കടപ്പാട്: Smishdesigns

ഇന്ത്യ പോകുന്ന ദി​ശയേതാണ്​ ?

ഇന്ത്യ എങ്ങോ​ട്ടാണ്​ പോകുന്നത്? ലോകം ഇപ്പോൾ തികഞ്ഞ ആകുലതയോടെ ഉന്നയിക്കുന്ന ചോദ്യമാണിത്. ഇന്ത്യയുടെ 73ാം റിപ്പബ്ലിക് ദിനത്തിലെത്തിനിൽക്കെ ഈ ചോദ്യം നമ്മളും സ്വയം ചോദിക്കേണ്ടതുണ്ട്. ഏകദേശം 90 വർഷം മുമ്പ് ജവഹർലാൽ നെഹ്‌റുവും ഇതുതന്നെ ചോദിച്ചു. ബ്രിട്ടീഷ് കോളനിവാ​ഴ്​ചയിൽ നിന്നുള്ള സ്വാതന്ത്ര്യം ചക്രവാളത്തിൽ എത്തിയിരുന്നില്ല. എന്നിട്ടും, സ്വാതന്ത്ര്യം എന്താണെന്നും അത് എങ്ങനെ യാഥാർഥ്യമാക്കുമെന്നുമായിരുന്നു ചർച്ചകൾ.

നെഹ്‌റു ത​െൻറ വിഖ്യാതമായ ലഘുലേഖയിൽ ഈ ചോദ്യങ്ങൾ മുന്നോട്ടുവെക്കാൻ ശ്രമിച്ചു: "നാം എന്താണ്​ കരഗതമാക്കാൻ ശ്രമിക്കുന്നത്? വിമോചനമോ സ്വയംഭരണമോ സ്വാതന്ത്ര്യമോ? ആരുടെ സ്വാതന്ത്ര്യത്തിനാണ് നമ്മൾ പരിശ്രമിക്കുന്നത്? കാരണം, ദേശീയത നിരവധി കുറ്റങ്ങളെ മറച്ചുപിടിക്കുന്നു. കൂടാതെ നിരവധി വൈരുധ്യാത്മകഘടകങ്ങളും അതിലുണ്ട്​. രാജകുമാരന്മാരുടെ ഫ്യൂഡൽ ഇന്ത്യയുണ്ട്, ചെറുതും വലുതുമായ സമീന്ദാർമാരുടെ ഇന്ത്യയുണ്ട്​, കർഷകരുടെയും തൊഴിലാളികളുടെയും ഇടത്തരക്കാരുടെയും ഇന്ത്യയുണ്ട്​; മൊത്തത്തിൽ ഉള്ളവരും ഇല്ലാത്തവരും തമ്മിൽ കാര്യമായ താൽപര്യവൈരുധ്യമുണ്ട്''​.

അദ്ദേഹത്തെ വായിക്കു​േമ്പാൾ മുഖ്യമായും സാമ്പത്തികപ്രശ്നമാണ് കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമാണ്. എന്നാൽ, മനുഷ്യർ വെറും സാമ്പത്തിക ജീവികൾ മാത്രമല്ല. ഒരു നല്ല ജീവിതത്തിലേക്കാണ് സ്വാതന്ത്ര്യത്തി​െൻറ ഫലവത്തായ വശം നയിക്കുന്നത്. നല്ല ജീവിതത്തിന് സ്വാതന്ത്ര്യം അനിവാര്യമാണെന്ന് നെഹ്‌റു പറയുന്നു; രാഷ്ട്രത്തിന് ദേശീയ സ്വാതന്ത്ര്യം, വ്യക്തിക്ക്​​ വ്യക്തിസ്വാതന്ത്ര്യം.

വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ച ആശയം ദേശീയ സ്വാതന്ത്ര്യസങ്കൽപത്തി​െൻറ ഹൃദയമാണ്​. ഒരു വ്യക്തി ആരാണ്? എല്ലാവർക്കും വ്യക്തിത്വം അവകാശപ്പെടാൻ കഴിയുമോ? അതിന് ഓരോരുത്തർക്കും സമത്വബോധവും സ്വയംഭരണാവകാശമുള്ള സ്വയംബോധവും ഉണ്ടായിരിക്കണം, തീരുമാനമെടുക്കാനും അതനുസരിച്ച് പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യവുമുണ്ടാകണം.

