ജോ ബൈഡെൻറ വിജയത്തെക്കാൾ ട്രംപിെൻറ പരാജയമാണ് ഏറെ ആഘോഷിക്കപ്പെട്ടത്. കാതലായ വിഷയങ്ങളിലെ അവരുടെ അഭിപ്രായാന്തരങ്ങൾതന്നെയാണ് കാരണം. പാശ്ചാത്യ രാജ്യങ്ങൾ ട്രംപിെൻറ പിന്മാറ്റത്തിൽ ആശ്വാസംകൊണ്ടു. ഏറക്കുറെ ഏകീകൃതമാണവരുടെ അഭിപ്രായം. എന്നാൽ, പശ്ചിമേഷ്യയിലെ സ്ഥിതി അതല്ല. ചിലരൊക്കെ ട്രംപ് തുടരേണ്ടിയിരുന്നു എന്ന് ആഗ്രഹിച്ചതുപോലെ. ഏതായാലും അവിടെ പടലപ്പിണക്കങ്ങൾ കുറഞ്ഞുവരുന്നതായി നിരീക്ഷിക്കപ്പെടുന്നു. അമേരിക്കയിലെ ഭരണമാറ്റം അതിനു പ്രേരകമായെങ്കിൽ നല്ലതുതന്നെ. ഇറാനുമായുള്ള ആണവകരാറും ഇസ്രായേലും ഫലസ്തീനും അയൽരാഷ്ട്രങ്ങളായി നിലനിൽക്കണമെന്ന ദ്വിരാഷ്ട്രകരാറും പുനർജനിക്കുമോ? നെതന്യാഹുവിെൻറ അനിയന്ത്രിത സ്വേച്ഛാധികാരത്തിെൻറ ആയുസ്സെത്ര എന്നതൊക്കെ നിരീക്ഷകർ കൗതുകപൂർവം ഉറ്റുനോക്കുകയാണ്. ഇങ്ങനെ ചിന്തിക്കുമ്പോൾ ബൈഡൻ അമേരിക്കയിൽ ഭരണമേറ്റെടുക്കുന്നതോടെ പശ്ചിമേഷ്യയിൽ കൂടുതൽ മെച്ചപ്പെട്ട അവസ്ഥ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നത്.
അറബ് ഭരണകൂടങ്ങൾ, ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു, ഇറാൻ, ഈജിപ്ത് എന്നിവരുമായി ബന്ധപ്പെെട്ടാക്കെ അമേരിക്കയുടെ വിദേശകാര്യനയം എന്തായിരിക്കുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അമേരിക്ക 'വിധ്വംസകനയങ്ങൾ' ഉേപക്ഷിക്കുമെന്ന് ഇറാൻ പ്രതീക്ഷിക്കുന്നു. ''അമേരിക്കൻ ഭരണകൂടത്തിന് ചെയ്തുപോയ തെറ്റുകൾക്ക് പരിഹാരം ചെയ്യാനും അന്താരാഷ്ട്രബാധ്യതകൾ നിറവേറ്റാനും ഒരവസരം കൈവന്നിരിക്കുന്നു'' എന്നാണ് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി വെബ്സൈറ്റിൽ കുറിച്ചത്. ഇറാഖ് പ്രസിഡൻറായ ബർഹം സാലിഹ് ട്വീറ്റ് ചെയ്തു: ''ജോ ബൈഡൻ നല്ലൊരു സുഹൃത്തും സമ്പന്നമായൊരു ഇറാഖിെൻറ നിർമിതിയിൽ വിശ്വസ്തനായ പങ്കാളിയുമാണ്. പൊതുതാല്‍പര്യങ്ങൾക്കുവേണ്ടി ഒന്നിച്ചു പ്രവര്‍ത്തിക്കാനും പശ്ചിമേഷ്യയിലൊന്നടങ്കം സമാധാനവും ഭദ്രതയും കൈവരിക്കാനും ഞങ്ങൾ ഉറ്റുനോക്കുകയാണ്.'' ഇവരുടെയൊക്കെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്ന വിധം പശ്ചിമേഷ്യയിൽ സൗഹൃദവും സമാധാനവും കളിയാടുന്നൊരന്തരീക്ഷം സമാഗതമാകട്ടെ എന്നാശിക്കാം.
