''പ്രിമുള്ള ഉദ്ധവാ, ബുദ്ധികൊണ്ട് വിവേചനം നടത്താൻ കഴിവുള്ളവർ വിജയിക്കുമെന്നതാണ് ഈ പ്രപഞ്ചത്തിന്റെ നിയമം; സ്വന്തം കഴിവും കഴിവുകേടും മനസ്സിലാക്കി പ്രവർത്തിക്കുന്നതാണ് ഏറെ വിവേകം'' -'ഉദ്ധവഗീത'യിൽ ശ്രീകൃഷ്ണൻ ചെറുപ്പം മുതലേയുള്ള കൂട്ടുകാരനും മന്ത്രിയുമൊക്കെയായ ഉദ്ധവർക്ക് നൽകുന്ന വിലപ്പെട്ട ഉപദേശമാണിത്. രാഷ്ട്രീയത്തിലും ഇതൊക്കെത്തന്നെയാണ് വിജയപരാജയത്തിന്റെ മാനദണ്ഡങ്ങളെന്ന് ആർക്കാണറിയാത്തത്? എന്നിട്ടും, സാക്ഷാൽ ഉദ്ധവ് ഈ ഉപദേശം മറന്നുപോയി. സ്വന്തം കർമത്തിൽ മാത്രം ശ്രദ്ധയൂന്നിയപ്പോൾ, സഹയാത്രികരുടെ കർമവും യാത്രയും ടിയാന് യഥാസമയം അന്വേഷിക്കാൻ കഴിഞ്ഞില്ല. അതാണ്, മറാത്തദേശത്ത് വീണ്ടുമൊരു മഹാനാടകത്തിന് അരങ്ങൊരുക്കിയത്. അതിന്റെ അനുരണനങ്ങൾ സംസ്ഥാനാതിർത്തിയും കടന്നുപോയി; പരമോന്നത നീതിപീഠമടക്കം അരങ്ങിലെത്തി തിമിർത്താടി. നാടകാന്ത്യം, രണ്ടു ദശകം തന്റെ വലംകൈയായി കൂടെ നിന്നയാൾ കിരീടവുമായി കടന്നുകളഞ്ഞു. പ്രതീക്ഷിച്ച ക്ലൈമാക്സ്! ഇനി ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്രയെ നയിക്കും. ഷിൻഡെയുടെ കൂറുമാറ്റത്തെ വേണമെങ്കിൽ ഇടതുപക്ഷ ലൈനിൽ 'വർഗവഞ്ചന' എന്നൊക്കെ വിശേഷിപ്പിക്കാം. പക്ഷേ, ഉദ്ധവിനെപ്പോലെതന്നെ ആളപ്പോഴുമൊരു ശിവസൈനികനാണെന്ന് മറക്കരുത്.
ഈ മഹാനാടകത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ആരാണെന്നു ചോദിച്ചാൽ പല ഉത്തരങ്ങളുണ്ട്. ഷിൻഡെയുടെ പേര് വേണമെങ്കിൽ എളുപ്പത്തിൽ പറയാം. കാരണം, ശേഷിക്കുന്ന രണ്ടര വർഷം മുഖ്യമന്ത്രിക്കസേരയിലിരിക്കാമല്ലോ. പക്ഷേ, ശരിക്കും കോളടിച്ചത് അമിത് ഷാക്കും കൂട്ടർക്കുമാണെന്നാണ് രാഷ്ട്രീയ പണ്ഡിറ്റുകളുടെ പക്ഷം. ഉദ്ധവിനെ താഴെയിറക്കിയപ്പോൾ ഊഴം സ്വാഭാവികമായും പ്രതിപക്ഷത്തെ നയിക്കുന്ന ഫഡ്നാവിസിനാണ്; മുഖ്യമന്ത്രി പദത്തിൽ മുൻപരിചയവുമുണ്ട്. പറഞ്ഞിട്ടെന്ത്, അടുത്ത കാലത്തായി പലപ്പോഴും 'പാർട്ടി വിരുദ്ധ' ലൈനിലാണ്. അപ്പോൾ, ഉദ്ധവിനൊപ്പം ഫഡ്നാവിസിനെയും വെട്ടിമാറ്റി വേണം ക്ലൈമാക്സ് സീൻ എഴുതാൻ. എഴുതിയപ്പോൾ തെളിഞ്ഞുവന്നത് ഷിൻഡെയുടെ പേരാണ്. എന്തുകൊണ്ടും ഒരു 'പാവനാടക'ത്തിന് യോഗ്യൻ. പാർലമെന്ററി രാഷ്ട്രീയത്തിൽ മേൽച്ചൊന്ന രണ്ടുപേരെക്കാളും അനുഭവ പരിജ്ഞാനവുമുണ്ട്.
