തിരുവനന്തപുരം: നിർമാണം പുരോഗമിക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് സംസ്ഥാന ബജറ്റ് നൽകുന്നത് വലിയ പ്രാധാന്യം. വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ കയറ്റുമതി സാധ്യത ഗണ്യമായി ഉയർത്തുമെന്നും കാർഷിക മേഖലയിലെ പ്രശ്നങ്ങൾ തരണം ചെയ്യാൻ ഉപയോഗപ്പെടുത്തുമെന്നുമാണ് ബജറ്റ് പരാമർശം. ഭാവി കേരളത്തിന്റെ വികസന കവാടമാണ് വിഴിഞ്ഞമെന്നും തുറമുഖം പൂർണമായും പ്രവർത്തന സജ്ജമാകുന്നതോടെ അനന്തമായ വികസന സാധ്യത തുറക്കപ്പെടുമെന്നും ബജറ്റ് പ്രതീക്ഷയർപ്പിക്കുന്നു.
ബജറ്റ് പുസ്തകത്തിൽ മൂന്നിലേറെ പേജുകളാണ് വിഴിഞ്ഞത്തിനായി നീക്കിവെച്ചിട്ടുള്ളത്. പദ്ധതിയുമായി ബന്ധപ്പെട്ട് പതിനായിരം ഏക്കർ ഭൂമി 50 കിലോമീറ്റർ പരിധിക്കുള്ളിൽ വിവിധ മാർഗങ്ങളിൽ ലഭ്യമാക്കേണ്ടിവരും. സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെയും സ്വകാര്യ മേഖല മാത്രമായും വികസനം സാധ്യമാക്കേണ്ടതുണ്ടെന്നും പരാമർശമുണ്ട്. കൂടുതൽ സ്വകാര്യ പങ്കാളിത്തത്തിന് വഴിതുറക്കുന്ന നിലപാടാണിത്.
വിഴിഞ്ഞം തുറമുഖം മേയ് മാസം തുറന്ന് പ്രവർത്തനം ആരംഭിക്കുന്നതിനൊപ്പം നടപ്പാക്കേണ്ട വികസന പദ്ധതികൾക്കും തുക ബജറ്റിൽ വകയിരുത്തി. ടൗൺഷിപ്പുകൾ, റെസിഡൻഷ്യൽ ഏരിയകൾ, വ്യവസായ കേന്ദ്രങ്ങൾ, സംഭരണശാലകൾ, വിനോദ കേന്ദ്രങ്ങൾ എന്നിങ്ങനെ വിപുലവും സമഗ്രവുമായ ഹബ്ബാക്കി വിഴിഞ്ഞത്തെ മാറ്റാനാണ് ലക്ഷ്യമിടുന്നത്.
ഇതിനായി പ്രത്യേക ഡെവലപ്മെന്റ് സോണുകളും സൃഷ്ടിക്കും. പ്രവാസി മലയാളികൾ ഉൾപ്പെടുന്ന സ്വകാര്യ വ്യക്തികളെയും സ്ഥാപനങ്ങളെയും സഹകരിപ്പിച്ചും സ്വകാര്യ നിക്ഷേപം ആകർഷിച്ചുമാകും സ്പെഷൽ ഡെവലപ്മെന്റ് സോണുകൾ സൃഷ്ടിക്കുകയെന്ന് തുറമുഖ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
തുറമുഖത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി സംരംഭങ്ങൾ ആരംഭിക്കാൻ സാധ്യതയുള്ള നിക്ഷേപകരെ ആകർഷിക്കുന്നതിന് അന്തർദേശീയ നിക്ഷേപസംഗമവും സംഘടിപ്പിക്കും. മാരിടൈം ഉച്ചകോടിയും നടത്തും. വിഴിഞ്ഞം പദ്ധതിയുടെ പ്രയോജനം മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള പ്രാദേശിക ജനവിഭാഗങ്ങൾക്ക് കൂടി ലഭ്യമാകുന്ന പദ്ധതികൾക്ക് ബജറ്റിൽ പ്രാധാന്യം നൽകിയിട്ടുണ്ടെന്ന് സർക്കാർ അവകാശപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.