???????? ????????????? ??????

അനശ്വരനായ പോരാളി

ചരിത്രത്തെ എത്ര തമസ്കരിക്കാനും പുനര്‍നിര്‍മിക്കാനും ആരൊക്കെ എങ്ങനെയൊക്കെ ശ്രമിച്ചാലും മായ്ക്കാന്‍ പറ്റാത്ത പേരാണ് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്‍േറത്. മലബാറിന്‍െറ മണ്ണില്‍ മതത്തിന്‍െറ സങ്കുചിതചിന്തകള്‍ക്കപ്പുറം നാടിന്‍െറ സ്വാതന്ത്ര്യത്തിനുവേണ്ടി ജനങ്ങളെ ചിന്തിപ്പിച്ച, പ്രചോദിപ്പിച്ച വ്യക്തിത്വമാണ് മുഹമ്മദ് അബ്ദുറഹ്മാന്‍േറത്.

ഇന്ന് മുസ്ലിം മതവിശ്വാസികളെ ദേശവിരുദ്ധരെന്ന് ഒരു വിഭാഗം മുദ്രകുത്താന്‍ ശ്രമിക്കുമ്പോള്‍ ഒരു ദേശത്തിന്‍െറ സ്വാതന്ത്ര്യത്തിന് സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച മുഹമ്മദ് അബ്ദുറഹ്മാന്‍െറ നാമം മാത്രം മതി ഈ ഗീബല്‍സിയന്‍ തന്ത്രത്തെ ചെറുക്കാന്‍. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്‍െറ നേതൃത്വത്തിലിരിക്കുമ്പോള്‍തന്നെ പൊതുസമൂഹത്തിന്‍െറ വിശ്വാസ്യതയും പിന്തുണയും ആര്‍ജിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മതേതരത്വം കേവലം ഒരു പദപ്രയോഗം മാത്രമല്ളെന്നും അതൊരു തപസ്യയാണെന്നും സ്വജീവിതത്തിലൂടെ തെളിയിച്ച അബ്ദുറഹ്മാന്‍ സാഹിബിന്‍െറ ത്യാഗോജ്വല സ്മരണകള്‍ ഓര്‍ക്കേണ്ടതും ചര്‍ച്ച ചെയ്യപ്പെടേണ്ടതും ഈ കാലഘട്ടത്തിന്‍െറ അനിവാര്യതയാണ്.

1898ല്‍ കൊടുങ്ങല്ലൂരിലാണ് മുഹമ്മദ് അബ്ദുറഹ്മാന്‍ ജനിച്ചത്. അഴീക്കോട് കറുകപ്പാടത്ത് പുന്നക്കച്ചാലില്‍ അബ്ദുറഹ്മാന്‍െറയും അയ്യാരില്‍ കൊച്ചായിശുമ്മയുടെയും മകന്‍. മലയാളി മുസ്ലിംകള്‍ അക്കാലത്ത് മതപഠനത്തിനായിരുന്നു പ്രാധാന്യം നല്‍കിയിരുന്നതെങ്കിലും നാട്ടാശാനെ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുകയും അദ്ദേഹത്തെ ഉന്നത വിദ്യാഭ്യാസത്തിന് അയക്കുകയും ചെയ്തു. അന്നത്തെകാലത്ത് വിദ്യാഭ്യാസം ലഭിച്ച ഏതു യുവാവിന്‍െറയും സ്വപ്നമായിരുന്നു ഐ.സി.എസ് ഓഫിസറാവുക എന്നത്. ഇതിനായി ദക്ഷിണേന്ത്യയിലെ പ്രശസ്ത കലാലയമായ പ്രസിഡന്‍സി കോളജില്‍ ഓണേഴ്സ് കോഴ്സിന് ചേര്‍ന്നു.

