മേയ് ആറിന് എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിക്കാനിരിക്കുകയാണ് സംസ്ഥാന പരീക്ഷ ബോർഡ്. വി വിധ വിഭാഗങ്ങളിലായി 4,37,042 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സംസ്ഥാനത്ത് പത്താംതരത്തിനുശേഷം ഉന്നതപഠനത്തിന് അർഹത നേടുന്നവരുടെ എണ്ണം 100 ശതമാനത്തിന് തൊട്ടുതാഴെയാണ്. ഫലം പ്രഖ്യാപിക്കുന്നതോടുകൂടി പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിക്കും. പതിവുപോലെ ഏകജാലകത്തിലൂടെ പ്രവേശനം ലഭിക്കാത്തവരുടെയും പുറത്താക്കപ്പെട്ടവരുടെയും ബഹളങ്ങളും പരാതികളും ഉയരും. എല്ലാവർക്കും പഠിക്കാൻ അവസരമുണ്ടാകുമെന്നും അതിെൻറ പേരിൽ ആർക്കും ഉന്നത വിദ്യാഭ്യാസം നിഷേധിക്കപ്പെടില്ലെന്നും മറുപടിയുണ്ടാകും. പക്ഷേ, എല്ലാം അവസാനിക്കുമ്പോൾ തുടർപഠനം സാധ്യമല്ലാത്ത ആയിരങ്ങൾ സംസ്ഥാനത്തുണ്ടാവും. അവർ എല്ലാ കാലത്തും കൂടുതലും കേരളത്തിെൻറ വടക്കുഭാഗത്തുള്ളവരുമായിരിക്കും.
മുമ്പേ ചെറിയതോതിൽ ഉന്നയിക്കപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ 13 വർഷമായി കേരളം നിരന്തരം ചർച്ചചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണ് മലബാറിെൻറ വിദ്യാഭ്യാസരംഗത്തെ അസൗകര്യങ്ങളെക്കുറിച്ച്. കൃത്യമായി പറഞ്ഞാൽ 2006 ജൂലൈ നാലു മുതൽ. അന്നാണ് കോഴിക്കോട് ജില്ലയിലെ ആഴ്ചവട്ടം സ്കൂളിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് വിദ്യാഭ്യാസമന്ത്രിയായിരുന്ന എം.എ. ബേബി നയിച്ച ഘോഷയാത്രക്കു മുന്നിലേക്ക് ഒരുകൂട്ടം വിദ്യാർഥി സംഘടനയുടെ പ്രവർത്തകർ മലബാറിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എടുത്തുചാടിയത്. പ്രവേശനോത്സവമായതിനാൽ ചാനൽകാമറകളുടെ സാന്നിധ്യം വിഷയത്തെ തത്സമയം ജനങ്ങളിലേക്കെത്തിച്ചു. മുദ്രാവാക്യവുമായി ഘോഷയാത്രയുടെ മുന്നിലെത്തിയ എസ്.ഐ.ഒ പ്രവർത്തകർക്ക് സമരത്തിെൻറ സംസ്കാരമറിയില്ലെന്നായിരുന്നു സംഭവത്തോട് വിദ്യാഭ്യാസമന്ത്രിയുടെ ആദ്യ പ്രതികരണം. ആദ്യഘട്ടത്തിൽ വിദ്യാഭ്യാസ മേഖലയിൽ കേരളത്തിനകത്ത് അസന്തുലിതത്വം നിലനിൽക്കുന്നു എന്ന് അംഗീകരിക്കാൻ പൊതുസമൂഹംതന്നെ തയാറായിരുന്നില്ല. എന്നാൽ, കൃത്യമായ പഠനത്തിെൻറ അടിസ്ഥാനത്തിൽ വസ്തുതകൾ പുറത്തുവന്നപ്പോൾ പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഭീകരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും വിദ്യാഭ്യാസ മേഖലയിൽ മാത്രം പരിമിതമല്ല ഈ വിവേചനമെന്നും കേരളത്തിന് ബോധ്യപ്പെട്ടു.
