നാം വീണ്ടുമൊരു സ്വാതന്ത്ര്യദിനത്തിലേക്കടുക്കവെ വന്ന ചിന്തകളാണ്. അതി ശക്തർ ദുർബലർക്കെതിരെ തെമ്മാടിത്തം കാട്ടുേമ്പാൾ നമ്മുക്ക് വെറുപ്പാണ് തോന്നുക. ശക്തിയില്ലാവർ പ്രബലർക്കെതിരെ എഴുന്നുനിൽക്കുേമ്പാൾ നമുക്ക് ഉണർവാണുണ്ടാകേണ്ടത്.
ഒരു ആൾക്കൂട്ടം നിസ്സഹായരായ മനുഷ്യരെ (മിക്കപ്പോഴും ദലിതരോ മുസ്ലിംകളോ) അതിക്രമത്തിനിരയാക്കിയാൽ അക്രമകാരികളെയല്ല ഇരകളുടെ ബന്ധുക്കളെയാണ് ആൾക്കൂട്ടം ചീത്തവിളിക്കുക. കൊലപാതകങ്ങളും ബലാത്സംഗങ്ങളും റിപ്പോർട്ട് ചെയ്യാൻ പുറപ്പെടുന്ന മാധ്യമ പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെടുന്നതും ഇതേപോലെയാണ്. വിചാരണ പോലും നടത്താതെ ആയിരങ്ങളെ തടങ്കലിലിടുന്നതും തടവറ മരണങ്ങളുമെല്ലാം പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടാറു പോലുമില്ല.
ഫാ. സ്റ്റാൻ സ്വാമിയുടെ മരണം പക്ഷേ മൗനത്തിെൻറ വൻമതിലുകളെ ഭേദിച്ചു. അത് ഒരു അപവാദം മാത്രമാണ്. തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷ രാഷ്ട്രീയക്കാരുടെ വീടുകളിലും ഒാഫിസുകളിലും റെയ്ഡ് നടത്തിയത് കണ്ട് നമുക്ക് അറപ്പാണ് തോന്നിയത്. സ്വകാര്യതയെ ഉല്ലംഘിക്കുന്നതിെൻറയും പെഗസസിെൻറയും കാര്യത്തിൽ സർക്കാർ പുലർത്തിയ കടുംപിടിത്തം രോഷവും ലജ്ജയുമാണുയർത്തിയത്.
സ്ത്രീകളും പുരുഷൻമാരും കുട്ടികളുമടക്കം ലക്ഷദ്വീപിലെ എഴുപതിനായിരത്തോളം മനുഷ്യരുടെ ആചാരങ്ങളിലും ഭക്ഷണശീലങ്ങളിലും സഞ്ചാരത്തിലുമെല്ലാം നിയന്ത്രണം കൊണ്ടുവരാൻ നടത്തിയ ശ്രമങ്ങളെ ഇന്ത്യൻ ജനാധിപത്യത്തെ അവമതിക്കുന്ന പ്രവർത്തനങ്ങളുടെ പട്ടികയുടെ മുകളിൽത്തന്നെ ചേർക്കണം. തുറന്നു പറഞ്ഞില്ലെങ്കിൽ പോലും സർക്കാറിെൻറയും അവരെ പിന്തുണക്കുന്നവരുടെയും കണ്ണിൽ ലക്ഷദ്വീപ് ജനതയുടെ ഏറ്റവും വലിയ പാളിച്ച വിശ്വാസപരമായി അവർ മുസ്ലിംകൾ ആണെന്നതാണ്. ഇന്ത്യയെന്തിന് അതിനുള്ളിൽ ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ സഹിക്കണം എന്നാണ് അവർ ചോദിക്കാതെ ചോദിക്കുന്നത്.