പ്രശ്നങ്ങൾ കുമിഞ്ഞുകൂടിയത് ഫലസ്തീനിൽതന്നെ. ഡോണൾഡ് ട്രംപിെൻറയും നെതന്യാഹുവിെൻറയും ഏകപക്ഷീയ നടപടികൾ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കി. ട്രംപ് ജറൂസലം ഇസ്രായേലിെൻറ തലസ്ഥാനമാണെന്നു പ്രഖ്യാപിച്ചു. വെസ്റ്റ് ബാങ്കിലെ കുടിയേറ്റങ്ങളൊക്കെ നിയമവിധേയമാണെന്നു തീരുമാനിച്ചു. ഇതൊക്കെ അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണ്. അതുെകാണ്ട് ഫലസ്തീൻ -ഇസ്രായേൽ ചര്‍ച്ചകൾ വഴിമുട്ടി.
ജോ ബൈഡനെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശത്തിൽ ഫലസ്തീൻ അതോറിറ്റി പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് ഇക്കാര്യം പ്രത്യേകം സൂചിപ്പിച്ചു. പശ്ചിമേഷ്യയിൽ സമാധാനവും ശാന്തിയും കൈവരിക്കാൻ ഫലസ്തീൻ -അമേരിക്ക ബന്ധം മെച്ചപ്പെടണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഇത് സാധ്യമാക്കാൻ ഫലസ്തീന് സ്വാതന്ത്ര്യവും സുരക്ഷയും അഭിമാനവും വീണ്ടെടുത്തേ മതിയാവൂ. പി.എൽ.ഒ നേതാവ് ഹനാൻ അശ്റാവിയും ട്രംപിെൻറ പരാജയത്തിൽ ആഹ്ലാദിച്ചു. ഫലസ്തീനും ഇസ്രായേലും നല്ല അയൽക്കാരായി നിലനില്‍ക്കുന്നതിനെ തുരങ്കംവെക്കുന്ന നടപടികളെ ബൈഡൻ എതിർത്തുപോന്നിട്ടുണ്ട്. അധിനിവേശ പ്രദേശങ്ങൾ കൂട്ടിച്ചേർക്കുന്നതും കുടിപ്പാർപ്പുകൾ സ്വന്തമാക്കുന്നതും അദ്ദേഹത്തിെൻറ നയപ്രഖ്യാപന രേഖ എതിര്‍ക്കുന്നു. മാത്രമല്ല, ഫലസ്തീനു നൽകിവന്ന സാമ്പത്തികസഹായം നിർത്തലാക്കിയത് പുനഃസ്ഥാപിക്കുമെന്നും വാഷിങ്ടണിൽ പി.എൽ.ഒ ഓഫിസ് പ്രവര്‍ത്തിക്കുന്നതാണെന്നും അദ്ദേഹം വാഗ്ദത്തം ചെയ്യുന്നു. സ്വാഭാവികമായും ഫലസ്തീൻ -അമേരിക്ക ബന്ധം മെച്ചപ്പെടുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. ട്രംപ്- കുഷ്നർ പദ്ധതിക്ക് ഡെമോക്രാറ്റിക് പാർട്ടിയിലുണ്ടായ എതിർപ്പുതന്നെ ഫലസ്തീൻവിഷയത്തിൽ പുനർചിന്തനം സാധ്യമാണെന്നു വ്യക്തമാക്കുന്നു.