എന്നാല്‍, ചരിത്രനിയോഗം ദേശീയ പ്രസ്ഥാനത്തിന്‍െറ നേതൃനിരയിലേക്ക് എത്തിപ്പെടാനായിരുന്നു. പ്രസിഡന്‍സി കോളജില്‍ പഠനത്തേക്കാള്‍ താല്‍പര്യം രാഷ്ട്രീയത്തിലായിരുന്ന കെ. മുഹമ്മദായിരുന്നു അദ്ദേഹത്തിന്‍െറ പ്രധാന കൂട്ടുകാരന്‍. സമയം കിട്ടുമ്പോഴൊക്കെ മുഹമ്മദ്, അബ്ദുറഹ്മാനോട് സ്വാതന്ത്ര്യസമരത്തെക്കുറിച്ചും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെ ക്കുറിച്ചും വാതോരാതെ സംസാരിക്കും. സ്വാതന്ത്ര്യ സമരത്തിന്‍െറ വീര്യമൂറുന്ന പത്രവാര്‍ത്തകള്‍ മുഹമ്മദ് അബ്ദുറഹ്മാന്‍െറ മനസ്സിനെ സ്വാധീനിച്ചു.

അദ്ദേഹത്തിലെ കലാപകാരി പതുക്കെ ഉണരാന്‍ തുടങ്ങിയിരുന്നു. ‘ഖിലാഫത് ആന്‍ഡ് ജസീറത്തുല്‍ അറബ്’ എന്ന മൗലാന അബുല്‍കലാം ആസാദ് എഴുതിയ പുസ്തകം മുഹമ്മദ് അബ്ദുറഹ്മാനെ ഏറെ സ്വാധീനിച്ചു. 1920 നവംബറില്‍ കോളജ് പ്രിന്‍സിപ്പലിന് ഒരു കത്തു നല്‍കി: ‘ദേശീയ പ്രസ്ഥാനത്തിന്‍െറ ആഹ്വാനമനുസരിച്ച് ഞാന്‍ നിസ്സഹകരണ പ്രസ്ഥാനത്തില്‍ ചേരുന്നു. അതിനാല്‍, പ്രസിഡന്‍സി കോളജിലെ അധ്യയനം ഞാന്‍ അവസാനിപ്പിക്കുന്നു.’ വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഒന്നും ഫലം കണ്ടില്ല.

അദ്ദേഹം 1920 ഡിസംബറില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍െറ നാഗ്പുര്‍ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുകയും കെ. മാധവന്‍ നായരുമായി ചേര്‍ന്ന് ഒരു നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. മലയാളനാടിന് ഒരു സംസ്ഥാന പദവി കോണ്‍ഗ്രസ് ഭരണഘടനയില്‍ അനുവദിക്കപ്പെട്ടതും അതിനുവേണ്ടി നടത്തിയ വെറും ഇരുപത്തിമൂന്ന് വയസ്സുകാരന്‍െറ കാമ്പുള്ള പ്രസംഗം കോണ്‍ഗ്രസ് സമ്മേളനം അദ്ഭുതത്തോടെ കാതോര്‍ത്തതും ചരിത്രം. 1921 ഏപ്രില്‍ മാസം ഒറ്റപ്പാലത്ത് നടന്ന കോണ്‍ഗ്രസ് സമ്മേളനം അബ്ദുറഹ്മാന് കേരള രാഷ്ട്രീയത്തിലേക്ക് വഴിതുറന്നു.

മലബാറില്‍ ജനങ്ങള്‍ നെഞ്ചേറ്റിയ ഹിന്ദു-മുസ്ലിം മൈത്രി ബോധപൂര്‍വം തകര്‍ക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കരുനീക്കം നടത്തി. ജനരോഷം ബ്രിട്ടീഷ് സര്‍ക്കാറിനെതിരെ ആളിക്കത്തി. ഖിലാഫത്തിനെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ പ്രതിരോധിക്കപ്പെട്ടു. ഹിന്ദുക്കളും മുസ്ലിംകളും ഒരുമിച്ച് ചേര്‍ന്ന് പ്രക്ഷോഭം നയിച്ചു. ഖിലാഫത് പ്രസ്ഥാനക്കാരെ പിടികൂടി പ്രക്ഷോഭം ഭീതിദമാക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമം ആരംഭിച്ചു. ഈ സമയത്ത് കേരള സംസ്ഥാന ഖിലാഫത് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായിരുന്നു അബ്ദുറഹ്മാന്‍.

