2012ൽ ഹമാസിന്റെ മിലിട്ടറി കമാൻഡറായിരുന്ന അഹ്മദ് ജബരി ഹമാസിന്റെ ഡെപ്യൂട്ടി വിദേശമന്ത്രി ഗാസി ഹമദ് വഴി ഇസ്രായേലുമായി പരോക്ഷമായ സംഭാഷണങ്ങൾ നടത്തി. അന്നത്തെ ഇസ്രായേൽ പ്രതിരോധമന്ത്രി എഹൂദ് ബാറാകിന്റെ അനുമതിയോടെയായിരുന്നു ഇത്. എന്നാൽ, ഇസ്രായേൽ സമാധാന ശ്രമങ്ങളെ അട്ടിമറിക്കാൻ ശ്രമിച്ചു. എന്നും സമാധാനത്തെ വെല്ലുവിളിച്ചു കരുത്തുകാട്ടാനായിരുന്നു അവർക്ക് താൽപര്യം
● ഹമാസിന്റെ 1988 ചാർട്ടർ ഇസ്രായേലിന്റെ നാശത്തിന് ആഹ്വാനം ചെയ്യുന്നു.
● ഹമാസ് ധാരാളം ഇസ്രായേലി സിവിലിയന്മാരെ കൊന്നുകളഞ്ഞ ഡസൻ കണക്കിന് ഭീകരാക്രമണങ്ങൾ നടത്തി.
● ഇത്തവണത്തെ ആക്രമണങ്ങളിൽ ഹമാസ് ആയിരത്തിലധികം നിരപരാധരായ ഇസ്രായേലി സിവിലിയന്മാരെ കൊലപ്പെടുത്തി.
1948ൽ ഹമാസ് സ്ഥാപകൻ അഹ്മദ് യാസീൻ തന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ ഫലസ്തീനിലെ സ്വന്തം വീട്ടിൽനിന്ന് വംശീയമായി പുറന്തള്ളപ്പെട്ടു. 1973ൽ അദ്ദേഹം ഗസ്സയിൽ ദരിദ്രർക്കും അനാഥർക്കുമിടയിൽ വിദ്യാഭ്യാസം, സാമൂഹികസേവനം, പ്രബോധനം, യൂത്ത് സ്പോർട്സ്, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിന് ഒരു ജീവകാരുണ്യ പ്രസ്ഥാനത്തിന് തുടക്കമിട്ടു.
1980കളിൽ ഇസ്രായേൽ ‘ഭിന്നിപ്പിച്ച് ഭരിക്കൽ’ നയവുമായി രംഗത്തെത്തി. ഫലസ്തീൻ വിമോചന പ്രസ്ഥാനത്തെ (പി.എൽ.ഒ) ദുർബലപ്പെടുത്താനായി ഇസ്ലാമിക് ചാരിറ്റിയെ പിന്തുണക്കുകയും അവർക്ക് ഫണ്ട് അനുവദിക്കുകയും ചെയ്തു. ഗസ്സയിലെ മുൻ സൈനിക ഗവർണർ യിത്സാക് സെഗെവ്, മുൻ ഇസ്രായേലി മതകാര്യമേധാവി ആവ്നർ കോഹൻ എന്നിവർ ഹമാസിനെ ‘ഇസ്രായേൽ സൃഷ്ടി’യായി ആരോപിച്ചിരുന്നു (പ്രശസ്ത മാധ്യമ പ്രവർത്തകൻ മെഹ്ദി ഹസൻ ‘ദ ഇന്റർസെപ്റ്റി’ൽ ഇതേക്കുറിച്ച് എഴുതിയിരുന്നു).