പ്രധാനമന്ത്രി നെതന്യാഹുവിന് അമിതാധികാരം നൽകി പ്രോത്സാഹിപ്പിച്ചതിലൂടെ ഇസ്രായേൽ മേഖലയിൽ സ്വാധീനം വർധിപ്പിച്ചു. ഇനി, ഫലസ്തീനാവശ്യമായ കരുതലുകൾ പുനഃസ്ഥാപിക്കാൻ വാഷിങ്ടണിലെ ഇസ്രായേൽലോബിയുമായി ബൈഡന് ഏറ്റുമുട്ടേണ്ടിവരും. ഇതറിയുന്നതുകൊണ്ടാവണം കരുതലോടെയാണ് നെതന്യാഹു ബൈഡന് ആശംസ നേർന്നത്. ശക്തമായ സൗഹൃദം സ്വപ്നംകാണുന്ന അദ്ദേഹം ഫലസ്തീെൻറയും ഇറാെൻറയും കാര്യത്തിൽ വേറിട്ട നിലപാടുകൾക്ക് അടിവരയിടുന്നു. വാഷിങ്ടണിലെ അറബ് ഗൾഫ് ഇൻസ്റ്റിറ്റ്യൂട്ടിെൻറ ഉന്നത ഉദ്യോഗസ്ഥനായ ഹുസൈൻ ഹിബ്ശിെൻറ വാക്കുകളിൽ ''ബൈഡനും വിദേശകാര്യ വക്താക്കളും ലോകകാര്യങ്ങൾ വീക്ഷിക്കുന്നത് ട്രംപിേൻറതിൽനിന്നു വ്യത്യസ്തമായ രീതിയിലാണ്. വളരെ വ്യവസ്ഥാപിതവും നിയമവിധേയവും രണ്ടാം ലോകയുദ്ധം മുതലേ അമേരിക്ക തുടർന്നുവരുന്നതുമായ ഒരു ക്രമത്തിലേക്ക് ബൈഡൻ തിരിച്ചുപോകുന്നതാണ്.'' ബൈഡൻഭരണകൂടം ആണവകരാർ പുനരുജ്ജീവിപ്പിക്കുമെന്നുതന്നെയാണ് ഇറാൻ കരുതുന്നത്. അതോടെ, ജനങ്ങളെ പട്ടിണിക്കിടുന്ന ക്രൂരമായ സാമ്പത്തിക ഉപരോധം പിൻവലിക്കപ്പെടുമെന്നും അവർ പ്രതീക്ഷിക്കുന്നു.
മേഖലയിൽ ജനങ്ങൾക്ക് കൂടുതൽ വ്യക്തിസ്വാതന്ത്ര്യവും ഭരണത്തിൽ ജനാധിപത്യവത്കരണവും ആഗ്രഹിച്ച ബറാക് ഒബാമ ഇറാനുമായി അനുനയമായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാൽ, അറബ് രാജ്യങ്ങളുടെ പ്രതിഷേധത്തിനു മുന്നിൽ ഒന്നും ചെയ്യാനായില്ല. എതിർദിശയിലുള്ള ഇസ്രായേലിെൻറ കരുത്തും പരിഗണിക്കേണ്ടതുള്ളതുകൊണ്ട്, ശ്രദ്ധയോടെ മാത്രമേ ഇറാൻവിഷയത്തിൽ ബൈഡൻ മുന്നോട്ടു നീങ്ങുകയുള്ളൂ.
ഈജിപ്തിലെ അബ്ദുൽ ഫത്താഹ് സീസിയെ 'പ്രിയപ്പെട്ട സ്വേച്ഛാധിപതി' എന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചിരുന്നത്. അമേരിക്കയുമായി തന്ത്രപരമായ ബന്ധം നിലനില്‍ക്കണമെന്ന ആഗ്രഹമാണ് സീസിക്ക്. യു.എസിെൻറ ആയുധങ്ങളും സാമ്പത്തിക സഹായവുമാണ് ഈജിപ്തിനെ ശക്തമാക്കുന്നത്. എന്നാൽ, ഈജിപ്തിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ വിലയിരുത്തിയ ബൈഡൻ കഴിഞ്ഞ ജൂലൈ മാസത്തിൽ വ്യക്തമായ ഭാഷയിൽ ''താൻ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടാൽ ട്രംപിെൻറ 'ഇഷ്ടപ്പെട്ട സ്വേച്ഛാധിപതി'ക്ക് ബ്ലാങ്ക് ചെക്കുകൾ നൽകപ്പെടുന്നതല്ല'' എന്നു പ്രഖ്യാപിച്ചു.