അദ്ദേഹം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. തെക്കെ മലബാറിലെ മുസ്ലിംകളുടെ ആരാധ്യപുരുഷനായ ആലി മുസ്ലിയാര്‍ക്ക് സന്ദേശം പോയി. പട്ടാളവുമായി നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യം ഒഴിവാക്കണം. തികച്ചും പ്രായോഗികവാദിയായ സാഹിബ് ഇ. മൊയ്തു മൗലവി, എ.പി. മൊയ്തീന്‍കോയ, കരിമാടത്ത് മൊയ്തീന്‍ ഹാജി, യു. ഗോപാല മേനോന്‍ തുടങ്ങിയവരെ കൂട്ടി കെ.പി. കേശവമേനോനുമായി ആലോചിച്ച് അനന്തര നടപടികളുമായി മുന്നോട്ടുപോയി. തിരൂരങ്ങാടിയിലും പൂക്കോട്ടൂരിലും ജനം കോപാഗ്നിയില്‍ ജ്വലിച്ച് നില്‍ക്കുന്നു. 

സായുധരായ ജനക്കൂട്ടത്തിനിടയിലേക്ക് ആജാനുബാഹുവായ ഒരു ചെറുപ്പക്കാരന്‍ ഇറങ്ങിച്ചെന്നു. മുഹമ്മദ് അബ്ദുറഹ്മാന്‍. കാളവണ്ടിയുടെ മുകളില്‍ കയറി സാഹിബ് വികാരഭരിതമായ വാക്കുകളാല്‍ ജനങ്ങളോട് സംസാരിച്ചു. അവരുടെ ഹൃദയത്തില്‍ ആ ശബ്ദം ആഴത്തിലിറങ്ങി. കോണ്‍ഗ്രസ് ഖിലാഫത് ആദര്‍ശ പ്രചാരണ വിജയം ബ്രിട്ടീഷുകാരെ വല്ലാതെ ചൊടിപ്പിച്ചു. മഹാത്മഗാന്ധിയും അലി സഹോദരന്മാരും മറ്റു ഹിന്ദു-മുസ്ലിം ദേശീയ നേതാക്കളും സഹനസമരത്തിനും നിസ്സഹകരണ പ്രസ്ഥാനത്തിനുമാണ് ആഹ്വാനം ചെയ്തിട്ടുള്ളത്. ഹിന്ദു-മുസ്ലിം ഐക്യം ഊട്ടിയുറപ്പിക്കാനും ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കെതിരെ ശക്തമായി മുന്നോട്ടുനീങ്ങാനും സാഹിബിന്‍െറ നേതൃത്വത്തില്‍ കഴിഞ്ഞു.

കലാപഭൂമിയില്‍ ഉണ്ടായ നിഷ്കരുണ സംഭവങ്ങള്‍ സാഹിബിന്‍െറ കരളുരുക്കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിക്കാത്ത ബ്രിട്ടീഷ് ഭരണകൂട നടപടിക്കെതിരെ ദുരിതക്കാഴ്ചയുടെ യഥാര്‍ഥ അവസ്ഥയുടെ അക്ഷരരൂപം പത്രങ്ങളിലേക്ക് സാഹിബ് അയച്ചുകൊടുത്തു. ഈ വാര്‍ത്ത കത്തിക്കയറി പഞ്ചാബിലെ ‘ജംഇയ്യത്ത് ദഅ്വതോ തബ്ലീഗെ ഇസ്ലാം’ സഹായ ഹസ്തവുമായി മുന്നിട്ടിറങ്ങി. കലാപ ബാധിത പ്രദേശങ്ങളിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വടക്കേ ഇന്ത്യ സഹായകരങ്ങള്‍ നീട്ടി. അബ്ദുറഹ്മാന്‍ സാഹിബിന്‍െറ മനസ്സുതൊട്ട അക്ഷര സ്ഫുലിംഗങ്ങള്‍ പ്രതികരണാഗ്നി പടര്‍ന്നു.

