീസുകാര്‍ക്ക് നേരെ വെടിവെച്ചുവെന്ന് ഡി.ജി.പിയും മറ്റു ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഡി.ജി.പിയെ തിരുത്താന്‍  സംസ്ഥാന ആഭ്യന്തരവകുപ്പിന്‍െറ ഭാഗത്തുനിന്ന് നടപടിയൊന്നുമുണ്ടായില്ല. ഇടതുപക്ഷത്തുനിന്ന് സി.പി.ഐ മാത്രമല്ല,  സി.പി.എമ്മിന്‍െറയും ഡി.വൈ.എഫ്.ഐയുടെയും ചില നേതാക്കളും നിലമ്പൂരില്‍ നടന്നത് ഏകപക്ഷീയമായ പൊലീസ് നരനായാട്ടാണെന്ന അഭിപ്രായക്കാരാണ്. എം.ബി. രാജേഷിനെപ്പോലുള്ള നേതാക്കള്‍ പ്രതികരിച്ചത് പൊലീസ് പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങാന്‍ കഴിയില്ളെന്നാണ്.

സി.പി.ഐ നേതാക്കളായ കാനം രാജേന്ദ്രന്‍, ബിനോയ് വിശ്വം, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയ നേതാക്കളും മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും അല്‍പം വൈകിയാണെങ്കിലും സാമൂഹിക, സാംസ്കാരിക, മനുഷ്യാവകാശപ്രവര്‍ത്തകരുമൊക്കെ വിശദമായ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നു. മജിസ്റ്റീരിയല്‍ അന്വേഷണത്തിലും ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ആരും തൃപ്തരല്ല. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി പൊലീസിന് അനുകൂലമായാണ് റിപ്പോര്‍ട്ട് നല്‍കുന്നതെങ്കില്‍ തങ്ങളുടെ വാദമായിരുന്നു ശരിയെന്ന് സ്ഥാപിക്കാന്‍ ആഭ്യന്തരവകുപ്പിന് കഴിയും.അത്തരമൊരു സാഹചര്യം ഒഴിവാക്കി ജുഡീഷ്യല്‍ അന്വേഷണമാണ് നിലമ്പൂര്‍ സംഭവത്തില്‍ ആവശ്യം.

കൊല്ലപ്പെട്ട മാവോവാദികള്‍ക്കെതിരെ കേരളത്തില്‍ ഒരു കേസു പോലുമില്ല. പൊലീസ് വെടിയേറ്റ് മരിച്ച  കുപ്പുദേവരാജിനെതിരെ മറ്റ് സംസ്ഥാനങ്ങളില്‍ കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു. കേരളത്തിലുണ്ടെന്ന് തെളിയിക്കാനുമായിട്ടില്ല. ഈ സാഹചര്യത്തില്‍ നിലമ്പൂര്‍ ഇരട്ടക്കൊല എന്തിനുവേണ്ടിയായിരുന്നുവെന്ന ചോദ്യത്തിന് ഉത്തരം പറയേണ്ട ബാധ്യത അധികാരസ്ഥാനങ്ങളിലിരുന്ന് വെടിവെപ്പിനെ ന്യായീകരിക്കുന്നവര്‍ക്കാണ്.  അവര്‍ കൊലപാതകികളും പിടിച്ചുപറിക്കാരും ആണെന്നു തന്നെയിരിക്കട്ടെ, അവര്‍ നിയമത്തിനുമുന്നില്‍ കീഴടങ്ങാനുള്ള സാഹചര്യമുണ്ടായിരിക്കെ വെടിവെച്ചുകൊല്ലാനുള്ള അധികാരം പൊലീസിനില്ല. 

മാവോവാദികള്‍ ഭരണഘടനയിലും നിയമവ്യവസ്ഥയിലും വിശ്വാസമില്ലാത്തവരാണെന്നും അതുകൊണ്ട് ജീവിക്കാന്‍ അര്‍ഹതയില്ളെന്നും ന്യായീകരണവാദികള്‍ നവമാധ്യമങ്ങളില്‍ പ്രചണ്ഡമായ പ്രചാരണം നടത്തുന്നുണ്ട്. അവര്‍ കമ്യൂണിസ്റ്റ്  ചരിത്രത്തെക്കുറിച്ച് സാമാന്യബോധമില്ലാത്തവരോ ഇല്ളെന്ന് നടിക്കുന്നവരോ ആണ്. നിയമവ്യവസ്ഥക്കും ഭരണഘടനക്കും എതിരാണെന്ന് മുദ്രകുത്തി എത്രയോ കമ്യൂണിസ്റ്റുകാരെയാണ് മാടമ്പി ഭരണകൂടങ്ങള്‍ വേട്ടയാടിയിട്ടുള്ളത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയേണ്ടിവന്ന എത്രയോ നേതാക്കളും പ്രവര്‍ത്തകരും മര്‍ദകഭരണകൂടത്തിന്‍െറ കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.

