ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഇന്ത്യയിൽ ചെലവഴിച്ച ആറുദിവസം ആർ.എസ്.എസ് കേന്ദ്രങ്ങളിൽ പെരുന്നാളായിരുന്നു. മോദി–ബിബി മധുവിധു 70 വർഷം കാത്തിരുന്ന അനർഘ നിമിഷങ്ങളായി അവർ കൊണ്ടാടിയത് ഹിന്ദുത്വയുടെ പ്രത്യയശാസ്ത്ര വിജയമായിട്ടായിരുന്നു. ആർ.എസ്.എസ് മുൻ ദേശീയ വക്താവും നിലവിൽ ബി.ജെ.പി ജന. സെക്രട്ടറിമാരിൽ ഒരാളുമായ രാം മാധവ് ഇന്ത്യ–ഇസ്രായേൽ നയതന്ത്രബന്ധം പൂത്തുലയുന്നത് കണ്ട് ആഹ്ലാദം പങ്കിട്ടതിങ്ങനെ: ‘‘സ്വാഭാവിക സുഹൃത്തുക്കളാക്കുന്ന നിരവധി ഘടകങ്ങൾ ഇന്ത്യക്കും ഇസ്രായേലിനും പൊതുവായുണ്ട്. രണ്ടും ബ്രിട്ടീഷ് കോളനികളായിരുന്നു. ഇരുരാജ്യങ്ങൾക്കും സ്വാതന്ത്ര്യലബ്ധിക്കുശേഷം ആഭ്യന്തരകലാപത്തിനു സമാനമായ അവസ്ഥ നേരിടേണ്ടിവന്നു–ഇസ്രായേലിന് ഫലസ്തീനുമായും ഇന്ത്യക്ക് പാകിസ്താനുമായും. ജനാധിപത്യവിരുദ്ധമായ പരിസരത്ത് രണ്ടുരാജ്യങ്ങളും ജനാധിപത്യശക്തിയായി ഉയർന്നു. ഇരുരാജ്യങ്ങളും ഇസ്ലാമിക ഭീകരവാദത്തിെൻറ നിരന്തര ഇരകളാണുതാനും’’.
ഇന്ത്യ–ഇസ്രായേലി ചങ്ങാത്തം രണ്ടു രാഷ്ട്ര്ങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തിനപ്പുറം ആദർശപരമായ മാനങ്ങളുൾക്കൊള്ളുന്നതാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമത്തിനിടയിൽ ആർ.എസ്.എസ് നേതാവ് ചരിത്രത്തെയും വസ്തുതകളെയും എത്ര ഹീനമായാണ് വക്രീകരിക്കുന്നത്? എപ്പോഴാണ് ഇസ്രായേൽ ബ്രിട്ടീഷ് കോളനിയായത്? ബ്രിട്ടീഷ് കൊളോണിയലിസത്തിെൻറ ജാരസന്തതിയായാണ് സയണിസ്റ്റ് രാഷ്ട്രം എന്ന് ആർക്കാണറിഞ്ഞുകൂടാത്തത്? അതുകൊണ്ടല്ലേ ഗാന്ധിജിയും നെഹ്റുവുമടക്കമുള്ള ആദർശപ്രതിബദ്ധതയുള്ള നമ്മുടെ ദേശീയ നേതൃത്വം സയണിസ്റ്റ് രാഷ്ട്രത്തെ അംഗീകരിക്കാൻ തയാറാവാതിരുന്നത്. 1992വരെ ജൂതരാഷ്ട്രവുമായി നയതന്ത്രബന്ധം ഉണ്ടാക്കാൻ കൂട്ടാക്കാതിരുന്ന ഇന്ത്യ സയണിസ്റ്റ് അധിനിവേശത്തിനെതിരെ ഫലസ്തീനികൾക്ക് ധാർമികവും രാഷ്ട്രീയവുമായ പിന്തുണ വാരിക്കോരി നൽകി. എല്ലാതരം കൊളോണിയൽ അധിനിവേശങ്ങൾെക്ക്തിരെയും പോരാടാൻ അധിനിവിഷ്ട ഭൂപ്രദേശത്തെ ജനങ്ങൾക്ക് പരമാധികാരമുണ്ടെന്ന 1960ലെ യു.