വിധവ പെൻഷൻ ലഭ്യമാക്കാനും സ്കോളർഷിപ്പുകൾ ഉറപ്പാക്കാനും ജനന സർട്ടിഫിക്കറ്റുകൾ നേടിക്കൊടുക്കാനുമെല്ലാം ഞങ്ങൾ ഇടപെട്ടു, ആ മനുഷ്യർക്കുവേണ്ടി ശബ്ദമുയർത്തി. അവർക്കായി ആരാണിനി ശബ്ദിക്കുക - ദിനേശ് ചോദിക്കുന്നു
ഏറെ വർഷങ്ങളായി വികസന-സേവന മേഖലയിലെ ജോലി മിക്ക ആളുകളെയും സംബന്ധിച്ച് അവസാനത്തെ പരിഗണന മാത്രമാണ്, -ആളുകൾ കൂടുതൽ ശമ്പളവും തൊഴിൽ തുടർച്ചയും വരുമാനത്തിന്റെ ഉറപ്പുമുള്ള സർക്കാർ ജോലിയോ സ്വകാര്യ സംരംഭങ്ങളോ ആണ് കൂടുതൽ താൽപര്യപ്പെടുന്നത്. എഫ്.സി.ആർ.എ ലൈസൻസുകൾ റദ്ദാക്കലും പൊടുന്നനെയുള്ള തൊഴിൽനഷ്ടവും ഈ മേഖലയിലെ അനിശ്ചിതത്വം കൂടുതൽ ശക്തിപ്പെടുത്തി.
ഇല്ലാതാവുന്ന തൊഴിൽ സാധ്യതകൾ
പട്നയിൽനിന്നുള്ള ഗവേഷകയാണ് ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരം തുടങ്ങിയ മേഖലകളിൽ 15 വർഷത്തിലേറെ പരിചയമുള്ള സീമ മുസ്കാൻ (35). 2023 മാർച്ചിൽ അവർ പ്രവർത്തിച്ചുപോന്ന സംഘടനയുടെ എഫ്.സി.ആർ.എ ലൈസൻസ് റദ്ദാക്കപ്പെട്ടതോടെ അവർക്ക് ജോലിയും സാമ്പത്തിക സാതന്ത്ര്യവും നഷ്ടമായി. പുതിയൊരു ജോലി കണ്ടെത്തൽ എളുപ്പമല്ലെന്ന് സീമ പറയുന്നു. എഫ്.സി.ആർ.എ ലൈസൻസ് ഏതു സമയവും നഷ്ടപ്പെട്ടേക്കാമെന്ന ഭയം ശക്തമായതിനാൽ അവശേഷിച്ച സംഘടനകളും ആളെ ജോലിക്കെടുക്കാൻ തയാറല്ല. ഛത്തിസ്ഗഢ്, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വലിയ സ്ഥാപനങ്ങളിൽ ചില സാധ്യതകളുണ്ട്. എന്നാൽ, അഞ്ചും എട്ടും വയസ്സുള്ള രണ്ട് കൊച്ചുകുട്ടികളെയും ഭർത്താവിനെയും മാതാപിതാക്കളെയും വിട്ട് മറ്റൊരു നഗരത്തിൽ ജോലിക്കു പോകാവുന്ന സാഹചര്യമില്ല.
‘‘ഒരു ജോലി ഉള്ളപ്പോൾ, നിങ്ങൾക്ക് സമൂഹത്തിൽ ഒരു ഐഡന്റിറ്റിയും സ്വാതന്ത്ര്യവുമുണ്ട്, സ്വന്തം ആവശ്യങ്ങൾക്കുള്ള വരുമാനമുണ്ട്, കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിന് പണം ചെലവഴിക്കാനാവും’’- സീമ പറയുന്നു. സാമാന്യം വലിയ ഭവനവായ്പയുടെ തിരിച്ചടവിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവർ പണം നൽകിയിരുന്നു. തന്റെ വരുമാനമില്ലായ്മ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിരതയെ എങ്ങനെ ബാധിക്കും എന്ന ആവലാതിയാണ് അവർക്കിപ്പോൾ. തന്റെ പുരുഷ സഹപ്രവർത്തകരുടെ കാര്യം ഇതിലേറെ കഷ്ടമാണെന്നും അവർ പറയുന്നു. ഒട്ടുമിക്കപേരും കുടുംബങ്ങളിലെ ഏക വരുമാനദാതാക്കളാണ്.