അതിെൻറ ഫലമായി കഴിഞ്ഞ ഇടതുപക്ഷ സർക്കാറിെൻറ കാലത്ത് ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽ മലബാർ പാക്കേജ് എന്ന പ്രയോഗം സ്ഥലംപിടിച്ചു. ഈ പാക്കേജ് പേക്ഷ, സാധാരണ ഗതിയിൽ ബജറ്റിലെ പതിവുകാര്യങ്ങളെ മലബാർ പാക്കേജിനകത്താക്കുക മാത്രമാണ് ചെയ്തതെന്ന ആക്ഷേപം അന്നുതന്നെ ഉയരുകയും ചെയ്തിരുന്നു. പ്രധാനമായും ഹയർ സെക്കൻഡറി സീറ്റുകളുടെ അപര്യാപ്തതയും ഉന്നതവിദ്യാഭ്യാസത്തിനുള്ള സൗകര്യക്കുറവുമാണ് ചൂണ്ടിക്കാണിക്കപ്പെട്ടത്. ഇതിനോട് അന്നത്തെയും ഇന്നത്തെയും എൽ.ഡി.എഫ് സർക്കാറും ഇടക്ക് അധികാരത്തിലുണ്ടായിരുന്ന യു.ഡി.എഫ് സർക്കാറും രണ്ടു രീതിയിലാണ് പ്രതികരിച്ചത്. ഹയർ സെക്കൻഡറി പ്രവേശനത്തിൽ കേരളത്തിലെ മൊത്തം കണക്കെടുത്ത് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു എന്നും സ്കൂളുകളോ ബാച്ചുകളോ അനുവദിക്കേണ്ട ആവശ്യമില്ലെന്നും എൽ.ഡി.എഫ് സർക്കാർ നിലപാടെടുത്തു. അതേസമയം, വിദ്യാർഥി-യുവജന സംഘടനകളുടെ പ്രക്ഷോഭങ്ങളുടെയും മാധ്യമപ്രചാരണങ്ങളുടെയും സമ്മർദത്തിന് വഴങ്ങി ഏതാനും ബാച്ചുകൾ അനുവദിക്കുകയും ഓരോ വർഷവും സീറ്റുകൾ വർധിപ്പിക്കുകയും ചെയ്തു. വിഷയത്തെ ക്രിയാത്മകമായി സമീപിച്ച യു.ഡി.എഫിന് രാഷ്ട്രീയവും സാമുദായികവുമായ കാരണങ്ങളാൽ പ്രശ്നത്തോട് പൂർണമായ നീതിപുലർത്താൻ സാധിച്ചതുമില്ല. എന്നാൽ, പ്രശ്നപരിഹാരത്തിന് സർക്കാറുകൾ ഒരുപരിധിവരെ ശ്രമിച്ചിട്ടുണ്ട് എന്ന പ്രതീതി ഇന്ന് കേരളത്തിൽ നിലനിൽക്കുന്നുണ്ട്. യഥാർഥത്തിൽ 13 വർഷത്തിനിപ്പുറത്തെ ആവശ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മലബാറിലെ വിദ്യാഭ്യാസ സൗകര്യങ്ങളെന്തൊക്കെയാണ് എന്ന അന്വേഷണം പ്രസക്തമാണ്.
2006ൽനിന്ന് 2019ൽ എത്തുമ്പോൾ എസ്.എസ്.എൽ.സിക്കുശേഷം ഉപരിപഠനത്തിന് യോഗ്യത നേടിയവരുടെ എണ്ണത്തിൽ വമ്പിച്ച വ്യത്യാസമുണ്ടായിട്ടുണ്ട്. 2006ൽ സംസ്ഥാനത്ത് ഉന്നതപഠനത്തിന് യോഗ്യത നേടിയത് 3,76,056 പേരായിരുന്നു. ഇതിൽ തൃശൂർ വരെയുള്ള തെക്കൻ ജില്ലകളിൽ ആകെ 1,98,331 പേരും ഇതര ജില്ലകളിൽ 1,77,725 പേരുമായിരുന്നു. വിദ്യാഭ്യാസ മേഖലയിൽ നടന്ന വിവിധ പ്രവർത്തനങ്ങളുടെ ഫലമായി എസ്.എസ്.എൽ.സി ഫലത്തിൽ വലിയ മാറ്റങ്ങളുണ്ടായി. 2018ൽ എസ്.എസ്.എൽ.സി കടന്ന് ഉന്നതപഠനത്തിന് അർഹത നേടിയവരുടെ എണ്ണം 4,29,969 ആണ്. 2006ലേതിനേക്കാൾ 53,913 (14.34) പേരുടെ വർധനയുണ്ടായി. സംസ്ഥാനമൊട്ടുക്കും ഈ വലിയ വളർച്ചനിരക്ക് രേഖപ്പെടുത്തിയപ്പോൾ അതിൽ 1.59 ശതമാനം മാത്രമാണ് (5974) തൃശൂർ മുതൽ തെക്കോട്ടുള്ള ജില്ലകളുടെ പങ്ക്. അവശേഷിക്കുന്ന 47,939 (12.78) പേരും മലബാറിൽനിന്നുള്ളവരാണ്. കഴിഞ്ഞ വർഷത്തേക്കാൾ ഉന്നതപഠനത്തിന് അർഹത നേടുന്നവരുടെ എണ്ണത്തിൽ നേരിയ കുറവ് വരാനുള്ള സാധ്യത ഈ വർഷമുണ്ട്.
