കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഏറെ പ്രതീക്ഷകളോടെ നിലവിൽ വന്ന സംവിധാനമാണ് ഡോ. എ.പി.ജെ. അബ്ദുൽകലാം ടെക്നോളജിക്കൽ യൂനിവേഴ്സിറ്റി (കെ.ടി.യു). സ്വാശ്രയ വിദ്യാഭ്യാസം വ്യാപകമായതോടെ കേരളത്തിലെ എൻജിനീയറിങ് വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ വളർച്ച, അതിെൻറ അക്കാദമിക ഗുണനിലവാരം, അഡ്മിനിസ്േട്രഷനെ കുറിച്ചുള്ള ചർച്ചകൾ, പന്ത്രണ്ടു വർഷത്തെ സ്വാശ്രയ മേഖലയെ കുറിച്ചുള്ള ചർച്ചകൾ, സ്വാശ്രയ കോളജുകളുടെ ഗുണനിലവാരത്തെ കുറിച്ച് കോടതി വിധികൾ തുടങ്ങിയവയാണ് സാങ്കേതിക സർവകലാശാല എന്ന ആശയത്തിലേക്ക് നയിച്ചത്.
ദൗർഭാഗ്യവശാൽ ഇന്ന് കേരളത്തിൽ ഏറെ വിവാദങ്ങൾ സൃഷ്ടിക്കുന്ന ഒന്നായി കെ.ടി.യു മാറിയിരിക്കുകയാണ്. ദിവസങ്ങളായി സ്വാശ്രയ കോളജുകളിലേതടക്കമുള്ള പതിനായിരക്കണക്കിന് വിദ്യാർഥികൾ സമരത്തിലാണ്. അശാസ്ത്രീയമായ ഇയർ ഔട്ട് സംവിധാനം മരവിപ്പിക്കുക, യൂനിവേഴ്സിറ്റിയുടെ കെടുകാര്യസ്ഥതകൾ അവസാനിപ്പിക്കുക, യൂനിവേഴ്സിറ്റി ബൈലോ ഉടൻ നടപ്പാക്കുക തുടങ്ങിയവയാണ് വിദ്യാർഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ. സമരം രൂക്ഷമായതിനെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർത്ത വിദ്യാർഥി സംഘടനകളുടെയും സർവകലാശാല അധികൃതരുടെയും യോഗത്തിൽ കെടുകാര്യസ്ഥതകൾ പഠിക്കാൻ പ്രത്യേക സമിതിയെ നിശ്ചയിക്കാൻ തീരുമാനിച്ചതും ഇയർ ഔട്ട് സംവിധാനത്തിൽ ഇളവുകൾ പ്രഖ്യാപിച്ചതും സമരത്തിെൻറ ഭാഗിക വിജയമായി കാണാവുന്നതാണ്. ഇതിനെ പ്രതീക്ഷയോടെ കാണുമ്പോൾ തന്നെ കഴിഞ്ഞ കാലങ്ങളിൽ സർവകലാശാല നൽകിയ പല ഉറപ്പുകളും പാലിക്കപ്പെട്ടിട്ടില്ല എന്ന യാഥാർഥ്യം മറുവശത്തുണ്ട്. വി.സി, പി.വി.സി ഉൾപ്പെടെയുള്ള അധികൃതരും സർക്കാരും വിദ്യാർഥികളും അധ്യാപകരും സ്ഥാപനാധികൃതരും ആത്്മാർഥമായി പരിശ്രമിച്ചാലേ പ്രശ്നങ്ങൾ പരിഹരിക്കപ്പെടൂ.
2014 മേയ് 15 നാണ് കെ.ടി.യു ആക്ട് നിലവിൽ വന്നത്. വിദ്യാഭ്യാസത്തിെൻറ ഗുണനിലവാരം വർധിപ്പിക്കുക, ഗവേഷണങ്ങൾ നടത്തുക, അധ്യാപകരുടെ ഗുണനിലവാരം ഉറപ്പുവരുത്തുക, എ.ഐ.സി.ടി.ഇ മാർഗനിർദേശങ്ങൾക്ക് അനുസൃതമായും വ്യവസായ - തൊഴിൽരംഗങ്ങളിലെ മാറ്റങ്ങൾക്ക് അനുസൃതമായും സിലബസ്, കോഴ്സ് എന്നിവ പരിഷ്കരിക്കുക, നൂതന ആശയങ്ങൾ കണ്ടെത്തുന്നതിന് വിദ്യാർഥികളെ േപ്രാത്സാഹിപ്പിക്കുക എന്നിവയാണ് സർവകലാശാല അതിെൻറ ഉദേശ്യലക്ഷ്യങ്ങളായി നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിലെ സർവകലാശാലകളെ പിന്നോട്ടടിപ്പിക്കുന്ന കക്ഷിരാഷ്ട്രീയ അതിപ്രസരവും േട്രഡ് യൂനിയൻ ഭരണവും ഒരു പരിധിവരെ കുറക്കാനായി എന്നത് സാങ്കേതിക സർവകലാശാലയുടെ നേട്ടമാണ്. അതുപോലെ, പരീക്ഷ നടത്തിപ്പ്, ഫലപ്രഖ്യാപനം എന്നിവയിലൊക്കെ തുടക്കത്തിൽ കൃത്യത വരുത്താനും കെ.ടി.യു.വിന് കഴിഞ്ഞിട്ടുണ്ട്.