1987ൽ ഒരു ഇസ്രായേൽ ട്രക്ക് ഡ്രൈവർ ഗസ്സ ചെക്ക്പോയന്റിനടുത്തുവെച്ച് നാല് ഫലസ്തീനികളെ കൊലപ്പെടുത്തി. ദിനങ്ങളോളം സമരങ്ങളും പ്രതിഷേധ പരിപാടികളും സംഘർഷങ്ങളും ഇസ്രായേൽ ബഹിഷ്കരണവും സർവത്ര വ്യാപിച്ചു. കുഞ്ഞുങ്ങളുടെ കല്ലേറിന്റെ ഇൻതിഫാദയുടെ തുടക്കമായിരുന്നു അത്. ഈ പ്രക്ഷോഭത്തിന്റെ ഒന്നാം വർഷം ഇസ്രായേൽ ഗസ്സയിൽ മാത്രം 142 ഫലസ്തീനികളെ കൊലപ്പെടുത്തി.
77 പേരെ വെടിവെച്ചും വൃദ്ധരും കുഞ്ഞുങ്ങളുമടക്കം 37 പേരെ ഇടതടവില്ലാത്ത കണ്ണീർവാതക പ്രയോഗത്തിൽ ശ്വാസംമുട്ടിച്ചുമാണ് കൊന്നത്. 19 പേർ സൈനിക-പൊലീസ് മർദനങ്ങളിലും ഒമ്പതു പേർ ബോധപൂർവമായ ട്രാഫിക് അപകടങ്ങളിലുമാണ് കൊല്ലപ്പെട്ടത്. അന്ന് ഒരൊറ്റ ഇസ്രായേലുകാരനും ഫലസ്തീനിൽ കൊല്ലപ്പെട്ടിട്ടില്ല. ഇക്കാലയളവിൽ ഒന്നേ മുക്കാൽ ലക്ഷംപേരെ ഇസ്രായേൽ തടവിലിട്ടു.
30,000 ഫലസ്തീൻ കുഞ്ഞുങ്ങൾ പരിക്കേറ്റ് ആശുപത്രിയിലായി. പതിനായിരംപേർ എല്ലൊടിഞ്ഞ് അംഗവിഹീനരായി. അതിൽ അഞ്ചിലൊന്നും അഞ്ചിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളായിരുന്നു. 23000 പേർ ക്രൂരമായ വിചാരണക്ക് ഇരയായി. 1200 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഫലസ്തീനികളുടെ ചെറുത്തുനിൽപിൽ 160 ഇസ്രായേലുകാരും കൊല്ലപ്പെട്ടു.
അതിനിടെ ഹമാസ് ഇസ്രായേലുമായി സമാധാനയത്നത്തിനു മുന്നോട്ടുവന്നു. 1988 ജൂൺ ഒന്നിന് ഹമാസ് നേതാവായിരുന്ന മഹ്മൂദ് അസ്സഹ്ർ അന്നത്തെ ഇസ്രായേൽ പ്രധാനമന്ത്രി യിത്സാക് റബിനു മുന്നിൽ ഒരു സമാധാന പ്രമേയം അവതരിപ്പിച്ചു:
● പ്രാരംഭ നടപടിക്രമം എന്ന നിലയിൽ ഇസ്രായേൽ അധിനിവിഷ്ട മേഖലകളിൽനിന്നു പിന്മാറാനുള്ള ഉദ്ദേശ്യം പ്രകടിപ്പിക്കുകയും തടവിലുള്ളവരെ വിട്ടയക്കുകയും ഫലസ്തീൻകാരുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്യുക. ഏതാനും മാസങ്ങൾക്കുള്ളിൽ സേനയുടെ പിന്മാറ്റം ആരംഭിക്കുക, ഇസ്രായേൽ കടന്നുകയറിയ പ്രദേശങ്ങൾ യു.എൻ, യൂറോപ്യൻ കോമൺ മാർക്കറ്റ്, അറബ് ലീഗ്, ആഫ്രിക്കൻ രാഷ്ട്രസംഘടന എന്നിവയിൽ ഏതെങ്കിലുമൊരു നിഷ്പക്ഷകക്ഷിയുടെ നിയന്ത്രണത്തിൽ കൊണ്ടുവരുക.
