ജസ്റ്റിസ് ഫാത്തിമ ബീവിയുടെ വിയോഗത്തോടെ നമുക്ക് നഷ്ടമാകുന്നത് എല്ലാ അർഥത്തിലും ഒരു ചരിത്ര വനിതയെയാണ്. സുപ്രീംകോടതിയിലെ പ്രഥമ വനിതാ ജസ്റ്റിസ്, മനുഷ്യാവകാശ കമീഷൻ അംഗം, ഇൻകം ടാക്സ് അപ്പലറ്റ് ട്രൈബ്യൂണലിലെ ആദ്യ ജുഡീഷ്യൽ അംഗം, തമിഴ്നാട് ഗവർണർ തുടങ്ങിയ പദവികൾ വഹിച്ച വനിത എന്ന അർഥത്തിൽ മാത്രമല്ല, ഈ സ്ഥാനങ്ങളിലിരുന്ന് അവർ നടത്തിയ നിർണായക ഇടപെടലുകളാണ് ചരിത്ര വനിത എന്ന വിശേഷണത്തെ അർഥ സമ്പൂർണമാക്കുന്നത്.
കേരളത്തിന്റെ ചരിത്രത്തോടൊപ്പം വളർന്ന ഒരാളായിരുന്നു ഫാത്തിമ ബീവി. അഭിഭാഷകവൃത്തി ഒരു വരേണ്യവർഗത്തിന്റെ മാത്രം കുത്തകയായിരുന്ന കാലഘട്ടത്തിൽ പിതാവിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് അവർ നിയമപഠനത്തിന് ചേരുന്നത്. മുസ്ലിംകൾക്കിടയിൽ അഭിഭാഷകർ നന്നേ കുറവായ ഒരു കാലഘട്ടത്തിൽ കൊല്ലം ബാറിലാണ് തിരുവിതാംകൂറിലെ ഈ ആദ്യ മുസ്ലിം വനിതാ അഭിഭാഷക പ്രാക്ടീസ് ആരംഭിക്കുന്നത്.
രാജഭരണകാലത്ത് രാജകുടുംബാംഗങ്ങളോ അവരുമായി അടുത്ത ബന്ധമുള്ളവരോ ആയിരുന്നു മുൻസിഫായി നിയമിക്കപ്പെട്ടിരുന്നത്. എന്നാൽ, കേരള സംസ്ഥാന രൂപവത്കരണത്തെത്തുടർന്ന് ആദ്യമായി നടന്ന പബ്ലിക്ക് സർവിസ് കമീഷന്റെ മുൻസിഫ് നിയമനത്തിനുള്ള എഴുത്തുപരീക്ഷയിൽ ഒന്നാം റാങ്ക് നേടിയാണ് ഫാത്തിമ ബീവി സർക്കാർ സർവിസിൽ പ്രവേശിക്കുന്നത്.
ഇൻകം ടാക്സ് അപ്പലറ്റ് ട്രൈബ്യൂണലിലേക്കുള്ള ജുഡീഷ്യൽ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് സുപ്രീം കോടതി ജഡ്ജി നേതൃത്വം നൽകുന്ന ഒരു ഇന്റർവ്യൂ ബോർഡാണ്. ജസ്റ്റിസ് പി.എൻ. ഭഗവതി അധ്യക്ഷനായ ബോർഡിനുമുന്നിൽ ആദ്യമായി ഹാജരായ വനിതാ അംഗമാണ് ഫാത്തിമ ബീവി.
ട്രൈബ്യൂണലിന്റെ ചരിത്രത്തിലെ ആദ്യ വനിതാ അംഗമെന്ന സ്ഥാനവും അവർക്ക് സ്വന്തം. അക്കാലത്ത് ഫാത്തിമ ബീവി കാണിച്ച അർപ്പണ മനോഭാവവും അക്ഷീണ പ്രയത്നവും ട്രൈബ്യൂണലിന്റെ അക്കാലത്തെ രജിസ്ട്രാറായിരുന്ന ആർ.എൻ. സെഹ്ഗാൾ ഏറെ അത്ഭുതത്തോടെയാണ് ഓർക്കുന്നത്.