ദിനേശ് കുമാറിന്റെ 18 വർഷം നീണ്ട തൊഴിൽജീവിതം പൂർണമായും സാമൂഹിക മേഖലയിലായിരുന്നു. വിദ്യാഭ്യാസം, ശിശുസംരക്ഷണം, പോഷകാഹാരം, പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. ദുർബല വിഭാഗങ്ങളിൽപ്പെടുന്ന ജനങ്ങൾക്ക് 40 മുതൽ 50 വരെ സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കുകയായിരുന്നു ദൗത്യം. വിവരശേഖരണം, ഗവേഷണ സർവേകൾ നടത്തൽ, പരിശീലനം സംഘടിപ്പിക്കൽ തുടങ്ങി അദ്ദേഹത്തിന് വ്യുൽപത്തിയുള്ള മേഖലകളിൽ തൊഴിൽ സാധ്യതയുള്ള സ്ഥാപനങ്ങൾ കുറച്ചെണ്ണം കൂടി ഉണ്ട്. അവിടെ കൂടി തൊഴിലവസരങ്ങൾ ഇല്ലാതായാൽ എന്തു ചെയ്യുമെന്ന ആശങ്കയാണ് ദിനേശിനിപ്പോൾ.
കെയർ എന്ന കൂട്ടായ്മയുടെ ജില്ലതല കോഓഡിനേറ്റർ ആയിരുന്നു മുകേഷ് കുമാർ. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ഈ വലിയ ലാഭേതര സംഘടനയിൽ തീരെ കുറഞ്ഞ ശമ്പളത്തിൽ പ്രവർത്തനമാരംഭിച്ച് 12 വർഷമെടുത്താണ് ഇദ്ദേഹം ജില്ല കോഓഡിനേറ്റർ തസ്തികയിലെത്തിയത്. ഒരു കമ്പ്യൂട്ടർ സ്വന്തമാക്കാൻപോലും അദ്ദേഹത്തിന് ഇതുവരെ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ, പുതിയ ഒരു ജോലിക്കായി അപേക്ഷിക്കുമ്പോൾ ആ സ്ഥാപനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ഏൽപിക്കുന്ന ജോലികൾപോലും ചെയ്തുതീർക്കൽ പ്രയാസകരമാണ്. രണ്ടാഴ്ചയായി ഒരു മെക്കാനിക്ക് ആയി ജോലിചെയ്യുകയാണ് അദ്ദേഹമിപ്പോൾ. സുഹൃത്തുക്കൾ പരിഹസിക്കുന്നുണ്ടെങ്കിലും മറ്റു നിവൃത്തിയില്ലെന്ന് വ്യക്തമാക്കുന്നു അദ്ദേഹം.
സർക്കാർ- സ്വകാര്യ മേഖലയിലെന്നപോലെ സമ്പാദ്യത്തിൽനിന്ന് എന്തെങ്കിലും നീക്കിയിരുപ്പ് സ്വരുക്കൂട്ടാൻ സേവനമേഖലയിലെ ജോലിയിലെ ശമ്പളംകൊണ്ട് സാധിക്കാറില്ല. സമൂഹത്തിനിടയിൽ പ്രവർത്തിക്കുന്നതും ആളുകൾക്ക് അവരുടെ അവകാശങ്ങൾ നേടിക്കൊടുക്കുന്നതും ഏറെ സംതൃപ്തി നൽകുന്ന ജോലിയായിരുന്നു. എന്റെ കൈയിൽ ഒരു നീക്കിയിരിപ്പുമില്ല. എന്നാലും സമാനരീതിയിൽ പ്രവർത്തിക്കാനും സമൂഹത്തിന് എന്നാലാവുന്ന സംഭാവനകളർപ്പിക്കാനും ഞാൻ ഇപ്പോഴും ആഗ്രഹിക്കുന്നു-ദിനേശ് പറയുന്നു.