● ഫലസ്തീൻ ജനതക്ക് അവരുടെ പ്രതിനിധികളെ ഇസ്രായേൽ ഇടപെടലില്ലാതെ തെരഞ്ഞെടുക്കാം. ഇസ്രായേൽ പ്രതിനിധികളെ തെരഞ്ഞെടുക്കാൻ ഫലസ്തീനികൾക്ക് അവകാശം നൽകാത്തിടത്തോളം തിരിച്ചും ഇടപെടാൻ പാടില്ല.
● ഇരുകക്ഷികൾക്കുമിടയിലെ ബന്ധത്തിന്റെ സ്വഭാവം കൃത്യപ്പെടുത്തുന്ന തരത്തിൽ ചർച്ചകളിലൂടെ അന്തിമപരിഹാരം ഉരുത്തിരിച്ചെടുക്കും.
1988ൽ ശൈഖ് യാസീൻ തന്നെ സമാനസ്വഭാവത്തിൽ ഇസ്രായേലുമായുള്ള സംഭാഷണത്തിന് സന്നദ്ധത പ്രകടിപ്പിച്ചു.
‘‘ഫലസ്തീനികളുടെ സ്വയം നിർണയാവകാശവും സ്വന്തം മണ്ണിലേക്ക് തിരിച്ചുവരാനുള്ള അവകാശവും അംഗീകരിക്കണ’’മെന്നാണ് അതിന് അദ്ദേഹം മുന്നോട്ടുവെച്ച വ്യവസ്ഥ. ഇസ്രായേലുമായി സംഭാഷണത്തിനു പോകുന്നതിനെ ചോദ്യം ചെയ്തപ്പോൾ ശൈഖ് യാസീൻ പറഞ്ഞു: ‘‘അതേ, ഇസ്രായേൽ ഞങ്ങളുടെ എല്ലാ അവകാശങ്ങളും അംഗീകരിച്ചുതരികയും സ്വാതന്ത്ര്യത്തോടെ ഫലസ്തീൻ ജനതക്ക് സ്വന്തം നാട്ടിൽ ജീവിക്കാനുള്ള അവകാശം വകവെച്ചുതരികയും ചെയ്താൽ സംഭാഷണമാവാം’’.
എന്നാൽ, ഇസ്രായേൽ അവർ പുറന്തള്ളിയ ഫലസ്തീൻ അഭയാർഥികളെ ഒരിക്കലും സ്വീകരിക്കാൻ തയാറായില്ല. ജൂത ഇതരർ ഇസ്രായേലിൽ ജീവിക്കുന്നത് അപകടമാണെന്ന് അവർ കരുതുന്നു. ഇസ്രായേലിനെ ഒരു ജൂത വംശരാജ്യമാക്കി മാറ്റാനാണ് അവർ ആഗ്രഹിക്കുന്നത്; ജൂത ആധിപത്യവും നിയന്ത്രണവും സംരക്ഷിക്കണമെന്നും.
1948നുശേഷം ജൂത ഇതര അഭയാർഥികളെ ഇസ്രായേലിലെ സ്വന്തം ഭവനങ്ങളിലേക്ക് തിരിച്ചുവിളിക്കുകയെന്നത് അവർക്ക് ഓർക്കാനാവാത്ത കാര്യമായിരുന്നു. വംശീയ ശുദ്ധീകരണത്തിന് ഇരയാക്കി ഓടിച്ചവർക്ക് പിന്നെയും ഇടം കൊടുത്താൽ ജൂതാധിപത്യ സ്റ്റേറ്റായി ഇസ്രായേലിനെ കൊണ്ടുനടത്താനാവില്ലല്ലോ. ഇസ്രായേൽ സമാധാനമല്ല, വംശീയാധിപത്യമാണ് എന്നും കൊതിച്ചത്.
