വൈരുധ്യാത്മക ഭൗതികവാദം ഇന്ത്യയിൽ നടപ്പാകുന്ന മട്ടില്ലെന്ന് കേരളത്തിലെ കമ്യൂണിസ്റ്റുകളുടെ താത്ത്വിക പണ്ഡിതൻ എം.വി. ഗോവിന്ദൻ മാസ്റ്റർ പറയുന്നു. സംഗതി വിവാദമായതോടെ വൈരുധ്യാത്മക ഭൗതികവാദത്തിെൻറ പ്രയോഗത്തിൽ മാറ്റം വേണമെന്നാണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചും കണ്ടു. രാഷ്ട്രീയവ്യവഹാരത്തിന് പ്രയോഗത്തിനു പറ്റുന്ന ആശയമാണല്ലോ വേണ്ടത്. കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിെൻറ അടിസ്ഥാനതത്ത്വം തന്നെ ഇനി ഇന്ത്യയിൽ പ്രയോഗത്തിലെത്തില്ലെന്ന് കമ്യൂണിസ്റ്റുകാർ ഇപ്പോഴെങ്കിലും തിരിച്ചറിയുന്നെങ്കിൽ നല്ലത്. അതിെൻറ പേരിൽ നടത്തിക്കൊണ്ടിരിക്കുന്ന പിന്തിരിപ്പൻ പ്രത്യയശാസ്ത്ര പ്രകടനങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കുന്നതാണ് മുന്നിലുള്ള പ്രായോഗികതയുടെ പ്രാഥമിക മര്യാദ.
മാർക്സിെൻറയും ഏംഗൽസിെൻറയും തുടർന്നുവന്ന മാർക്സിയൻ ചിന്താധാരയുടെയും വൈരുധ്യാത്മക ഭൗതികവാദത്തിന് ഇന്ത്യയിൽ ഇടമില്ലെന്ന് കോൺഗ്രസ് മുേമ്പ തിരിച്ചറിഞ്ഞതാണ്. അതിനാലാണ് പാർട്ടിക്ക് അകത്തുണ്ടായിരുന്ന സോഷ്യലിസ്റ്റു ചേരിയിൽനിന്ന് ചിലരെങ്കിലും കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് കളംമാറിയപ്പോൾ കോൺഗ്രസ് അതിനെ നിരാകരിച്ചത്. സോഷ്യലിസത്തിൽനിന്ന് കമ്യൂണിസത്തിലേക്കുള്ള ദൂരം ഇല്ലാതാക്കുകയെന്നത് ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക യാഥാർഥ്യങ്ങളെ ആഴത്തിലുള്ള ബോധ്യങ്ങളോടെ അഭിമുഖീകരിച്ചുകൊണ്ടേ സാധ്യമാകുകയുള്ളൂ എന്ന് നെഹ്റു അടക്കമുള്ള സോഷ്യലിസ്റ്റുകൾ തിരിച്ചറിഞ്ഞിരുന്നു.
മതകീയവും ആത്മീയവുമായ സങ്കീർണതകൾക്കൊപ്പം ജാതി, കുലത്തൊഴിൽ തുടങ്ങിയ അടിസ്ഥാനങ്ങളിൽ ക്രമീകരിക്കപ്പെട്ട സാമൂഹികസംവിധാനവും ഇവയെല്ലാം രൂഢമായി സ്വാധീനിച്ച രാഷ്ട്രീയവിചാരങ്ങളും യൂറോപ്പിലെയോ മറ്റേതങ്കിലും കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെയോ മാതൃകയിലേക്ക് ചുരുക്കാൻ കഴിയില്ലെന്നും അങ്ങനെ ശ്രമിക്കുന്നത് അപക്വമാണെന്നും ഇവിടെ തിരിച്ചറിയാതെപോയത് കമ്യൂണിസ്റ്റുകൾക്കു മാത്രമായിരിക്കും.
