കർണാടകയിൽ കോൺഗ്രസിന്റെ വമ്പൻ തിരിച്ചുവരവിന് പിന്നിലെ ട്രിപ്ൾ എൻജിനായിരുന്നു മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ. കർണാടകയിൽ രാഹുലിന്റെ ഭാരത് ജോഡോ യാത്ര ഇളക്കി മറിച്ച മണ്ണിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിത്തിട്ടത്.
ഈ യാത്ര കടന്നുപോയ സ്ഥലങ്ങളിൽ ബി.ജെ.പിയുടെ ഏഴു സീറ്റും ജെ.ഡി-എസിന്റെ അഞ്ചു സീറ്റും കോൺഗ്രസ് പിടിച്ചെടുത്തു. മേഘാലയ തെരഞ്ഞെടുപ്പിലെ പോലെ വൻ സ്ത്രീ പങ്കാളിത്തമാണ് പ്രിയങ്ക നയിച്ച റാലികളിൽ പ്രകടമായത്. വികസനവിഷയങ്ങൾ മനഃപൂർവം മറച്ച ബി.ജെ.പിയുടെ പ്രചാരണത്തെ മൂർച്ചയുള്ള ചോദ്യമുനയിൽ നിർത്തി ജനങ്ങൾക്കു മുന്നിൽ തുറന്നുകാട്ടാൻ രാഹുലിനും പ്രിയങ്കക്കുമായി.
അനാരോഗ്യം മാറ്റി നിർത്തി സോണിയ ഗാന്ധി വരെ പ്രചാരണം നയിച്ചു. ദലിത് നേതാവുകൂടിയായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പിന്നാക്ക വോട്ടുകൾ നിർണായകമായ കല്യാണ കർണാടക മേഖലയിൽ കോൺഗ്രസിന് അനുകൂല തരംഗമൊരുക്കി.
അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാറും ഒന്നിച്ച് പ്രചാരണം നയിച്ചതാണ് മറ്റൊരു പ്രധാന ഘടകം. കർണാടക രാഷ്ട്രീയത്തിലെ രണ്ട് ശക്തരായ നേതാക്കൾ ഐക്യസന്ദേശം നൽകി കൈകോർത്തത് ജനങ്ങളിലുണ്ടാക്കിയ മതിപ്പ് ചെറുതല്ല.
വൊക്കലിഗ ഭൂരിപക്ഷ മേഖലയായ പഴയ മൈസൂരു മേഖലയിൽ ശിവകുമാറും ന്യൂനപക്ഷ, ദലിത്, പിന്നാക്ക മേഖലകളിൽ സിദ്ധരാമയ്യയും കോൺഗ്രസിന് വോട്ടുറപ്പിച്ചു.
200 യൂനിറ്റ് സൗജന്യ വൈദ്യുതി (ഗൃഹജ്യോതി), വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ (ഗൃഹലക്ഷ്മി), ഓരോരുത്തർക്കും പ്രതിമാസം 10 കിലോ അരി (അന്ന ഭാഗ്യ), വനിതകൾക്ക് സൗജന്യ ബസ് യാത്ര (ഉചിത പ്രയാണ), തൊഴിൽ രഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 3000 രൂപയും ഡിപ്ലോമക്കാർക്ക് 1500 രൂപയും (യുവനിധി) തുടങ്ങിയ ക്ഷേമപദ്ധതി വാഗ്ദാനങ്ങൾക്ക് ജനങ്ങളിൽനിന്ന് മികച്ച പ്രതികരണം ലഭിച്ചു.