അതിനുള്ള ഉത്തരം ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷമായ ഇടങ്ങൾ അഭിമാനത്തിെൻറ സ്രോതസ്സുകളാണ് എന്നാണ്. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല. നമ്മുടെ നാട്ടിൽ വ്യത്യസ്ത വിശ്വാസങ്ങൾ പുലർത്തുന്നവർക്കും ഒരു വിശ്വാസവും പിൻപറ്റാത്തവർക്കുമെല്ലാം തുല്യമായ അവകാശങ്ങളാണുള്ളത്. നിലനിൽക്കാനുള്ള അവകാശമടക്കം. അഹിന്ദു ഭൂരിപക്ഷ മേഖലകളായ ലക്ഷദ്വീപ്, പഞ്ചാബ്, കശ്മീർ, മേഘാലയ, മിസോറം, നാഗലൻഡ് എന്നിവിടങ്ങളിലും ഹിന്ദുഭൂരിപക്ഷമായ മറ്റു ദേശങ്ങളിലും ഭൂരിപക്ഷത്തിനും ന്യുനപക്ഷത്തിനും ഇത്തരം എല്ലാവിധ അവകാശങ്ങളും പരിപാലിക്കപ്പെടേണ്ടതുണ്ട്.
ഈ അവകാശങ്ങളെല്ലാം മാനവിക നിയമങ്ങളിൽനിന്നും നമ്മുടെ ഭരണഘടനയിൽനിന്നും ഉയിർകൊണ്ടവയാണ്. നമ്മുടെ 'അധീനതയിലുള്ള' പ്രദേശങ്ങളെയോർത്ത് അഭിമാനം കൊള്ളുകയും അവിടെ താമസിക്കുന്ന 'മറ്റുള്ളവരെ'യോർത്ത് അവജ്ഞ പുലർത്തുകയും ചെയ്യുന്നത് മേല്ക്കോയ്മ ഭാവത്തിെൻറ ഏറ്റവും നെറികെട്ട രൂപമാണ്.
മറ്റൊന്ന്, തികച്ചും വ്യത്യസ്തമായ തലത്തിൽ രാഹുൽ ഗാന്ധിയെയും അദ്ദേഹത്തിെൻറ പൂർവികരെയും വ്യക്തിഹത്യക്ക് ഇരയാക്കുന്ന രീതിയാണ്. കാര്യങ്ങൾ ഒരു മറയും കൂടാതെ വിളിച്ചു പറയുന്നയാളാണ് രാഹുൽ. രാജ്യത്തിെൻറ പ്രധാനമന്ത്രിപദം വഹിച്ചിരുന്ന അദ്ദേഹത്തിെൻറ പിതാവ് നിഷ്ഠുരമായി കൊല്ലപ്പെടുകയായിരുന്നു, പ്രധാനമന്ത്രിയായിരുന്ന മുത്തശ്ശി കൊല്ലപ്പെട്ടതു പോലെത്തന്നെ. രാജ്യത്തിെൻറ സ്വത്തായിരുന്ന, അശ്രാന്ത സേവകനായിരുന്ന അവരുടെ പിതാവ് പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റുവിനെയും അദ്ദേഹത്തിെൻറ പിതാവ് മോത്തിലാലിനെക്കുറിച്ചും ഇനിയെന്താണ് പറയാൻ ബാക്കിയുള്ളത്.
ഇത്തരത്തിലെ ചളിവാരിയെറിയലുകൾ മറ്റു നാടുകളിലും സംഭവിക്കാറൊക്കെയുണ്ട്. പക്ഷേ, അമേരിക്കയിലെ സമൂഹമാധ്യമങ്ങൾ ബറാക് ഒബാമയെ മുസ്ലിം ആയി ചിത്രീകരിച്ചപ്പോൾ അദ്ദേഹത്തിെൻറ റിപ്പബ്ലികൻ എതിരാളി ജോൺ മക്കയ്ൻ ഈ നുണ പൊളിച്ചടുക്കാൻ പരസ്യമായി മുന്നോട്ടുവന്നു. അത്തരം തിരുത്തലുകളൊന്നും ഒരിക്കലും ഇന്ത്യയിലെ ഉന്നത കേന്ദ്രങ്ങളിൽനിന്നുണ്ടാവുന്നില്ല. എന്തിനു പറയണം, രാജ്യത്തെ ജനങ്ങളുമായി നേരിൽ സംവദിക്കുന്നതുപോലും ഒരു ചടങ്ങായി മാറിയിരിക്കുന്നു ഇവിടെ.