സാമ്പത്തിക മൂലധനം അടിസ്ഥാനപ്പെടുത്തിയും വർഗസമരത്തിെൻറ രീതിശാസ്ത്രത്തിലും ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ ഭാഗധേയം നിർവചിക്കാനോ നിർണയിക്കാനോ സാധിക്കില്ലെന്ന തിരിച്ചറിവ് ഇല്ലാതെ പോയതിനാലാണ് കമ്യൂണിസം ഇന്ത്യയിൽ വേരുറക്കാതെ പോയത്. എന്നാൽ, കോൺഗ്രസിലൂടെ വളർന്നുവന്ന ആദ്യകാല നേതൃത്വം സമൂഹത്തിലുണ്ടായിരുന്ന ജനപിന്തുണയും ജനകീയതയും ഉപയോഗിച്ച് കമ്യൂണിസമാണ് ബദലെന്ന മിഥ്യാധാരണ ജനങ്ങളിലുണ്ടാക്കുന്നതിൽ വിജയിച്ചു. പശ്ചിമ ബംഗാളിലും ത്രിപുരയിലും കേരളത്തിലും അത് ഒരു പരിധിവരെ വിജയിച്ചു. എന്നാൽ, തുടർച്ചയായി സംസ്ഥാനഭരണം ഉറപ്പിക്കാൻ സാധിച്ച ബംഗാളിലും ത്രിപുരയിലും പാർട്ടിക്കുണ്ടായ ജീർണതകൾ മനസ്സിലാക്കി ഇടക്കിടക്ക് നയപരിപാടികൾ തിരുത്തിയും നിലപാടുകൾ അയച്ചുപിടിച്ചുമാണ് കേരളത്തിലെ കമ്യൂണിസ്റ്റുകൾ അന്യംനിന്നുപോകാതെ അതിജീവിക്കുന്നത്. ഇപ്പോൾ കേരള കമ്യൂണിസത്തിന് വൈരുധ്യാത്മക ഭൗതികവാദത്തിൽതന്നെ ആത്മവിശ്വാസക്കുറവുണ്ടാകുന്നതും ഇത്തരം തിരുത്തലുകളുടെയും തിരിമറികളുടെയും തുടർച്ചമാത്രമാണ്.
സാമൂഹികസമത്വം എന്ന ആശയം ഏറെ സ്വീകാര്യമായ ആശയമായി മനസ്സിലാക്കുമ്പോഴും ഭരണകൂടത്തിനുമാത്രം ഉടമസ്ഥാവകാശമുള്ള സാമ്പത്തിക മൂലധനസംവിധാനവും അതനുസരിച്ചുള്ള വികസന-ക്ഷേമ സങ്കൽപങ്ങളും ഒരു നിശ്ചിത കാലത്തിനപ്പുറം ലോകത്തെവിടെയും സാധ്യമല്ലെന്ന് നെഹ്റു അടക്കമുള്ള ദേശീയ നേതൃത്വം ദീർഘവീക്ഷണം ചെയ്തിട്ടുണ്ടായിരുന്നു. മാത്രമല്ല, വർഗസമരങ്ങൾക്കുശേഷം സാധ്യമാകുമെന്ന് പറയുന്ന ജനാധിപത്യവിപ്ലവവും തുടർന്നുള്ള വർഗരഹിതസമൂഹവും സ്ഥിരതയില്ലാത്ത, അലസിപ്പോകുന്ന കാൽപനികസങ്കൽപം മാത്രമാണെന്ന് കഴിഞ്ഞ സഹസ്രാബ്ദത്തിെൻറ ഒടുവിൽതന്നെ ലോകം തിരിച്ചറിഞ്ഞതുമാണ്.
സോവിയറ്റ് യൂനിയനോ, ജനകീയ ചൈനയോ, ക്യൂബയോ ഒന്നും തന്നെ ഉത്തമ കമ്യൂണിസം നിലനിർത്തിക്കണ്ടില്ല. സോവിയറ്റ് യൂനിയനിൽ നടന്ന കമ്യൂണിസ്റ്റ് വിപ്ലവങ്ങൾക്കൊപ്പിച്ചാണ് ഇന്ത്യയിൽ ദേശീയസമരവും പിന്നീട് സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഭരണവും നടക്കേണ്ടതെന്ന് കമ്യൂണിസ്റ്റുകൾ സിദ്ധാന്തിച്ചപ്പോൾ സോവിയറ്റ് യൂനിയൻ നടപ്പാക്കിയ പഞ്ചവത്സര പദ്ധതികൾ അടക്കമുള്ള കാര്യങ്ങൾ ഇന്ത്യൻ സാഹചര്യത്തിലേക്ക് പ്രായോഗികമായി പരിവർത്തനം ചെയ്യാമെന്നും മറിച്ച്, ചാണും ചരടുമൊപ്പിച്ച് കമ്യൂണിസം ഇന്ത്യയിൽ നടപ്പിലാകില്ലെന്നും കോൺഗ്രസിന് നിലപാടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ നെഹ്റുവിെൻറ നേതൃത്വത്തിൽ മിശ്ര സമ്പദ്വ്യവസ്ഥ അടക്കമുള്ള സാമ്പത്തികദർശനങ്ങളിലേക്ക് ഇന്ത്യ നയിക്കപ്പെട്ടു.