ഒന്നാം ഇൻതിഫാദ കാലത്തെ ഇസ്രായേലിന്റെ നിഷ്ഠുര ചെയ്തികൾ ഹമാസിനെ തീവ്രവാദവത്കരണത്തിനിരയാക്കി. ഇൻതിഫാദ ഒന്നരക്കൊല്ലം കടക്കുമ്പോൾ ഹമാസ് രണ്ടു ഇസ്രായേലി സൈനികരെ (സിവിലിയന്മാരെയല്ല) വധിച്ചു. ആനുപാതികമല്ലാത്ത തിരിച്ചടിക്കാണ് അന്നുമുതൽ ഇസ്രായേൽ മുതിർന്നത്. 1989ൽ ഹമാസിനെ പിഴുതുകളയാൻ അവർ നോക്കി, നടന്നില്ല.
1990 ഒക്ടോബർ എട്ടിന് ജറൂസലമിൽ ഒരു പ്രകടനത്തെ അക്രമാസക്തമായ നിലയിൽ നേരിട്ട ഇസ്രായേലി പൊലീസ് 22 പേരെ കൊന്നു. ഹമാസ് ക്ഷുഭിതരായി. 1990 ഡിസംബർ 14ന് രണ്ട് ഹമാസ് സായുധർ മൂന്ന് ഇസ്രായേൽ തൊഴിലാളികളെ ജാഫയിൽ കുത്തിക്കൊന്നു. അത് അവിടെ അവസാനിച്ചു.
1994 ഫെബ്രുവരിയിൽ റമദാൻ നാളിൽ ബാറുക് ഗോൾഡ്സ്റ്റയിൻ എന്ന ജൂത കുടിയേറ്റക്കാരൻ വെസ്റ്റ്ബാങ്കിലെ ഹെബ്രോണിലുള്ള ഇബ്രാഹീമി മസ്ജിദിൽ നമസ്കരിച്ചുകൊണ്ടിരുന്ന 29 പേരെ കൂട്ടക്കൊല ചെയ്തതോടെയാണ് ഹമാസ് കൂടുതൽ തീവ്രവാദവത്കരിക്കപ്പെടുന്നതും സിവിലിയന്മാരെയും ഉന്നംവെക്കുന്നതും. ആത്മഹത്യാ ബോംബിങ് അടക്കമുള്ള ഡസൻകണക്കിന് ആക്രമണങ്ങൾ അവർ നടത്തി. 2000ത്തോടെ 185 ഇസ്രായേലികൾ ഹമാസ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. 1200ലേറെ പേർക്ക് പരിക്കേറ്റു.
പിന്നീട് രണ്ടാം ഇൻതിഫാദ വന്നു. തീയാളിക്കത്തിക്കാൻ തന്നെയായിരുന്നു ഇസ്രായേൽ സുരക്ഷാനേതൃത്വത്തിന്റെ തീരുമാനം. അക്രമരഹിതരായി കുട്ടികളും യുവാക്കളും പ്രതിഷേധവുമായി തെരുവിലിറങ്ങിയ സമയത്തായിരുന്നു ക്രൂരമായ അടിച്ചമർത്തലിനുള്ള ഇസ്രായേൽ തീരുമാനം. ആദ്യമാസം തന്നെ അവർ 14 കുട്ടികളെ കൊന്നു.
ക്രൂരമായ ആക്രമണമുറകളുമായി ഇസ്രായേൽ മുന്നോട്ടുപോയതോടെ ഹമാസിന്റെ രൂക്ഷമായ ആക്രമണങ്ങൾക്ക് തുടക്കമായി. 2000 സെപ്റ്റംബർ 28 മുതൽ 2005 ഫെബ്രുവരി എട്ടുവരെ ഹമാസും ഇതര സായുധ ഗ്രൂപ്പുകളും 138 ചാവേറാക്രമണങ്ങൾ നടത്തി. 1038 ഇസ്രായേലുകാർ കൊല്ലപ്പെട്ടു. അനുപാതത്തിൽ കവിഞ്ഞ തിരിച്ചടി എന്ന എക്കാലത്തെയും തങ്ങളുടെ പ്രമാണം ഇസ്രായേൽ അന്നും നടപ്പാക്കി. 3189 ഫലസ്തീനികളാണ് ആ കാലയളവിൽ കൊല്ലപ്പെട്ടത്.
