ഹവാല പ്രമുഖുകളും സ്വദേശി കള്ളനോട്ടടിക്കാരും

പതിറ്റാണ്ടുകളായി സംഘ്​പരിവാർ നിയന്ത്രിക്കുന്ന നിരവധി ഗുണ്ടാസംഘങ്ങൾ കേരളത്തിലെ വിവിധ ജില്ലകളിലുണ്ട്​. തരാതരംപോലെ പാർട്ടികൾക്കും മുതലാളിമാർക്കുംവേണ്ടി പ്രാദേശിക ക്വ​ട്ടേഷനുകളും ഏറ്റെടുക്കാറുണ്ടെങ്കിലും അന്തർജില്ല ഓപറേഷനുകൾക്കും വർഗീയസംഘർഷങ്ങൾക്കുമാണ്​ ഇവരെ സംഘടന നിയോഗിക്കാറ്​. രാഷ്​ട്രീയ കൊലപാതകങ്ങളുടെ പേരിൽ ഇടത്​-ഐക്യമുന്നണികളെ വിചാരണചെയ്യുന്ന മാധ്യമങ്ങളും നാട്ടിലെ ക്രമസമാധാനം തകർക്കുന്നതിൽ ഇവർ വഹിക്കുന്ന പങ്കിനെക്കുറിച്ച്​ കാര്യമായി ആകുലപ്പെടാറില്ല. കേന്ദ്രത്തിൽ ബി.ജെ.പി ഭരണവും കേരള പൊലീസ്​ ഒരു ചുക്കുംചെയ്യില്ലെന്ന വിശ്വാസവും കൈവന്നതോടെ ഇവരുടെ പ്രവർത്തന മേഖല വിപുലപ്പെട്ടു. അതോടെ കള്ളനോട്ടടി, കഞ്ചാവ്​ സംഭരണം, കുഴൽപണം കടത്തും തട്ടിയെടുക്കലും, കരിങ്കൽകടത്ത്​ തുടങ്ങിയ പ്രവർത്തനങ്ങളിലെല്ലാം ഇക്കൂട്ടർ സജീവമായി.

തിരുവനന്തപുരത്ത്​ സ്​കൂളുകളും കാമ്പസുകളും കേന്ദ്രീകരിച്ച്​ കഞ്ചാവ്​ വിൽപനക്ക്​ നേതൃത്വം നൽകി വന്ന യുവമോർച്ച നേതാവ്​ 2019ൽ പിടിയിലായിരുന്നു. ആഡംബര കാറിൽ കഞ്ചാവ്​ വിതരണം നടത്തുന്നതിനിടെയാണ്​ കൊടകരയിലെ യുവ ആർ.എസ്​.എസ്​ പ്രവർത്തകൻ പൊലീസി​ന്റെ വലയിൽപെട്ടത്​. ട്രെയിനിൽ അരക്കോടിയുടെ കഞ്ചാവ്​ കടത്തിയ തൃശൂരിലെ യുവമോർച്ച നേതാവിനെയും കൂട്ടാളികളെയും പാലക്കാട്​ റെയിൽവേ പൊലീസ്​ പിടികൂടിയത്​ കഴിഞ്ഞ ഒക്​ടോബറിലാണ്​. ഇവരുടെ പിന്നിലെ സംഘത്തിലേക്കോ പണമൊഴുക്കിലേക്കോ എത്താതെ അന്വേഷണം നിലക്കുകയായിരുന്നു.

2017ൽ വീട്ടിൽ കള്ളനോട്ടടിച്ച കേസിൽ പിടിയിലായി വൈകാതെ ജാമ്യത്തിലിറങ്ങിയ തൃശൂർ മതിലകത്തെ യുവമോർച്ച നേതാവ്​ രണ്ടു വർഷങ്ങൾക്കുശേഷം​ കോഴിക്കോ​ട്ടെ കൊടുവള്ളിയിൽനിന്ന് അറസ്​റ്റിലായി. അതോടെ തന്റെ കള്ളനോട്ടടി​ സ്​റ്റാർട്ടപ്​ ബംഗളൂരുവിലാക്കി, വിതരണം കേരളത്തിലും. കഴിഞ്ഞ വർഷം ഒക്​ടോബറിൽ ബൈക്കപകടത്തിൽപെട്ട ബി.ജെ.പി പ്രവർത്തകന്റെ ബാഗിൽ നിന്ന്​ വിതരണത്തിന്​ കൊണ്ടുപോയ കള്ളനോട്ട്​ കണ്ടെടുത്തപ്പോഴാണ്​ നേതാവി​ന്റെ കർണാടകയിലെ നോട്ടടിയെക്കുറിച്ചറിയുന്നത്​. വീണ്ടും അറസ്​റ്റിലായെങ്കിലും മുൻനിര വക്കീലന്മാരും നൽകാൻ കോടികളും കൈവശമുള്ളതിനാൽ എന്തു​ പേടിക്കാൻ.