ഷിൻഡെ മുഖ്യവേഷത്തിൽ കെട്ടിയാടുംമുമ്പേ തുടങ്ങിയ നാടകമാണിത്. തെളിച്ചുപറഞ്ഞാൽ, 2019ലെ തെരഞ്ഞെടുപ്പിനുമുമ്പേ. ഒന്നാം ഫഡ്നാവിസ് മന്ത്രിസഭയിൽ തങ്ങൾ ഞെരുങ്ങിപ്പോയി എന്ന് ശിവസേനക്കാർതന്നെ അടക്കംപറഞ്ഞ കാലമായിരുന്നു അത്. അതിനാൽ, തുടർഭരണം കിട്ടിയാൽ, കാര്യങ്ങൾക്കൊക്കെ നീക്കുപോക്കുണ്ടാകണമെന്ന് പാർട്ടി തീർച്ചപ്പെടുത്തി. അക്കാര്യത്തിൽ മുന്നണിയിൽ ഏതാണ്ടൊരു ധാരണയുമായി. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഭരിക്കാനുള്ള ഭൂരിപക്ഷവും കിട്ടി. അപ്പോഴാണ് ഉദ്ധവ് ആദ്യത്തെ വെടി പൊട്ടിച്ചത്. സഖ്യം മുന്നോട്ടുപോകണമെങ്കിൽ രണ്ടര വർഷം തനിക്ക് മുഖ്യമന്ത്രി പദവി വേണം. രാജ്യം ഭരിക്കുന്ന പാർട്ടിക്ക് അതൊക്കെ അംഗീകരിക്കാനാകുമോ? അതോടെ സഖ്യം പൊളിഞ്ഞു. പിന്നെയാണ് കോൺഗ്രസ്-എൻ.സി.പി-ശിവസേന എന്ന വിചിത്രസഖ്യം രൂപപ്പെട്ടത് -മഹാവികാസ് അഘാഡി. സഖ്യം തുടരുംവരെയും ഉദ്ധവായിരിക്കും മുഖ്യമന്ത്രി. നോക്കണേ, രണ്ടര വർഷം ചോദിച്ച ഉദ്ധവിന് മറുകണ്ടം ചാടിയപ്പോൾ കിട്ടിയത് ഇരട്ടി കാലം! ആ ധാരണയിൽ സത്യപ്രതിജ്ഞക്കൊരുങ്ങവേയാണ് ഗവർണർ രഹസ്യമായി ഫഡ്നാവിസിനെ വിളിച്ച് സത്യപ്രതിജ്ഞ ചെയ്യിച്ചത്. അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകി എൻ.സി.പിയെ പിളർത്താനും അമിത് ഷാ ശ്രമിച്ചു. കൂടെ ഷിൻഡെയുമുണ്ടായിരുന്നു. പൊതുമരാമത്താണ് ഷിൻഡെക്ക് വാഗ്ദാനം ചെയ്തത്. കൂടാതെ, മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോർപറേഷന്റെ (എം.എസ്.ആർ.ഡി.സി) ചെയർമാൻ സ്ഥാനവും. സംസ്ഥാനത്തുടനീളം എക്സ്പ്രസ് ഹൈവേ നിർമിച്ച് നാല് കാശുണ്ടാക്കാനുള്ള മാർഗമാണ് ഫഡ്നാവിസും ഷായും നൽകിയത്. പക്ഷേ, സംഗതി പാളി. മഹാവികാസ് അഘാഡിതന്നെ സത്യപ്രതിജ്ഞ ചെയ്തു. സഭയിൽ വിശ്വാസവോട്ടും നേടി. അപ്പോഴും ഷിൻഡെ മുൻപന്തിയിലുണ്ടായിരുന്നു. തുടക്കത്തിൽ ആരോഗ്യവും പിന്നീട് നഗര വികസനവുമായിരുന്നു കൈകാര്യം ചെയ്തത്.
പൊതുമിനിമം പരിപാടിയിൽ മഹാവികാസ് കാര്യമായ പ്രശ്നങ്ങളില്ലാതെ മുന്നോട്ടുപോവുകയായിരുന്നു. അപ്പോഴും, എം.എസ്.ആർ.ഡി.സിയൊക്കെ കൈവിട്ടതിന്റെ വേദന ഷിൻഡെക്കുണ്ടായിരുന്നുവെന്നുവേണം മനസ്സിലാക്കാൻ. തന്റെ സ്വപ്നപദ്ധതിയായിരുന്ന താനെ എക്സ്പ്രസ് ഹൈവേക്കാണെങ്കിൽ സഖ്യം ഉടക്കിടുകയും ചെയ്തു. അതിന്റെ വേദന വേറെയും. ആ സമയവും ഷിൻഡെയെ ഉദ്ധവ് വിശ്വാസത്തിലെടുത്തുവെന്നതാണ് അത്ഭുതം. ഇക്കഴിഞ്ഞ മാസം രാജ്യസഭയിലേക്കും ലജിസ്ലേറ്റിവ് കൗൺസിലിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിൽ വോട്ട് ചോർച്ചയുണ്ടായപ്പോഴെങ്കിലും ഷിൻഡെയെ സംശയിക്കേണ്ടിയിരുന്നില്ലേ. അതോ ഉദ്ധവിന് ഈ കളികളൊന്നും മനസ്സിലായില്ലേ. ഏതായാലും, തക്കംനോക്കി ഷിൻഡെ കിട്ടിയ പാർട്ടി എം.എൽ.എമാരെയുംകൊണ്ട് സൂറത്തിലേക്ക് കടന്നു. അവിടെ നിന്ന് വിലപേശി; പിന്നെ ഗുവാഹതിയിലേക്ക് മാറി നാടകത്തിന്റെ രംഗം കൊഴുപ്പിച്ചു. ഇതിനിടെ, നീതിപീഠത്തിൽ ഉദ്ധവ് അഭയം തേടിയെങ്കിലും രക്ഷയുണ്ടായില്ല.