എൻ പ്രമേയത്തിനു പിന്നിലെ ചാലകശക്തിയായി ഇന്ത്യ നിലകൊണ്ട ചരിത്രം മറക്കേണ്ടത് സയണിസ്റ്റ് പാദസേവ നടത്താൻ രാംമാധവന്മാരുടെ ആവശ്യമാണ്. ഇന്ത്യയുടെയും ഫലസ്തീെൻറയും പതാകകൾ കൂട്ടിക്കെട്ടി ‘ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം’ എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റൽ സ്റ്റാമ്പ് നാം പുറത്തിറക്കിയത് സയണിസ്റ്റ് രാജ്യത്തോടുള്ള അടങ്ങാത്ത രോഷം പ്രകടിപ്പിക്കാനായിരുന്നു. ഐക്യരാഷ്ട്രസഭയിൽ ഇസ്രായേലിന് അംഗത്വം നൽകരുതെന്ന് ഇന്ത്യ ശക്തമായി വാദിച്ചത് തത്ത്വാധിഷ്ഠിതമായ ഒരു നിലപാടുതറയിൽനിന്നുകൊണ്ടായിരുന്നു.
‘ഗ്ലോബൽസൗത്തിെൻറ’ വേറിട്ട ശബ്ദം അന്ന് ലോകം ശ്രവിച്ചത് നെഹ്റുവിലൂടെയാണ്. ഫലസ്തീൻ വിമോചന പ്രസ്ഥാനത്തിെൻറ ഓഫിസ് ആദ്യമായി തുറന്ന മഹാനഗരങ്ങളിലൊന്ന് ഡൽഹിയാണ്. പി.എൽ.ഒ നേതാവ് യാസിർ അറഫാത്തിെൻറ കരങ്ങൾക്ക് ശക്തിപകരാൻ എന്നും മുൻപന്തിയിലുണ്ടായിരുന്നു ഗാന്ധിജിയുടെ നാട്. അങ്ങനെയാണ് അന്താരാഷ്ട്രധാരണക്കുള്ള ഇന്ദിര ഗാന്ധി പുരസ്കാരം നൽകി അറഫാത്തിനെ നാം ആദരിക്കുന്നത്. തെൻറ രണ്ടാം ഭവനമായാണ് അറഫാത്ത് ഇന്ത്യയെ കണ്ടിരുന്നത്. പക്ഷേ, തെൽഅവീവിെൻറ മുന്നിൽ 1992ൽ പി.വി. നരസിംഹറാവു നയതന്ത്രകവാടങ്ങൾ മലർക്കെ തുറന്നുവെച്ചതോടെ, നല്ലൊരു ഭൂതകാലത്തെ മാത്രമല്ല, വർത്തമാനകാല ചിന്താഗതിയെപോലും ആ നടപടി പാപപങ്കിലമാക്കി. അതുകൊണ്ടല്ലേ, ബിന്യമിൻ നെതന്യാഹു മഹാത്മജിയുടെ പാദസ്പർശമേറ്റ് പുളകിതമായ സബർമതിയിൽ കടന്ന്, ഒരു രാജ്യത്തിെൻറ ഭാഗധേയം നൂറ്റ ചർക്ക തിരിച്ച് ഒരു മഹത്തായ പൈതൃകത്തെ അപമാനിച്ചപ്പോൾപോലും ഒരൊറ്റ കോൺഗ്രസുകാരെൻറയും നാവനങ്ങാതെ പോയത്! എത്ര ഗാലൻ ഗോമൂത്രം കൊണ്ട് കഴുകിയാലും സബർമതിയുടെ മണ്ണ് ശുദ്ധിയാക്കാനാവില്ലെന്ന് മോദിയോട് മുഖത്തുനോക്കി പറയാൻ ഗാന്ധിയൻ ഓർമകളെ ആദരിക്കുന്ന ഒരാൺകുട്ടിയും ആ പാർട്ടിയിൽ ഇല്ലാതെപോയി.