ഇതെല്ലാം ഭയാനകമാണ്, പക്ഷേ ഞെട്ടിക്കുന്നില്ല. ഓടുന്ന ട്രെയിനിലിട്ട് ഒരു നിസ്സഹായനായ പയ്യനെ കൊലപ്പെടുത്തിയ അക്രമികളെ വേണ്ടവിധം നിയമത്തിനു മുന്നിൽ കൊണ്ടുവരാത്ത കാലത്ത് വെറും വ്യക്തിഹത്യയെ എങ്ങനെ അപലപിക്കാനാവും?
ഭാഗ്യവശാൽ, നമ്മൾ മറ്റു ചില കാര്യങ്ങളാണ് നമുക്ക് പ്രചോദനമേകുന്നത്. ശ്വാസം മുട്ടിപ്പിടയുന്ന കോവിഡ് രോഗിക്ക് ഓക്സിജൻ സിലണ്ടറുകൾ സംഘടിപ്പിക്കാനും മരണപ്പെട്ടയാളുടെ സംസ്കാരത്തിന് വിറക് സ്വരൂപിക്കാനും ഓടിനടക്കുന്ന, സാധാരണയിൽ സാധാരണക്കാരായ ഇന്ത്യക്കാരുടെ ഉദ്യമങ്ങൾ. വെളിച്ചത്തിൽ പ്രത്യക്ഷപ്പെടുകപോലും ചെയ്യാത്ത ഈ സേവകർ പലപ്പോഴും പ്രിയപ്പെട്ടവരെ മറ്റാർക്കെങ്കിലുമൊപ്പമാക്കിയാണ് സഹജീവികളെ സഹായിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നത്.
മറ്റൊരു തലത്തിൽ ഒരു സ്ത്രീ, ബംഗാളിെൻറ പുത്രി, ഭീമാകാരമായ പ്രതിബന്ധത്തെ തെൻറ പ്ലാസ്റ്ററിട്ട കാലുകൊണ്ട് തട്ടിത്തെറിപ്പിക്കാൻ കാണിച്ച അസാമാന്യ ധീരത കണ്ട് നമ്മൾ കോരിത്തരിച്ചു പോകുന്നുണ്ട്. ഊർധശ്വാസത്തിെൻറ വക്കോളമെത്തിയ ജനാധിപത്യത്തിന് പുതുശ്വാസമല്ലേ അതു വഴി പകർന്നു കിട്ടിയത്. ഇന്ത്യൻ മുസ്ലിംകളുടെ പൗരത്വത്തിന് മേലുയർന്ന ഭീഷണിക്കെതിരെ രാജ്യം മുഴുവൻ വ്യാപിച്ച വിജയകരമായ മുന്നേറ്റത്തിെൻറ പ്രതീകമായി മാറിയ ദീദിയെ നമ്മൾ സ്നേഹിക്കുകയും ചെയ്തു.
അതിശക്തരായ ന്യായാധിപൻമാർ നൽകുന്ന ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നാലും മനസ്സാക്ഷിയെ മാറ്റിത്തിരുത്താൻ ഒരുക്കമല്ലെന്ന് പ്രഖ്യാപിച്ച നിർഭയനായ അഭിഭാഷകൻ നമ്മെ ആവേശപ്പെടുത്തിയില്ലേ? ഈയിടെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി സുപ്രീംകോടതിയിൽനിന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ന്യായാധിപൻമാർ ഏറെ ഹൃദ്യമായ, ശക്തമായ വിധിപ്രസ്താവ്യങ്ങൾ നടത്തി.