കഴിഞ്ഞ ലോക്​സഭ, പഞ്ചായത്ത്​, നിയമസഭ തെരഞ്ഞെടുപ്പുകളിൽ കർണാടകയിൽനിന്നും ഉത്തരേന്ത്യൻ സംസ്​ഥാനങ്ങളിൽനിന്നും ശതകോടികളാണ്​ കണക്കിൽപെടാതെ കേരളത്തിലേക്ക്​ ഒഴുക്കിയത്​. സംസ്​ഥാനത്തെ പ്രധാന മുന്നണികളേക്കാൾ പൊലിമയോടെ തെരഞ്ഞെടുപ്പ്​ കമ്മിറ്റി ഓഫിസുക​ൾ നിർമിക്കാനും റാലികൾ കൊഴുപ്പിക്കാനുമുള്ള പണം ബി.ജെ.പിക്ക്​ എത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ്​ വേളയിൽ കൊണ്ടുവന്ന പണം ഒല്ലൂരിൽ കവർച്ചചെയ്യപ്പെട്ടപ്പോഴാണ്​ സംഭവം അൽപമെങ്കിലും ചർച്ചയായത്​. ഫണ്ടിൽനിന്ന്​ തങ്ങളുടെ വീതം ലഭിക്കാൻ വാഹനാപകടം സൃഷ്​ടിച്ചും ഇലക്​ഷൻ അർജൻറ്​ ബോർഡ്​ വെച്ച വാഹനങ്ങളിലെത്തി ഉദ്യോഗസ്​ഥർ ചമഞ്ഞും പാർട്ടിയുടെ ഡ്രാഗൺ സംഘാംഗങ്ങളിൽ ചിലർ പണം തട്ടുകയായിരുന്നു. കേസ്​ വലിയ വാർത്താ തലക്കെട്ടായെങ്കിലും അതിവേഗം മാഞ്ഞു, സംസ്​ഥാന അധ്യക്ഷൻതന്നെ ആരോപണമുനയിൽ വന്നെങ്കിലും അന്വേഷണം മുന്നോട്ടുപോയുമില്ല.

അന്യായ ഇടപാടുകൾക്കും സംഘങ്ങൾക്കുമെതിരെ സംഘടനക്കുള്ളിൽതന്നെ എതിർപ്പുയരാറുണ്ടെങ്കിലും അവരും ഒറ്റപ്പെടാറാണ്​. കള്ളനോട്ട്​, കുഴൽപണ ഇടപാടുകൾ ആരുനടത്തിയാലും അവ രാജ്യത്തി​ന്റെ സാമ്പത്തികഭദ്രതയെ അട്ടിമറിക്കാനുദ്ദേശിച്ചുള്ളതാണ്​. എന്നാൽ, ഇത്തരം കൃത്യങ്ങളിൽ ഏർ​പ്പെടുന്ന സംഘ്പരിവാർ പ്രവർത്തകർക്കു​ മേൽ എളുപ്പം ജാമ്യം ലഭിക്കുന്ന നിസ്സാര വകുപ്പുകളാണ്​ ചുമത്തുന്നതെന്നും അവർക്കു പിന്നിലാര്​, അവ​​ർ പണം എന്തിനുപയോഗിക്കുന്നു, ആരുമായി ബന്ധപ്പെടുന്നു തുടങ്ങിയ കാര്യങ്ങളൊന്നും അന്വേഷിക്കപ്പെടുന്നില്ലെന്നും ഒരു മുൻ ഐ.പി.എസ്​ ഉദ്യോഗസ്​ഥൻ ചൂണ്ടിക്കാട്ടുന്നു.