ജാത്യാധിഷ്​ഠിതമായ, അസമത്വം നിറഞ്ഞ ഇന്ത്യപോലൊരു സമൂഹത്തിൽ വ്യക്തിത്വം നേടിയെടുക്കുന്നതുതന്നെ കടുത്ത പോരാട്ടമായിരുന്നു. ഒരേ രാഷ്ട്രത്തിൽപെട്ടവരും എന്നാൽ യഥാർഥത്തിൽ പാരസ്​പര്യമില്ലാത്തവരുമായവരോടുള്ള പോരാട്ടം. സ്ത്രീകളുടെ കാര്യത്തിലും അങ്ങനെ തന്നെ. ഈ സ്വകീയതയില്ലാതെ എനിക്കെങ്ങനെ ഞാൻ ഒരു രാഷ്ട്രത്തിലോ ജനതയിലോ ആണെന്ന് പറയാൻ കഴിയും?

എന്നിട്ടും ആളുകളോട്​ ഇന്ത്യക്കു​വേണ്ടി ആത്മത്യാഗം ചെയ്യാൻ ആവശ്യപ്പെടുന്നു. ഏത് ഇന്ത്യക്കു​വേണ്ടിയാണിത്​? ഡെന്മാർക്കിൽ നിന്നുള്ള മാധ്യമ-സമാധാന പ്രവർത്തകയും ഗാന്ധിജിയുടെ സുഹൃത്തുമായ അലൻ ഹൊറൂപ്പ് ഒരിക്കൽ അദ്ദേഹത്തോട് പറഞ്ഞു, ഗാന്ധിജിയെ കണ്ട താൻ ഇന്ത്യയെ മനസ്സിലാക്കിയെന്ന് കരുതിയത് വിഡ്ഢിത്തമാണ്. ഇന്ത്യയുമായി അൽപനേരം ചെലവഴിച്ചപ്പോൾ ഇന്ത്യ ഗാന്ധിയേക്കാൾ എത്രയോ വലുതാണെന്ന് അവർ മനസ്സിലാക്കി. എല്ലാറ്റിനുമുപരി, അതൊരു പുരുഷനാണെന്നും; അതും ഒരു ഹിന്ദു പുരുഷൻ.

ഇന്ത്യ കൂടുതൽ വ്യത്യസ്തവും പലപ്പോഴും പരസ്പരവിരുദ്ധവുമായ സ്വത്വങ്ങൾ ഉൾക്കൊള്ളുന്നു. ഇന്ത്യയുടെ ഈ വിശാലത ഭയപ്പെടുത്തുന്നതായിരുന്നു. നൂറുകണക്കിന് വാമൊഴികളും ഒട്ടനവധി വംശങ്ങളും! ഈ വൈവിധ്യവും വ്യത്യസ്തവും അസമത്വവുമുള്ള ജനതതിയിൽ നിന്ന് ഒരു രാഷ്ട്രം പടുത്തെടുക്കുക വലിയ പദ്ധതിയായിരുന്നു. എന്നിട്ടും, രാഷ്ട്രശിൽപികൾ ആ വെല്ലുവിളി ഏറ്റെടുത്ത്​ ഇന്ത്യ എവ്വിധത്തിലുള്ളതാവണം എന്നതിലേക്കുള്ള സാഹസിക യാത്ര ആരംഭിച്ചു.

