മലയാള സിനിമാ ലോകത്തെ പൊതുസ്വീകാര്യനായിരുന്നു ഇന്നസെന്റ്. ഇൻഡസ്ട്രിയിൽ ഉണ്ടെന്ന് പറയപ്പെട്ടിരുന്ന പക്ഷങ്ങൾക്കൊന്നിനും അദ്ദേഹത്തോട് ദേഷ്യമുണ്ടായിരുന്നില്ല. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടന (AMMA)യുടെ പ്രസിഡന്റ് സ്ഥാനത്ത് 2000 മുതൽ 2018 വരെ തുടർച്ചയായി ആറുതവണ അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പാർലമെന്റ് അംഗമായിരുന്നപ്പോഴും സംഘടന പ്രസിഡന്റായി തുടർന്ന അദ്ദേഹം ആരോഗ്യ കാരണങ്ങളാലാണ് ഒഴിഞ്ഞത്.
വിനയനുമായുള്ള പ്രശ്നം, തിലകനെയും പൃഥ്വിരാജിനേയും അടക്കം നടീനടന്മാരെ വിലക്കിയെന്ന ആക്ഷേപം തുടങ്ങി സംഘർഷാവസ്ഥയിലൂടെ സംഘടന കടന്നുപോയിട്ടുണ്ട്. അപ്പോഴെല്ലാം സംഘടനയുടെ കെട്ടുറപ്പിനെ ബാധിക്കാതിരിക്കാൻ ഇന്നസെന്റിന്റെ നേതൃപാടവം ഉപകരിച്ചിട്ടുണ്ട്. സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയുമായും തിയറ്റർ ഉടമകളുമായും ഉണ്ടായ തർക്കങ്ങൾ പറഞ്ഞുതീർക്കുന്നതിൽ പ്രസിഡന്റ് മുന്നിലുണ്ടായിരുന്നു.
മുതിർന്ന അംഗങ്ങൾക്ക് ‘കൈനീട്ടം’ ഉൾപ്പെടെ ക്ഷേമപദ്ധതികൾ അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ നടപ്പാക്കി. സംഘടനയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ താരനിശകളും ടെലിവിഷൻ ഷോകളും സംഘടിപ്പിച്ചു. ‘അമ്മ’യുടെ ആഭിമുഖ്യത്തിൽ ട്വന്റി 20 എന്ന ബിഗ് ബജറ്റ് സിനിമയും നിർമിച്ചു. മിക്കവാറും താരങ്ങളെ ഉൾപ്പെടുത്തി നിർമിച്ച സിനിമയിൽ താരങ്ങളുടെ ഫാൻസി ഡ്രസ് ഷോ പ്രതീക്ഷിച്ചെത്തിയവരെ അത്ഭുതപ്പെടുത്തി കെട്ടുറപ്പുള്ള തിരക്കഥയിൽ തയാറാക്കിയ നല്ലൊരു വാണിജ്യ സിനിമയായിരുന്നു ഇത്. കാരണവരുടെ റോളിൽ അരങ്ങിലും അണിയറയിലും ഇന്നസെന്റ് ഉണ്ടായിരുന്നു.
ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റ് ഹൈസ്കൂള്‍, നാഷനല്‍ ഹൈസ്കൂള്‍, ഡോണ്‍ ബോസ്കോ എസ്.എന്‍.എച്ച് സ്കൂള്‍ എന്നിവിടങ്ങളില്‍ എട്ടാം ക്ലാസ് വരെ പഠിച്ച ശേഷം പല ജോലികൾ മാറി മാറി ചെയ്ത ഇന്നസെന്റ് കഷ്ടപ്പെട്ടുതന്നെയാണ് സിനിമയിൽ സ്ഥിരം ഇടംഉറപ്പിച്ചത്. ഇടതു പശ്ചാത്തലമുള്ള കുടുംബത്തിൽ ജനിച്ച അദ്ദേഹം 1979ൽ ഇരിങ്ങാലക്കുടയിൽ മുനിസിപ്പൽ കൗൺസിലറായിട്ടുണ്ട്. പ്രാദേശികതലത്തിൽ രാഷ്ട്രീയ രംഗത്ത് പ്രവർത്തിച്ചത് അദ്ദേഹത്തിലെ നേതാവിനെ രൂപപ്പെടുത്താൻ സഹായിച്ചു.
ഇതുകൂടി പരിഗണിച്ചാണ് ഇടതുമുന്നണി ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ 2014ൽ മത്സരിപ്പിച്ചത്. സിനിമ തിരക്കുകൾക്കിടയിൽ ഇന്നസെന്റ് എന്തുചെയ്യാനാണ് എന്ന് പറഞ്ഞിരുന്നവരെ ഞെട്ടിച്ച് ഏറ്റവും കൂടുതൽ ഫണ്ട് ചെലവഴിച്ച എം.പിമാരിലൊരാൾ അദ്ദേഹമായിരുന്നു. അർബുദരോഗിയായിരുന്ന അദ്ദേഹം കാൻസർ രോഗികളുടെ പ്രശ്നങ്ങളും പാലിയേറ്റിവ് പരിചരണത്തിന്റെ പ്രാധാന്യവും പാർലമെന്റിൽ അവതരിപ്പിച്ചത് ശ്രദ്ധനേടിയിരുന്നു.
പാർലമെന്റിൽ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് സ്റ്റാൻഡിങ് കമ്മിറ്റി അംഗം, പേഴ്സനൽ, പബ്ലിക് ഗ്രീവൻസസ്, ലോ ആൻഡ് ജസ്റ്റിസ് സ്റ്റാൻഡിങ് കമ്മിറ്റിയംഗം, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയ കൺസൾട്ടേറ്റിവ് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. മഴക്കണ്ണാടി (കഥകള്‍), ഞാന്‍ ഇന്നസെന്റ് (സ്മരണകൾ), ചിരിക്കുപിന്നിൽ (ആത്മകഥ) എന്നീ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.