1857ഒന്നാം സ്വാതന്ത്ര്യസമരത്തിലെ മറക്കാനാകാത്ത പോരാട്ടങ്ങളിലൊന്നായ 'ബാറ്റിൽ ഓഫ് ട്രിമ്മു ഘട്ടി'ൽ മുന്നിൽ നിന്നു പോരാടിയ ഹവിൽദാർ ആലം ബേഗിനെ ബ്രിട്ടീഷുകാർ പീരങ്കിക്കുഴലിനു മുന്നിൽ കെട്ടിവെച്ചു വെടിയുതിർത്തു കൊലപ്പെടുത്തി. ശേഷം തലയെടുത്ത് ബ്രിട്ടനിലേക്കു കൊണ്ടുപോയി...
1857ഒന്നാം സ്വാതന്ത്ര്യസമരത്തിലെ മറക്കാനാകാത്ത പോരാട്ടങ്ങളിലൊന്നായ 'ബാറ്റിൽ ഓഫ് ട്രിമ്മു ഘട്ടി'ൽ മുന്നിൽ നിന്നു പോരാടിയ ഹവിൽദാർ ആലം ബേഗിനെ ബ്രിട്ടീഷുകാർ പീരങ്കിക്കുഴലിനു മുന്നിൽ കെട്ടിവെച്ചു വെടിയുതിർത്തു കൊലപ്പെടുത്തി. ശേഷം തലയെടുത്ത് ബ്രിട്ടനിലേക്കു കൊണ്ടുപോയി... പിന്നീടെന്തു സംഭവിച്ചു? സ്വാതന്ത്ര്യസമര ചരിത്രത്തിലെ ചോരയുറയും ഏടുകളിലൊന്ന് വായിക്കാം.
ബ്രിട്ടനിലെ കെന്റ് വാൽമറിലുള്ള ലോർഡ് ക്ലൈഡ് പബിലെ സ്റ്റോർ റൂമിൽനിന്ന് 1963ൽ ഒരു തലയോട്ടി കിട്ടി. 2014ൽ പബ് ഉടമ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കുറിച്ച് ഗവേഷണം നടത്തുന്ന കിം എ. വാഗ്നർക്ക് കൈമാറുന്നതുവരെ ഇത് വെറുമൊരു തലയോട്ടി മാത്രമായിരുന്നു. പിന്നീടാണ് കഥ തെളിയുന്നത്. കഥാനായകന്റെ പേര് ആലം ബേഗ്. 1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ശിപായിയാണ് അദ്ദേഹം. ശിപായി ലഹളയെന്ന് അറിയപ്പെട്ട, ഇന്ത്യയിലെ ബ്രിട്ടനെതിരായ ആദ്യ ബൃഹത് സംഘടിത ചെറുത്തുനിൽപിലെ പോരാളികളോട് ബ്രിട്ടീഷ് അധികൃതർക്ക് അടങ്ങാത്ത കലിപ്പുണ്ടായിരുന്നു. ക്രൂരമായാണ് സമരക്കാരെ ബ്രിട്ടീഷ് അധികൃതർ നേരിട്ടത്.
പലരെയും നിഷ്ഠുരമായി കൊലപ്പെടുത്തി. ബംഗാൾ നേറ്റീവ് ഇൻഫൻട്രിയിലെ 46ാം റെജിമെന്റിൽ ഹവിൽദാർ ആയിരുന്നു ആലം ബേഗ്. അവിഭക്ത പഞ്ചാബിലെ ഗുരുദാസ്പുരിനടുത്ത ട്രിമ്മു ഘട്ടിൽ നടന്ന, ബാറ്റിൽ ഓഫ് ട്രിമ്മു ഘട്ട് എന്നറിയപ്പെട്ട ബ്രിട്ടീഷ് വിരുദ്ധ സംഘട്ടനത്തിൽ മുൻനിരയിലുണ്ടായിരുന്ന അദ്ദേഹത്തെയും സംഘത്തെയും അതിക്രൂരമായാണ് ബ്രിട്ടീഷ് അധികൃതർ കൊലപ്പെടുത്തിയത്. പീരങ്കിക്കുഴലിനോട് ചേർത്ത് കെട്ടിയിട്ടശേഷം വെടിയുതിർത്താണ് ആലംബേഗ് അടക്കം നാലുപേരെ വധിച്ചത്.
ശേഷം ആലംബേഗിന്റെ തലയോട്ടി ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ബ്രിട്ടനിലേക്ക് കൊണ്ടുപോയി ഒരു ട്രോഫിയെന്നപോലെ അവർ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഒരുപാട് അന്വേഷണത്തിനൊടുവിലാണ് വാഗ്നർ ഇതെല്ലാം കണ്ടെത്തിയത്. തലയോട്ടി ആലംബേഗിന്റേതെന്ന് നാച്വറൽ ഹിസ്റ്ററി മ്യൂസിയം സ്ഥിരീകരിച്ചു. ആലംബേഗ് കൊലപ്പെടുത്തിയെന്ന് പറയപ്പെടുന്ന കുടുംബത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ കത്തിടപാടുകളിൽനിന്നാണ് വാഗ്നർ ഈ ചരിത്രം പരതിയെടുത്തത്. പിന്നീട് 2017ൽ വാഗ്നർ ഈ അന്വേഷണം ''The Skull of Alum Bheg: The Life and Death of a Rebel of 1857' എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചു.
ആലം ബേഗിന്റെ ജീവചരിത്രം എന്നതിനേക്കാൾ 1857ലെ ശിപായി ലഹളയെ കുറിച്ച് ഉൾക്കാഴ്ച നൽകുന്ന ഒന്നാണ് പുസ്തകം. 1857ലെ സമരവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് കാഴ്ചപ്പാടിലൂടെയാണ് മിക്ക ചരിത്രപുസ്തകവും എഴുതപ്പെട്ടതെങ്കിൽ വാഗ്നർ നീതിപൂർവകമായും ഇരകളുടെ ഭാഗം പറഞ്ഞും എഴുതി. ആലംബേഗിന്റെ മൃതദേഹാവശിഷ്ടം ഇന്ത്യയിലെത്തിച്ച് ആദരവോടെ സംസ്കരിക്കണമെന്ന ആഗ്രഹം പുസ്തകത്തിന്റെ സമാപനത്തിൽ വാഗ്നർ പങ്കുവെക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.