2006ൽ ഫലസ്തീൻ ലജിസ്ലേറ്റിവ് കൗൺസിലുകളിലേക്ക് നടന്ന സ്വതന്ത്ര തെരഞ്ഞെടുപ്പിൽ ഹമാസ് വിജയിച്ചു. അവർ മിതവാദ ലൈനിലേക്ക് വരുന്നതിന്റെ അടയാളങ്ങൾ ദൃശ്യമായി. ‘‘ഞങ്ങൾ, ഹമാസ് സമാധാനം ആഗ്രഹിക്കുന്നു. രക്തച്ചൊരിച്ചിലിന് അന്ത്യം വേണം.
ഞങ്ങളെയും ഇസ്രായേലുകാരെയും തുല്യനിലയിൽ പരിഗണിക്കുന്ന ക്രിയാത്മകമായ ഒരു നല്ല നടപടിക്രമത്തിന് ലോകം തയാറാണെങ്കിൽ സമാധാനത്തിനു വഴിതെളിയും’’എന്ന് ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ 2006 മാർച്ച് 31ന് ലണ്ടനിലെ ഗാർഡിയൻ പത്രത്തിലെഴുതി.
‘‘1967നു മുമ്പുള്ള അതിരുകളിൽ, ജറൂസലം തലസ്ഥാനമായി മതിയായ പരമാധികാരത്തോടെയുള്ള ഒരു ഫലസ്തീൻ രാഷ്ട്രം ഞങ്ങൾ അംഗീകരിക്കുന്നു....1967 അതിർത്തികളിലേക്ക് ഇസ്രായേൽ പിൻവാങ്ങിയാൽ 10 വർഷത്തേക്ക് സമാധാനധാരണയാവാം’’ എന്ന് 2008 ഏപ്രിലിൽ ഖാലിദ് മിശ്അലും പറഞ്ഞു.
2012ൽ ഹമാസിന്റെ മിലിട്ടറി കമാൻഡറായിരുന്ന അഹ്മദ് ജബരി ഹമാസിന്റെ ഡെപ്യൂട്ടി വിദേശമന്ത്രി ഗാസി ഹമദ് വഴി ഇസ്രായേലുമായി പരോക്ഷമായ സംഭാഷണങ്ങൾ നടത്തി. അന്നത്തെ ഇസ്രായേൽ പ്രതിരോധമന്ത്രി എഹൂദ് ബാറാകിന്റെ അനുമതിയോടെയായിരുന്നു ഇത്. എന്നാൽ, ഇസ്രായേൽ സമാധാന ശ്രമങ്ങളെ അട്ടിമറിക്കാൻ ശ്രമിച്ചു. എന്നും സമാധാനത്തെ വെല്ലുവിളിച്ചു കരുത്തുകാട്ടാനായിരുന്നു അവർക്ക് താൽപര്യം.
അന്നു സമാധാനദൗത്യത്തിനുള്ള കരട് രേഖ കൈപ്പറ്റിയ ശേഷമാണ് ഇസ്രായേൽ ജബരിയെ വധിച്ചുകളഞ്ഞത്. സൈനികശക്തിയിലൂടെയാണ് തങ്ങൾ സംസാരിക്കുക എന്നാണ് ഇസ്രായേൽ അന്നു ഹമാസിനു നൽകിയ സന്ദേശം. ചുരുക്കത്തിൽ, മിക്ക മാധ്യമ കമ്പനികളും പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിക്കുന്നപോലെ ചരിത്രം 2023 ഒക്ടോബർ ഏഴിനു തുടങ്ങുന്നതല്ല.
(ഫലസ്തീൻ ഗവേഷകനും ചരിത്രമെഴുത്തുകാരനും പാലസ്റ്റൈൻനെക്സസ് ഡോട്ട് കോം എഡിറ്ററുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.