ഇനി ഇതേ കാലയളവിൽ സംസ്ഥാനത്ത് ലഭ്യമായ പ്ലസ് വൺ സീറ്റുകളുടെ എണ്ണവും അഡ്മിഷൻ ലഭിച്ചവരുടെ നിരക്കും പരിശോധിക്കാം. 2006ൽ 2,75,650 പ്ലസ് വൺ സീറ്റുകളാണുണ്ടായിരുന്നത്. ഇതുപ്രകാരം 72.45 ശതമാനം പേർക്കാണ് പ്ലസ് വൺ പ്രവേശനം സാധിച്ചത്. ഇത് സംസ്ഥാനത്തിെൻറ മൊത്തം കണക്കാണെങ്കിൽ തിരു-കൊച്ചി മേഖലയിൽ 88.03 ശതമാനം പേർക്ക് അഡ്മിഷൻ ലഭിച്ചപ്പോൾ 56.86 ശതമാനം പേർക്കു മാത്രമാണ് മലബാർ മേഖലയിൽ പ്ലസ് വണിന് പഠിക്കാൻ സാധിച്ചത്. സംസ്ഥാനത്തിെൻറ രണ്ടു ഭാഗങ്ങൾ തമ്മിലുള്ള ഭീമമായ ഈ അന്തരമാണ് മലബാറിലെ ജില്ലകളിലെ വിദ്യാഭ്യാസം നേടുന്നതിനുള്ള അസൗകര്യങ്ങളെക്കുറിച്ച ചർച്ചയിലേക്കു വഴിവെച്ചത്.
എന്നാൽ, പ്രശ്നം ഉന്നയിക്കപ്പെട്ട സമയത്ത് വി.എസ്. അച്യുതാനന്ദെൻറ നേതൃത്വത്തിൽ കേരളം ഭരിച്ചിരുന്ന ഇടതുപക്ഷ സർക്കാറോ വിദ്യാഭ്യാസമന്ത്രി എം.എ. ബേബിയോ ഈ വിഷയത്തെ ക്രിയാത്മകമായി അഭിമുഖീകരിക്കാൻ സന്നദ്ധമായില്ല. സമരങ്ങളെയും പ്രക്ഷോഭങ്ങളെയും, എസ്.എസ്.എൽ.സി ഫലത്തിെൻറയും പ്ലസ് വൺ പ്രവേശനത്തിെൻറയും സമയത്ത് മാധ്യമങ്ങൾ നൽകുന്ന മലബാറിെൻറ പരാധീനതകളെ സംബന്ധിച്ച വാർത്തകളെയും സർക്കാർ ഗൗരവത്തിലെടുത്തില്ല. അതേസമയം, വിജയഭേരി തുടങ്ങിയ പദ്ധതിയിലൂടെ മലപ്പുറംപോലുള്ള ജില്ലകളിൽ എസ്.എസ്.എൽ.സി വിജയിച്ചവരുടെ എണ്ണം വൻതോതിൽ കൂടുകയും ചെയ്തു. ഇത് പഠനസൗകര്യങ്ങളുടെ അലഭ്യത കൂടുതൽ രൂക്ഷമാകാൻ കാരണമായി.
തുടർന്ന് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ പുതിയ ഹയർ സെക്കൻഡറി സ്കൂളുകളും ബാച്ചുകളും അനുവദിക്കുകയുണ്ടായി. 2006ൽ മാത്രം സംസ്ഥാനത്ത് മൊത്തത്തിൽ 1,00,406 പ്ലസ് വൺ സീറ്റുകളുടെ കുറവുണ്ടായിരുന്നു. കൂടാതെ, 2006-2019 കാലയളവിൽ എസ്.എസ്.എൽ.സി വിജയികൾ 53,913 കണ്ട് വർധിച്ചുവെന്ന് മുകളിൽ സൂചിപ്പിച്ചല്ലോ. അപ്പോൾ മൊത്തം 1,54,319 സീറ്റുകളുടെ ആവശ്യമുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി 2006-2018 കാലയളവിൽ പുതുതായി അനുവദിക്കപ്പെട്ട പ്ലസ് ടു സീറ്റുകൾ 86,700 ആണ്. അവശേഷിക്കുന്ന 67,619 പേർ പുറത്തുതന്നെ. ഇത് മൊത്തം സംസ്ഥാനത്തെ കണക്കാണ്. എങ്ങനെയാണ് വിതരണം ചെയ്യപ്പെട്ടത് എന്നു നോക്കാം.
