പല ദേശങ്ങളും അവരുടെ തിലകക്കുറിയാക്കി മാറ്റിയ ഒട്ടേറെ സവിശേഷതകൾ ഒരുമിച്ച് സമ്മേളിക്കുന്ന കേരളം ഭൂമിയിലെതന്നെ അത്യപൂർവ ദേശമാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണം ഈ ദേശത്തിന്റെ മേൽവിലാസമായത് അങ്ങനെയാണ്. ദേശസൗന്ദര്യംകൊണ്ടും സാംസ്കാരിക സവിശേഷതകൾകൊണ്ടും മാത്രമല്ല, കൈവരിച്ച സാമൂഹിക പുരോഗതികൊണ്ടും വളരാനും സ്വയം നവീകരിക്കാനുമുള്ള ഈ ജനതയുടെ അടങ്ങാത്ത അഭിലാഷംകൊണ്ടും നാം മലയാളികൾ വ്യതിരിക്തരാണ്.
പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിൽ, ഭാരതത്തിന്റെ തെക്കേയറ്റത്തെ, പരിമിതികൾ ഏറെയുള്ള ഈ കൊച്ചുദേശം ലോകഭൂപടത്തിൽ ഇന്ന് ഒരു മരതകക്കല്ലുപോലെ തിളങ്ങുകയാണ്. ഈ മുന്നേറ്റവും ആരും കൊതിക്കുന്ന സാമൂഹികാന്തരീക്ഷവുമൊന്നും പൊടുന്നനേ ഉണ്ടായതല്ല. സമാധാനത്തിന്റെ ഈ പച്ചത്തുരുത്ത് ആരും നമുക്ക് ദാനമായി തന്നതുമല്ല. ഇരുട്ടിലാണ്ടുകിടന്ന ഒരു ഭൂതകാലമുണ്ടായിരുന്നു നമുക്ക്. അയിത്തവും തൊട്ടുകൂടായ്മയും സാമൂഹിക ഉച്ചനീചത്വങ്ങളും അന്ധവിശ്വാസങ്ങളുമൊക്കെ ജനജീവിതം ദുസ്സഹമാക്കിയ ഇരുണ്ട കാലം.
അവിടെനിന്ന് സാമൂഹിക പരിഷ്കർത്താക്കളും നവോത്ഥാന, പുരോഗമന, രാഷ്ട്രീയ പ്രസ്ഥാനങ്ങളും നമ്മെ വെളിച്ചത്തിലേക്ക് കൈപിടിച്ചുനടത്തി. സമരതീക്ഷ്ണമായ കാലംകടന്ന് നാം അവകാശങ്ങൾ നേടിയെടുത്തു. മനുഷ്യനെ മനുഷ്യനായി കാണാനും മനുഷ്യാന്തസ്സിന്റെ മഹത്ത്വം മനസ്സിലാക്കാനും ആ സാമൂഹികമുന്നേറ്റങ്ങൾ നമ്മെ സഹായിച്ചു. അടിസ്ഥാനസൗകര്യ വികസനം, സാമൂഹികക്ഷേമം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, ലിംഗതുല്യത, വ്യവസായ വികസനം, സംരംഭകത്വം, പ്രവാസിക്ഷേമം, കൃഷി, ഭരണനിർവഹണം തുടങ്ങി എല്ലാ മേഖലകളിലും സമാനതകളില്ലാത്ത നേട്ടമാണ് നാം കൈവരിച്ചിട്ടുള്ളത്.
ഇങ്ങനെ കേരളം ആർജിച്ച നേട്ടങ്ങളും ഈ ദേശത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ സവിശേഷതകളും ലോകമെമ്പാടുമുള്ള ഒട്ടേറെ ജനതകൾക്ക് മാതൃകയായി. വികസനത്തിന്റെ കേരള മാതൃക എന്ന വിശേഷണം വരെ ഉടലെടുത്തു. കോവിഡ് മഹാമാരിയും അതിനുശേഷമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും മറികടന്ന് ലോകം അതിവേഗം കുതിക്കുന്ന ഘട്ടത്തിൽ കേരളം ലോകത്തെ ഒറ്റപ്പെട്ട ഒരു കോണിലുള്ള അടഞ്ഞ മുറിയായിരുന്നുകൂടാ. നാം ഇതുവരെ ആർജിച്ച നേട്ടങ്ങളുടെ കരുത്തിൽ പുതിയ കാലത്തെ വെല്ലുവിളികളെ മറികടന്ന് നമ്മൾ മുന്നോട്ടുകുതിക്കേണ്ടതുണ്ട്.
ആ കുതിപ്പിന്റെ പാഠങ്ങൾ ലോകമെമ്പാടുമുള്ള ജനതതികൾ അറിയേണ്ടതുമുണ്ട്. അതിനുതകുന്ന വിധത്തിൽ 68ാം കേരളപ്പിറവിദിനമായ ഇന്ന് സംസ്ഥാനം പുതിയ ഒരു ചുവടുവെക്കുകയാണ്. കേരളത്തെ ലോകത്തിനു മുന്നിൽ സമഗ്രവും സത്യസന്ധവുമായി അവതരിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ ആവിഷ്കരിച്ച നവീനവും ബൃഹത്തുമായ ‘കേരളീയം’ പരിപാടിയിലൂടെ.
