മുഖ്യമന്ത്രി നല്‍കുന്ന പ്രതീക്ഷകള്‍

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍െറ ത്രിദിന ബഹ്റൈന്‍ സന്ദര്‍ശനം പ്രവാസിലോകത്തിന് കാര്യമായ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. ഈ മാസം 9, 10, 11 തീയതികളില്‍ നടന്ന സന്ദര്‍ശനവേളയില്‍, രാഷ്ട്രത്തലവന്മാര്‍ക്ക് ലഭിക്കുന്ന സ്വീകരണവും ആദരവുമാണ് അദ്ദേഹത്തിന് ബഹ്റൈന്‍ ഭരണകൂടത്തില്‍നിന്ന് ലഭിച്ചത്. ബഹ്റൈന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ ആതിഥേയത്വം സ്വീകരിച്ചാണ് മുഖ്യമന്ത്രി എത്തിയത്. ബഹ്റൈന്‍ ഭരണകൂടവും വ്യവസായ ലോകവും നല്‍കിയ പരിഗണന അവിസ്മരണീയമാണെന്ന് ഓരോ വേദിയിലും മുഖ്യമന്ത്രി പറയുകയുണ്ടായി. ഒപ്പം, ഈ ആദരവ് ബഹ്റൈന്‍ എന്ന ആധുനിക രാഷ്ട്രം പണിതുയര്‍ത്തിയതില്‍ മലയാളികള്‍ നല്‍കിയ നിസ്സീമമായ സംഭാവനകള്‍ക്കുള്ള അംഗീകാരമാണെന്ന് താന്‍ തിരിച്ചറിയുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി. കിരീടാവകാശിയുടെ വാക്കുകള്‍തന്നെ കടമെടുത്താല്‍, ബഹ്റൈന്‍ ജനസംഖ്യയുടെ 20 ശതമാനവും മലയാളികളാണ്. അവരുടെ സാന്നിധ്യമില്ലാത്തതൊന്നും 50 വര്‍ഷത്തിനിടയില്‍ ബഹ്റൈനില്‍ സംഭവിച്ചിട്ടില്ല.
  മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം പിണറായി വിജയന്‍ നടത്തുന്ന രണ്ടാമത് ഗള്‍ഫ് സന്ദര്‍ശനമായിരുന്നു ഇത്. നേരത്തേ അദ്ദേഹമത്തെിയത് യു.എ.ഇയിലാണ്. ഈ സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന മുന്നണിയുടെ പ്രകടനപത്രികയില്‍ പ്രവാസികളോടുള്ള പരിഗണന അക്കമിട്ട് പറയുന്നുണ്ട്. പറയുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാകുമെന്ന പ്രതീക്ഷ പ്രവാസികള്‍ക്ക് നല്‍കുംവിധമാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങളുണ്ടായത്.
  ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശി എന്നിവരുമായാണ് പ്രധാന ചര്‍ച്ചകള്‍ നടന്നത്. ഇതില്‍ കേരളവും പ്രവാസി മലയാളികളുമായി ബന്ധപ്പെട്ട സുപ്രധാനമായ ഏഴിന നിര്‍ദേശങ്ങള്‍ അദ്ദേഹം സമര്‍പ്പിക്കുകയുണ്ടായി. ഇതില്‍ ചിലത് നേരിട്ട് പ്രവാസിക്ഷേമവുമായി ബന്ധമുള്ളതാണെങ്കില്‍, ചിലത് സംസ്ഥാനത്തേക്കുള്ള മൂലധനനിക്ഷേപവുമായി കണ്ണിചേര്‍ക്കുന്ന കാര്യങ്ങളാണ്.
ബഹ്റൈന്‍ ഭരണാധികാരികളുടെ മുന്നില്‍ ബഹ്റൈനും കേരളത്തിനും ഉപകാരപ്രദമാകുന്ന കാര്യങ്ങളുടെ ഒരു പട്ടിക സര്‍ക്കാര്‍ വെച്ചിട്ടുണ്ട്. അത് ഇപ്രകാരം:
1. ബഹ്റൈന്‍ കേരള അക്കാദമിക് എക്സ്ചേഞ്ചിന്‍െറ ഭാഗമായി ബഹ്റൈനില്‍ കേരള പബ്ളിക് സ്കൂളും എന്‍ജിനീയറിങ് കോളജും സ്ഥാപിക്കുക.
