കെ. എം. ബഷീർ കൊല്ലപ്പെട്ട വാഹനാപകടം -ഫയൽ ചിത്രം ഇൻസെറ്റിൽ കെ. എം. ബഷീർ

കെ.എം. ബഷീർ കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ട് ചെയ്യണം

'നിങ്ങൾ എത്ര വലിയവരായാലും ശരി, നിയമം നിങ്ങൾക്കുമീതെയാണ്', 20ാം നൂറ്റാണ്ടിലെ പ്രശസ്ത ഇംഗ്ലീഷ് ന്യായാധിപൻ ഡെന്നിങ് പ്രഭു തന്റെ പല വിധിന്യായങ്ങളിലും ഉദ്ധരിച്ചിരുന്ന മേൽവാക്യം പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ച ഇംഗ്ലീഷ് ചിന്തകൻ ഡോ. േതാമസ് ഫുള്ളറുടേതായിരുന്നു. നമ്മുടെ സുപ്രീംകോടതിയും ഹൈകോടതികളും പല വിധികളിലും മേൽ ഉദ്ധരണി ആപ്തവാക്യമായി ചേർക്കാറുണ്ട്. എന്നാൽ, കേരളത്തിലുൾപ്പെടെ നമ്മുടെ രാജ്യത്ത്​ അടുത്തകാലത്ത് നടന്നുകൊണ്ടിരിക്കുന്ന പല സംഭവങ്ങളും മേൽ ഉദ്ധരണിക്ക്​ നേർവിപരീതമാണ്​. നിയമം എത്ര മീതയാണെങ്കിലും നമ്മളിൽ ചിലർ അതുക്കും മീതെയാണെന്ന് തോന്നത്തക്കവിധമാണ് ഉന്നതരെന്ന് സ്വയംകരുതുന്ന ചിലരുടെ പ്രവൃത്തികൾ.

2019 ആഗസ്റ്റ് മാസം മൂന്നിന്​ രാത്രിയുടെ അന്ത്യയാമങ്ങളിൽ തലസ്ഥാന നഗരിയിലെ വിജനമായ റോഡിൽകൂടി സുഹൃത്തിനോടൊപ്പം മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ച് പത്രപ്രവർത്തകൻ കെ.എം. ബഷീറിനെ കൊലപ്പെടുത്തിയ കേസ്​ തന്നെ അതിനുള്ള വലിയ ഉദാഹരണമാണ്​. സംസ്ഥാനത്തെ ഉന്നത ഐ.പി.എസ്/ഐ.എ.എസ് ഉദ്യോഗസ്ഥരും അവരുടെ രാഷ്ട്രീയ യജമാനന്മാരും ആരംഭംമുതലേ ചേർന്ന് നടത്തിയ വൻ ഗൂഢാലോചനയാണ് ആ കേസിനെ പാടെ തകിടംമറിച്ചത്.

മേൽസംഭവത്തെ തുടർന്ന് മദ്യപിച്ച് വാഹനമോടിച്ച ശ്രീരാം വെങ്കട്ടരാമനെയും അദ്ദേഹത്തിന്റെ വനിത സുഹൃത്തിനെയും പ്രതിചേർത്ത്​ ഇന്ത്യൻ ശിക്ഷാനിയമത്തിലെ കൊലപാതകമാകാത്ത നരഹത്യക്കുള്ള 304ാം വകുപ്പ് ചുമത്തിയാണ്​ പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്തിരുന്നത്. മരണം സംഭവിച്ച കൃത്യം മരണം സംഭവിക്കുമെന്നോ, എങ്ങനെയുള്ള ശാരീരികമായ ക്ഷതിയാണോ മരണം സംഭവിപ്പിക്കുവാൻ ഇടയുള്ള തരത്തിലുള്ളത് അങ്ങനെയുള്ള ക്ഷതി ഉളവാക്കണമെന്നോ ഉള്ള ഉദ്ദേശ്യത്തോടുകൂടി ചെയ്തതാണെങ്കിൽ ജീവപര്യന്തം തടവുശിക്ഷേയാ പത്തു വർഷത്തോളമാകാവുന്ന കാലത്തേക്ക് രണ്ടിലേതെങ്കിലും തരത്തിൽപെട്ട തടവുശിക്ഷയോ ലഭിക്കാവുന്നതും പിഴശിക്ഷക്കുകൂടി അർഹനാകുന്നതുമാണ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയ മേൽക്കുറ്റം. ആയത് ജാമ്യമില്ലാത്തതും സെഷൻസ് കോടതി വിചാരണ ചെയ്യേണ്ടതുമാണ്. നിയമത്തെക്കുറിച്ച് നല്ല ബോധമുള്ള ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് രാത്രിയിൽ തലസ്ഥാനത്തെ റോഡിലൂടെ അലക്ഷ്യമായി വാഹനമോടിച്ച് നിരപരാധിയായ ഒരു വഴിയാത്രക്കാരനെ വാഹനമിടിച്ച് കൊലപ്പെടുത്തിയത് വെറും അശ്രദ്ധയാലുള്ള കുറ്റകൃത്യമല്ല. അതുകൊണ്ടായിരുന്നു പൊലീസ് അശ്രദ്ധയാൽ വാഹനമോടിച്ചുള്ള അപകടത്തിൽ ഒരാൾ മരിച്ചു എന്ന കുറ്റം ചുമത്താതെ ഐ.പി.സി 304 എ വകുപ്പ് പ്രകാരം കൊലപാതകമല്ലാത്ത നരഹത്യാ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്​.

