ഗുജറാത്ത് രാമനവമി ദിനത്തിലെ ആക്രമണം ആസൂത്രിതം; പിന്നിൽ ഹിന്ദുത്വ സംഘടനകൾ

2022 ഏപ്രിൽ 10ന് രാമനവമി ദിനാഘോഷത്തിനിടെ ഗുജറാത്തിലെ ഹിമ്മത് നഗർ, ഖംബത്ത് പട്ടണങ്ങളിൽ നടന്നത് ആസൂത്രിത മുസ്‍ലിം വിരുദ്ധ ആക്രമണമായിരുന്നുവെന്ന് വസ്തുതാന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഹിന്ദുത്വ സംഘടനകളാണ് വർഗീയ ആക്രമണത്തിന് പിന്നിലെന്നും ആക്രമണത്തിന് പൊലീസ് നിശ്ശബ്ദ സാക്ഷിയായി നിന്നുവെന്നും വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

'സെന്റർ ഫോർ സ്റ്റഡി ഓഫ് സൊസൈറ്റി ആൻഡ് സെക്യുലറിസം' ഡെപ്യൂട്ടി ഡയറക്ടർ നേഹ ദഭാഡെ, സാമൂഹിക പ്രവർത്തകനും 'ബുനിയാദ്' എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടറുമായ ഹുസൈഫ ഉജ്ജയിനി എന്നിവർ തയാറാക്കിയ റിപ്പോർട്ട് ഓൺലൈൻ വാർത്താ മാധ്യമമായ 'ദി വയർ' ആണ് പ്രസിദ്ധീകരിച്ചത്. ജൂലൈ 25നും 27നും ഇടയിൽ ഖംബത്ത്, ഹിമ്മത് നഗർ മേഖലകളിലുള്ളവരുമായി അഭിമുഖം നടത്തി തയാറാക്കിയ റിപ്പോർട്ടിലെ കണ്ടെത്തലുകൾ:

അഷ്റഫ് നഗറിൽ പൊട്ടിപ്പുറപ്പെട്ട കലാപം ഹിമ്മത് നഗറിലും ഖംബത്ത് ടൗണിലും ആളിക്കത്തി. രാമനവമിയെ മറയാക്കിയായിരുന്നു ആസൂത്രിത കലാപം. ഹിമ്മത് നഗറിൽ ഉച്ചക്ക് ശേഷം നടന്ന രാമനവമി ഘോഷയാത്ര കടന്നുപോയത് അഷ്റഫ് നഗറിലൂടെയാണ്. മുസ്‍ലിംകൾ ഏറെയുള്ള അഷ്റഫ് നഗർ, ഹിന്ദു ഭൂരിപക്ഷമുള്ള ശക്തിനഗറിനും മഹാവീർ നഗറിനുമിടക്കാണ്. വാളേന്തയ ചിലരും ഘോഷയാത്രയിൽ അണി ചേർന്നിരുന്നു. ഘോഷയാത്ര അഷ്റഫ് നഗറിലെത്തിയപ്പോൾ ആ‍യുധധാരികൾ മുസ്‍ലിംകളെ ഉന്നം വെച്ച് ആക്രമിച്ചു. പ്രദേശവാസികൾക്കും വീടുകൾക്കും നേരെ കല്ലെറിഞ്ഞായിരുന്നു പ്രകോപനം. ഇതിൽ 18 കടകളും രണ്ട് വീടുകളും തകർന്നു.

വൈകുന്നേരത്തെ ഘോഷയാത്ര ഉച്ചക്ക്

30 വർഷമായി ഗുജറാത്തിൽ രാമനവമി ആഘോഷമുണ്ട്. എന്നാൽ ഇത്തവണ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഏറെ മാറ്റങ്ങൾ വരുത്തി. സാധാരണയായി വൈകിട്ട് നാല് മണിക്ക് നടത്താറുള്ള ഘോഷയാത്ര ഇത്തവണ ഉച്ചക്ക് ഒരുമണിക്ക് മുസ്ലിംകൾ നമസ്കരിക്കുന്ന (നമാസ്) സമയത്തേക്കാക്കി മാറ്റി. മുൻകാലത്ത് പ്രാദേശത്തെ ഹിന്ദുക്കൾ ആ‍യിരുന്നു പരിപാടി നടത്തിയിരുന്നതെങ്കിൽ ഇത്തവണ രണ്ട് സംഘങ്ങൾ ചേർന്ന് രണ്ട് ഘോഷയാത്രകളാണ് നടത്തിയത്. ഒന്ന് അന്തർ രാഷ്ട്രീയ ഹിന്ദു പരിഷത്തും ബജ്റംഗ് ദളും ചേർന്ന സംഘവും മറ്റൊന്ന് വിശ്വ ഹിന്ദു പരിഷത്തും. രണ്ടും തീവ്ര വലത് പക്ഷ ഹിന്ദുത്വ സംഘടനകൾ.1500നടുത്ത് ആളുകളാണ് മുസ്‍ലിം നമസ്കാര സമയത്ത്

