തിങ്കളാഴ്ച രാവിലെ 9.30, മൈസൂരുവിൽനിന്ന് തമിഴ്നാട് അതിർത്തി സ്ഥലമായ താളൂരിലെ നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളജ് ഗ്രൗണ്ടിൽ രാഹുൽ ഗാന്ധി ഹെലികോപ്ടർ ഇറങ്ങുന്നതും നോക്കി തെരഞ്ഞെടുപ്പ് കമീഷന്റെ ൈഫ്ലയിങ് സ്ക്വാഡ് കാത്തിരിപ്പുണ്ടായിരുന്നു. ഹെലികോപ്ടറിന്റെ അകവും പുറവും ഉദ്യോഗസ്ഥർ പരിശോധിക്കുമ്പോഴും രാഹുൽ കൂൾ. കോളജ് വിദ്യാർഥികൾ നൽകിയ പൂച്ചെണ്ടുകൾ ഏറ്റുവാങ്ങി രാഹുൽ അവരോടൊപ്പം സെൽഫിയുമെടുത്തു. പിന്നെ നേരെ നീലഗിരി ലോക്സഭ മണ്ഡലത്തിലെ ഇൻഡ്യ മുന്നണി സ്ഥാനാർഥി എ. രാജയുടെ പ്രചാരണ പരിപാടി നടക്കുന്ന ഹാളിലേക്ക്. പതിവുപോലെ വെള്ള ടീഷർട്ടും കറുപ്പ് പാന്റ്സും വേഷം.
അതിർത്തിക്കപ്പുറം സി.പി.എം അടക്കമുള്ളവർ പിന്തുണക്കുന്ന ഇൻഡ്യ സഖ്യത്തിന്റെ സ്ഥാനാർഥിയെ വിജയിപ്പിക്കാൻ ആഹ്വാനം. തുടർന്ന് രാഹുൽ പോയത് സുൽത്താൻ ബത്തേരിയിൽ. ബത്തേരിയിലെ റോഡ്ഷോയിൽ പൊരിവെയിലത്തും രാഹുലിനെ കാണാൻ സ്ത്രീകളടക്കമുള്ള ആയിരങ്ങൾ. എവിടെയും ഒരു പാർട്ടിയുടേയും കൊടികളില്ല. അങ്ങനെ, കൊടിപിടിക്കാത്ത ഈ പോരിടത്തിലെ നാകനാകുകയാണ് അയാൾ. എങ്ങും അദ്ദേഹത്തിന്റെ കൂറ്റൻ ചിത്രങ്ങളുള്ള ബോർഡുകൾ.
മനുഷ്യരെ ചേർത്തുപിടിക്കുന്ന ഫോട്ടോകൾ. ‘ഞാൻ നിങ്ങൾക്കൊപ്പമുണ്ട്’ എന്ന പ്രതീതിയുണ്ടാക്കാൻ രാഹുലിന് കഴിഞ്ഞിട്ടുണ്ട്. വയനാടിന്റെ ജനകീയ പ്രശ്നങ്ങൾ എടുത്തിട്ട് കേരള സർക്കാറിനെ രൂക്ഷമായി വിമർശിച്ചു. വൈജാത്യങ്ങൾ അംഗീകരിക്കാത്ത കേന്ദ്രസർക്കാറിനെയും കടന്നാക്രമിച്ചു. രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങള് മോദിയുടെ സ്വകാര്യ സ്വത്തല്ലെന്നും ഭരണഘടനയെ മാറ്റിമറിക്കാൻ കോണ്ഗ്രസ് അനുവദിക്കിെല്ലന്നുമുള്ള മാസ് ഡയലോഗ്. എന്നാൽ, ഇൻഡ്യ മുന്നണിയിലെ പാർട്ടിയുടെ നേതാവിനോട് നേരിട്ട് മത്സരിക്കുന്നതിനെപ്പറ്റി ബോധപൂർവമായ മൗനം.
ജോഡോ യാത്രയിലേതുപോലെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നുള്ള രാഹുൽ സ്റ്റെൽ ഇല്ല. തുറന്ന വാഹനത്തിലേക്ക് എത്തിയ കുട്ടികളെ കവിളിൽ ഉമ്മവെച്ചു. ബത്തേരി സ്വദേശിയും സൗത്ത് കൊറിയയിൽ നടന്ന മാസ്റ്റേഴ്സ് അത്ലറ്റിക്സ് മീറ്റിലെ മെഡൽ ജേതാവുമായ റിൻസിക്ക് രാഹുലിന് തന്റെ മെഡൽ കാണിക്കണമെന്ന് ആഗ്രഹം. വാഹനത്തിൽ നിന്നുതന്നെ മെഡൽ വാങ്ങിയ രാഹുൽ റിൻസിയുടെ കൂടെ ഫോട്ടോയും എടുത്തു. കോട്ടക്കുന്നിൽവെച്ച് സ്നേഹത്താൽ ഒരമ്മ രാഹുലിനെ ഏറെ നേരം കെട്ടിപ്പിടിച്ചു. 12.30ഓടെ ബത്തേരിയിൽനിന്ന് നേരെ പുൽപള്ളിയിലെ കർഷക റാലിയിലേക്ക്. ഇൻഡ്യ സഖ്യം അധികാരത്തിൽ വന്നാൽ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്ന പ്രഖ്യാപനത്തിന് വൻ കൈയടി.
തുടർന്ന് മാനന്തവാടിയിലെ റോഡ്ഷോയിലേക്ക്. സമയം ഉച്ചക്ക് രണ്ടുമണി. കൊടും വെയിലത്ത് കാത്തിരുന്ന ജനം രാഹുലിനെ ഹർഷാരവത്തോടെ എതിരേറ്റു. തുറന്ന വാഹനത്തിൽ നീങ്ങവേ രാഹുൽ കുപ്പിവെള്ളം ജനങ്ങൾക്ക് എറിഞ്ഞുകൊടുത്തു. പിതാവിന്റെ തോളിൽ കയറിയെത്തിയ കുട്ടി സമ്മാനിച്ച ഷാൾ പുഞ്ചിരിയോടെ ഏറ്റുവാങ്ങി. ഇടക്കുവെച്ച് യാത്ര നിർത്തി മാനന്തവാടി രൂപതാ ബിഷപ്പിനെ സന്ദർശിക്കാനായി ബിഷപ് ഹൗസിലേക്ക് പോയി. റോഡ്ഷോ ഇടക്ക് നിർത്തിയതിൽ അണികൾക്ക് നീരസം. 3.10ഓടെ വെള്ളമുണ്ടയിൽ ആയിരക്കണക്കിന് ജനങ്ങൾക്കിടയിലൂടെ രാഹുലിന്റെ റോഡ്ഷോ. 4.30ന് പടിഞ്ഞാറത്തറയിലായിരുന്നു ഒടുവിലത്തെ പരിപാടി. ഒറ്റദിവസം അഞ്ചിടങ്ങളിൽ റോഡ്ഷോ നടത്തിയതിന്റെ ക്ഷീണമൊന്നുമില്ലാതെ കോഴിക്കോട്ടേക്ക് തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.