കേരളത്തിലെ മറ്റു സർവകലാശാലകൾ ചുരുങ്ങിയത് ആറുമുതൽ പത്തുമാസം വരെ ഫലപ്രഖ്യാപനത്തിന് സമയമെടുക്കുമ്പോൾ പരീക്ഷ കഴിഞ്ഞ് മൂന്ന് ആഴ്ചക്കുള്ളിൽ ഫലം പ്രഖ്യാപിക്കാൻ തുടക്കത്തിൽ സാധിച്ചതൊക്കെ കെ.ടി.യുവിെൻറ നേട്ടങ്ങളായി വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ, കക്ഷിരാഷ്ട്രീയ അതിപ്രസരം കുറയുമ്പോൾ മറുഭാഗത്ത് ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നത്. അനവധി വിദ്യാർഥി പ്രശ്നങ്ങൾ ഉണ്ടായിട്ടും വലിയ സമരങ്ങൾ നടന്നിട്ടും വിദ്യാർഥികളെയോ വിദ്യാർഥി സംഘടനകളെയോ ജനാധിപത്യപരമായി അഭിമുഖീകരിക്കാൻ വൈസ് ചാൻസലറും സർവകലാശാല അധികൃതരും തയാറായിട്ടില്ല. പലപ്പോഴും സർവകലാശാല നിലപാടുകൾ വിദ്യാർഥി സൗഹൃദമല്ലാതാവുകയും കേരളത്തിലെ അക്കാദമിക സാമൂഹിക സാഹചര്യങ്ങളെ പരിഗണിക്കാത്തതാവുകയും ചെയ്യുന്നുണ്ട്. സർവകലാശാല ഭരണനിർവഹണത്തിന് പ്രായോഗികമായി പരിമിതികളുണ്ട്. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഉൾപ്പടെ 47 അംഗങ്ങൾ ഉണ്ടാകേണ്ട സർവകലാശാല ഭരണസമിതിയിൽ സർക്കാർ നിർദേശിച്ച 36 അംഗങ്ങളാണ് നിലവിലുള്ളത്.
അതിെൻറ കാലാവധിയായ രണ്ടു വർഷം പൂർത്തിയായിട്ടും ഭരണസമിതി പുനഃസംഘടിപ്പിക്കാനോ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ ഉൾപ്പെടുത്താനോ വിദ്യാർഥി - ജനപ്രതിനിധി പ്രാതിനിധ്യം ഉറപ്പുവരുത്താനോ സർവകലാശാലക്ക് കഴിഞ്ഞിട്ടില്ല. വിദ്യാർഥി കൗൺസിൽ നിലവിലില്ലാത്തതിനാൽ കഴിഞ്ഞ രണ്ട് അധ്യയന വർഷത്തിലും യൂനിവേഴ്സിറ്റി ആർട്സ്, സ്പോർട്സ് തുടങ്ങിയ കോകരിക്കുലർ പ്രവർത്തനങ്ങൾ നടന്നിട്ടില്ല. ഭരണസമിതിയിൽ നാല് വിദ്യാർഥി പ്രതിനിധികളെ ഉൾപ്പെടുത്താൻ സർവകലാശാലക്ക് കീഴിലെ എല്ലാ വിദ്യാർഥികൾക്കും വോട്ടവകാശം നൽകിക്കൊണ്ട് പ്രസിഡൻഷ്യൽ രീതിയിൽ തെരഞ്ഞെടുപ്പ് നടത്താവുന്നതാണ്. അക്കാദമിക് കൗൺസിൽ പോലുള്ള ഉന്നത വേദികളിൽ വിദ്യാർഥി പ്രാതിനിധ്യം ഇല്ലാത്തത് അംഗീകരിക്കാനാവില്ല. ഇത്തരം വേദികളിൽ പ്രാതിനിധ്യം ഉറപ്പുവരുത്തി ജനാധിപത്യവത്കരിക്കാൻ ഗവൺെമൻറ് അടിയന്തരമായി നടപടി സ്വീകരിക്കാൻ തയാറാവണം. ഇതിൽ വളരെ വ്യക്തമായ അലംഭാവമാണ് സംസ്ഥാന സർക്കാറിെൻറ ഭാഗത്തുനിന്ന് തുടർന്നുപോരുന്നത്.