ആളുകൾ ഇന്ത്യയോട് സത്യസന്ധത പുലർത്തണം, അതിനൊപ്പം ഇന്ത്യയും അതി​െല ഓരോ വ്യക്തിയോടും സത്യസന്ധത പുലർത്തണം. നദീതട പദ്ധതി സംബന്ധമായി ഒരു കൂട്ടം മന്ത്രിമാരോട് സംസാരിക്കവെ നെഹ്‌റു പറഞ്ഞു: "ഒരിക്കൽ ഞാൻ നേരിട്ട ചോദ്യം, എന്താണ്​ നിങ്ങളുടെ പ്രധാന പ്രശ്നം, നിങ്ങൾക്ക് എത്ര പ്രശ്നങ്ങൾ ഉണ്ട് എന്നാണ്. അതിനു ഞാ​ൻ പറഞ്ഞത്​, ഞങ്ങൾക്ക് ഇന്ത്യയിൽ 360 ദശലക്ഷം പ്രശ്‌നങ്ങളുണ്ട് എന്നാണ്​. ഇപ്പോൾ ആ ഉത്തരം ആളുകൾക്ക്​ കൗതുകമായി തോന്നുന്നു, പക്ഷേ, അതിൽ സത്യമുണ്ട്. നമ്മുടെ എല്ലാ പ്രശ്നങ്ങളും 360 ദശലക്ഷം വ്യക്തികളുടെ വീക്ഷണകോണിൽനിന്നു കാണേണ്ടതുണ്ട്​. അല്ലാതെ ഏതെങ്കിലും ചില സ്ഥിതിവിവരക്കണക്കായല്ല. വ്യക്തികൾ, വ്യക്തിഗത സന്തോഷം, വ്യക്തിഗത ദുരിതങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ നാം ചിന്തിക്കണം''.

അമൂർത്തതകളോ അക്കങ്ങളോ അല്ല മനുഷ്യർ. എന്നിട്ടും, ഈ ആഹ്വാനം നടന്ന്​ 70 വർഷങ്ങൾക്കുശേഷം ഒരു യുവാവ് നിരാശയോടെ നിലവിളിച്ചു; "മനുഷ്യ​െൻറ മൂല്യം പുറമെ കാണുന്ന സ്വത്വത്തിലേക്കും ഏറ്റവുമടുത്ത സാധ്യതകളിലേക്കുമായി ചുരുക്കുകയാണ്​, ഒരു വോട്ടിലേക്ക്​, ഒരു അക്കത്തിലേക്ക്​ അതുമല്ലെങ്കിൽ ഒരു വസ്​തുവിലേക്ക്​. മനുഷ്യന്‍റെ മനസ്സ്​ ഗണിക്കപ്പെടുന്നതേയില്ല''.

ഒരു സംഖ്യയായി, ഒരു വോട്ടായി ചുരുക്കപ്പെടുന്നത്​ സഹിക്കാൻ രോഹിത്​ വെമുലക്ക്​ കഴിയുമായിരുന്നില്ല. വേറിട്ട വ്യക്തിയായി നിങ്ങളെ അംഗീകരിക്കാനുള്ള സമൂഹത്തി​െൻറയും രാഷ്ട്രത്തി​െൻറയും വിസമ്മതം ആത്യന്തികമായ അപമാനമാണ്. അത് രോഹിതിനെ കൊന്നുകളഞ്ഞു. രോഹിതിന്റെ ദുര്യോഗം, അദ്ദേഹത്തി​െൻറ സ്വകീയതയും വ്യക്തിത്വവും നേടിയെടുക്കാനും തിരിച്ചറിയാനും സഹായിച്ചേക്കുമെന്ന് കരുതപ്പെടുന്ന ഒരു ഇടത്തിൽ ഊന്നിപ്പറയപ്പെടുന്നതായി നാം മനസ്സിലാക്കിയില്ല. ഇത് സർവകലാശാലയുടെയും ഭരണകൂടത്തിന്റെയും പരാജയമായിരുന്നു. ആധുനിക ഭരണകൂടങ്ങൾ വ്യക്തികളോട് സംസാരിക്കണം.

