ഇപ്പോഴും ചില വർത്തമാനങ്ങളിൽ ഇടതുമുന്നണി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നേടിയ 'തകർപ്പൻ വിജയം' കടന്നുവരുന്നുണ്ട്. യഥാർഥത്തിൽ അങ്ങനെയൊരു തകർപ്പൻജയം കേരളത്തിലെ ജില്ല പഞ്ചായത്തുകളിലും ബ്ലോക്കുകളിലും ഒഴികെ ഇടതുമുന്നണിക്ക് ഉണ്ടായിട്ടുണ്ടോ? അഥവാ ഡിസംബർ 30ന് തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത 349 ഗ്രാമപഞ്ചായത്തുകളിലെ നറുക്കെടുപ്പിനും കളംമാറ്റത്തിനും ശേഷം 578 ഗ്രാമപഞ്ചായത്തുകളിൽ തങ്ങൾ ഭരണം നേടിയെന്ന് ഇടതുമുന്നണിക്ക് പറയാനാവുന്നുണ്ടെങ്കിൽ യഥാർഥ ജനവിധി അതാണോ?

ഇത് വസ്തുതാപരമായി പരിശോധിക്കേണ്ടതാണ്. രണ്ടു കാര്യങ്ങൾ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടയിൽ നടന്നിട്ടുണ്ട്. ഒന്ന്, യഥാർഥ രാഷ്​ട്രീയ അജണ്ട അട്ടിമറിക്കുന്ന വിധത്തിൽ വർഗീയ കാർഡ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇടതുമുന്നണി പുറത്തിട്ടു. സ്വർണക്കടത്തും സംവരണനിലപാടും സി.പി.എമ്മിന് അതിെൻറ സംസ്ഥാന സെക്രട്ടറി ഇല്ലാതെ തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവന്ന ഗതികേടും ഒന്നും യു.ഡി.എഫിന് മാർക്കറ്റ് ചെയ്യാനായില്ല. ഇടതുമുന്നണി മുന്നിലിട്ട വെൽഫെയർ പാർട്ടി ചൂണ്ടയിൽ കോൺഗ്രസുകാർ പകച്ചുപോയി. ഫലപ്രഖ്യാപനം വന്നപ്പോൾ അതിെൻറ പൊള്ളത്തരം തുറന്നുകാട്ടേണ്ട സമയത്താണ് പിണറായി വിജയൻ, പി.കെ. കുഞ്ഞാലിക്കുട്ടി യു.ഡി.എഫിനെ നയിക്കാൻ പോകുന്നു എന്ന അടുത്ത വർഗീയത വിളമ്പുന്നത്. ഇതെല്ലാം സൃഷ്​ടിച്ച പുകമറയിലായി 2020 ലെ ത്രിതല പഞ്ചായത്ത് ജനവിധി. ജനവിധിയിലാണോ രാഷ്​ട്രീയ വിവാദങ്ങളുയർത്തുന്നതിലാ​ണോ ഇടതുമുന്നണി 'തരംഗം' സൃഷ്​ടിച്ചത് എന്നു കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും.

യഥാർഥ വിധി എന്താണ്?

2015ൽ 549 ഗ്രാമപഞ്ചായത്തുകളിലാണ് ഇടതുമുന്നണി വ്യക്തമായ ഭൂരിപക്ഷം നേടിയിരുന്നത്. തെരഞ്ഞെടുപ്പ്​ കമീഷൻ ആർക്കേവ്സിൽ ഇതിെൻറ വിശദവിവരമുണ്ട്. 2015ൽ നേടിയ 549 പഞ്ചായത്തുകൾ 2020ൽ 371 ആയി ഇടത​ുമുന്നണിക്ക് കുറഞ്ഞു. യു.ഡി.എഫിനു 2015ൽ കിട്ടിയ 365 ഗ്രാമപഞ്ചായത്തുകൾ ഇത്തവണ 211 ആയും കുറഞ്ഞു. 178 പഞ്ചായത്തുകളിൽ ഇടതുമുന്നണിക്കും 154 ഗ്രാമപഞ്ചായത്തുകളിൽ യു.ഡി.എഫിനും രാഷ്​ട്രീയ തിരിച്ചടി നേരിട്ടു. പകരം 349 ഗ്രാമപഞ്ചായത്തുകളിൽ ആർക്കും ഭൂരിപക്ഷമില്ലാതായി. മറ്റുള്ളവരുടെ സഹായമോ നറുക്കെടുപ്പോ വേണ്ടിവരുന്ന ഇത്രയധികം പഞ്ചായത്തുകൾ 2015ൽ ഉണ്ടായിരുന്നില്ല. 2015ൽ മറ്റുള്ളവർ എന്ന തലക്കെട്ടിൽ 13 ഗ്രാമപഞ്ചായത്തുകളാണ് ഇലക്​ഷൻ കമീഷൻ കണക്കിലുള്ളത്. ഇതിെൻറ അർഥമെന്താണ്? കഴിഞ്ഞതവണ രാഷ്​ട്രീയ ഭൂരിപക്ഷമില്ലാതായ ഇടതുമ​ുന്നണിയുടെ 178 ഉം യു.ഡി.എഫിെൻറ 154 ഉം പഞ്ചായത്തുകളിൽ എന്തു സംഭവിച്ചു? കേരളം ഇടതുമുന്നണിയോടൊപ്പമാണ് എന്ന് വിളിച്ചുപറയുന്നവർ ഇതിന് വ്യാഖ്യാനം നൽകണം.