സർവകലാശാല ആസ്ഥാനത്ത് ആവശ്യത്തിന് ജീവനക്കാരില്ല എന്നത് പ്രതിസന്ധിയാണ്. ഒരു ലക്ഷത്തോളം വിദ്യാർഥികൾ സർവകലാശാലക്ക് കീഴിൽ പഠനം നടത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ, വിദ്യാർഥികൾക്ക് അവശ്യം വേണ്ട ഒരു ഇൻഫർമേഷൻ െസൻറർപോലും സർവകലാശാലക്കില്ല. സ്റ്റാഫ് നിയമനത്തിലും സുതാര്യത ഇല്ലെന്ന് പരാതിയുണ്ട്. സർവകലാശാല ആരംഭിച്ചപ്പോൾ ഗവൺെമൻറ് നേരിട്ട് നിയമിച്ച ജീവനക്കാരാണ് നിലവിലുള്ളത്. ഇനിവരുന്ന നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട് സുതാര്യത ഉറപ്പുവരുത്താൻ ഗവൺമെൻറ് നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
എൻജിനീയറിങ് വിദ്യാഭ്യാസത്തിെൻറ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നത് എല്ലാവരും ഒരേപോലെ അംഗീകരിക്കുന്ന കാര്യമാണ്. ക്വാളിറ്റി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കെ.ടി.യു നടപ്പാക്കിയ െക്രഡിറ്റ് സിസ്റ്റം യൂനിവേഴ്സിറ്റിയുടെ ഭരണ നിർവഹണ സംവിധാനങ്ങൾ കര്യക്ഷമമാക്കാതെ നടപ്പാക്കുന്നത് വലിയ വിദ്യാർഥി േദ്രാഹ നടപടിയായി മാറിയിരിക്കുകയാണ്. കൃത്യമായി പരീക്ഷ നടത്താൻ കഴിയാത്തതും റിസൽട്ട് പ്രഖ്യാപനം വൈകുന്നതും ആവശ്യത്തിന് സപ്ലിെമൻററി അവസരങ്ങൾ നൽകാത്തതും മൂല്യനിർണയത്തിൽ സംഭവിക്കുന്ന വ്യാപകമായ ക്രമക്കേടുകളും ഈ സംവിധാനത്തെ പ്രായോഗികമായി പരാജയപ്പെടുത്തുകയാണ് ചെയ്യുന്നത്. പ്രായോഗിക സംവിധാനങ്ങൾ കാര്യക്ഷമമായി നടപ്പാക്കിയില്ലെങ്കിൽ ഏറ്റവും വലിയ വിദ്യാർഥിേദ്രാഹ നടപടിയായി ഇത് മാറും.
ഉദാഹരണമായി നിലവിലെ അഞ്ചാം സെമസ്റ്റർ വിദ്യാർഥികൾ കോഴ്സ് ആരംഭിച്ച ശേഷമാണ് അവർ കെ.ടി.യുവിലാണെന്ന കാര്യംപോലും അറിയുന്നത്. നിലവിലെ മൂന്നാം സെമസ്റ്റർ ബാച്ചിെൻറ സ്പെഷൽ സപ്ലിമെൻററി റീവാല്വേഷൻ റിസൽട്ടും പല വിദ്യാർഥികളുടെയും മറ്റു റിസൽട്ടുകളും പ്രഖ്യാപിച്ചിട്ടില്ല. ഇയർ ഔട്ടിനു മുമ്പ് മൂന്നു അവസരങ്ങൾ നൽകും എന്ന് വാഗ്ദാനം നൽകിയിട്ട് സപ്ലിമെൻററി പരീക്ഷക്കുള്ള ഒരവസരം മാത്രമാണ് നൽകിയത്. അനാസ്ഥയും പിടിപ്പുകേടുംമൂലം എണ്ണായിരത്തിലധികം വിദ്യാർഥികൾ വഴിയാധാരമാകുന്ന അവസ്ഥയാണുള്ളത്. ഓഡ് സെമസ്റ്ററുകളിൽ ഇയർ ഔട്ട് സംവിധാനം നടപ്പാക്കുന്നതുതന്നെ അശാസ്ത്രീയമാണ്. ഇയർ ഔട്ട് ആകുന്ന വിദ്യാർഥികൾ എന്ന പേരിൽ നാലു വർഷത്തെ ഫീസും കെട്ടിെവക്കണം. ഇത് സാമൂഹിക നീതിയുടെ വ്യക്തമായ ലംഘനമാണ്. ആയതിനാൽ നിലവിലെ മൂന്നാം സെമസ്റ്റർ, അഞ്ചാം സെമസ്റ്റർ ബാച്ചുകളെ ഇയർ ബാക്ക് സംവിധാനത്തിൽനിന്നും പൂർണമായും ഒഴിവാക്കണം. ഒരു യൂനിവേഴ്സിറ്റിക്ക് ഉണ്ടായിരിക്കേണ്ട ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾപോലും സർവകലാശാലയിൽ ഇല്ല.
