പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്ക് കസേരകൾ ഒഴിഞ്ഞുകിടക്കുന്നത് വാര്‍ത്തയാക്കാത്ത മാധ്യമങ്ങള്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിലെ യുവരോഷവും മറച്ചുപിടിക്കുന്നു. വിദ്യാഭ്യാസവും തൊഴിലും നിഷേധിക്കപ്പെട്ട യുവതലമുറയിലെ വലിയൊരു വിഭാഗത്തിനിടയിലുള്ള സര്‍ക്കാര്‍ വിരുദ്ധ വികാരമാണ് ഗുജറാത്തിലും ദേശീയതലത്തിലുമുള്ള മുഖ്യധാരാ മാധ്യമങ്ങള്‍ മറച്ചുപിടിക്കുന്നത്. മോദിയുടെ റാലിക്ക് കസേരകളൊഴിഞ്ഞുകിടക്കുന്നത് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാരും ഫോട്ടോഗ്രാഫര്‍മാരും പകര്‍ത്തി അയച്ചെങ്കിലും ആവര്‍ത്തന വിരസമായ മോദിയുടെ പ്രസംഗം വലിയ തലക്കെട്ടിട്ട് നല്കിയ പത്രങ്ങൾ പ്രചാരണ രംഗത്തെ യഥാര്‍ഥ ചിത്രം മറച്ചുപിടിച്ചു. ചാനലുകളാകട്ടെ കാലിയായ ഇരിപ്പിടങ്ങള്കാണിക്കാതെ മുന്‍ ഭാഗത്തുള്ള പ്രവര്‍ത്തകരുടെ ആവേശം മാത്രം കാണിക്കുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പുപോലെ തെരഞ്ഞെടുപ്പ് വാര്‍ത്തകളും നീതിപൂര്‍വവും വിവേചന രഹിതവുമായിരിക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ നിര്‍ദേശം ലംഘിക്കുന്നതാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിേൻറതായി വരുന്ന വാര്‍ത്തകള്‍. ഈ തരത്തില്‍ തുടക്കം മുതല്‍ ഭരണവിരുദ്ധ വികാരം തമസ്കരിച്ച് ബി.ജെ.പിക്കൊപ്പം അടിയുറച്ച് നിന്ന്150 സീറ്റ് കിട്ടുമെന്ന് പ്രചരിപ്പിച്ചിരുന്ന മാധ്യമങ്ങള്‍ അഭിപ്രായ വോട്ടെടുപ്പുകള്‍ ബലാബലത്തിലാണെന്ന് പറഞ്ഞുതുടങ്ങിയിരിക്കുന്നു.
കഴിഞ്ഞ തവണ പാട്ടീദാറുമാരുടെ ബലത്തില്‍ ബി.ജെ.പി തൂത്തുവാരിയ സൂറത്ത് നഗരത്തില്‍ തെൻറ റോഡ്ഷോക്ക് സമാപനം കുറിച്ച് ഹാര്‍ദിക് പട്ടേല്‍ നടത്തിയ റാലിക്ക് 60,000ത്തിലേറെ പേരാണെത്തിയത്. പുതുതലമുറക്കാര് ഒഴുകിവന്ന ഈ റാലിയുടെ യുവജനബാഹുല്യം പുറത്തുകാണിക്കാനും മാധ്യമങ്ങള്‍ തയാറായില്ല. ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടിയുണ്ടാക്കിയ കേശുഭായ് പട്ടേല്‍ 2012ല്‍ പട്ടേലുമാരുടെ വോട്ടുകൊണ്ട് മാത്രം ജയിച്ച വിസാവാദാറിലും 60 ശതമാനവും പാട്ടീദാറുകളുള്ള സൂറത്തിലെ വരാച്ചയിലും ബി.ജെ.പി ആശങ്കയിലാണ്. 40 ശതമാനത്തിലേറെ പാട്ടീദാര്‍ വോട്ടുകളുള്ള സൂറത്തിലെ കാടര്ഗാം, വടക്കന്‍ സൂറത്ത്, കാംരേജ് എന്നിവിടങ്ങളിലെല്ലാം ഹാര്‍ദികിന് പിന്തുണയുണ്ട്. പാട്ടീദാറുമാരുടെ രോഷത്തില്‍ 2015ലെ ജില്ല പഞ്ചായത്ത്, താലൂക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിയെപോലും ബി.ജെ.പിക്ക് നിര്‍ത്താന്‍ കഴിയാതിരുന്ന ഗോണ്ടല്‍, ഉഞ്ച എന്നിവിടങ്ങളിലും ഹാര്‍ദിക് പട്ടേലിെൻറ പിന്തുണ കോണ്‍ഗ്രസിന് നിര്‍ണായകമാകും. സൂറത്തിലുടനീളം സ്ഥാനാര്‍ഥികളെ നിര്‍ത്തിയ എന്‍.സി.