തുടർച്ചയായ ദിവസങ്ങളിൽ ഇന്ത്യയിലങ്ങോളമിങ്ങോളം സിറ്റിങ്ങിനായി അവർ യാത്രചെയ്തു. ഡൽഹി ബെഞ്ചിലാണ് നിയമനമെങ്കിലും മറ്റു സംസ്ഥാനങ്ങളിലെ സിറ്റിങ്ങുകൾക്കും നിരന്തരമായി അവർക്ക് പോവേണ്ടിവന്നു. സ്ത്രീകളുടെ പരിമിതികളെക്കുറിച്ച് പറയുന്നവർ ഫാത്തിമ ബീവിയുടെ പ്രവർത്തനങ്ങളെപ്പറ്റി പഠിച്ചാൽ അഭിപ്രായം മാറ്റുമെന്ന് സഹപ്രവർത്തകനായിരുന്ന ഒ.പി. ഭരദ്വാജ് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
അന്നാചാണ്ടിയുടെയും ജാനകിയമ്മയുടെയും പിൻഗാമിയായി കേരള ഹൈകോടതി ജഡ്ജിയാക്കി അവരെ നിയമിക്കുന്നതിൽ ഇന്ദിര ഗാന്ധി വഹിച്ച പങ്ക് വളരെ വലുതാണ്. ശേഷം ഇന്ത്യയിലെ ആദ്യ വനിതാ സുപ്രീംകോടതി ജഡ്ജിയായി നിയമിതയായ ഫാത്തിമ ബീവി അതുവരെയുള്ള പല മുൻധാരണകളെയും കാഴ്ചപ്പാടുകളെയും അക്ഷരാർഥത്തിൽ തിരുത്തിയെഴുതുകയായിരുന്നു.
നിയമത്തിന്റെ സാങ്കേതികാർഥത്തിനുപുറത്ത് നീതിപൂർവമായ ഇടപെടൽ നടത്താൻ സുപ്രീംകോടതി ജഡ്ജി എന്ന നിലയിൽ അവർക്ക് സാധിച്ചു. വിരമിച്ചശേഷം കേരള പിന്നാക്ക വിഭാഗ കമീഷന്റെ ആദ്യ ചെയർപേഴ്സനായും ദേശീയ മനുഷ്യാവകാശ കമീഷൻ അംഗം, തമിഴ്നാട് ഗവർണർ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചപ്പോഴും ഇതേ നിലപാട് കൈയൊഴിഞ്ഞില്ല.
ഫെഡറൽ സമ്പ്രദായത്തിന്റെ അന്തസ്സത്ത ഉയർത്തിപ്പിടിച്ച്, ഭരണഘടനയുടെ അപൂർവമായ വ്യാഖ്യാനത്തിലൂടെ ഗവർണർ എന്ന നിലയിൽ ഫാത്തിമ ബീവി നടത്തിയ ഇടപെടൽ ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ കൂടുതൽ പഠനവിധേയമാക്കേണ്ടതുണ്ട്.
കേന്ദ്രം ഭരിക്കുന്ന സർക്കാറിന്റെയും പാർട്ടിയുടെയും താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന റബർ സ്റ്റാമ്പ് ആകാതെ ഭരണഘടനയുടെയും ജനാധിപത്യ മൂല്യങ്ങളുടെയും അടിസ്ഥാനത്തിൽ പ്രവർത്തിച്ചതിനാൽ കാലാവധി തികയുന്നതിനുമുമ്പ് തമിഴ്നാട് ഗവർണർ പദവിയിൽനിന്ന് അവർക്ക് പടിയിറങ്ങേണ്ടി വന്നു.
തലയുയർത്തിപ്പിടിച്ച് അന്തസ്സോടെയായിരുന്നു ആ മടക്കം. ഗവർണർ എന്ന നിലയിൽ അന്ന് അവർ കൈക്കൊണ്ട തീരുമാനം ശരിയായിരുന്നുവെന്ന് സുപ്രീംകോടതി പിന്നീട് അംഗീകരിച്ചു.
‘‘ഒരു പൊതുപ്രവർത്തക എന്ന നിലയിൽ എന്റെ ഉത്തരവാദിത്തം ഭരണഘടനയോടും ഇന്ത്യയിലെ ജനങ്ങളോടുമാണ്. ഒരു സൃഷ്ടിയെന്ന നിലയിൽ ദൈവത്തോട് മാത്രവും. മനുഷ്യനെ പേടിക്കാതെ എന്നാൽ, ദൈവത്തെ പേടിച്ചുകൊണ്ട് ഞാൻ പ്രവർത്തിക്കും’’-ഇതാണ് അവർ സദാ ആവർത്തിച്ചിരുന്ന ആദർശം.
ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും അത് അക്ഷരംപ്രതി പാലിച്ചുകൊണ്ടാണ് ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ ആ അതുല്യ വ്യക്തിത്വം വിടവാങ്ങുന്നത്. ആ സഫലജീവിതം പ്രചോദനമാവേണ്ട കാലത്താണ് ഓരോ ഇന്ത്യക്കാരും ഇന്ന് ജീവിക്കുന്നത്.
(ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ജീവചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.