കൊട്ടിഗ്ഘോഷിച്ച ‘ആശയപ്പൊരുത്തം’
നെതന്യാഹുവിെൻറ ഇന്ത്യസന്ദർശനത്തെ പരാമർശിക്കുന്നിടത്ത് രാംമാധവിനെ പോലുള്ള സംഘ് ബുദ്ധിജീവികളും തീവ്രവലതു നിരീക്ഷകരും ചൂണ്ടിക്കാട്ടിയ ഒരു സംഗതി, ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രത്യയശാസ്ത്ര പൊരുത്തമാണ് ( "Ideological affinity’’). വ്യാജസിദ്ധാന്തമാണിത്. ജൂതജനവിഭാഗത്തിന് ഭൂതലത്തിലെവിടെയെങ്കിലും പരമാധികാരമുള്ള ഒരു രാജ്യം എന്ന സയണിസ്റ്റ് സ്ഥാപകൻ തിയോഡർ ഹെർസലിെൻറ സ്വപ്നപദ്ധതിയാണ് കൊളോണിയൽ ശക്തികൾ ബാൽഫർ പ്രഖ്യാപനത്തിലൂടെ നടപ്പാക്കിയതും ഫലസ്തീൻ മണ്ണിൽനിന്ന് തദ്ദേശീയരായ അറബ് ജനതയെ ആട്ടിയോടിച്ചതും. ഓട്ടോമൻ സാമ്രാജ്യത്തിെൻറ അധീനതയിലുള്ള ഭൂപ്രദേശം സൈനിക കരുത്തുകൊണ്ട് പിടിച്ചെടുത്ത് ചരിത്രംകണ്ട ഏറ്റവും ക്രൂരമായ വംശവിച്ഛേദന പ്രക്രിയയിലൂടെ എവിടെന്നൊെക്കയോ ഒഴുകിയെത്തിയ യഹൂദസമൂഹത്തിന് മതത്തിെൻറ സങ്കുചിത ബോധത്തിൽ, വഞ്ചനയിലൂടെ നേടിയെടുത്ത ഇസ്രായേലിന് ഇന്ത്യയുമായി ഒരിക്കലും പ്രത്യയശാസ്ത്ര ബന്ധുത്വം അവകാശപ്പെടാനാവില്ല. സയണിസ്റ്റ് കാഴ്ചപ്പാടിൽ ഫലസ്തീെൻറ യഥാർഥ മക്കൾ രണ്ടാംകിട പൗരന്മാരാണ്. വാഗ്ദത്തഭൂമി എന്ന മിത്തിൽ കടിച്ചുതൂങ്ങി ചരിത്രത്തെയും മൂല്യവിചാരങ്ങളെയും കുഴിച്ചുമൂടിയ ഒരു രാജ്യവുമായി സാംസ്കാരിക വൈവിധ്യങ്ങളെ ഉയർത്തിപ്പിടിക്കുകയും മാനവികതയെ ആദരിക്കുകയും ചെയ്യുന്ന ഇന്ത്യ പോലെരു രാജ്യത്തിന് എങ്ങനെ മാനസികൈക്യത്തിലെത്താനാവും? ഇവിടെയാണ് വർഗീയഫാഷിസത്തിൽ വിശ്വസിക്കുന്ന ഹിന്ദുത്വയും സങ്കുചിത ദേശീയതയുടെമേൽ പടുത്തുയർത്തിയ സയണിസവും തമ്മിൽ പരിണയത്തിലേർപ്പെടുന്നത്. ചേരേണ്ടത് തമ്മിൽ തന്നെയാണ് ചേർന്നിരിക്കുന്നത്. ഇരുരാജ്യങ്ങളും ഇസ്ലാമിക ഭീകരവാദത്തിെൻറ നിരന്തര ഇരകളാണെന്ന് സിദ്ധാന്തിച്ച് ആശയപ്പൊരുത്തത്തിെൻറ തുരുത്ത് പണിയാൻ ആർ.എസ്.എസ് സൃഗാലബുദ്ധികൾ മെനക്കെടുന്നതിലെ ഭോഷത്തം എടുത്തുകാട്ടേണ്ടതുണ്ട്.
ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം പിറന്നമണ്ണിൽ പിടിച്ചുനിൽക്കാൻ അടിമുടി ആയുധവിഭൂഷിതരായ സയണിസ്റ്റ് പടയോട് കവണക്കല്ലുകൊണ്ട് അടരാടുന്ന ഫലസ്തീനികളാണ് ഇസ്ലാമിക ഭീകരർ. രാഷ്ട്രാന്തരീയ നിയമങ്ങൾ ഉല്ലംഘിച്ച് ഫലസ്തീനികളുടെ മണ്ണും വിണ്ണും പിടിച്ചെടുക്കുന്ന കാപാലികതയെ വെറുക്കുന്ന ലോകത്തെ ഇവർ കാണുന്നില്ല. വെള്ളംചേർക്കാത്ത ഇസ്ലാമികവിരോധമാണ് ഹിന്ദുത്വയെ സയണിസത്തോടും ലിക്കുഡ് എന്ന തീവ്രവലതുപക്ഷ പാർട്ടിയുടെ നേതാവ് ബിന്യമിൻ നെതന്യാഹുവിനോടും അടുപ്പിക്കുന്നത്. അതുകൊണ്ടാണ് ഡൽഹി സന്ദർശനത്തിനിടയിൽ റെയ്സിന ഡയലോഗ് കോൺഫറൻസിൽ ‘റാഡിക്കൽ ഇസ്ലാമിനെ ‘കുറിച്ച് രോഷം കൊള്ളാൻ അദ്ദേഹത്തിന് ധൈര്യംവന്നത്. ഇന്ത്യയും ഇസ്രായേലും കൈകോർത്താൽ ഈ ‘വെല്ലുവിളിയെ’ നേരിടാം എന്ന് തട്ടിവിട്ടു എന്നുമാത്രമല്ല, ആയുധമുഷ്ക്കിെൻറ മഹത്ത്വത്തെ കുറിച്ചാണ് മോദിയെ സയണിസ്റ്റ് നേതാവ് ഓർമപ്പെടുത്തിയത്. ‘ദുർബലർ അതിജീവിക്കില്ല. ശക്തർ അതിജീവിക്കും. കരുത്തരുമായാണ് നിങ്ങൾ സമാധാനത്തിലേർപ്പെടുന്നതും സഖ്യമുണ്ടാക്കുന്നതും. നിങ്ങൾ ഇസ്രായേലിൽ വിശ്വസിക്കുന്നതുപോലെ ഞങ്ങൾ ഇന്ത്യയിൽ വിശ്വസിക്കുന്നു. ദൈവം തമ്പുരാൻ ഇന്ത്യ–ഇസ്രായേലി സഖ്യത്തെ അനുഗ്രഹിക്കട്ടെ’. എന്തിന്? ഫലസ്തീനികളെ കൊന്നൊടുക്കാനും അന്താരാഷ്ട്രനിയമങ്ങൾ കാറ്റിൽപറത്താനും കൊടുംവഞ്ചനയിലൂടെ ലോകമൊട്ടുക്കും കാലുഷ്യം വിതക്കാനും അല്ലാതെ മറ്റെന്തിന്?