ആത്മീയമായി ഏറെ പ്രചോദിപ്പിക്കപ്പെട്ട ഒരു സമൂഹത്തെ ഭൗതികവാദം എന്ന കമ്യൂണിസ്റ്റ് ആശയംകൊണ്ട് അഭിമുഖീകരിക്കുന്നിടത്തുള്ള വെല്ലുവിളിയെ കമ്യൂണിസ്റ്റുകൾ തിരിച്ചറിയാൻ വൈകി എന്ന കുറ്റസമ്മതമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഏതെങ്കിലും മതത്തിൽ വിശ്വസിച്ച ആളായിരുന്നില്ല ജവഹർലാൽ നെഹ്റു. അദ്ദേഹം മാനവികതയിലും ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളിലും വിശ്വസിച്ചു. പക്ഷേ, കമ്യൂണിസ്റ്റുകളുടെ വൈരുധ്യാത്മക ഭൗതികവാദത്തിൽ കാലൂന്നുന്നത് ഇന്ത്യയുടെ സാമൂഹികസാഹചര്യത്തിന് ഉതകില്ലെന്ന് അദ്ദേഹത്തിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു. കാരണം മതവിശ്വാസങ്ങളുടെയോ- ആത്മീയ വിചാരങ്ങളുടെയോ നിരാകരണത്തിലൂടെ ഇന്ത്യയിൽ സാമൂഹിക പുരോഗതി സാധ്യമാകില്ലെന്ന് ഗ്രാമങ്ങളുടെയും ജനങ്ങളുടെയും ഹൃദയമിടിപ്പറിഞ്ഞ നെഹ്റുവിനും കോൺഗ്രസ് പ്രസ്ഥാനത്തിനും തീർച്ചയുണ്ടായിരുന്നു. അതുകൊണ്ടാണല്ലോ മതനിരപേക്ഷത ഒരു പാശ്ചാത്യദർശനമാകുമ്പോഴും ഇന്ത്യൻ സാഹചര്യത്തിൽ മതനിരാസ മതനിരപേക്ഷത സ്വീകരിക്കാതെ മതാത്മക മതനിരപേക്ഷതക്ക് കോൺഗ്രസ് അടിത്തറ പാകിയത്.
മാർക്സ് കണ്ട യൂറോപ്പിലെ മതപൗരോഹിത്യവും ദുഷ്പ്രഭുത്വവും ഭൂപ്രഭുത്വവും തൊഴിലാളി വർഗവും ബൂർഷ്വ മുതലാളിത്തവുമൊക്കെ വിവിധ സാമൂഹിക യാഥാർഥ്യങ്ങളോട് തുലനം ചെയ്തിടത്ത് കമ്യൂണിസ്റ്റുകൾക്ക് പിഴച്ചിട്ടുണ്ടെന്നത് കാലമേറെ ചെന്ന വിമർശനമാണ്. കമ്യൂണിസ്റ്റുകൾ ഇന്ത്യയിലെ ജാതിവ്യവസ്ഥയെ കേവലം വർഗവ്യത്യാസമായി കണ്ടത് തുടങ്ങി, മതവിശ്വാസത്തെ പാടെ നിരാകരിച്ചതടക്കം, സാമൂഹിക സമത്വവിചാരങ്ങളെ സാമ്പത്തികസംവരണത്തിെൻറ ചട്ടങ്ങളിലേക്ക് ചുരുക്കിയതുവരെയുള്ള അനേകം ഇടർച്ചകൾ കമ്യൂണിസ്റ്റ് മുന്നേറ്റത്തിന് ഉണ്ടായിട്ടുണ്ട്. കേവലം അക്കാദമിക വിമർശനങ്ങളോ, താത്ത്വികചിന്തകളോ ആയി ഇത്തരം വിമർശനങ്ങളെ അവഗണിച്ച പാർട്ടിയുടെ കാലങ്ങളായുള്ള അലസതയാണ് ഇപ്പോൾ പാർട്ടി നേതൃത്വത്തെ കൊണ്ടെത്തിച്ചിട്ടുള്ള പ്രതിസന്ധി.