ഒരു വശത്ത് മോദിയും അമിത് ഷായും കോൺഗ്രസിനെതിരെ വർഗീയ പ്രചാരണം നയിക്കുമ്പോൾ ജനങ്ങൾക്ക് സാമൂഹിക സുരക്ഷ ഉറപ്പുനൽകുന്ന പദ്ധതികളാണ് കോൺഗ്രസ് മുന്നോട്ടുവെച്ചത്. വർഗീയ -വിദ്വേഷ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി പ്രകടനപത്രികയിലുൾപ്പെടുത്തിയതിന് പുറമെ, ബി.ജെ.പി സർക്കാർ കൊണ്ടുവന്ന എല്ലാ ജനദ്രോഹ നിയമങ്ങളും പിൻവലിക്കുമെന്ന പ്രഖ്യാപനം ന്യൂനപക്ഷങ്ങളെയടക്കം കൂടെ നിർത്താൻ സഹായിച്ചു.
ബി.ജെ.പി സർക്കാർ ‘ഡബ്ൾ എൻജിൻ’ സർക്കാറല്ല, ‘ട്രബിൾ എൻജിൻ’ സർക്കാറാണെന്ന പ്രോഗ്രസ് റിപ്പോർട്ട് കോൺഗ്രസ് പുറത്തിറക്കിയിരുന്നു. ‘40 ശതമാനം കമീഷൻ സർക്കാർ’ ആണ് സംസ്ഥാനം ഭരിക്കുന്നതെന്ന് വിവരിക്കുന്ന ‘2019-2023 കറപ്ഷൻ റേറ്റ് കാർഡി’ൽ വിവിധ സർക്കാർ തസ്തികകൾക്കും മറ്റും വാങ്ങുന്ന കമീഷൻ തുകയുടെ കണക്കുകളാണുള്ളത്.
എൻജിനീയർ, സബ് രജിസ്ട്രാർ തസ്തികക്ക് അഞ്ചുകോടി വരെയാണ് കൈക്കൂലിയെന്നും സ്കൂൾ കുട്ടികൾക്കുള്ള മുട്ട വിതരണത്തിന് പോലും 30 ശതമാനം കമീഷൻ നൽകണമെന്നും ഇത്തരത്തിൽ നാലുവർഷം കൊണ്ട് ബി.ജെ.പി സർക്കാർ ഒന്നര ലക്ഷം കോടി രൂപയാണ് കർണാടകയിൽ നിന്ന് കൊള്ളയടിച്ചതെന്നും കോൺഗ്രസ് ജനത്തിന് മുന്നിൽ നിരത്തി.
ബി.ജെ.പി സർക്കാറിനെതിരെ കർണാടകയിൽ രൂപപ്പെട്ട ജനാധിപത്യ- മതേതരത്വ ചേരി കോൺഗ്രസിന് ഗുണം ചെയ്തു. സിവിൽ കൂട്ടായ്മകളും എഴുത്തുകാരും ആക്ടിവിസ്റ്റുകളുമെല്ലാം ചേർന്ന് രൂപം നൽകിയ എദ്ദേളു കർണാടക (ഉണരൂ കർണാടക), ബഹുത്വ കർണാടക തുടങ്ങിയവ ബി.ജെ.പിക്കെതിരെ ശക്തനായ സ്ഥാനാർഥിയിലേക്ക് വോട്ടുകൾ കേന്ദ്രീകരിപ്പിക്കാൻ പ്രചാരണം നടത്തിയിരുന്നു.
ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മകളുടെ പ്രവർത്തനത്തിലൂടെ ഏകീകരിക്കപ്പെട്ട വോട്ടുകൾ കോൺഗ്രസിലെത്തി. പ്രകടന പത്രികയിൽ വർഗീയ- വിദ്വേഷ പ്രചാരണങ്ങളെ തടയുമെന്നും നിയമവഴിയിലൂടെ പോപുലർ ഫ്രണ്ട്, ബജ്റങ് ദൾ പോലുള്ള സംഘടനകളെ നിരോധിക്കുമെന്നും പ്രഖ്യാപിച്ചത്. കോൺഗ്രസിന് അനുകൂല ഫലമുണ്ടാക്കിയെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.