ഇതിനേക്കാളെല്ലാമുപരി നമുക്ക് ആത്മവിശ്വാസമേറ്റുന്ന മറ്റൊരു ശബ്ദമുണ്ട്. അതിെന കൃത്യമായി വിശദീകരിക്കാൻപോലും എനിക്കറിഞ്ഞു കൂടാ. ആയിരക്കണക്കിന് ഇന്ത്യക്കാരുടെ കൈകളിലെ പേനകളിൽ നിന്നും പെൻസിലുകളിൽ നിന്നും കീബോർഡുകളിൽ നിന്നും വിരലുകളിൽ നിന്നും കാമറകളിൽനിന്നും ഉയരുന്ന ശബ്ദമാണത്. മാധ്യമപ്രവർത്തകർ, വിദ്യാർഥികൾ, പൗരജനങ്ങൾ, ചെറു പട്ടണങ്ങളിലെയും ഉൾനാടൻ ഗ്രാമങ്ങളിലെയും സിറ്റിസൻ ജേണലിസ്റ്റുകൾ... ഇവരെല്ലാം തങ്ങളുടെ ധീരമായ വാർത്തകളും ചിത്രങ്ങളും സഹ ഇന്ത്യക്കാരിലേക്ക് എത്തിച്ചു കൊണ്ടേയിരിക്കുന്നു.
അവരുടെ വാക്കുകൾ ചിലപ്പോൾ അതീവ ധീരമായ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലെത്തുന്നു. ചിലപ്പോൾ വ്യവസ്ഥാപിത ദിനപത്രങ്ങളിൽ. ചിലപ്പോൾ പാട്ടുകൾ, നർമങ്ങൾ, കാർട്ടൂണുകൾ, അവരുടെ വാക്കുകളിൽനിന്നു രൂപപ്പെടുന്ന വിഡിയോകൾ... അവയെല്ലാം ത്വരിതമായി പങ്കുവെക്കപ്പെടുന്നു. സജീവമായ, സക്രിയരായ ഈ പൗരജനങ്ങൾക്ക് നന്ദി. മാറ്റത്തിെൻറ സാധ്യതകൾ ചക്രവാളത്തിൽ തെളിഞ്ഞു തുടങ്ങിയിരിക്കുന്നു. വളരെ കുറവെങ്കിലും നിർഭയരായ കുറച്ച് മാധ്യമപ്രവർത്തകർ നമുക്കിപ്പോഴും മുഖ്യധാരാ ചാനലുകളിലും പത്രങ്ങളിലുമുണ്ട് എന്നതാണ് സന്തോഷകരമായ മറ്റൊരു കാര്യം. അവരുടെ വാക്കുകൾ നമ്മുടെ ആത്മവീര്യത്തെ നിലനിർത്താൻ സഹായിക്കുന്നു.
'മരണത്തിനിടയിൽ ജീവൻ നിലനിൽക്കുന്നത് എനിക്ക് കാണാനാവുന്നു, അസത്യങ്ങൾക്ക് മധ്യേ സത്യം നിലനിൽക്കുന്നതും, കൂരാ കൂരിരുട്ടിലും പ്രകാശം നിലനിൽക്കുന്നതും'. - ഈ വാക്കുകൾ വർഷങ്ങൾക്ക് മുൻപ് 1928 ഒക്ടോബർ 11ന് ഗാന്ധിജി യങ്ഇന്ത്യയിൽ കുറിച്ചിട്ടതാണ്. അതായിരുന്നു അദ്ദേഹത്തിെൻറ വിശ്വാസം, തനിക്ക് ചുറ്റും കണ്ടതും അതു തന്നെയായിരുന്നു. അദ്ദേഹത്തെപ്പോലെ നമ്മളിന്ന് അങ്ങനെയെന്തെങ്കിലും കാണുന്നുണ്ടോ?
(രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ പൗത്രനും വിഖ്യാത ചരിത്ര പണ്ഡിതനുമാണ് ലേഖകൻ)
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.