നിലവിൽ കേരളത്തിൽ ശബരിമല വിഷയത്തിൽ പാർട്ടിക്ക് ഏറ്റ തിരിച്ചടിയും അത് മറക്കാൻ വേണ്ടി ഏറ്റെടുത്തു മുന്നോട്ടു കൊണ്ടുപോകുന്ന ഇസ്ലാംപേടി പ്രചാരവേലയും അപകടകരമായ രാഷ്ട്രീയ വ്യവഹാരം മുന്നോട്ടുകൊണ്ടുപോകുന്ന സാഹചര്യത്തിലും ഇപ്പോൾ ഭൗതികവാദത്തെ പ്രതി ഒരു അടിയന്തര ആലോചന നല്ലതുതന്നെ. അപ്പോഴും കമ്യൂണിസ്റ്റ് പാർട്ടി സംഘ്പരിവാരത്തിലേക്കാണ് ചായുന്നത്. ഇന്ത്യയിൽ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളായാണ് ജനിക്കുന്നതെന്ന് മുമ്പ് പറഞ്ഞത് മോഹൻ ഭാഗവതാണ്. അദ്ദേഹം ആർ.എസ്.എസിെൻറ മേധാവിയാണ്. അവരുടെ ആത്മീയതാവാദം സംഹാരത്തിെൻറയും സർവനാശത്തിെൻറയും വിചാരധാരയിലാണ് നിലകൊള്ളുന്നത്. അതേ പാതയിൽ കമ്യൂണിസ്റ്റുകൾ നടക്കാൻ തുടങ്ങുന്നത് നാടിനുതന്നെ ആപത്താണ്.
സ്വത്ത് സമ്പാദനവിഷയത്തിൽ പാർട്ടികാഴ്ചപ്പാടുകൾ തിരുത്താൻ നിർബന്ധിതമായത് ബംഗാളിലെയും ത്രിപുരയിലേയുമൊക്കെ കമ്യൂണിസ്റ്റുകാർ വലിയ ഭൂപ്രഭുക്കന്മാരായതോടെയും കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കളുടെ മക്കൾക്ക് അധോലോക ബന്ധങ്ങൾ സജീവമായതിൽ പിന്നെയുമാണ്. അതുപോലെ ക്ഷേത്രാചാരങ്ങളെയും മതവികാരങ്ങളെയും കാലഹരണപ്പെട്ടതോ അപ്രസക്തമോ ആയ പാർട്ടി സൈദ്ധാന്തികതയുടെ പേരിൽ മുറിവേൽപിച്ചതിന് പ്രായശ്ചിത്തം ചെയ്യാൻ മാർഗങ്ങൾ നോക്കുന്നതിലും അതിശയിക്കാനില്ല. ഭരണത്തുടർച്ച ഉണ്ടായില്ലെങ്കിലും പാർട്ടി പൂട്ടിപ്പോകാതിരിക്കാൻ അതുപകരിക്കും.
മുമ്പും വിശ്വാസം സംബന്ധിച്ച മാർക്സിയൻ, ഹെഗലിയൻ വിചാരപ്രപഞ്ചത്തിൽനിന്നു പാർട്ടി ഇറങ്ങിനടന്നിട്ടുണ്ട്. ആദ്യം അണികൾക്ക് വിശ്വാസം അനുവദിച്ചും, പിന്നീട് പാർട്ടി നേതാക്കൾക്കുതന്നെ വിശ്വാസവും ആചാരവുമൊക്കെ സമ്മതിച്ചും പല പാർട്ടി കോൺഗ്രസുകളിലായി പുരോഗമനം കൊണ്ടിട്ടുണ്ട്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ കമ്യൂണിസം വിട്ട് കമ്യൂണലിസത്തിലേക്ക് പാർട്ടിയെ നയിക്കുന്ന അപകടസന്ധിയിൽനിന്ന് പാർട്ടി സെക്രട്ടറിയും താത്ത്വികാചാര്യന്മാരും അടിയന്തരമായി പിന്മാറണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.