ഹവാല പ്രമുഖുകളും സ്വദേശി കള്ളനോട്ടടിക്കാരും

പൊതുവെ അക്രമസംഭവങ്ങൾ കുറവായ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലും അടൂരിലും ഗുണ്ട, ക്വട്ടേഷൻ സംഘങ്ങളുടെ പ്രവർത്തനം സജീവമാണ്. രാഷ്ട്രീയ പാർട്ടികളുടെ തണലിൽ വളർന്നതാണ് ഈ സംഘങ്ങൾ എല്ലാം. ബാധ്യതയായി മാറുന്ന സാഹചര്യത്തിൽ രാഷ്ട്രീയക്കാർ ഇക്കൂട്ടരെ കൈയൊഴിയുമെങ്കിലും ഒളിഞ്ഞും തെളിഞ്ഞും ഇവർക്ക് രാഷ്ട്രീയക്കാരുടെ സഹായം ലഭിക്കുന്നു. ഇത്തരത്തിൽ വളർന്ന ഗുണ്ടാസംഘങ്ങൾ തമ്മിലെ കിടമത്സരം പലപ്പോഴും ഏറ്റുമുട്ടലിൽ കലാശിക്കുന്നു. തിരുവല്ല പെരിങ്ങരയിൽ സി.പി.എം ലോക്കൽ സെക്രട്ടറിയെ കൊലപ്പെടുത്തിയത് ആർ.എസ്.എസ് വളർത്തിയ ക്രിമിനലുകളായിരുന്നു.

ക്വട്ടേഷൻ-മയക്കുമരുന്ന് മാഫിയ ആക്രമണങ്ങളുടേതായി കഴിഞ്ഞ മൂന്നു മാസത്തിനിടെ മാത്രം തിരുവല്ല, പുളിക്കീഴ് പൊലീസ് സ്റ്റേഷനുകളിലായി പതിനഞ്ചോളം കേസുകളാണ് രജിസ്റ്റർ ചെയ്തത്. അപ്പർ കുട്ടനാട് മേഖലയിലെ നിലംനികത്ത് മാഫിയയുടെ കാവലായി തുടങ്ങിയ ഗുണ്ടാസംഘങ്ങൾ പിന്നീട് ക്വട്ടേഷൻ മാഫിയയായി വളരുകയായിരുന്നു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ പേരിൽ വീടുകയറി നടത്തിയ ആക്രമണങ്ങളും നിരവധി. താലൂക്കിന്റെ പടിഞ്ഞാറൻ മേഖലയായ നിരണത്തും കടപ്രയിലുമാണ് ക്വട്ടേഷൻ സംഘങ്ങൾ ഏറെ വിലസുന്നത്. ഇവരെ അമർച്ച ചെയ്യാൻ പൊലീസ് വൈമനസ്യം കാട്ടുകയാണെന്ന ആരോപണം ശക്തമാണ്.

അടൂർ ഏറത്ത് ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം മഹിള മോർച്ച മേഖല സെക്രട്ടറി അശ്വതിയുടെ വീടിനുനേരെ ഗുണ്ടാ ആക്രമണമുണ്ടായി. ആക്രമികളാകട്ടെ ആർ.എസ്.എസ് സംഘമിത്രങ്ങൾ. ആറംഗ സംഘം വീടി​ന്റെ മുൻവശത്തെ കതക് പൊളിച്ച് വീട്ടിനുള്ളിൽ കയറി അശ്വതിയെയും മർദിക്കുകയും ധരിച്ചിരുന്ന വസ്ത്രം വലിച്ചുകീറുകയും ചെയ്തു. ഭർത്താവും ആർ.എസ്.എസ് മുൻ ശിക്ഷകുമായ രഞ്ജിത്തിനെയും മർദിച്ചു. എട്ടു വയസ്സുള്ള മകൾ ഗൗരി കൃഷ്ണയെ കഴുത്തിനു പിടിച്ച് പുറത്തേക്ക് വലിച്ചെറിഞ്ഞു. മറ്റൊരു ബി.ജെ.പി പ്രവർത്തകയെ മാസങ്ങൾക്കുമുമ്പ് അക്രമിസംഘം വീട്ടിൽ കയറി മർദിച്ചിരുന്നു. ഈ സംഭവത്തിൽ രഞ്ജിത്തും അശ്വതിയും മർദനമേറ്റ യുവതിക്കൊപ്പം നിന്നതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് പറയുന്നു. നിരവധി കേസുകളിലെ പ്രതിയും ശബരിമല വിഷയത്തി​ന്റെ മറവിൽ അടൂർ ടൗണിലെ മൊബൈൽ കടയിലേക്ക് ബോബെറിഞ്ഞ കേസിലും പ്രതിയുമായ ഗുണ്ടയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.

(തുടരും)

Tags:    
News Summary - Hawala celebrities and local counterfeiters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.