2006ലെയും 2018ലെയും പ്ലസ് ടു ബാച്ചുകളുടെ കണക്ക് ഇപ്രകാരമാണ് (ബ്രാക്കറ്റിൽ 2018ലേത്). തിരുവനന്തപുരം -607 (635), കൊല്ലം- 423 (532), പത്തനംതിട്ട- 328 (303) ആലപ്പുഴ-369 (458), കോട്ടയം- 453 (447), ഇടുക്കി- 199 (238), എറണാകുളം- 627 (654), തൃശൂർ- 486 (655), പാലക്കാട്- 330 (563), മലപ്പുറം-632 (1052), കോഴിക്കോട്- 383 (691), വയനാട്- 114 (174), കണ്ണൂർ- 350 (560), കാസർകോട്- 212 (285). കേരളത്തിൽ ആകെ 1734 ബാച്ചുകൾ വർധിച്ചു. ഇതിൽ 1304 ബാച്ചുകൾ (65,200 സീറ്റുകൾ) വിതരണം ചെയ്യപ്പെട്ടത് പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിലും 430 ബാച്ചുകൾ (21,500 സീറ്റുകൾ) തൃശൂർ മുതലുള്ള തെക്ക് ജില്ലകളിലുമാണ്.
യഥാർഥത്തിൽ ഈ വർധന നീതിപൂർവകമായാണോ വിന്യസിക്കപ്പെട്ടത്? ഒരിക്കലുമല്ല. മലബാറിലെ പ്ലസ് ടു സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കുന്നതിനുവേണ്ടി സ്കൂളുകളും ബാച്ചുകളും സീറ്റുകളും അനുവദിച്ചപ്പോൾ സംസ്ഥാന വ്യാപകമായാണ് അനുവദിച്ചത്. ഓരോ വർഷവും ആവശ്യത്തിനനുസരിച്ച് വർധിപ്പിക്കാറുള്ള നിശ്ചിത ശതമാനം സീറ്റുകൾ ഒഴിച്ചുനിർത്തിയാൽതന്നെ തിരു-കൊച്ചി മേഖലയിൽ 2018ൽ എസ്.എസ്.എൽ.സി കഴിഞ്ഞ 96 ശതമാനം പേർക്കും പ്ലസ് വണിനുതന്നെ അഡ്മിഷൻ ലഭിച്ചിട്ടുണ്ട്. 2006ൽ ഇത് 88.03 ശതമാനമായിരുന്നു. പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ 2006ൽനിന്ന് 2018ലെത്തുമ്പോൾ എസ്.എസ്.എൽ.സി വിജയികളുടെ എണ്ണം കുറയുകയാണ് ചെയ്തിട്ടുള്ളത്. എന്നാൽ, മലബാറിൽ 2018ൽ പ്ലസ് വണിന് പ്രവേശനം ലഭിച്ചത് 74 ശതമാനം പേർക്കാണ്.
2018-19 അധ്യയനവർഷത്തെ കണക്കെടുത്താൽ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ എസ്.എസ്.എൽ.സി വിജയിച്ചവരേക്കാളും ഇരുപതിനായിരത്തോളം സീറ്റുകൾ കൂടുതലുണ്ടായിരുന്നു. അതേസമയം, മലബാറിൽ 2018-19ൽ പ്രവേശനം ലഭിക്കാത്തത് 46,507 പേർക്കാണ്. 2006ൽ ഇത് 76,675 ആയിരുന്നു. അതായത്, ആവശ്യവുമായി താരതമ്യം ചെയ്യുമ്പോൾ മലബാറിൽ പകുതിപോലും പരിഹരിക്കപ്പെട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടത്.
കേരളത്തിലെ പ്ലസ് വൺ സീറ്റുകൾ പുനഃക്രമീകരിക്കുകയാണ് ഇതിന് പരിഹാരം. ആവശ്യമായിടങ്ങളിൽ സീറ്റുകളും ബാച്ചുകളും അനുവദിക്കുക, അധികമുള്ള സീറ്റുകളും ബാച്ചുകളും കാൻസൽ ചെയ്യുക -നീതിപൂർവം ഉപരിപഠനസാധ്യതകൾ ഉറപ്പുവരുത്താൻ സ്വീകരിക്കാവുന്ന വഴിയതാണ്. വലിയ സാമ്പത്തികബാധ്യതകളും സർക്കാറിന് വരുത്തിവെക്കുകയില്ല. വിവേചനരഹിതവും തത്ത്വാധിഷ്ഠിതവുമായ വിദ്യാഭ്യാസനയം പാലിക്കാൻ സർക്കാർ മുൻഗണന നൽകിയേ തീരൂ.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.