ആകെയുള്ള 15,962 ഗ്രാമവാർഡുകളിൽ ഇടതുമുന്നണി 7262 വാർഡുകളാണ് മുന്നണി എന്ന നിലയിൽ നേടിയത്. കഴിഞ്ഞ തവണ 7623 വാർഡുകൾ നേടിയിരുന്നു. അതായത് 361 ഗ്രാമവാർഡുകൾ ഇടതുമുന്നണിക്ക് നഷ്​ടപ്പെട്ടു. യു.ഡി.എഫും 6324 വാർഡിൽ നിന്ന് 5893 വാർഡിലേക്ക് താണു. മറ്റുള്ളവർ എന്ന ഗണത്തിൽ കഴിഞ്ഞതവണ ഉണ്ടായിരുന്ന 1078 വാർഡുകൾ 1620 ആയി കൂടി. ബി.ജെ.പി 2015ൽ നേടിയ 933 വാർഡുകൾ 1182 ആയി വർധിപ്പിച്ചു. അതായത്, യു.ഡി.എഫിനും ഇടതുമുന്നണിക്കും നഷ്​ടപ്പെട്ട വാർഡുകൾ മറ്റുള്ളവരും ബി.ജെ.പിയും നേടി എന്നർഥം. വ്യക്തമായി പറഞ്ഞാൽ, തോൽവിയിലും പിറകോട്ടടിയിലും ഗ്രാമപഞ്ചായത്തുകളിൽ യു.ഡി.എഫിനോടൊപ്പമെന്നപോലെ ഇടതുമുന്നണിയും തലകീഴായിട്ടുണ്ട്.

മുനിസിപ്പാലിറ്റികളിലെ നില

മുനിസിപ്പാലിറ്റികളിൽ ചെയർമാൻ തെരഞ്ഞെടുപ്പിനുശേഷം ആര് അധികാരത്തിൽവന്നു എന്നതിനേക്കാൾ കേരളത്തിലെ നഗരങ്ങളിൽ രാഷ്​ട്രീയമായി ഇടതുമുന്നണി മുന്നേറിയോ? 2015ൽ 87 മുനിസിപ്പാലിറ്റികളിൽ 44ൽ ഇടതുമുന്നണിയാണ് നേടിയത്. ഇത്തവണ തെരഞ്ഞെടുപ്പ് നടന്ന 86ൽ 19 ഇടത്താണ് ഇടതുമുന്നണിക്ക് രാഷ്​ട്രീയവിജയം നേടാനായത്. 43 മുനിസിപ്പാലിറ്റികളിൽ ആർക്കും ഭൂരിപക്ഷമില്ലാതെ ഇതരരെയോ നറുക്കെടുപ്പിനെയോ ആശ്രയിക്കേണ്ടിവന്നു. കഴിഞ്ഞതവണ 1263 മുനിസിപ്പൽ കൗൺസിലർമാരെ സ്വന്തമാക്കിയ ഇടതുമുന്നണി ഇത്തവണ 1167 പേരിൽ ചുരുങ്ങി. ബ്ലോക്ക് പഞ്ചായത്തുകൾ എക്കാലവും ഇടതുമുന്നണിയെ വിജയിപ്പിക്കുന്ന വിധത്തിലുള്ള ഡിവിഷൻ ഘടനയാൽ രൂപപ്പെട്ട ഒന്നാണ്. ഏഴു ജില്ല പഞ്ചായത്തുകളിൽനിന്ന് യു.ഡി.എഫ് രണ്ട് ജില്ല പഞ്ചായത്തിലേക്ക് തകർന്നുപോയതിനെ കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ തകർപ്പൻ വിജയമായി ആഘോഷിക്കാൻ പറ്റുമോ? തെരഞ്ഞെടുപ്പ് ആഭ്യന്തര അവലോകനങ്ങളിൽ നിഷ്​പക്ഷവും കണിശവുമായ കണക്കു മുന്നിൽവെക്കാറുള്ള സി.പി.എമ്മിെൻറ അകത്തളങ്ങളിൽ ഈ ചോദ്യം ഉയർന്നുനിൽക്കുമെന്നുറപ്പാണ്.