ഭീകരതയുടെ മറവിൽ വാഷിങ്ടൺ–തെൽഅവീവ് –ന്യൂഡൽഹി കൂട്ടുകെട്ട് എന്ന ‘ശത്രുനിഗ്രഹണ’ സ്വപ്നപദ്ധതികൾ ആസൂത്രണംചെയ്യുന്ന സയണിസ്റ്റ്, ഹിന്ദുത്വ, ഇവാഞ്ചലിസ്റ്റ് ‘മനീഷികൾ’ മനസ്സിലാക്കേണ്ട ഒരു അടിസ്ഥാന വസ്തുതയെ കുറിച്ച് ഇസ്രായേലിലെ പ്രമുഖ പത്രമായ ‘ഹാരറ്റ്സ്’ നൽകുന്ന ഒരു മുന്നറിയിപ്പുണ്ട്. വേൾഡ് ടെററിസം ഇൻഡെക്സിൽ ഇന്ത്യയുടെ സ്ഥാനം വളരെ താഴെയാണ്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ മുസ്ലിംസമൂഹം അധിവസിക്കുന്ന ഈ നാട്ടിൽനിന്ന് ഇതുവരെ നൂറുപേർ ഐ.എസിൽ ചേർന്നതായി പറയാനാവില്ല. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീകരവാദം മാവോയിസ്റ്റുകളിൽനിന്നും നക്സലൈറ്റുകളിൽനിന്നുമാണ്. മറിച്ചുള്ള എല്ലാ പ്രചാരണങ്ങളും മോദിസർക്കാർ ചുമതലയേൽപിച്ച മുറക്ക് രഹസ്യാന്വേഷണ ഏജൻസികൾ ചുട്ടെടുക്കുന്ന തിയറികളാണ്. ആർ.എസ്.എസാണ് അതിെൻറ പ്രായോജകർ. ഇസ്രായേലുമായി റാവുസർക്കാർ നയതന്ത്രബന്ധം സ്ഥാപിച്ചതിൽപിന്നെ സയണിസ്റ്റ് രഹസ്യാന്വേഷണ ഏജൻസി നമ്മുടെ രാജ്യത്തും സ്വൈരവിഹാരം നടത്തുന്നുണ്ട്. രാജ്യത്തെ ശിഥിലമാക്കാനും മതസമൂഹങ്ങൾ തമ്മിൽ അകൽച്ച സൃഷ്ടിക്കാനും ഏതു കുത്സിത പദ്ധതികളും ആവിഷ്കരിച്ചുനടപ്പാക്കാൻ കെൽപുള്ള അങ്ങേയറ്റം അപകടകാരികളാണിവർ. ഇസ്രായേൽ ഇന്ത്യയിൽ കാണിക്കുന്ന താൽപര്യം ഹിന്ദുത്വവർഗീയത വളക്കൂറുള്ള മണ്ണാണെന്ന് മനസ്സിലാക്കിയാണ്. ഇസ്രായേലിെൻറ ആയുധം വിറ്റഴിക്കാനുള്ള നല്ല വിപണിയായാണ് ഇന്ത്യയെ നെതന്യാഹുവും കുട്ടരും കാണുന്നത്. 1997ൽ അന്നത്തെ ഇസ്രായേൽ പ്രസിഡൻറ് ഇസർ വീസ്മാൻ ഇന്ത്യ വന്നു കണ്ടപ്പോൾ ഇന്നാടിെൻറ ഹൃദയധമനികളിലൂടെ ബഹുസ്വരതയുടെ രക്തചംക്രമണം നിലച്ചിരുന്നില്ല. 2003ൽ പ്രധാനമന്ത്രി ഏരിയൽ ഷാരോൺ ഇവിടെ എത്തിയപ്പോഴും അറച്ചറച്ചാണ് ബി.ജെ.പി മന്ത്രിമാർപോലും സയണിസ്റ്റുകളെ ഹസ്തദാനം ചെയ്തത്. 2015ൽ ഇന്ത്യൻ രാഷ്ട്രപതി ആദ്യമായി ഇസ്രായേൽ സന്ദർശിച്ചപ്പോൾ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ഉപരിതല സ്പർശിയായ ആലിംഗനമായേ ലോകം കണ്ടിരുന്നുള്ളൂ.