1921 ഒക്ടോബര്‍ 21ന് സാഹിബിനെ കോഴിക്കോടുവെച്ച് അറസ്റ്റ് ചെയ്തു. പട്ടാള നിയമം ലംഘിച്ചു എന്നതാണ് കുറ്റം. വിചാരണ തടവുകാരനായി കോഴിക്കോട് സബ്ജയിലിലേക്ക് അയച്ചു. കോടതി നടപടികളോട് സഹകരിക്കാന്‍ തയാറില്ല. രാജ്യദ്രോഹക്കുറ്റം ചുമത്തി രണ്ടു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു. ബെല്ലാരിയിലെ ആലിപുരം ജയിലിലേക്ക് സാഹിബ് യാത്രയായി.

ജയിലിലെ ഒട്ടേറെ പോരാട്ടങ്ങള്‍... മനുഷ്യത്വരഹിതമായ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് നിരാഹാര സമരം; സഹതടവുകാര്‍ ആത്മധൈര്യത്തോടെ അബ്ദുറഹ്മാന്‍ സാഹിബ് എന്ന കേരള കേസരിയുടെ പിന്നില്‍ അണിനിരന്നു. സംഘശക്തിയുടെ വിജയകാഹളമുയര്‍ത്തി ജയിലധികൃതര്‍ സാഹിബുമായി ചര്‍ച്ചക്കൊരുങ്ങി. ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടു. ഒടുവില്‍ സാഹിബിനെ ബെല്ലാരിയില്‍നിന്ന് മദ്രാസ് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. അവിടെയും സമരം. മതനിയമത്തിനനുസരിച്ച് നമസ്കാരം നിര്‍വഹിക്കാന്‍ വസ്ത്രം അനുവദിക്കുന്നതിന് വേണ്ടിയായിരുന്നു പോരാട്ടം. 23ാം ദിവസം സമരം നിര്‍ത്തുമ്പോള്‍ ജയിലിനുള്ളിലെ ജയസമരങ്ങളില്‍ ഒന്നുകൂടി ചേര്‍ക്കപ്പെട്ടു.

1923 ആഗസ്റ്റ് ഒമ്പതിന് സാഹിബ് ജയില്‍ മോചിതനായി. ആ സമയത്ത് മലബാറിലെ സ്ഥിതിഗതികള്‍ വളരെ രൂക്ഷമായിരുന്നു. കലാപദുരിതങ്ങളുടെ വേദന ആറിത്തണുക്കും മുമ്പേ കടുത്ത വെള്ളപ്പൊക്കത്തില്‍ മുങ്ങിക്കിടക്കുകയാണ് മലബാര്‍. ആഗസ്റ്റ് 11ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ സാഹിബ് വണ്ടിയിറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ ഖിലാഫത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജനസഞ്ചയം തന്നെയുണ്ടായിരുന്നു. അന്നുതന്നെ സമരബാധിത പ്രദേശങ്ങളിലേക്ക് യാത്രയാകുകയും കേന്ദ്ര കോണ്‍ഗ്രസ് കമ്മിറ്റിയെ മലബാറിലെ ദുരിതപ്രശ്നങ്ങള്‍ അറിയിക്കുകയും ചെയ്തു. പ്രശ്നത്തിലേക്ക് ഗാന്ധിജിയുടെ ശ്രദ്ധപതിയുകയും ‘യങ് ഇന്ത്യ’യിലും ‘നവജീവനി’ലും ഗാന്ധിജിയോട് സഹായാഭ്യര്‍ഥന നടത്തുകയും ചെയ്തതിലൂടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായമൊഴുകിത്തുടങ്ങി. ഒരു നേതാവ് എങ്ങനെയാണ് കര്‍മനിരതനായി പ്രവര്‍ത്തിക്കേണ്ടതെന്ന് സാഹിബിന്‍െറ ഈ പ്രവര്‍ത്തനം തെളിയിക്കുന്നു. വ്യക്തമായ ലക്ഷ്യത്തോടെ ‘അല്‍ അമീന്‍’ എന്ന പത്രം അബ്ദുറഹ്മാന്‍ സാഹിബ് ആരംഭിക്കുന്നത്.