ബി.ജെ.പിയെ വളർത്തിയ വർഗീയത

ഈ വിജയം വർഗീയമായ അടവുനയത്തിനുള്ള അംഗീകാരമാണ് എന്ന് സി.പി.എമ്മിനും ഇടതുമുന്നണിക്കും അവകാശപ്പടാം. കണ്ണൂർ ജില്ലയിൽ ഇരിട്ടി മുനിസിപ്പാലിറ്റിയിലെ കൂരൻമുക്ക് വാർഡിൽ യു.ഡി.എഫ് പിന്തുണക്കുന്ന വെൽഫെയർ പാർട്ടി സ്ഥാനാർഥി കഴിഞ്ഞതവണ നേടിയത്ര വോട്ട് തന്നെ നേടിയെങ്കിലും തോറ്റു. കഴിഞ്ഞതവണ ഇടതുമുന്നണി ഇവിടെ നേടിയ 369 വോട്ട് 244ൽ ചുരുങ്ങിയപ്പോഴും എസ്.ഡി.പി.ഐയെ വിജയിപ്പിച്ച ആഘോഷത്തിലായിരുന്നു അവർ. കണ്ണൂർ ജില്ലയിൽ തന്നെ വളപട്ടണം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഈ നാണം കെട്ട അടിയൊഴുക്കിെൻറ മറ്റൊരു രൂപമാണ് കണ്ടത്. അവിടെ സി.പി.എമ്മിെൻറ വോട്ട് 65ൽനിന്ന് 17 ആയി ചുരുങ്ങിയപ്പോൾ വെൽഫെയർ പാർട്ടിക്കെതിരെ മത്സരിച്ച ബി.ജെ.പി സ്ഥാനാർഥി വിജയിച്ചു. ഇവിടെ ഭൂരിപക്ഷവർഗീയതയോടുള്ള സി.പി.എമ്മിെൻറ പത്തരമാറ്റ് നിലപാടിെൻറ പൊയ്മുഖമാണ് അഴിഞ്ഞുവീണത്.

കേരളത്തിൽ മൊത്തത്തിൽ ഈ നിലപാട് ബി.ജെ.പിയെ വളർത്തുകയായിരുന്നുവെന്നും കണക്കുകൾ കഥപറയുന്നു. 2015ൽ ബി.ജെ.പിക്ക് 933 ഗ്രാമവാർഡുകളിലാണ് വിജയിക്കാനായത്. ഇത്തവണ അത് 1182 ആയി വർധിച്ചു. 236 മുനിസിപ്പൽ കൗൺസിലർമാരെ 2015ൽ വിജയിപ്പിച്ച ബി.ജെ.പി 320 കൗൺസിലർമാരെ ഇത്തവണ നേടി. കോർപറേഷൻ അംഗങ്ങളുടെ എണ്ണം 51ൽ നിന്ന് 59 ആയി കൂട്ടി. ഇങ്ങനെയൊരു വർധനവിെൻറ ഗ്രാഫ് യു.ഡി.എഫിനെന്നപോലെ ഇടതുമുന്നണിക്കും പറയാനാവുന്നില്ലെങ്കിൽ കേരളം എങ്ങോട്ടാണ് പോകുന്നത്? സി.പി.എം ഘോഷിക്കുന്ന ന്യൂനപക്ഷ വർഗീയതാ വിരുദ്ധ നിലപാടിൽ ഉന്നംവെക്കപ്പെടുന്ന മുസ്​ലിം വിരുദ്ധതയുടെ തണൽ ലഭിച്ചു കൊണ്ടിരിക്കുന്നത് ആർക്കാണ് എന്ന് വ്യക്തമാവുന്നതാണ്​ ഇൗ കണക്ക്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.