കേസിന്റെ ആരംഭംമുതലേ സർവ നിയമവ്യവസ്ഥയും വെല്ലുവിളിച്ചുകൊണ്ടുള്ള സമീപനമായിരുന്നു പ്രതിയുടെയും ​നിയമത്തെ അട്ടിമറിക്കാൻ ​​ശ്രമിക്കുന്നവരുടെയും ഭാഗത്തുനിന്നുണ്ടായിരുന്നത്. അറസ്റ്റ് ചെയ്ത് കോടതി റിമാൻഡ് ചെയ്തപ്പോൾ ജയിലിൽ കൊണ്ടുപോകാതെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒരു വി.ഐ.പി പരിഗണനയാണ്​ പ്രതിക്ക്​ നൽകിയത്. ആരംഭഘട്ടത്തിൽ രക്തസാമ്പിളെടുക്കുന്നതിന് പ്രതി വിസമ്മതിച്ചപ്പോൾ ക്രിമിനൽ നിയമസംഹിത 53(1)ാം വകുപ്പനുസരിച്ച് ബലംപ്രയോഗിച്ച് രക്തസാമ്പിളെടുത്ത് പരിശോധനക്ക് അയക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥൻ പുലർത്തിയ കുറ്റകരമായ അനാസ്ഥ കേസിനെ എല്ലാ അർഥത്തിലും അട്ടിമറിച്ചു. ഏതെങ്കിലും പ്രതിയെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കുന്നതിന് പ്രതിയുടെ രേഖാമൂലമുള്ള സമ്മതം ആവശ്യമാണ്. എന്നാൽ, രക്തപരിശോധനക്ക് അപ്രകാരമുള്ള സമ്മതം ആവശ്യമില്ലയെന്നതാണ് നിയമം. പ്രതി സംഭവസമയത്ത് മദ്യലഹരിയിലായിരുന്നുവെന്ന് തെളിയിക്കാൻ സാധിക്കാതെ വന്നു. അ​തോടെ, കൊലപാതകമല്ലാത്ത നരഹത്യക്കുള്ള ഇന്ത്യൻ ശിക്ഷനിയമത്തിലെ 304ാം വകുപ്പ് നിലനിൽക്കില്ലെന്ന സ്ഥിതി വരുകയും സെഷൻസ് കോടതിയിൽ പ്രതി ബോധിപ്പിച്ച വിടുതൽ ഹരജിയുടെ അടിസ്ഥാനത്തിൽ അനായാസം കുറ്റമുക്തി ലഭിക്കുകയുമായിരുന്നു.