2014 ജൂണിൽ മുഹ്​സിൻ ശൈഖ്​ അയാളുടെ മുസ്​ലിം സ്വത്വം എന്ന അമൂർത്തതയിലേക്ക് ചുരുക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. ഒരു വ്യക്തിയായി അംഗീകരിക്കപ്പെട്ടില്ല, മറിച്ച്​ അദ്ദേഹത്തി​െൻറ മുസ്​ലിം എന്ന തൽക്ഷണസ്വത്വം മരണ കാരണമായി. മുഹ്‌സിൻ, അഖ്​ലാഖ്​, പഹ്​ലു, ജുനൈദ് തുടങ്ങി അനേകരുടെ സ്വത്വങ്ങളും ഏകാത്മകമായ ഒരു ഭാരതീയ സ്വത്വം സൃഷ്ടിക്കുന്നതിനുള്ള യുദ്ധത്തിനിടയിൽ യാദൃച്ഛികമായി സംഭവിച്ച നാശനഷ്​ടമായി പിന്നീട്​ പറയപ്പെട്ടു. വ്യക്തികളായി അംഗീകരിക്കപ്പെടാനുള്ള അവകാശം ലഭിക്കണമെങ്കിൽ മുസ്‌ലിം എന്ന സങ്കുചിത സ്വത്വം വെടിഞ്ഞ് ഭാരതീയത എന്ന വിശാല സ്വത്വം (അത്​ ഹിന്ദുത്വമല്ലാതെ മറ്റൊന്നുമല്ല) തേടണമെന്ന്​ മുസ്​ലിംകളോട്​ പറയപ്പെട്ടു, അല്ലാത്തപക്ഷം, അവരെ ​തങ്ങളുടെ തൽക്ഷണസ്വത്വവുമായി ബന്ധിപ്പിക്കുകയും എല്ലാ വ്യക്തിഗത അവകാശങ്ങളും കവർന്നെടുക്കപ്പെടുകയും ചെയ്യും.

അതാണ്​ ഷർജീൽ ഇമാമിനോട്​ പറയപ്പെട്ടത്​. ഒരു വ്യക്​തിയായി പരിണമിക്കാൻ സഹായിക്കപ്പെടുമെന്ന്​ നാം കരുതുന്ന അ​യാളുടെ അറിവും വിദ്യാഭ്യാസവും ഭാരതീയത എന്ന വിശാല സ്വത്വത്തെ നശിപ്പിക്കാനുള്ള ഗൂഢാലോചനയായി ഗണിക്കപ്പെടുകയായിരുന്നു അദ്ദേഹത്തിന്‍റെ കേസിൽ. കശ്​മീരി മാധ്യമ​പ്രവർത്തകൻ സജാദ്​ ഗുലിന്​ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോൾ, വിദ്യാസമ്പന്നനായ ഒരു മുസ്​ലിം, രാജ്യത്തി​െൻറ അഖണ്ഡതക്ക് ഭീഷണിയായേക്കും എന്ന സന്ദേശമാണ്​ നൽകുന്നത്​.

ഒരു എയർഹോസ്റ്റസ്, മാധ്യമപ്രവർത്തക, ഗവേഷക, റേഡിയോ അവതാരക, അഭിനേത്രി ഇവരെല്ലാം പുതുവർഷത്തി​െൻറ ആദ്യ ദിനം ഉറക്കെഴുന്നേറ്റത്​ ബുള്ളി ബായി എന്ന ക്ഷുദ്ര ആപ്പിൽ തങ്ങളെ ഓൺലൈനിൽ ലേലത്തിനു വെച്ചിരിക്കുന്നു എന്ന വാർത്ത കേട്ടാണ്​. ഒരു വ്യക്​തിയെന്നനിലയിൽ അവർക്കുള്ള എല്ലാ മാന്യതകൾക്കുമേലും ഉല്ലംഘനം നടന്നിരിക്കുന്നു. അവരെ ഓരോരുത്തരെയും വേറിട്ട വ്യക്തികളായാണ്, ഇന്ത്യൻ ഭരണഘടന പരിഗണിച്ചിരുന്നത്. എന്നാൽ, പൊടുന്നനെ അവർ മുസ്​ലിം സ്വത്വത്തിലേക്ക് ഒതുക്കപ്പെട്ടു.

