ബംഗളൂരു: ആവനാഴിയിലെ സകല അടവുകളും പയറ്റിയിട്ടും ഭരണകക്ഷിയായ ബി.ജെ.പി കർണാടകയിൽ ദയനീയ തോൽവിയാണ് നേരിട്ടത്. മോദിയും അമിത് ഷായും യോഗി ആദിത്യനാഥും പ്രചാരണം നയിച്ചിട്ടും കന്നഡ മണ്ണ് വർഗീയ പ്രചാരണം ഏറ്റുപിടിച്ചില്ല. എന്നാൽ, സർക്കാറിന്റെ അഴിമതിയും വർഗീയതയും തീർത്ത ഭരണവിരുദ്ധ വികാരത്തിനുപുറമെ, പാർട്ടിയിലെ ഭിന്നതകളും തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടിയായി.
ഓപറേഷൻ താമരയിലൂടെ കർണാടകയിൽ രണ്ടു വട്ടവും ബി.ജെ.പിയെ അധികാരത്തിലേറ്റിയ ബി.എസ്. യെദിയൂരപ്പയെന്ന ലിംഗായത്ത് അതികായനെ 2021ൽ മുഖ്യമന്ത്രി പദത്തിൽനിന്ന് പടിയിറക്കിയതു മുതൽ സന്തോഷിനെതിരെ പാർട്ടിക്കകത്ത് വിമർശനമുയർന്നിരുന്നു. യെദിയൂരപ്പ വേദനയോടെ പടിയിറങ്ങിയത് ബി.ജെ.പിക്ക് തിരിച്ചടിയാവുമെന്ന് ലിംഗായത്ത് മഠാധിപതികൾ അന്നേ മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്തെ ഭൂരിപക്ഷ സമുദായങ്ങളായ ലിംഗായത്തുകളെയും വൊക്കലിഗരെയും ലക്ഷ്യമിട്ടായിരുന്നു ബി.ജെ.പിയുടെ പ്രധാന പ്രചാരണം. ലിംഗായത്ത് മുഖ്യമന്ത്രി എന്ന പ്രഖ്യാപനത്തിനു പുറമെ, ഒ.ബി.സി കാറ്റഗറിയിൽ മുസ്ലിംകൾക്കുണ്ടായിരുന്ന നാല് ശതമാനം സംവരണം ഒഴിവാക്കി ലിംഗായത്തുകൾക്കും വൊക്കലിഗർക്കുമായി രണ്ടു ശതമാനം വീതം വീതിച്ചു നൽകി.
കർണാടകയിലെ സൗഹാർദ സാമൂഹികാന്തരീക്ഷത്തെ തകർക്കും വിധം സംഘ്പരിവാർ സംഘടനകളെ കയറൂരിവിട്ട സർക്കാറിനുനേരെ പൊതുസമൂഹത്തിൽ വൻ വിമർശനമാണുയർന്നത്. ഹിജാബ് നിരോധനം, ബാങ്ക് വിളി വിവാദം, ഹലാൽ വിവാദം, സാമ്പത്തിക ബഹിഷ്കരണാഹ്വാനം, സംവരണ നിഷേധം, ആൾക്കൂട്ട കൊലപാതകം, പുരോഹിതർക്കും ചർച്ചുകൾക്കും എതിരായ അക്രമം തുടങ്ങി കർണാടക കലങ്ങിയപ്പോഴെല്ലാം മതേതരത്വം മറന്ന ജനാധിപത്യ സർക്കാർ വെറും കാഴ്ചക്കാരായി.
വൻ അഴിമതിയാണ് ബി.ജെ.പി സർക്കാറിന്റെ കാലത്ത് അരങ്ങേറിയത്. കരാർ പദ്ധതികൾക്ക് 40 ശതമാനം കമീഷൻ, കോവിഡ് അഴിമതി, ഫണ്ട് അനുവദിക്കാൻ മഠങ്ങളിൽനിന്ന് 30 ശതമാനം കമീഷൻ വാങ്ങുന്നതായി ബലേഹൊസുർ മഠാധിപതിയുടെ ആരോപണം, മുഖ്യമന്ത്രിയാവാൻ തന്നിൽനിന്ന് 2500 കോടി ആവശ്യപ്പെട്ടെന്ന് ബിജെ.പി എം.എൽഎ ബസനഗൗഡ പാട്ടീലിന്റെ വെളിപ്പെടുത്തൽ, സർക്കാറിനെതിരെ അഴിമതി ആരോപണവുമായി 13,000 സ്കൂളുകൾ ഉൾപ്പെടുന്ന രണ്ട് മാനേജ്മെന്റ് സംഘടനകൾ രംഗത്തുവന്നത് തുടങ്ങി അഴിമതി വിഴുങ്ങിയ കാലമായിരുന്നു.
സാധാരണ ജനങ്ങളുടെയും കർഷകരുടെയും പ്രശ്നങ്ങൾക്കു നേരെ കണ്ണടച്ച സർക്കാർ, ഗോവധ നിരോധനം, മതപരിവർത്തന നിരോധനം, കാർഷിക വിരുദ്ധ നിയമങ്ങൾ തുടങ്ങിയവ കൊണ്ടുവന്നു. ഗോവധ നിരോധ നിയമം കർഷകരെ പ്രതിസന്ധിയിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.