തെളിവുശേഖരണത്തിന്റെ ഭാഗമായി യഥാസമയം പ്രതിയുടെ രക്തസാമ്പിൾ ശേഖരിച്ച് പരിശോധനക്ക് അയക്കാതിരുന്നത് ഒരു പൊതുസേവകനെന്ന നിലയിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ കുറ്റകരമായ അനാസ്ഥയാണ്. ആയത് ഇന്ത്യൻ ശിക്ഷാ നിയമം 166 (എ)(ബി) വകുപ്പനുസരിച്ച് ആറ് മാസത്തിൽ കുറയാത്തതും രണ്ടു വർഷം വരെയുള്ള തടവുശിക്ഷയും പിഴയും ചുമത്താവുന്ന കുറ്റമാണ്. അന്വേഷണ ഉദ്യോഗസ്ഥൻ കേസന്വേഷണത്തിന്റെ ഭാഗമായി തെളിവുശേഖരിക്കുമ്പോൾ നിയമത്തിന്റെ ആജ്ഞയനുസരിച്ച് പ്രവർത്തിക്കാതിരിക്കുകയും അതുവഴി കേസ് അട്ടിമറിക്കപ്പെടുകയും ചെയ്തു.

ഉചിതവും ന്യായവുമായ കേസന്വേഷണം ഏതൊരു വ്യക്തിയുടെയും ഭരണഘടനാപരമായൊരവകാശമാണ്. പൊതുസേവകനെന്ന നിലയിൽ കേസന്വേഷണ ഉദ്യോഗസ്ഥർ നിയമത്തിന്റെ നിർദേശം പാടെ അവഗണിച്ച് പ്രവർത്തിക്കുകയും അതുവഴി കേസിലെ ഇരകളുടെ താൽപര്യം ഹനിക്കപ്പെടുകയും ചെയ്താൽ കുറ്റക്കാരായ ഉദ്യോഗസ്ഥരെ ഇന്ത്യൻ ശിക്ഷാനിയമം 166 എ, ബി എന്നീ വകുപ്പുകളനുസരിച്ചുള്ള കുറ്റം ചുമത്തി വിചാരണ ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം നിയമവാഴ്ച വെറും നിയമ പുസ്തകത്തിൽ മാത്രം ഒതുങ്ങും. 2013ൽ ഇന്ത്യൻ ശിക്ഷ നിയമത്തിൽ വരുത്തിയ സുപ്രധാന ഭേദഗതിയെ തുടർന്നാണ് കേസന്വേഷണം അട്ടിമറിക്കപ്പെടുന്ന ഉദ്യോഗസ്ഥന്മാരെ പ്രോസിക്യൂട്ട് ചെയ്യാൻ സാധിക്കുമാറ് ഇതു സംബന്ധിച്ചുള്ള നിയമം കൂടുതൽ കർശനമാക്കിയത്.

കേസന്വേഷണ ഉദ്യോഗസ്ഥൻ നിയമനം അനുശാസിക്കുംവിധം പ്രതിയുടെ രക്തസാമ്പ്ൾ യഥാസമയം ശേഖരിച്ച് പരിശോധനക്കയച്ച് രക്തത്തിൽ മദ്യത്തിന്റെ അംശം ഉണ്ടെന്നു തെളിയിച്ചാൽ പ്രതിക്ക് ഒരിക്കലും ഇന്ത്യൻ ശിക്ഷാ നിയമം 304ാം വകുപ്പിൽനിന്നും കുറ്റമുക്തി നേടാൻ സാധിക്കുമായിരുന്നില്ല. സെഷൻസ് കോടതിയിൽനിന്ന്​ കുറ്റമുക്തി നേടിയ പ്രതി ഇനി മജിസ്ട്രേറ്റ് കോടതിയിൽ അശ്രദ്ധയാൽ വാഹനമോടിച്ചുണ്ടായ മരണം സംഭവിച്ച കുറ്റം 304 എ വകുപ്പനുസരിച്ച് ചുമത്തിയ കുറ്റത്തിനു മാത്രം വിചാരണ നേരിട്ടാൽ മതി. ഒരു മനുഷ്യജീവൻ അതിനിഷ്ഠുരമായി കവർന്നെടുത്ത നരഹത്യാ കേസ് അട്ടിമറിച്ച കേസന്വേഷണ ഉദ്യോഗസ്ഥനെ നിയമത്തിന്റെ മുമ്പാകെ കൊണ്ടുവന്ന് കുറ്റവിചാരണക്ക് വിധേയമാക്കിയേ പറ്റൂ. അല്ലാത്തപക്ഷം നിയമവാഴ്ച വെറും പരിഹാസ്യമായിത്തീരും.

(കേരളത്തി​െൻറ മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും സീനിയർ അഭിഭാഷകനുമാണ്​ ലേഖകൻ)
Tags:    
News Summary - K.M. Basheer case: Investigating officer should be prosecuted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.