'നാറ്റോ' സഖ്യം, അന്താരാഷ്ട്രകരാറുകൾ, വാണിജ്യ ബന്ധങ്ങൾ, കാലാവസ്ഥ സംരക്ഷണം തുടങ്ങിയ ഒട്ടനവധി കാര്യങ്ങൾ വീണ്ടും അമേരിക്കയുടെ പരിഗണന വിഷയങ്ങളായി മാറുകയാണ്. എന്നാൽ, ചില വിഷയങ്ങളിൽ പ്രത്യേകിച്ചും ആണവകരാറിെൻറ കാര്യത്തിൽ, ബൈഡൻ ബാഹ്യശക്തികൾക്ക് വഴങ്ങേണ്ടിവരില്ലേ? അമേരിക്കൻ ഭരണത്തിെൻറ ദൗർബല്യങ്ങൾ വിലയിരുത്തുന്നതിൽ നെതന്യാഹുവിന് തെറ്റുപറ്റാനിടയില്ല. അതുകൊണ്ടുതന്നെയാവണം, ബൈഡൻ തെരഞ്ഞെടുക്കപ്പെട്ട ശേഷം നവംബർ 22ന്, ''ആണവ കരാറിലേക്ക് ഒരു തിരിച്ചുപോക്ക് ഇനി സാധ്യമല്ല'' എന്ന് അദ്ദേഹം തീട്ടൂരമിറക്കിയത്. നയതന്ത്ര ബാഹ്യമായ ഒരു താക്കീതായിരുന്നു അത്. ഇത് മറ്റാർക്ക് സാധ്യമാകും? സ്റ്റേറ്റ് സെക്രട്ടറിയായി നിയമനം ലഭിച്ച ആൻറണി ബ്ലിൻകൻ ജൂതനാണ്. ഇസ്രായേലിലോബി അയാളെ കൈയിലെടുക്കുമോ? അറിഞ്ഞിടത്തോളം ബ്ലിൻകൻ അന്താരാഷ്ട്രകരാറുകൾ പാലിക്കുന്നതിൽ തൽപരനാണ്.
ഇസ്രായേലിലെ അറബ് രാഷ്ട്രീയ കൂട്ടായ്മയുടെ വക്താവായ ഐമൻ ഒദേ പറയുന്നത് ബൈഡൻ 'നൂറ്റാണ്ടിെൻറ കരാർ' (Deal of the Century) ഉപേക്ഷിക്കുമെന്നാണ്. അതേസമയം, ഇസ്രായേലിനെ തികച്ചും അവഗണിക്കാൻ ബൈഡന് സാധ്യമല്ലെന്നും അദ്ദേഹം വിലയിരുത്തുന്നു. അതിനർഥം, പ്രശ്നപരിഹാരം അത്ര എളുപ്പമല്ല എന്നുതന്നെ. എന്നാൽ, ടൈം മാഗസിൻ വിലയിരുത്തിയ വസ്തുതകളാണ് ഏറെ സത്യസന്ധമായി തോന്നുന്നത്. ഫലസ്തീൻ നേതൃത്വംതന്നെയും ഇച്ഛിക്കുന്നത് വാഷിങ്ടണിൽ പി.എൽ.ഒ മിഷൻ തുറക്കുക, ജറൂസലമിൽ ഫലസ്തീനികൾക്കായി യു.എസ് കോൺസുലേറ്റ് ആരംഭിക്കുക തുടങ്ങിയ സാങ്കേതികസൗകര്യങ്ങളും ഒപ്പം സാമ്പത്തിക സഹായവുമാണ് എന്നാണവരുടെ പക്ഷം. അതിലപ്പുറം ഫലസ്തീനു വേണ്ടി വിരലനക്കാൻ ആരുമുണ്ടെന്നു തോന്നുന്നില്ല. ബൈഡൻ ആഗ്രഹിച്ചാൽതന്നെ ഇസ്രായേലിെൻറ നേതൃത്വത്തിൽ നെതന്യാഹു ഉണ്ടായിരിക്കെ അതിനു സമ്മതിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.