എന്നാൽ, 2017ൽ നരേന്ദ്ര മോദി തെൽഅവീവിൽചെന്ന് സ്വർഗത്തിൽ നിശ്ചയിച്ച കല്യാണം പൂർത്തിയാക്കിയപ്പോഴാണ് നരകവാതിലുകൾ പലതും തുറന്നിടാൻ തുടങ്ങിയത്. ദ്വിരാഷ്ട്ര ഫോർമുലതന്നെ ചവറ്റുകൊട്ടയിൽ തള്ളി, ജറൂസലം ബലമായി പിടിച്ചെടുത്ത് ഫലസ്തീൻ രാഷ്ട്രം എന്ന സ്വപ്നംതന്നെ കുഴിച്ചുമൂടിയ ഒരു നിർണായക സന്ധിയിൽ ഗാന്ധിജിയുടെ ഇന്ത്യയിലേക്ക് കടന്നുവരാൻ നെതന്യാഹുവിന് ധൈര്യമുണ്ടായത് അധികാരം ആർ.എസ്.എസിെൻറ കരവലയത്തിലാണെന്നും നരേന്ദ്ര മോദിക്കും തനിക്കും ഇടയിലെ രസതന്ത്രം ഏതു മൂല്യങ്ങളെയും ബാഷ്പീകരിച്ചുകളയുന്നതാണെന്നും തിരിച്ചറിഞ്ഞാവണം. ഹിന്ദുത്വയെയും സയണിസത്തെയും കൂട്ടിയിണക്കാൻ കൈയിലുള്ള മുഴുവൻ ഗിമ്മിക്കുകളും ഇരുകൂട്ടരും പുറത്തെടുത്തപ്പോൾ ബേബി മോഷെ എന്ന 11കാരനെ ഒരു ചിഹ്നമായി കൊണ്ടുനടന്നത് രാഷ്ട്രാന്തരീയ തലത്തിൽതന്നെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി. മുംബൈ ഭീകരാക്രമണത്തിനിടയിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ഈ കുട്ടിയെ യാഥാസ്ഥിതിക ചവാദ് വിഭാഗത്തിെൻറ ആസ്ഥാനത്ത് കൊണ്ടുവന്ന് മാധ്യമങ്ങളുടെ മുന്നിൽ ഇരുനേതാക്കൾക്കൊപ്പം നിർത്തി പടങ്ങളെടുത്ത നടപടി വില കുറഞ്ഞ പ്രചാരണമായാണ് വിലയിരുത്തപ്പെട്ടത്.
26/11 െൻറ ഓർമകളെ തിരിച്ചുകൊണ്ടുവന്ന് പൊതുശത്രുവിനെ അടയാളപ്പെടുത്തുമ്പോൾ, ഫലസ്തീൻ അഭയാർഥി തമ്പുകളിലും ഇസ്രായേലി ജയിലുകളിലും ഇരുളുറഞ്ഞ ഭാവിക്കു മുന്നിൽ നരകജീവിതം നയിക്കുന്ന പതിനായിരക്കണക്കിന് ഫലസ്തീൻ മോഷെമാരെ സൃഷ്ടിച്ച സയണിസ്റ്റ് ഭീകരതയെ ലോകം വിസ്മരിച്ചോളും എന്നു കരുതുന്നത് ശുദ്ധമണ്ടത്തമാണെന്ന് ഹിന്ദുത്വ മനീഷികൾ മനസ്സിലാക്കിയാൽ അവർക്കു നല്ലത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.