ബജറ്റ്: പ്ലാനിങ്ങിൽനിന്ന് 'പ്രോജക്ടിങ്ങി'ലേക്ക്

2021 -22ലെ ബജറ്റ് പ്രസംഗം ഏറ്റവും നീളംകൂടിയത്​ എന്ന പേരിലല്ല, ഏറ്റവും വലിയ റവന്യൂ കമ്മിയുള്ളത്​ എന്നാണ് ചരിത്രത്തിൽ അറിയപ്പെടാൻ പോകുന്നത്. ഇൗ ബജറ്റ് കാലത്തെ കോവിഡിന് മുമ്പും ശേഷവും എന്ന് പൊതുവിൽ വേർതിരിക്കാം. കോവിഡും അനുബന്ധ പ്രശ്നങ്ങളുമാണ് ഇക്കഴിഞ്ഞ ഒരു വർഷത്തെ എല്ലാ പ്രശ്നങ്ങൾക്കും ഉത്തരവാദിയെന്ന ബജറ്റിലുടനീളം മുഴച്ചുനിൽക്കുന്ന വാദം അർഥശൂന്യമാണ്. കോവിഡിനു മുമ്പുള്ള കഴിഞ്ഞ വർഷത്തെ ബജറ്റിൽതന്നെ അതിന് മുമ്പുള്ള വർഷത്തേക്കാൾ ഏകദേശം 1000 കോടി രൂപയുടെ (964 കോടി) റവന്യൂ കുറവുണ്ടായിരുന്നു. ഇൗ വർഷത്തെ റവന്യൂ കമ്മി 15,201 കോടി രൂപയാകുമെന്നാണ് കഴിഞ്ഞ ബജറ്റിൽ പറഞ്ഞതെങ്കിൽ ഇപ്പോൾ അത് 25,000 കോടിയായിരിക്കുന്നു. മു​േമ്പ ഉണ്ടായിരുന്ന കൂനിനു മുകളിലെ കുരു മാത്രമാണ് കോവിഡ് എന്നർഥം.

കുഴപ്പത്തിെൻറ കാരണം പ്രളയമാണ് എന്നാണെങ്കിൽ പ്രളയാനന്തര കേരളം കെട്ടിപ്പടുക്കാനുള്ള റീബിൽഡ് കേരളയുടെ സ്ഥിതിയെന്താണ്? പ്രളയം തകർത്ത കേരളത്തിന് ലോകബാങ്കിൽനിന്ന് 25 കോടി ഡോളർ (1825 കോടി രൂപ), 10 കോടി പൗണ്ട് ജർമൻ വായ്പ ( 1000 കോടി രൂപ) അടക്കം ഏകദേശം 2800 കോടി രൂപ സർക്കാർ കടമെടുത്തു കഴിഞ്ഞു. മറ്റൊരു 25 കോടി ഡോളർ ലോകബാങ്കിൽനിന്ന് വായ്പ അടുത്തമാസം കിട്ടുമെന്ന് ബജറ്റ് പ്രസംഗത്തിൽ പറയുന്നു (ഖണ്ഡിക: 263). സകലതും കോവിഡിെൻറ തലയിൽ കെട്ടിവെക്കുന്ന ധനമന്ത്രി റീബിൽഡ് കേരള പരാജയപ്പെട്ടതിെൻറ കാരണങ്ങൾ വിശദീകരിക്കുന്നില്ല. റീബിൽഡ് പദ്ധതിക്കായി സർക്കാർ 7192 കോടി രൂപയുടെ പദ്ധതികൾ എഴുതിവെച്ചതല്ലാതെ ഒരു രൂപ പോലും ചെലവാക്കിയിട്ടില്ല. ആദ്യപ്രളയം കഴിഞ്ഞ് രണ്ടര വർഷമായി എന്നോർക്കുക.