2. കേരളത്തിലെ അടിസ്ഥാന വികസനത്തിനായി പ്രത്യേക വികസന ഫണ്ടിന് രൂപംനല്‍കുക.
3. കേരളത്തിന്‍െറ മനുഷ്യവിഭവശേഷിയും ബഹ്റൈനികളുടെ ധനവിനിയോഗ പ്രാപ്തിയും ഉപയോഗപ്പെടുത്താനായി  ‘ഗവണ്‍മെന്‍റ് ടു ഗവണ്‍മെന്‍റ്’ ധനകാര്യ ജില്ലയുടെ രൂപവത്കരണം.
4. സാംസ്കാരിക കൈമാറ്റത്തിനായി കേരളത്തില്‍ ബഹ്റൈന്‍ ഭരണാധികാരികളുടെ പേരില്‍ സാംസ്കാരിക സമുച്ചയം സ്ഥാപിക്കുക.
5. ബഹ്റൈന്‍ പൗരന്മാരുടെ ചികിത്സക്കായി കേരളത്തില്‍ ആശുപത്രി സ്ഥാപിക്കുക. അര്‍ബുദം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ ചികിത്സയില്‍ ഊന്നല്‍ നല്‍കുന്ന കേന്ദ്രമാകുമിത്.
6. മലയാളികള്‍ക്കായി ബഹ്റൈനില്‍ കേരള ക്ളിനിക് തുടങ്ങുക. ഇവിടെ പരമ്പരാഗതവും ആധുനികവുമായ ചികിത്സ ലഭ്യമാക്കുക.
7. ബഹ്റൈനിലെ മലയാളികള്‍ക്ക് നിയമസഹായം ലഭിക്കുന്നതിന് ‘നോര്‍ക’യുടെ കീഴില്‍ പ്രത്യേക കേന്ദ്രം സ്ഥാപിക്കുക.
ഇത്രയുമാണ് നിര്‍ദേശങ്ങള്‍. ഇതില്‍, കേരള പബ്ളിക് സ്കൂള്‍, എന്‍ജിനീയറിങ് കോളജ് എന്നീ പദ്ധതികളുടെ നടപടിയില്‍ ഉടന്‍ പുരോഗതിയുണ്ടാകുമെന്നാണ് ചര്‍ച്ചകളിലും മറ്റും മുഖ്യമന്ത്രിയെ അനുഗമിച്ച ചില പ്രമുഖ വ്യവസായികള്‍ പറഞ്ഞത്. പദ്ധതികള്‍ ആശയമായി ഒതുങ്ങാതിരിക്കാനും കേരളവും ബഹ്റൈനും തമ്മിലുള്ള കാര്യങ്ങളുടെ പുരോഗതിക്കുമായി ഒരു വര്‍ക്കിങ് ഗ്രൂപ് രൂപവത്കരിക്കുന്നതിന്‍െറ സാധ്യതകള്‍ പരിഗണിക്കണമെന്ന് രാജാവും പറഞ്ഞു.