സ്വന്തം നിലയിൽ പദ്ധതികൾ നടപ്പാക്കുന്ന നല്ല ഫണ്ടും സ്വന്തമായ ടീമുകളുമുള്ള വലിയ കോർപറേറ്റ് ഫൗണ്ടേഷനുകൾക്കൊഴികെ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഭൂരിഭാഗം സ്ഥാപനങ്ങൾക്കും വിഭവങ്ങളുടെ അഭാവംമൂലം നിലനിൽപ് സാധ്യമല്ലാത്ത സാഹചര്യമാണ്. ജനങ്ങളും സമൂഹവുമായി ഏറെ അടുത്ത് ഇടപഴകി പ്രവർത്തിച്ചുപോന്ന ഈ ആളുകളുടെ നിലവിലെ തൊഴിൽ നഷ്ട-സാമ്പത്തിക പരാധീനത സാഹചര്യങ്ങൾ മുതലെടുത്ത് കമ്പനികൾ അവരെ വായ്പ തിരിച്ചുപിടിക്കൽ ഏജന്റുമാരായിപ്പോലും ഉപയോഗിക്കാൻ സാധ്യതയുള്ളതായി ഭയമുണ്ടെന്ന് ഒരു സംഘടനയുടെ എക്സിക്യൂട്ടിവ് ഡയറക്ടർ തുറന്നു പറയുന്നു.
സാധാരണക്കാരുടെ ആവശ്യങ്ങൾക്കും സൗഖ്യത്തിനുംവേണ്ടിയാണ് തന്റെ സംഘടന പ്രവർത്തിച്ചിരുന്നത്. വിധവ പെൻഷൻ ലഭ്യമാക്കാനും സ്കോളർഷിപ്പുകൾ ഉറപ്പാക്കാനും ജനന സർട്ടിഫിക്കറ്റുകൾ നേടിക്കൊടുക്കാനുമെല്ലാം ഞങ്ങൾ ഇടപെട്ടു, ആ മനുഷ്യർക്കുവേണ്ടി ശബ്ദമുയർത്തി. സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ഞങ്ങൾ തൊഴിൽരഹിതരാവുകയും ചെയ്യുന്ന സാഹചര്യത്തിൽ അവർക്കായി ആരാണിനി ശബ്ദിക്കുക- ദിനേശ് ചോദിക്കുന്നു.
ദുർബല ജനങ്ങൾക്ക് ഭരണകൂടത്തിലേക്കും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗങ്ങളിലേക്കും തുറസ്സുകൾ നൽകിയും ശാക്തീകരിച്ചും രാജ്യത്ത് പങ്കാളിത്ത ജനാധിപത്യം എന്ന ആശയം പ്രാപ്തമാക്കിയിരുന്നത് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘങ്ങളും അവരുടെ ജീവനക്കാരും മുഖേനയാണ്. അതില്ലാതെ വന്നാൽ ദുർബല സമൂഹങ്ങൾക്ക് സമുദായങ്ങൾക്ക് അധികാരമോ അഭിപ്രായമോ ഇല്ലാതിരുന്ന ഭൂതകാലത്തിലേക്കുള്ള തിരിച്ചുപോക്കാണ് സംഭവിക്കുക. 2047 ആകുമ്പോഴേക്ക് ഒരു വികസിത രാജ്യമാവുക എന്ന ആശയവുമായി നിന്നിരുന്ന നമ്മെ 25 വർഷമെങ്കിലും പിന്നോട്ടടിപ്പിക്കാനാണ് അത് വഴിവെക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.