പിക്കും ആം ആദ്മി പാര്‍ട്ടിക്കും വോട്ട് നല്‍കരുതെന്ന് ഹാര്‍ദിക് പട്ടേലിെൻറ അഭ്യര്‍ഥന പാട്ടീദാറുമാരെ മാത്രമല്ല, മറ്റു നിഷ്പക്ഷ വോട്ടുകള്‍ കൂടി കോണ്‍ഗ്രസില്‍ കേന്ദ്രീകരിച്ച് ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ളതാണ്. അതേസമയം, പാട്ടീദാറുകളുടെ വോട്ട് ഇരുവിഭാഗത്തും പകുതിയായി വീഴുമെന്ന പ്രതീക്ഷയാണ് മാധ്യമങ്ങള്‍ ഇപ്പോഴും പ്രതിഫലിപ്പിക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ റാലികളില്‍ മോദി, മോദി എന്നാര്ത്തുവിളിച്ചിരുന്ന ചെറുപ്പക്കാരിൽ നിന്നാണ് ഗുജറാത്തില്‍ ഇക്കുറി ബി.ജെ.പി ഏറ്റവും കൂടുതല്‍ എതിര്‍പ്പ് നേരിടുന്നത്. പുതുതലമുറയുടെ ഈ ഭരണവിരുദ്ധ വികാരവും സാമൂഹിക മുന്നേറ്റങ്ങള്ക്കിറങ്ങിയ മൂന്നു യുവനേതാക്കള്‍ക്ക് അവര്‍ക്കിടയില്‍ ലഭിച്ച സ്വീകാര്യതയുമാണ് കോണ്‍ഗ്രസിെൻറ പ്രതീക്ഷയേറ്റുന്നതും. പാട്ടീദാര്‍ സംവരണത്തിനിറങ്ങിയ ഹാര്‍ദിക് പട്ടേലിനും ഒ.ബി.സി മുന്നേറ്റത്തിനിറങ്ങിയ അല്‍പേഷ് ഠാകുറിനും ഉന പ്രക്ഷോഭവുമായി ഇറങ്ങിയ ജിഗ്നേഷ് മേവാനിക്കും കൂടെ തെരുവിലിറങ്ങിയതില്‍ ഭൂരിഭാഗവും പുതിയ തലമുറയാണ്. വിദ്യാര്‍ഥികളും തൊഴില്‍രഹിതരും അടങ്ങുന്ന ചെറുപ്പക്കാര്‍ക്കിടയില്‍ പഠന, തൊഴിലവസരങ്ങള്‍ നിഷേധിക്കപ്പെട്ടതിലുള്ള പ്രതിഷേധം കൂടിയുണ്ട്. ഇങ്ങനെ നിഷേധിക്കപ്പെട്ടതിലേറെയും ദലിത് ഒ.ബി.സി വിഭാഗങ്ങളാണ്. അല്‍പേഷ് ഠാകുറിെൻറയും ജിഗ്നേഷ് മേവാനിയുടെയും നേതൃത്വത്തില്‍ നടന്ന ഒ.ബി.സി - ദലിത് മുന്നേറ്റങ്ങളുടെ ലക്ഷ്യം വ്യത്യസ്തമായിരുന്നുവെങ്കിലും വിദ്യാഭ്യാസ, തൊഴില്‍ രംഗത്ത് ബി.ജെ.പി ഭരണത്തില്‍ അനുഭവിക്കുന്ന അനീതി ചോദ്യം ചെയ്താണ് അവര്‍ രംഗത്തുവന്നത്. സര്‍ക്കാര്‍ കോളജുകളില്‍പോലും സ്വാശ്രയ കോഴ്സുകള്‍ വ്യാപകമാക്കിയതിലൂടെ പാവപ്പെട്ടവര്‍ക്ക് പഠനത്തിനുള്ള അവസരം നഷ്ടമാക്കുക മാത്രമല്ല, വിദ്യാര്‍ഥി പ്രവേശനത്തിലും അധ്യാപക നിയമനങ്ങളിലും സംവരണം അട്ടിമറിക്കുകകൂടിയാണ് ഗുജറാത്തില്‍ സംഭവിച്ചത്.
പാട്ടീദാറുമാരുടെ സമരം നയിച്ച 23 കാരനായ ഹാര്‍ദിക് പട്ടേലിെൻറ പ്രായമായി ഏറക്കുറെ ഗുജറാത്തിലെ ബി.ജെ.പി ഭരണത്തിനും. ജനിച്ചശേഷം ഗുജറാത്തിലെ ബി.ജെ.പി ഭരണം മാത്രം കാണുന്നവരാണ് പുതിയ വോട്ടര്‍മാരെല്ലാവരും. ഈ പ്രായക്കാരുടെ പിന്തുണയിലാണ് ഗുജറാത്തിലെ മുഴുവന്‍ സീറ്റുകളും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തൂത്തുവാരിയതെങ്കില് അവരുടെ രോഷത്തിനാണ് ഇപ്പോള്‍ മോദിയും അമിത് ഷായും ഇരയാകുന്നത്. വര്‍ഗീയ ചര്‍ച്ചകളും അതുവഴിയുള്ള ധ്രുവീകരണവും വഴിമാറിയ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വികസന വിഷയമുയര്‍ത്തി മാത്രം മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതും അതില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതും യുവതലമുറയുടെ രോഷം ഭയന്നാണ്. ബി.ജെ.പി റാലികളില്‍ വീട്ടിലെ മുതിര്‍ന്നവര്‍ സ്ത്രീകളുമായി എത്തുമ്പോഴും ചെറുപ്പക്കാര്‍ മാറിനില്‍ക്കുകയാണ്. എന്നാല്‍, ഹാര്‍ദിക് പട്ടേലിനും അല്‍പേഷ് ഠാകുറിനും ജിഗ്നേഷ് മേവാനിക്കുമൊപ്പം മാത്രമല്ല, രാഹുല്‍ ഗാന്ധിയുടെ റാലികളിലും യുവതലമുറയുടെ സാന്നിധ്യമാണ് കൂടുതലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.