ഇതിനായി, ചര്‍ച്ചയില്‍ പങ്കെടുത്ത വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫക്ക് രാജാവ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
   എന്‍ജിനീയറിങ് കോളജ് എന്ന് കേരളം പറയുമ്പോള്‍, ഉന്നത സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രമെന്നോ സാങ്കേതിക വിദ്യാഭ്യാസ സര്‍വകലാശാല എന്നനിലക്കോ അതില്‍ ബഹ്റൈനും താല്‍പര്യമുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ബഹ്റൈന്‍ നിയമമനുസരിച്ച് ഇവിടെ സര്‍വകലാശാല തുടങ്ങുകയെന്നത് വലിയ കടമ്പകളുള്ള കാര്യവുമല്ല. പക്ഷേ, അത് എങ്ങനെ ഒരു സംസ്ഥാനം ഇന്ത്യക്കു പുറത്ത് തുടങ്ങുമെന്നും അതിന് ഇന്ത്യയിലെ ഏത് ഏജന്‍സി അംഗീകാരം നല്‍കുമെന്നുമൊക്കെയുള്ള കാര്യങ്ങളില്‍ വ്യക്തതയുണ്ടാകേണ്ടതുണ്ട്. കേരളത്തിന്‍െറ പേരിലുള്ള സ്കൂള്‍ എന്ന ആശയം പ്രാവര്‍ത്തികമായാല്‍ അത് സാധാരണക്കാരും ഇടത്തരക്കാരുമായ മലയാളി പ്രവാസികള്‍ക്ക് ഉപകാരപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിലവില്‍ 10,000ത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഇന്ത്യന്‍ സ്കൂള്‍ ബഹ്റൈനിലുണ്ട്. അതില്‍ ഭൂരിപക്ഷവും മലയാളികളുമാണ്. ഏറ്റവും കുറഞ്ഞ ഫീസ് നിരക്കാണ് ഇന്ത്യന്‍ സ്കൂളില്‍ വാങ്ങുന്നത്. എങ്കിലും, ബസ് ചാര്‍ജ് ഉള്‍പ്പെടെ അനുബന്ധ പണച്ചെലവുകള്‍ വരുന്നതോടെ ബജറ്റ് താളംതെറ്റുന്ന സാധാരണ കുടുംബങ്ങള്‍ നിരവധിയുണ്ട്. അവര്‍ക്ക് പുതിയ സ്കൂള്‍ വരുന്നത് ആശ്വാസമാകും. മാത്രവുമല്ല, മലയാളത്തിന് ചെറിയ ക്ളാസില്‍ തന്നെ പ്രാമുഖ്യം ലഭിക്കുക വഴി പുതുതലമുറക്ക് മാതൃഭാഷയുടെ മധുരം പകരുകയുമാകാം. ഈ പദ്ധതിക്കായി കേരള സര്‍ക്കാര്‍ മുതല്‍മുടക്കാനിടയില്ല. ഇതിന് സ്വാഭാവികമായും കേരളത്തോട് താല്‍പര്യമുള്ള, മലയാളികളുടെ നില മെച്ചപ്പെടണമെന്ന് ആഗ്രഹിക്കുന്ന വ്യവസായികളുടെ പിന്തുണ വേണ്ടിവരും. അത് നേടിയെടുക്കാന്‍ സര്‍ക്കാറിന് സാധിക്കുമെന്ന് കരുതാം.
ഏതാനും വര്‍ഷങ്ങളായി കേരളം മുന്നോട്ടുവെക്കുന്ന വികസന പദ്ധതികളില്‍ പ്രധാനപ്പെട്ടതാണ് ടൂറിസം. പ്രകൃതിസൗന്ദര്യത്തിന്‍െറ കാര്യത്തില്‍ ടൂറിസത്തിന് അനുയോജ്യമായ കാര്യങ്ങളെല്ലാം കേരളത്തിനുണ്ട്. പക്ഷേ, ടൂറിസ്റ്റുകള്‍ ആഗ്രഹിക്കുന്ന മറ്റ് പ്രധാന കാര്യങ്ങളായ വൃത്തി മുതല്‍ മികച്ച റോഡുവരെയുള്ള കാര്യങ്ങളില്‍ സംസ്ഥാനം താഴത്തേട്ടിലാണ്. കേരളത്തിലത്തൊന്‍ ഗള്‍ഫ് നാടുകളിലുള്ളവര്‍ കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന സമയമാണിത്. തുര്‍ക്കിയും കടന്ന് പോകുന്നതിലും അവര്‍ക്ക് ലാഭവും സൗകര്യവും ഇന്ത്യയിലും കേരളത്തിലുമത്തെുന്നതാകും. സാംസ്കാരികമായ പരിഗണനകളും ഇതില്‍ പ്രധാനമാണ്. അതിനനുസരിച്ചുള്ള കാര്യങ്ങള്‍ ആവിഷ്കരിക്കപ്പെട്ടാല്‍ ബഹ്റൈന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള ടൂറിസ്റ്റുകളുടെ വരവില്‍ കാര്യമായ വര്‍ധനയുണ്ടാകും. ഇക്കാര്യം ചര്‍ച്ചകളില്‍ ഉയര്‍ന്നിരുന്നു.
