ആധുനിക സമൂഹത്തിെൻറ ജീവിതം അടിമുടി മാറ്റിമറിച്ച കോവിഡ് മഹാമാരിയുടെ പുതിയ വകഭേദം ഭീഷണിയുയർത്തി നമ്മുടെ നാട്ടിലേക്കും കടന്നുവന്നെന്ന വാർത്തകൾക്കിടയിലാണ് ഈ വർഷം നാം ലോകഭിന്നശേഷിദിനം ആചരിക്കുന്നത്. ഭിന്നശേഷി സമൂഹത്തിെൻറ വിഭിന്ന കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും പ്രചോദനവും കരുതലും നൽകാനും ദൃഢപ്രതിജ്ഞയെടുക്കേണ്ട ദിനമാണിന്ന്. ശാരീരിക-മാനസിക-കാഴ്ച-ശ്രവണ വെല്ലുവിളികൾ നേരിടുന്നവരെയാണ് പൊതുവെ ഭിന്നശേഷിക്കാരെന്ന് വിശേഷിപ്പിക്കാറുള്ളത്. സെറിബൽ പാഴ്സി, പഠനവൈകല്യങ്ങൾ എന്നിവ ഉള്ളവരെയും ഈ ഗണത്തിൽപ്പെടുത്തുന്നു.
കൊറോണ വ്യാപനം ഭിന്നശേഷിക്കാരുടെയും ജീവിതം ഏറെ ദുഷ്കരമാക്കി. സ്വയം തൊഴിലിൽ ഏർപ്പെട്ടിരുന്ന പലരും തൊഴിൽ ചെയ്യാനാവാതെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായി. തൊഴിൽശാലകൾ അടഞ്ഞുകിടന്നതിനാൽ അങ്ങനെയും കുറെ പേർക്ക് തൊഴിൽ നഷ്ടമുണ്ടായി. കോവിഡ് ബാധിച്ച ഭിന്നശേഷിക്കാരുടെ ചികിത്സയും പ്രശ്നസങ്കീർണമായിരുന്നു. പലർക്കും ജീവൻ നഷ്ടമായി. എന്നാൽ, ഏറ്റവുമധികം വേദന അനുഭവിക്കേണ്ടി വന്നത് ഭിന്നശേഷിക്കാരായ വിദ്യാർഥികളാണ്.
സ്കൂൾ-കലാലയ അന്തരീക്ഷത്തിലെ പഠനങ്ങളും ഒത്തുചേരലുകളും, കല-കായിക-ശാസ്ത്ര- പ്രവൃത്തിപരിചയ മേളകളിലും മറ്റുമുള്ള പങ്കാളിത്തവും ആ വിദ്യാർഥികളുടെ വ്യക്തിത്വവികാസത്തിനും മാനസിക വളർച്ചക്കും വലിയ പങ്കാണ് വഹിച്ചുവന്നിരുന്നത്. മറ്റുള്ളവരുമായി ഇടപഴകുന്നതിലൂടെയും സമാനതയുള്ളവരുമായി ഒത്തുചേരുന്നതിലൂടെയും ഭിന്നശേഷിക്കാർക്ക് ആശയവിനിമയ സാധ്യതയും വിജ്ഞാന വിനിമയവും സാധ്യമാക്കിയിരുന്നു. എന്നാൽ, സംസ്ഥാനത്ത് വിദ്യാലയങ്ങൾ അടഞ്ഞുകിടന്നതിനാൽ ഇത്തരം സാഹചര്യങ്ങൾ ലഭ്യമല്ലാതായി. ഭക്ഷണ അലവൻസും മറ്റ് ഗ്രാൻറുകളും മുടങ്ങി. വീടുകളിൽ ഒതുങ്ങിക്കൂടികഴിയേണ്ടിവരുന്നത് കുട്ടിയുടെ വ്യക്തിത്വവികാസത്തെയും സാമൂഹിക പ്രതിബദ്ധതയേയും ദോഷകരമായി ബാധിക്കുമെന്നു തീർച്ച. സാധാരണ സ്കൂളുകളിലെ കുട്ടികൾക്ക് വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകൾ ലഭ്യമാക്കുന്നുണ്ടെങ്കിലും ഭിന്നശേഷിക്കാർക്ക് ലഭ്യമല്ല. എന്നാൽ, രക്ഷിതാക്കളുടെയും അധ്യാപകരുടെയും കുട്ടികളുടെയും കൂട്ടായ പ്രവർത്തന ഫലമായി ഈ മക്കൾ പൊതുപരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ചുവെന്നത് അഭിമാനകരമാണ്. ഇക്കാലയളവിൽ എയ്ഡഡ് സ്കൂൾ നിയമനത്തിൽ ഭിന്നശേഷിക്കാർക്ക് നാലു ശതമാനം സംവരണം ഏർപ്പെടുത്തിയെന്നതാണ് മറ്റൊരു സമാശ്വാസ വാർത്ത.
ഈ അധ്യയന വർഷം നവംബർ ഒന്നു മുതൽ സ്പെഷൽ സ്കൂളുകൾ തുറക്കാൻ അനുമതിയുണ്ടെങ്കിലും ഹോസ്റ്റൽ തുറക്കാൻ അനുമതിയില്ലാത്തതിനാൽ വിദൂര സ്ഥലങ്ങളിൽ നിന്നെത്തേണ്ട ഭൂരിഭാഗം കുട്ടികളുടെയും പഠനം വഴിമുട്ടുന്നു.
എല്ലാ വർഷവും ഡിസംബർ മൂന്നിന് സർക്കാർ സാമൂഹിക നീതിവകുപ്പിെൻറ ആഭിമുഖ്യത്തിൽ എല്ലാ ജില്ലകളിലും ഭിന്നശേഷിക്കാരുടെ മാനസികോല്ലാസത്തിനും പ്രോത്സാഹനത്തിനുമായി സംഗമങ്ങൾ ഒരുക്കാറുണ്ട്. ഇക്കുറി ഓൺലൈനായാണ് കൂട്ടായ്മയും മത്സരങ്ങളുമെല്ലാം. ഏറെ വൈകാതെ മഹാമാരിയുടെ പിടിയിൽനിന്ന് ലോകം മുക്തമാകുമെന്നും വരും വർഷം ഭിന്നശേഷി സമൂഹത്തിന് ആവശ്യകരമായ സൗകര്യങ്ങളൊരുക്കി നൽകാൻ പൊതുസമൂഹത്തിന് കഴിയട്ടെ എന്നും പ്രതീക്ഷിക്കാം.
ഒരു കാര്യം ഓർമിപ്പിക്കാനുള്ളത്, ഭിന്നശേഷി സമൂഹത്തിന് ആവശ്യം ആരുടെയെങ്കിലും സഹതാപമോ ഔദാര്യങ്ങളോ അല്ല. അവർ വിചാരവും വികാരങ്ങളും വിവിധങ്ങളായ കഴിവുകളുമുള്ള മനുഷ്യരാണ് എന്ന് പൊതുസമൂഹം തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. സാധാരണ വ്യക്തികൾ നേരിടുന്നതിെൻറ എത്രയോ ഇരട്ടി വെല്ലുവിളികളാണ് അവർ ശാരീരികവും സാമൂഹികവുമായി നേരിടേണ്ടി വരുന്നത് എന്ന് തിരിച്ചറിയുക. അതിനോടെല്ലാം പടവെട്ടി അവർ മുന്നോട്ടു കുതിക്കാൻ ശ്രമിക്കുേമ്പാൾ അതിനെ അംഗീകരിക്കാൻ മനസ്സുകാണിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.