കിഫ്ബിയും സംസ്ഥാന പ്ലാനും

കഴിഞ്ഞ നാലുകൊല്ലത്തിനിടെ കിഫ്ബി വഴി 7000 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കിയെന്നാണ് ധനമന്ത്രി പറയുന്നത്. ലക്ഷ്യമിട്ടത് 50,000 കോടിയുടെ പദ്ധതിയാണെന്നോർക്കണം. അത്രയെങ്കിലും പരിപാടികൾ പൂർത്തിയായത് നല്ലത്. പക്ഷേ, കിഫ്ബി 7000 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയാക്കിയപ്പോൾ സംസ്ഥാന ആസൂത്രണ പ്രക്രിയ സ്തംഭിച്ചെന്നു മാത്രമല്ല, പിറകോട്ടും പോയി. 2018 -2019ൽ പദ്ധതി 30,000 കോടിയായിരുന്നു. കോവിഡിനു മുമ്പുതന്നെ കഴിഞ്ഞ വർഷം പദ്ധതി അടങ്കൽ 10 ശതമാനം വെട്ടിക്കുറച്ച് 27,000 കോടിയാക്കി. പദ്ധതി തുടങ്ങുംമു​േമ്പ അടങ്കൽ വെട്ടിക്കുറച്ച ആദ്യത്തെ സർക്കാറാണിത്. സാധാരണ നിലയിൽ 30,000 കോടിയിൽനിന്ന് 10 ശതമാനം വർധനവിൽ 33,000 കോടിയെങ്കിലും ആകേണ്ടിയിരുന്നിടത്താണ് 27,000 ആയി ചുരുങ്ങിയത്. കാർഷിക മേഖലക്കാക​െട്ട, 20 ശതമാനം (285 കോടി) ഇൗ സർക്കാർ വെട്ടിക്കുറച്ചു (സാമ്പത്തിക സർവേ പട്ടിക 1.61, പേജ് 47).

ഇൗ വർഷവും പദ്ധതിതുക 27,000 കോടിതന്നെ. സ്വാഭാവിക വർധനയിൽ 37,000 കോടി ആകേണ്ട ഇടത്താണ് ഇപ്പോഴും 27,000 കോടിയിൽ നിൽക്കുന്നത്. പദ്ധതിയിലെ ഇൗ കടുംവെട്ട് മറച്ചുവെച്ചാണ് 'കിഫ്ബി, കിഫ്ബി' എന്ന് പറയുന്നത്. കിഫ്ബി പോലുള്ള അടിസ്ഥാന സൗകര്യ വികസന സംരംഭങ്ങളോട് യു.ഡി.എഫിന് നയപരമായ അഭിപ്രായവ്യത്യാസ​െമാന്നുമില്ല. പക്ഷേ, അത് പ്ലാനിെൻറ ചെലവിൽ ആകരുത്. എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടിൽ പോലും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ പോലുള്ള പാർശ്വവത്കൃത വിഭാഗങ്ങൾക്ക് പ്രത്യേക നീക്കിയിരിപ്പുണ്ട്. കിഫ്ബിയിൽ അതുമില്ല. ഒരു ജനതയുടെ സമസ്ത ജീവിത മേഖലകളെയും സ്പർശിക്കുന്ന രീതിയാണ് നെഹ്റുവിയൻ പ്ലാനിങ്. പക്ഷേ, ഇടതുമുന്നണി പ്ലാനിങ്ങിൽനിന്ന്​ പ്രോജക്ടിങ്ങിലേക്ക് ചുവടുമാറ്റം നടത്തിയിരിക്കുന്നു. പ്രശസ്തമായ പ്ലാനിങ് കമീഷൻതന്നെ പിരിച്ചുവിട്ട് പ്രോജക്ടുകളിൽ വിരാജിക്കുന്ന മോദി നയമാണ് പ്രോജക്റ്റിങ്.

വാർഷിക പ്ലാൻ ചുരുക്കി കിഫ്ബി പ്രോജക്ട് വർധിപ്പിക്കുന്നതിനോട് യോജിപ്പില്ല. ഇത്തരം മൗലികമായ ആന്തരിക ദൗർബല്യങ്ങൾ ഇൗ ബജറ്റിലുണ്ട്. അതു മറച്ചുപിടിക്കാനാണ് 200 മിനിറ്റോളം നീണ്ട വിശദാംശ പ്രസംഗത്തിലൂടെ ധനമന്ത്രി ശ്രമിച്ചത്. ഇത്തരം അനാവശ്യമായി നീളുന്ന ബജറ്റ് പ്രസംഗങ്ങൾ, ബജറ്റ് പ്രസംഗം എങ്ങനെയാകരുത് എന്നതിെൻറ ഉദാഹരണമാണ്​.

Latest Video:

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.