ട്രാക്ടറിൽ ലൗഡ് സ്പീക്കർ ഘടിപ്പിച്ച് ഹിന്ദു മന്ത്രങ്ങൾ മുദ്രാവാക്യമായി വിളിച്ച് നീങ്ങിയത്. ഇവർ ആ പ്രദേശവാസികളായിരുന്നില്ലെന്ന് ദൃക്സാക്ഷികൾ വസ്തുതാന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.

ഇവിടെ ജീവിക്കണമെങ്കിൽ ജയ് ശ്രീ റാം വിളിക്കണം

'ഹിന്ദുസ്ഥാൻ മേ രഹനാ ഹോഗാ തൊ ജയ് ശ്രീറാം കഹനാ ഹോഗാ' (ഇന്ത്യയിൽ ജീവിക്കണമെങ്കിൽ 'ജയ് ശ്രീറാം വിളിക്കണം) എന്നായിരുന്നു ഘോഷയാത്രയിലെ പ്രധാന മുദ്രാവാക്യം. ഘോഷയാത്ര അഷ്റഫ് നഗറിലെ മസ്ജിദിനടുത്തെത്തിയപ്പോൾ നമസ്കാരത്തെ ബാധിക്കും വിധം ലൗഡ് സ്പീക്കറിന്‍റെ ശബ്ദം കൂട്ടിയത് പ്രകോപനത്തിന് കാരണമായി.

തുടർന്ന് ആക്രമണവും തീവെപ്പും ഉണ്ടായപ്പോൾ പൊലീസ് നോക്കുകുത്തിയായി നിന്നു. മുസ്‍ലിംകളുടെ കെട്ടിടങ്ങൾക്കും മറ്റും അക്രമികൾ തീവെച്ചപ്പോൾ അണയ്ക്കുവാനുള്ള ഒരു ശ്രമവും അവർ നടത്തിയില്ല. സഹായമാവശ്യപ്പെട്ട് എത്തിയ മുസ്‍ലിംകൾക്ക് നേരെ കണ്ണീർ വാതകം പ്രയോഗിക്കുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി പഠനസംഘം പറയുന്നു.

ഉന്നമിട്ട സ്ഥലങ്ങൾ

മുസ്‍ലിംകൾ തിങ്ങിപ്പാർക്കുന്ന സ്ഥലമായിരുന്നു അക്രമകാരികൾ നോട്ടമിട്ടത്. അഷ്റഫ്നഗറിൽ തുടങ്ങിയ കലാപം ഉടൻ ഹിമ്മത് നഗർ, ഹസൻ നഗർ പോലുള്ള ഹിന്ദു-മുസ്‍ലിം സമുദായങ്ങൾ പാർക്കുന്ന ഇടത്തേക്ക് പടർന്നു. മുമ്പ് വഞ്ചാര എന്ന ഹിന്ദു സമുദായം മാത്രമുണ്ടായിരുന്ന പ്രദേശമായിരുന്നു ഹസൻ നഗർ. സർക്കാരിന്‍റെ ഭവന പദ്ധതി (ആവാസ് യോജന) പ്രകാരം സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബങ്ങൾക്ക് വീട് അനുവദിച്ചത് ഇവിടെയായിരുന്നു. അതോടെ പല സമുദായക്കാർ (മുസ്‍ലിം, ദേവിപൂജക്, വഞ്ചാര) ഇവിടേക്കെത്തി തിങ്ങിപ്പാർക്കുന്ന സ്ഥിതിയുണ്ടായി.

