ഇന്ത്യയിലെ ജഡ്ജിമാർക്കിടയിൽ മഹനീയ സാന്നിധ്യം അലങ്കരിച്ചിരുന്ന വ്യക്തിയായിരുന്നു ജസ്റ്റിസ് ഫാത്തിമ ബീവി. മുനിസിഫ് ജഡ്ജിയായി സർവിസിൽ കയറി രാജ്യത്തെ ആദ്യ വനിത സുപ്രീംകോടതി ജഡ്ജി വരെയായി എത്തിച്ചേർന്നയാളാണ്.
യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽനിന്ന് പെൺകുട്ടികൾ എൽഎൽ.ബി പഠനം തിരഞ്ഞെടുക്കാത്തൊരു കാലത്ത് തിരുവിതാംകൂറിൽനിന്ന് ആദ്യമായി എൽഎൽ.ബി പാസായ മുസ്ലിം വനിത എന്നതുതന്നെ ചരിത്രമാണ്. ശേഷം അവർ മുനിസിഫായി തിരഞ്ഞെടുക്കപ്പെട്ടു. അവിടെ നിന്ന് പടിപടിയായി ഉയർന്നാണ് 1983ൽ കേരള ഹൈകോടതി ജഡ്ജിയാവുന്നത്.
1989ൽ സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്ജിയായി ചുമതലയേറ്റു. വളരെ മികച്ച ഒരു വിധിന്യായ കാലഘട്ടമായിരുന്നു ജസ്റ്റിസ് ഫാത്തിമ ബീവിയുടേത്. തികച്ചും നീതിപൂർവകമായ വിധിപ്രസ്താവങ്ങളും അഭിഭാഷകർക്ക് പ്രഫഷനൽ ഇടപെടലുകൾക്കുണ്ടായിരുന്ന സ്വാതന്ത്ര്യവുമായിരുന്നു അവരെ ശ്രദ്ധേയയാക്കിയത്.
സുപ്രീംകോടതി ജഡ്ജിയായി വിരമിക്കുമ്പോൾ മികച്ച ഒരു യാത്രയയപ്പു ചടങ്ങും അവർക്കായി ഒരുക്കിയിരുന്നു. എന്നാൽ, ജുഡീഷ്യൽ വൃത്തത്തിനുപുറത്തേക്ക് വ്യക്തിപരമായ അടുപ്പം അഭിഭാഷകരുമായും മറ്റും സൂക്ഷിക്കാതിരിക്കാനും അവർ ശ്രദ്ധ പുലർത്തി. പ്രഫഷനലിസവും ജീവിതത്തിലെ മതവിശ്വാസവുമായിരുന്നു ഇതിനു കാരണം.
ഒരുവിധ അഴിമതി ആരോപണങ്ങളോ ആക്ഷേപങ്ങളോ ജസ്റ്റിസ് ഫാത്തിമ ബീവിക്കു നേരെ ഉണ്ടായിട്ടില്ല. സുപ്രീംകോടതി ജഡ്ജിയെന്ന മഹനീയ പദവിയിൽനിന്ന് വിരമിച്ച ശേഷം ദേശീയ മനുഷ്യാവകാശ കമീഷൻ അംഗവും പിന്നീട് ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ജുഡീഷ്യൽ അംഗവുമായി. ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത് തമിഴ്നാട് ഗവർണറെന്ന വിശിഷ്ട പദവിയിലും നിയമിതയായി.
ഏതെല്ലാം ചുമതലകൾ വഹിച്ചിട്ടുണ്ടോ, അവിടങ്ങളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ജസ്റ്റിസ് ഫാത്തിമ ബീവി ശ്രദ്ധിച്ചിരുന്നു. അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരായിരുന്നു അവരെല്ലാക്കാലത്തും. എന്നാൽ, ന്യായമായ ആവശ്യങ്ങൾ സാധിച്ചുകൊടുക്കാനും അവർക്ക് മടിയുണ്ടായിരുന്നില്ല.