ഐ.ഐ.ടി നിലവാരത്തിലേക്ക് കേരളത്തിലെ എൻജിനീയറിങ് വിദ്യാഭ്യാസത്തെ ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് സിലബസ് പരിഷ്കരണം നടത്തിയത് എന്ന് പറയുമ്പോഴും പലപ്പോഴും കേരളത്തിെൻറ സവിശേഷമായ അക്കാദമിക സാമൂഹിക സാഹചര്യങ്ങളെ ഇത് പരിഗണിക്കുന്നില്ല എന്ന വിമർശനവും ഉയരുന്നുണ്ട്. 130ലേറെ സ്വാശ്രയ സ്ഥാപനങ്ങൾ സർവകലാശാലക്ക് കീഴിലുണ്ട്. എന്നാൽ, ഈ സ്ഥാപനങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കുന്നില്ല. സ്വാശ്രയ സ്ഥാപനങ്ങളിലെ സൗകര്യങ്ങൾ, അധ്യാപകരുടെ ഗുണനിലവാരം, വിദ്യാഭ്യാസം, റിസൽട്ട്, പ്ലേസ്മെൻറ് എന്നിവ ഉറപ്പുവരുത്തേണ്ടതുണ്ട്. സ്വാശ്രയ മാനേജ്െമൻറുകളുടെ വിദ്യാർഥി പീഡനങ്ങൾ ചർച്ചയായിരിക്കുന്ന കാലത്ത്, ആത്മഹത്യകൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ ഇവ നിയന്ത്രിക്കാൻ കൃത്യമായ ഓഡിറ്റിങ്, അഫിലിയേഷൻ റദ്ദാക്കൽ തുടങ്ങിയ നിയമനടപടികൾ സ്വീകരിക്കേണ്ടതാണ്. സർവകലാശാലക്ക് അതിനുള്ള അധികാരം ലഭ്യമാകുന്ന രൂപത്തിൽ സമഗ്രമായ നിയമനിർമാണം നടത്താൻ ഗവൺമെൻറ് തയാറാകണം.
എൻജിനീയറിങ് വിദ്യാഭ്യാസത്തിെൻറ നിലവാരത്തെ വിദ്യാർഥികേന്ദ്രീകൃതമായി മാത്രം കാണുകയും വിലയിരുത്തുകയും ചെയ്യുന്നു എന്നിടത്തു കെ.ടി.യു അധികൃതർക്കു പിഴവുകൾ സംഭവിച്ചിട്ടുണ്ട്. വിദ്യാർഥി എന്ന മാനത്തോടൊപ്പം അധ്യാപകർ, ബോധനരീതിശാസ്ത്രം, സ്ഥാപനം, പശ്ചാത്തല സൗകര്യങ്ങൾ, യൂനിവേഴ്സിറ്റി അഡ്മിനിസ്േട്രഷൻ, അധ്യയന ദിനങ്ങൾ, സിലബസ്, സുതാര്യത തുടങ്ങി പരസ്പരബന്ധിതമായ ഇതരമാനങ്ങൾ കൂടി ചേർത്തുെവച്ചുകൊണ്ട് മാത്രമേ ക്വാളിറ്റിയെ വിലയിരുത്താൻ സാധിക്കുകയുള്ളൂ.
കേരളത്തിലെ എൻജിനീയറിങ് വിദ്യാഭ്യാസത്തിെൻറ ഭാവിയുമായി ബന്ധപ്പെട്ട് വലിയ പ്രതീക്ഷകളാണ് അക്കാദമിക- പൊതു-വിദ്യാർഥി സമൂഹം സാങ്കേതിക സർവകലാശാലയിൽ െവച്ചുപുലർത്തുന്നത്. അതിനോട് നീതിപുലർത്താൻ അധികാരികൾക്ക് കഴിയേണ്ടതുണ്ട്.
(ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.