അത്തരമൊരു ത്യാഗത്തിന്‍െറ പരിണിതഫലമായാണ് ഇന്ന് രാഷ്ട്രീയത്തിലും അധികാരത്തിലും സമൂഹത്തിലും നേടിയിരിക്കുന്ന ഉന്നതമായ പല സ്ഥാനമാനങ്ങളുമെന്ന് ഏറ്റുമുട്ടല്‍ കൊലയെ അനുകൂലിക്കുന്നവര്‍  മറക്കുന്നു. നിരായുധരെ വെടിവെച്ചുകൊല്ലുന്നത് ശരിയാണെന്ന് സ്ഥാപിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ പഴയകാല കമ്യൂണിസ്റ്റ് രീതിയെയാണ് പരോക്ഷമായി തള്ളിപ്പറയുന്നത്. ഒരു കാലഘട്ടത്തില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നടന്ന കമ്യൂണിസ്റ്റ് സായുധ പോരാട്ടങ്ങളൊക്കെയും തെറ്റായിരുന്നുവെന്ന് ഇവര്‍ പറയാതെ പറയുകയും ചെയ്യുന്നു. അധികാരത്തിന്‍െറ ശീതളിമയില്‍ ഇതൊക്കെ മറന്നുപോകുന്നവരെ അറിയിക്കാനുള്ളത് ഓര്‍മകള്‍ ഉണ്ടായിരിക്കണം എന്നുതന്നെയാണ്.

1970ല്‍ നക്സല്‍ നേതാവ് വര്‍ഗീസിനെ ചതിയില്‍പ്പെടുത്തി കാട്ടിലത്തെിച്ച് മേലുദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന പൊലീസുകാരന്‍െറ വെളിപ്പെടുത്തലുകള്‍ വന്നത് വര്‍ഷങ്ങള്‍ക്കുശേഷമാണ്.  അന്ന് പൊലീസിന്‍െറ നുണക്കഥകള്‍ വിശ്വസിച്ചവരൊക്കെയും പിന്നീട് പരിഹാസ്യരായി. നിലമ്പൂര്‍ സംഭവത്തിലും പൊലീസിന്‍െറ നുണക്കഥ എല്ലായിടത്തും അലയടിക്കുന്നുണ്ട്. ആ നുണക്കഥക്ക് ആഭ്യന്തരവകുപ്പിന്‍െറ കൈയൊപ്പുണ്ടാകരുത്. ഇത് ഒരു ജനാധിപത്യഭരണകൂടത്തോടുള്ള വിശ്വാസത്തിന്‍െറയും പ്രതീക്ഷയുടെയും വിഷയം കൂടിയാണ്.

ഉത്തരേന്ത്യന്‍ മോഡല്‍ വ്യാജ ഏറ്റുമുട്ടലുകളെയും പൊലീസ് മെനയുന്ന കള്ളക്കഥകളെയും വിശ്വസിച്ച് പ്രതികരിക്കാന്‍മാത്രം വങ്കത്തമുള്ളവരല്ല കേരളത്തിലെ യാഥാര്‍ഥ്യബോധമുള്ള ജനങ്ങള്‍. അടിയുറച്ച ജനാധിപത്യബോധമുള്ള കേരളജനത സായുധവിപ്ളവത്തോട് യോജിക്കുന്നവരല്ല. അതിനെ പ്രോത്സാഹിപ്പിക്കുകയുമില്ല. ആ ബോധ്യമുള്ളതുകൊണ്ടാണ് മാവോവാദികള്‍ കേരളത്തില്‍ സായുധ വിപ്ളവം നടത്താത്തത്. എന്നാല്‍, മാവോയിസം പ്രചരിപ്പിക്കുന്നവരെ കണ്ടാലുടന്‍ വെടിവെച്ചുകൊല്ലണമെന്ന ജനാധിപത്യവിരുദ്ധ അപ്രഖ്യാപിത നിയമത്തെ കേരളജനത ഒരുകാലത്തും അംഗീകരിക്കില്ല.

 

Tags:    
News Summary - govt dont sign the fake stories of police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.