എന്റെ പിതാവ് ബാദ്ഷയുടെ ബന്ധുവാണ് ജസ്റ്റിസ് ഫാത്തിമ ബീവി. എന്നാൽ, അവരെ ആദ്യമായി കാണുന്നത് ഞാൻ ജില്ല ജഡ്ജിയായിരിക്കുമ്പോഴാണ്. വർഷങ്ങൾക്കു മുമ്പ് മുൻ ജഡ്ജിമാരുടെ ഒരു സമ്മേളനത്തിലായിരുന്നു അത്. ബന്ധുക്കളാണെന്ന കാര്യം കൂടിക്കാഴ്ചയിൽവെച്ച് ഫാത്തിമ ബീവിയാണ് ഇങ്ങോട്ടു പറയുന്നത്.
ഏതൊരു വിഷയത്തെയും നീതിയുടെ വീക്ഷണത്തിലൂടെ, കാർക്കശ്യത്തോടെ കാണാനും ഇടപെടാനും പ്രത്യേക ശേഷിയുണ്ടായിരുന്നുവെന്നാണ് ജസ്റ്റിസ് ഫാത്തിമ ബീവിയുമായുള്ള ബന്ധത്തിൽനിന്ന് ഞാൻ തിരിച്ചറിയുന്നത്. നീതിപൂർവകവും സത്യസന്ധവുമായ വിധിന്യായങ്ങളായിരുന്നു അവർ പുറപ്പെടുവിച്ചത്.
സിവിൽ വിധിന്യായങ്ങളായിരുന്നു അതിലേറെയുമെന്നതിനാൽ അവ വലിയ ജനശ്രദ്ധയൊന്നും നേടുന്നവയായിരുന്നില്ല. നീതിയും ന്യായവും മാത്രം നോക്കുന്ന, മറ്റൊന്നിനെയും കാര്യമാക്കാത്ത വ്യക്തിത്വമായതുകൊണ്ടുതന്നെ ഉന്നത പദവികളിലൊന്നും അധികകാലം ഇരിക്കാനാവുമായിരുന്നില്ല.
നാലു വർഷം മുമ്പാണ് ഫാത്തിമ ബീവിയെ അവസാനമായി കാണുന്നത്. കോവിഡ് കാലഘട്ടത്തിനു തൊട്ടുമുമ്പ് ഹൈകോടതിയിൽ നടന്ന മുൻ ജഡ്ജിമാരുടെ സമ്മേളനത്തിൽവെച്ചായിരുന്നു ആ കൂടിക്കാഴ്ച. അന്നും വളരെ സ്നേഹവാത്സല്യങ്ങളോടെയായിരുന്നു അവർ ഇടപഴകിയത്.
വഹിച്ച പദവികളിലെല്ലാം മികച്ച രീതിയിലും സംശുദ്ധവുമായ പ്രകടനത്തിലൂടെ ഫാത്തിമ ബീവി മറ്റുള്ളവരുടെ ഹൃദയം കീഴടക്കി. സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി നിരവധി പ്രവർത്തനങ്ങൾ നടത്തി. തന്റെ ജീവിതംകൊണ്ടുപോലും നിരവധി സ്ത്രീകൾക്ക് അവർ മാതൃകയും പ്രചോദനവുമായി.
ഏതൊരു സ്ഥാനത്തായാലും ഒരേസമയം വ്യക്തിപരമായും പ്രഫഷനലായും സ്വന്തം അന്തസ്സും ആഭിജാത്യവും കാത്തുസൂക്ഷിക്കുന്നതിൽ അവർ ശ്രദ്ധ പുലർത്തിയിരുന്നു. നീതിന്യായ ലോകത്തിനും കേരളത്തിനുമെല്ലാം ജസ്റ്റിസ് ഫാത്തിമ ബീവിയുടെ വിയോഗം വലിയ നഷ്ടമായിരിക്കും.
(കേട്ടെഴുത്ത്: നഹീമ പൂന്തോട്ടത്തിൽ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.