ചഗൻ വഞ്ചാര എന്നയാൾ ഘോഷയാത്രയിൽ ചേരുകയും അഷ്റഫ്നഗറിൽ നടന്ന കലാപത്തിന്‍റെ കൂടെ കൂടി അയൽവാസികളായ മുസ്‍ലിംകളെ ആക്രമിച്ചതായി പ്രദേശവാസിയായ റഫീഖ് ഖുറൈശി പറഞ്ഞു. എന്നാൽ, ആക്രമണത്തിന്‍റെ പഴി മുസ്‍ലിംകളിൽ ചാരിയാണ് വഞ്ചാര സമുദായക്കാർ പൊലീസിന് മൊഴി നൽകിയത്.

പിടിച്ചിറക്കി ആക്രമണം

സക്കീർഭായ് ഷബീർ മേമൺ എന്ന 50കാരനായ മുഅദ്ദിനെ വീട്ടിൽ നിന്ന് പിടിച്ചിറക്കിയാണ് ക്രൂരമായി മർദിച്ചത്. ഇദ്ദേഹം കാൻസർ രോഗിയായിരുന്നു. മേമണിന്‍റെ മകനായ ഗുലാം സർവറിനെ (23)യും മർദിച്ചു. യുവാവിനെ അറസ്റ്റ് ചെയ്തു. പ്രദേശവാസിയായ ഡോക്ടർ അൽത്താഫ് ഗുലാംനബി മേമൺ (36) എന്നയാളെയും അന്ന് രാത്രി അറസ്റ്റ് ചെയ്തിരുന്നു. ഇവരെ നാല് ദിവസം തടങ്കലിലാക്കി. കോടതിയിൽ ഹാജരാക്കുമ്പോൾ കസ്റ്റഡിയിൽ പൊലീസ് മർദനമേറ്റതായി പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊതുനിരത്തിലൂടെ കയറിൽ കെട്ടി റോഡിലൂടെ നടത്തിയാണ് മൂവരെയും കോടതിയിൽ എത്തിച്ചത്. അറസ്റ്റിലായ ഹിന്ദുത്വവാദികളെയൊക്കെ നേരിട്ട് കോടതിയിലെത്തിച്ചപ്പോൾ ഇവരെ കയറിൽ കെട്ടി വലിച്ച് കൊണ്ടുപോവുകയായിരുന്നു.

അഷ്റഫ്നഗർ പൊലീസ് ഫയൽ ചെയ്ത എഫ്.ഐ.ആറിൽ കുറ്റവാളികൾ മുസ്‍ലിംകൾ മാത്രമായിരുന്നു.

പിന്നീട് അഷ്റഫ്നഗർ

രാമനവമി അക്രമം രാഷ്ട്രീയനേട്ടത്തിനായി കരുതിക്കൂട്ടി നടത്തിയതാണെന്ന ബോധ്യം അഷ്റഫ്നഗർ പ്രദേശവാസികൾക്കുണ്ട്. കലാപത്തിന് പിന്നിൽ എല്ലാ ഹിന്ദുക്കളും അണിനിരന്നിട്ടില്ലെന്നും നാട്ടുകാർക്ക് വ്യക്തമായിട്ടുണ്ട്. അതുകൊണ്ടു തന്നെ രാമനവമി ആക്രമണത്തിനുശേഷം മുസ്‍ലിംകളും ഹിന്ദുക്കളും പഴയതുപോലെ സൗഹാർദത്തോടെയാണ് ഇവിടെ കഴിഞ്ഞു പോരുന്നത്. അവർ പരസ്പരം വ്യാപാരങ്ങളിലുമേർപ്പെടുന്നു.

എന്നാൽ, ഹസൻ നഗറിൽ മതസൗഹാർദത്തിന് അൽപം പോറലേറ്റു. മുമ്പേ തന്നെ തങ്ങൾക്ക് സ്വന്തമായി സ്ഥലമനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന വഞ്ചാരകൾ ഇതോടെ മുസ്‍ലിംകൾക്കൊപ്പം താമസിക്കില്ലെന്ന് കടുത്ത നിലപാടെടുത്തതായി പഠനസംഘത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നു.

****

കടപ്പാട്: ദി വൈർ

Tags:    
News Summary - Gujarat Ram Navami Violence 'Designed to Display Dominance of Hindus': Fact-Finding Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.