അങ്ങനെയങ്ങനെ, വിമോചന ആശയമായി കരുതിയിരുന്ന മഹത്തായ ഇന്ത്യൻ സ്വത്വം ഒരു ജയിലായും വ്യത്യസ്​തതകളെ അരിഞ്ഞുതള്ളുന്ന ഗില്ലറ്റിൻ ബ്ലേഡായും മാറി. വാമനനെ ആഘോഷിക്കാനും മഹാബലിയെ മറക്കാനും ഈ ഇന്ത്യ കേരളത്തോട് പറയുന്നു, രാമനും ബ​ജ്രങ്​ ബാലിക്കും വേണ്ടി ദുർഗയെയും കാളിയെയും ഉപേക്ഷിക്കാൻ ബംഗാളിനോട് പറയുന്നു, മിയ കവികളോട് അവരുടെ നാവറുത്ത്​ അസമീസ് ഭാഷയിൽ സംസാരിക്കാൻ പറയുന്നു, ഉർദു വാക്കുകൾക്കു പകരം ശുദ്ധമായ ഹിന്ദി നൽകണമെന്ന് മധ്യപ്രദേശിലെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നു.

ഈ ഇന്ത്യ ഇന്ന് ഉത്തരം തേടുന്ന ചോദ്യമാണ്​- ''ഭാരത് മാതാ കീ ജയ് വേണോ അതോ അല്ലാഹു അക്ബറോ? '' അതിന് നൂറ്റാണ്ടു പഴക്കമുള്ള ഗാന്ധിജിയുടെ പ്രതികരണമുണ്ട്: നിങ്ങൾ അല്ലാഹു അക്ബർ ദേശീയ മുദ്രാവാക്യമാക്കാത്തത് എന്ത്​ എന്ന്!

ഇന്ത്യ എവിടേക്കാണ്​ പോകുന്നത്​? ഇന്ത്യ എന്നാൽ സാഹസികയാത്രയിൽ പങ്കെടുക്കാനുള്ള ക്ഷണമായിരുന്നു.​ ഇപ്പോൾ അതൊരു ഭീഷണിയുടെ സ്വഭാവമാർജിച്ചിരിക്കുന്നു. നമുക്ക് വഴി തെറ്റിയിരിക്കുന്നു. ഈ റിപ്പബ്ലിക് ദിനത്തിൽ മൂവർണക്കൊടി വാനിൽ വിടരുന്നതും ദേശീയ ഗാനം ആലപിക്കുന്നതും കാണുമ്പോൾ, യുവസുഹൃത്ത് അലി ഷാൻ ജാഫ്രിയുടെ വാക്കുകൾ ഞാൻ ഓർക്കുന്നു, "ദേശീയ ഗാനം എന്നും എനിക്ക് ആവേശം പകർന്നിരുന്നു. പക്ഷേ, പൊലീസുകാർ ദേശീയഗാനം ആലപിക്കാൻ നിർബന്ധിച്ചശേഷം ഫൈസാനെയും ചങ്ങാതിമാരെയും കൊലപ്പെടുത്തുന്നത് കണ്ടതിൽപിന്നെ ആ ആവേശം എന്നിൽ നിലച്ചുപോയിരിക്കുന്നു. ഇന്നിപ്പോൾ ദേശീയഗാനം കേൾക്കുമ്പോഴെല്ലാം, നിരപരാധിയായ ഫൈസാ​െൻറ രക്തം, അവ​െൻറ തകർന്നുപോയ കുടുംബം, നിയമം രോമത്തിൽ തൊടാതെ നിലകൊള്ളുന്ന യൂനിഫോമണിഞ്ഞ കൊലപാതകികൾ, ഒരു പക്ഷേ ലോക്കപ്പിൽ എ​െൻറ രാജ്യസ്‌നേഹം പരീക്ഷിക്കപ്പെടുന്നത്​-ഇതൊക്കെയാണ് മനസ്സിൽ വരുന്നത്​.

അപ്പോൾ, നമ്മുടെ ഭരണഘടന നമുക്കായി തുറന്നിട്ട പാതയിലേക്ക് എങ്ങനെ മടങ്ങാം? സ്വാതന്ത്ര്യം, നീതി, സമത്വം, സാഹോദര്യം എന്നിവയുടെ ധാർമികമൂല്യങ്ങളില്ലാതെ എങ്ങനെ നമുക്ക്​ അതിനു​ കഴിയും?

ഡൽഹി സർവകലാശാല ഹിന്ദി വിഭാഗം അധ്യാപകനും സജീവ പൗരാവകാശ പ്രവർത്തകനുമാണ്​ ലേഖകൻ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.