ഇന്നു മുതൽ ഒരാഴ്ചയാണ് തലസ്ഥാനനഗരിയായ തിരുവനന്തപുരത്ത് കേരളീയം അരങ്ങേറുക. കേരളപ്പിറവി ദിനാഘോഷങ്ങളും അതോടനുബന്ധിച്ച് സംഘടിപ്പിക്കാറുള്ള ഭാഷാ വാരാചരണങ്ങളുമൊക്കെ നമുക്കു പരിചിതമാണ്. എന്നാൽ, അത്തരം പതിവുപരിപാടികളിലോ ചടങ്ങുകളിലോ ഒതുങ്ങിപ്പോവാത്തതും ലോകത്തിന്റെ ശ്രദ്ധ നമ്മുടെ കേരളത്തിലേക്കു കൊണ്ടുവരുന്നതുമാണ് കേരളീയം. ഇനി മുതൽ അതതു വർഷത്തെ അടയാളപ്പെടുത്തുംവിധത്തിൽ കേരളീയം തുടരാനാണ് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നത്.
സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ കേരളത്തിന്റെ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാനുള്ള പ്രചാരണങ്ങൾ വ്യാപകമായി നടക്കുന്ന കാലംകൂടിയാണിത്. മതനിരപേക്ഷമായി നിലനിൽക്കുന്ന നമ്മുടെ സമൂഹം കൈവരിച്ച നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടി, നമ്മുടെ സാമുദായിക സൗഹൃദം തകർത്ത് ഇവിടേക്ക് വർഗീയതയുടെ വിഷം കുത്തിവെക്കാനാണ് ചില ശക്തികൾ ശ്രമിക്കുന്നത്. ഇത് ഓരോ കേരളീയനും വേദനജനകമാണ്. ഈ പ്രചാരണങ്ങളെ തടയാനുള്ള ഏറ്റവും നല്ല മാർഗവും യഥാർഥ കേരളത്തെ അവതരിപ്പിക്കലാണ്. അതിനുള്ള ഉത്തമ മാർഗംകൂടിയാണ് കേരളീയം.
നവകേരള നിർമിതിയുടെ വാതിൽ തുറക്കുന്ന പല പരിപാടികളുടെ സമന്വയമാണിത്. കേരളം കേരളീയത്തിനു മുമ്പും ശേഷവും എന്ന രീതിയിൽ ഇനി അടയാളപ്പെടുത്തപ്പെടും. വികസന, ക്ഷേമ രംഗങ്ങളിലെ തിളക്കമാർന്ന കാലവും കടന്ന് കേരളം കൂടുതൽ ഉയരങ്ങളിലേക്കു കുതിക്കും. ആരും വിശന്നിരിക്കാത്ത, ഒരാൾക്കു മുന്നിലും നീതിയുടെ കവാടങ്ങൾ കൊട്ടിയടക്കപ്പെടാത്ത, സുരക്ഷിത ഭവനവും വിദ്യാഭ്യാസസൗകര്യങ്ങളുമുള്ള, മികച്ച ചികിത്സാസൗകര്യങ്ങളുള്ള, അഭിപ്രായസ്വാതന്ത്ര്യവും സമാധാനവുമുള്ള, ജീവിതവിഭവങ്ങൾ തുല്യമായി പങ്കുവെക്കപ്പെടുന്ന, അഴിമതിരഹിതമായ, പൗരബോധമുള്ള ജനതയാൽ പരിരക്ഷിക്കപ്പെടുന്ന ഒരു നവകേരളമാണ് സൃഷ്ടിക്കപ്പെടാൻ പോവുന്നത്.
കേരളത്തിന്റെ പരിമിതികളെയും പരാധീനതകളെയുംകുറിച്ച് വിലപിച്ചിരുന്ന പലരും കേരളത്തിന് പലതും സാധ്യമാണ് എന്ന് തിരിച്ചറിഞ്ഞ കാലംകൂടിയാണ് കടന്നുപോവുന്നത്. പ്രതിസന്ധികളെ സമർഥമായി മറികടന്ന് മുന്നേറുന്ന പരിഷ്കൃത സമൂഹമായി മാറാൻ നമുക്ക് കഴിഞ്ഞിരിക്കുന്നു. ഓരോ കേരളീയനും അഭിമാനിക്കാൻ വക നൽകുന്ന ഈ മാറ്റം നമുക്ക് തുടരാനാകണം.
അഭിപ്രായഭിന്നതകളെ ജനാധിപത്യപരമായി ഉൾക്കൊണ്ട് പൊതുതാൽപര്യത്തിനായി ഒരേ മനസ്സോടെ നാം മുന്നേറണം. ജാതി- മത-ലിംഗ ഭേദമില്ലാതെ, സമത്വഭാവനയോടെ പരിലസിക്കുന്ന, ഇന്ത്യക്കാകെ അഭിമാനംനൽകുന്ന കേരളീയതയെക്കുറിച്ച് ലോകവുമറിയണം. കേരളീയം അതിനുള്ള അവസരമാണ്. കേരളത്തെ നമുക്കുതന്നെയും, നമ്മുടെ പുതുതലമുറക്ക് പ്രത്യേകിച്ചും ആഴത്തിൽ മനസ്സിലാക്കാനും കേരളത്തെ സത്യസന്ധമായി ലോകത്തിന് പരിചയപ്പെടുത്താനുമുള്ള അവസരം. നമ്മളെങ്ങനെ നമ്മളായി എന്ന് തിരിച്ചറിഞ്ഞ് അഭിമാനിക്കാനും ആഘോഷിക്കാനുമുള്ള അവസരമായ കേരളീയത്തിലേക്ക് എല്ലാവരെയും ഹാർദമായി ക്ഷണിക്കുന്നു, ഏവർക്കും കേരളപ്പിറവിദിന ആശംസകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.