മുസ്ലിം സമുദായത്തിന് തിരിച്ചറിവിന്‍െറ പാഠം നല്‍കുകയും അവരെ ദേശീയ പ്രസ്ഥാനത്തോട് സുദൃഢമായി കണ്ണിചേര്‍ക്കുകയും പൗരബോധമുള്ള ഒരു നവസമൂഹമായി ആക്കിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം. പൈതൃകമായി ലഭിച്ച സ്വത്തുക്കള്‍ വിറ്റുകിട്ടിയ പണംകൊണ്ടാണ് സാഹിബ് ഇതൊക്കെ സാധിച്ചത്. ഒട്ടേറെ ത്യാഗപൂര്‍ണമായ പരിശ്രമങ്ങള്‍കൊണ്ട് പ്രതിബന്ധങ്ങള്‍ സഹിച്ച് ‘അല്‍ അമീന്‍’ പടവാളായി മാറി. ഭൗതിക നേട്ടങ്ങള്‍ക്കപ്പുറം മഹത്തായ കര്‍മം പത്രങ്ങള്‍ക്കുണ്ടെന്ന് അല്‍ അമീന്‍ പഠിപ്പിച്ചു.

മലബാര്‍ കലാപത്തില്‍ ഏര്‍പ്പെട്ട മുസ്ലിംകളെ നാടുകടത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ആവിഷ്കരിച്ച ‘ആന്തമാന്‍ സ്കീം’ പരാജയപ്പെടുത്താനും ‘മാപ്പിള ഒൗട്ട്റേജസ് ആക്ടി’നെതിരേയും നടത്തിയ ധീരോദാത്തമായ പോരാട്ടങ്ങളും വൈക്കം സത്യഗ്രഹ സമരഭൂവില്‍ നടത്തിയ പോരാട്ടങ്ങളും സാഹിബിന്‍െറ ഉദാത്തമായ മനുഷ്യസ്നേഹത്തിന്‍െറ സ്പന്ദിക്കുന്ന ചരിത്രസത്യങ്ങളാണ്. സൈമണ്‍ കമീഷനെതിരെ മലബാറിലുടനീളം നടത്തിയ പ്രചാരണത്തിലൂടെ ജനങ്ങളെ ഒറ്റക്കെട്ടായി അണിനിരത്തി ഒടുവില്‍ സൈമണ്‍ കമീഷന്‍ ബോംബെയില്‍ കാലുകുത്തുന്ന ദിവസം കോഴിക്കോട് ഹര്‍ത്താല്‍ നടത്തിയത്  ബ്രിട്ടീഷുകാര്‍ക്ക് വലിയൊരു താക്കീതായി മാറി.

വിദേശ ആക്രമണങ്ങളെക്കാള്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇന്ത്യയിലെ ജനങ്ങള്‍ മതത്തിന്‍െറ പേരില്‍ പരസ്പരം സംഘട്ടനങ്ങളില്‍ ഏര്‍പ്പെടുന്നതാണ് എന്ന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു അഭിപ്രായപ്പെട്ടിരുന്നു. വിദേശ ആക്രമണങ്ങള്‍ ഉണ്ടായാല്‍ ജനങ്ങള്‍ ഒന്നാകുമെന്നും മതം രാജ്യത്തെ ജനങ്ങളെ  വിഘടിപ്പിക്കുമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. ഇന്ന് രാജ്യത്തിലെ ഭരണകൂടം തന്നെ ജനങ്ങളെ ഹിന്ദു എന്നും മുസല്‍മാനെന്നും വേര്‍തിരിച്ച് രാഷ്ട്രീയ ലാഭം കൊയ്യുമ്പോള്‍ തകരുന്നത് ധീരദേശാഭിമാനി മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെ പോലുള്ളവര്‍ സ്വപ്നം കണ്ട സ്വതന്ത്ര ഇന്ത്യയാണ്. ആ ഓര്‍മകള്‍ പുതുക്കുമ്പോള്‍ മതമൈത്രിയുടെ സന്ദേശവാഹകരാകേണ്ടത് നമ്മുടെ പ്രധാന ചുമതലകളില്‍ ഒന്നായി മാറുന്നു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍

Tags:    
News Summary - great warrior

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.