ആരവങ്ങള്‍ക്കപ്പുറം
കൈരളി ടി.വിയുടെ അവാര്‍ഡുദാന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. ഡിപ്ളോമാറ്റ് റാഡിസണ്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍, പിണറായിയുടെ പ്രസംഗമുണ്ടെന്നറിഞ്ഞ് പിന്‍നിരയില്‍ സിമന്‍റ് വീണ് നിറംപോയ മുടിയുമായി ഒരാള്‍ ഇരിക്കുന്നത് കണ്ടു. കൈയില്‍ റബര്‍ബാന്‍ഡിട്ട് കുടുക്കിവെച്ച ഒരു പഴയ മൊബൈല്‍. പേര് ഭാസ്കരന്‍. വടകരക്കാരനാണ്. 20 വര്‍ഷമായി പ്രവാസി. ദൂരെയുള്ള ലേബര്‍ ക്യാമ്പില്‍നിന്നാണ് വരവ്. ഈ ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് മുന്നോടിയായി അദ്ദേഹത്തിന്‍െറ മാധ്യമ ഉപദേഷ്ടാവ് ദീര്‍ഘമായി സംസാരിച്ചു. അതില്‍, കേരളം ഇന്ന് വിവാദം ഉല്‍പാദിപ്പിക്കുന്ന ഒരിടമായി മാറിയെന്ന് ജോണ്‍ ബ്രിട്ടാസ് പറയുന്നു. ഉല്‍പാദനമൊന്നും നടക്കുന്നില്ല. റോഡില്ല. വേഗമില്ല, അങ്ങനെയും ചില കാര്യങ്ങള്‍. 10 വ്യവസായികള്‍ക്ക് അവാര്‍ഡ് നല്‍കിയ ചടങ്ങായതിനാല്‍ അവരുടെ മുഖത്തെല്ലാം ചിരിവീണു. എന്നാല്‍, ഭാസ്കരന്‍ അസ്വസ്ഥനാകുന്നുണ്ടായിരുന്നു. അധികാരികളുടെ തീട്ടൂരങ്ങള്‍ ചോദ്യംചെയ്ത യുവത്വത്തിന്‍െറ തീക്ഷ്ണസ്മരണകളാണ് അയാളെ അസ്വസ്ഥനാക്കിയത്. ചോദ്യംചെയ്യാനും ബദലുകളെക്കുറിച്ച് പറയാനുമാണ് അയാളുടെ പ്രസ്ഥാനം പറഞ്ഞിരുന്നത്. അത് അപരാധമാണെന്ന വ്യാഖ്യാനം അംഗീകരിക്കാന്‍ അയാള്‍ക്കാകുമായിരുന്നില്ല. അത്തരത്തില്‍ അസ്വസ്ഥരായ പലരെയും ഈ സന്ദര്‍ശനവേളയില്‍ പലയിടത്തായി കണ്ടു.  
ഏതു നേതാവ് വന്നാലും ലേബര്‍ ക്യാമ്പുകളിലേക്കുള്ള ഒരു ഓട്ടപ്രദക്ഷിണമുണ്ടാകും. ലേബര്‍ ക്യാമ്പുകളെ തങ്ങളുടെ പ്രചാരണതന്ത്രങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനുള്ള പ്രദര്‍ശന വസ്തുവാക്കുകയാണോ എന്ന സംശയം തൊഴിലാളികള്‍തന്നെ ഉന്നയിച്ചുതുടങ്ങിയ കാലമാണിത്. സര്‍ക്കാര്‍ അതിഥിയായി എത്തിയതിനാലാണോ എന്നറിയില്ല, മുഖ്യമന്ത്രി സാധാരണക്കാരിലും സാധാരണക്കാരെ കണ്ടിട്ടില്ല.  
മുഖ്യമന്ത്രി ബഹ്റൈന്‍ ഭരണാധികാരികള്‍ക്ക് സമ്മാനിച്ചത് ആറന്മുളക്കണ്ണാടിയാണ്. ഇത് നിര്‍മിക്കുന്നത് ലോഹംകൊണ്ടായതിനാല്‍ ഉടയാറില്ല. പോറലേല്‍ക്കാതെ സൂക്ഷിച്ചാല്‍ കാലാതീതമായി നില്‍ക്കും. ബഹ്റൈനും കേരളവുമായുള്ള ഊഷ്മളതയുടെ പ്രതിഫലനമായി, മായാത്ത ഓര്‍മയായി ഈ സന്ദര്‍ശനം മാറുമെന്നുതന്നെയാണ് പൊതുപ്രതീക്ഷ.

 

Tags:    
News Summary - kerala cm pinarayi vijayan's bahrain visit and expextations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.