'പിണറായിയെ കാണണം, മാപ്പുപറയണം'-ബാക്കിയായി ബർലിന്‍റെ അന്ത്യാഭിലാഷം

കണ്ണൂർ: പത്രപ്രവർത്തകനും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായ ബർലിൻ കുഞ്ഞനന്തൻ നായർ വിടപറയുമ്പോൾ അന്ത്യാഭിലാഷം ബാക്കി. ''മുഖ്യമന്ത്രി പിണറായി വിജയനെ കാണണം, പറഞ്ഞുപോയതിനൊക്കെ നേരിൽ മാപ്പുപറയണം...'' 97ാം വയസ്സിന്‍റെ അവശതയിൽ രോഗശയ്യയിൽ കിടക്കുമ്പോഴും നാറാത്തെ വീട്ടിലെത്തിയ മാധ്യമപ്രവർത്തകർക്കും നേതാക്കൾക്കും മുന്നിൽ ബർലിൻ അന്ത്യാഭിലാഷം ആവർത്തിച്ചുപറഞ്ഞു. അതിനായി കാത്തുകിടന്നു. എന്നാൽ, കണ്ണൂരിൽ പലകുറിവന്നുപോയ മുഖ്യമന്ത്രി ആ വീടിന്‍റെ പടികടന്നില്ല. നടക്കാതെപോയ ആ കൂടിക്കാഴ്ച സി.പി.എമ്മിലെ വിഭാഗീയതയുടെ ചരിത്രത്തിലെ പുതിയ ഏടായിമാറി.

പിണറായി വിജയനും വി.എസ്. അച്യുതാനന്ദനും മുഖാമുഖംനിന്ന് പോരടിച്ചകാലത്ത് വി.എസിന്‍റെ കരുത്തായിരുന്നു ബർലിൻ. പിണറായിയുടെ നേതൃത്വത്തിൽ സി.പി.എമ്മിന് സംഭവിച്ചുകൊണ്ടിരിക്കുന്ന വലതുപക്ഷ വ്യതിയാനങ്ങൾക്കെതിരെയായിരുന്നു പാർട്ടി സൈദ്ധാന്തികൻകൂടിയായ ബർലിന്‍റെ വിമർശനം. ഒരു ഘട്ടത്തിൽ പിണറായിയെ 'മുതലാളിത്തത്തിന്‍റെ ദത്തുപുത്രൻ' എന്നുപോലും വിശേഷിപ്പിച്ചു. ഇതേത്തുടർന്ന് പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട ബർലിനുമായി പാർട്ടി നേതാക്കൾ അകലംപാലിച്ചു. നാറാത്തെ വീട്ടിൽ നിത്യസന്ദർശകരായിരുന്ന കണ്ണൂരിലെ നേതാക്കൾപോലും മാറിനിന്നകാലത്തും വി.എസുമായി അടുത്തബന്ധം തുടർന്നു. പാർട്ടിയുടെ വിലക്ക് ലംഘിച്ച് വി.എസ് ബർലിന്‍റെ വീട്ടിലെത്തി. ഇളനീർ കുടിച്ച് മടങ്ങി.

പാർട്ടിയിലെ പോര് ആളിക്കത്തിച്ച ആ കൂടിക്കാഴ്ചക്ക് പിന്നാലെ വി.എസിന് പാർട്ടിയുടെ ശാസനയും വന്നു. വി.എസ് പാർട്ടിയിൽ ഒറ്റപ്പെട്ടതോടെ ബർലിനും അയഞ്ഞു. 90 കഴിഞ്ഞ ബർലിന്‍റെ പ്രായാധിക്യവും അവശതയും നിലപാടുകളെ മയപ്പെടുത്തിയിരിക്കാം. പിണറായി മികച്ച മുഖ്യമന്ത്രിയെന്ന് വാഴ്ത്തുകയും മുമ്പ് പറഞ്ഞ കടുത്ത വിമർശനങ്ങൾ തെറ്റായിപ്പോയെന്ന് പരസ്യമായി ഏറ്റുപറയുകയും ചെയ്യുന്നതാണ് അവസാനകാലത്ത് കണ്ടത്. ശേഷം പാർട്ടിയുമായി അകൽച്ച നീങ്ങി. കണ്ണൂരിലെ നേതാക്കൾ പലരും നാറാത്തെ വീട്ടിലെത്തി കാണുക പതിവായി. അടുപ്പമുള്ള നേതാക്കളുമായെല്ലാം അവസാനം വരെയും ബർലിൻ ഫോണിലും നിരന്തരം ബന്ധപ്പെടുമായിരുന്നു.

അപ്പോഴൊക്കെ പിണറായിയെ നേരിൽകണ്ട് മാപ്പുപറയാനുള്ള ആഗ്രഹം പ്രകടിപ്പിക്കാറുമുണ്ട്. പിണറായിയുടെ കാർക്കശ്യമറിയാവുന്നവർ ആരും ഇടപെട്ടില്ല. 1943ലെ ഒന്നാം പാർട്ടി കോൺഗ്രസ് പ്രതിനിധിയായിരുന്ന ബർലിൻ സ്വന്തം നാടായ കണ്ണൂരിൽ ഈ വർഷം ഏപ്രിലിൽ നടന്ന 23ാം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, പിണറായിഷോ ആയി മാറിയ കണ്ണൂരിലെ പാർട്ടി കോൺഗ്രസ് മാമാങ്കത്തിലും അദ്ദേഹത്തിനിടമുണ്ടായില്ല. 

Tags:    
News Summary - 'I want to see Pinarayi, I want to apologize' - Berlin's last wish is the rest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.