ഷിൻഡെയുടെ രാഷ്ട്രീയഗുരുവായ ആനന്ദ് ദിഘെയെക്കുറിച്ച് 'ധരംവീർ' എന്ന സിനിമ പുറത്തുവന്ന നാളിൽതന്നെ ഈ കൂടുമാറ്റം രാഷ്ട്രീയ നിരീക്ഷകരിൽ ചിലരെങ്കിലും പ്രവചിച്ചിരുന്നുവത്രേ. റിലീസ് ദിവസം ഷിൻഡെ പാർട്ടി പ്രവർത്തകരെ കൂട്ടത്തോടെ തിയറ്ററുകളിലെത്തിച്ചിരുന്നു. ഷിൻഡെയും കുടുംബവും ആദ്യ ഷോക്കെത്തുകയും ചെയ്തു. ദിഘെയുടെ മരണരംഗമെത്തിയപ്പോൾ അതു കാണാനാകാതെ ഷിൻഡെ പുറത്തിറങ്ങിയെന്നാണ് പാർട്ടി പത്രമായ 'സാംന' റിപ്പോർട്ട് ചെയ്തത്. അത്രക്കും ഗംഭീരമായിരുന്നു 'ധരംവീർ'. പക്ഷേ, സിനിമ കണ്ടിറങ്ങിയ പ്രവർത്തകർ ചിന്തിച്ചത് മറ്റൊന്നായിരുന്നു: പാർട്ടിയുടെ ഇപ്പോഴത്തെ പോക്ക് അത്ര ശരിയല്ല; ഹിന്ദുത്വയുടെയും മറാത്തവാദത്തിന്റെയും പ്രത്യയശാസ്ത്രഭൂമികയിൽനിന്ന് തെന്നിമാറി പാർട്ടി ഇപ്പോൾ മതേതരരുടെ പാളയത്തിലാണ്. നോക്കുമ്പോൾ സംഗതി ശരിയാണ്. ഭരിക്കുന്നത് ഉദ്ധവാണെങ്കിലും പിന്നിൽ പവാറിനെപ്പോലുള്ളവരാണ്. അങ്ങനെയൊരു 'തിരിച്ചറിവ്' പ്രവർത്തകർക്ക് പകർന്നാണ് ഷിൻഡെ സൂറത്തിലേക്ക് കടന്നത്. അതുകൊണ്ട് സംഗതി എളുപ്പമായി. കൂടെ കൂടിയ എം.എൽ.എമാരിൽ പകുതിപേരെങ്കിലും ഇ.ഡിയുടെ നിഴലിലുമാണ്. കൂടുമാറ്റത്തോടെ ഇ.ഡിയെ പേടിക്കാതെ അവർക്ക് ജീവിക്കാം.
58ാം വയസ്സിലാണ് മുഖ്യമന്ത്രിയോഗം. സത്താറ ജില്ലയിലാണ് ജനനം. ഷിൻഡെയുടെ ചെറുപ്പത്തിൽ കുടുംബം താനെയിലേക്ക് മാറി. സാമ്പത്തികമായി വലിയ പ്രയാസത്തിലായിരുന്നു. അതുകൊണ്ടുതന്നെ പഠനം പതിനൊന്നാം ക്ലാസിൽ അവസാനിപ്പിക്കേണ്ടി വന്നു. ഓട്ടോ ഓടിച്ചും മറ്റും കുടുംബത്തെ സഹായിച്ചു. അന്നേ, ബാൽ താക്കറെയാണ് വീരപുരുഷൻ. താനെയിലെ 'താക്കറെ' ദിഘെയാണ്. അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ച് ശിവസൈനികനായി. '97ൽ, ആദ്യമായി താനെ കോർപറേഷനിലേക്ക് മത്സരിച്ച് വിജയിച്ചു. 2002ലും ജയം ആവർത്തിച്ചു. അതോടെ, പാർട്ടി ജില്ല പ്രസിഡന്റായി. മറ്റൊരർഥത്തിൽ, ദിഘെയുടെ പിൻഗാമി. 2004ൽ ആദ്യമായി നിയമസഭയിലേക്ക്. 2009, '14, '19 വർഷങ്ങളിലും വിജയം ആവർത്തിച്ചു. 2014ൽ, ഫഡ്നാവിസ് മന്ത്രിസഭയിൽ അംഗമായി. മന്ത്രിയായിരിക്കെ വിദൂര വിദ്യാഭ്യാസം വഴി രാഷ്ട്രമീമാംസയിൽ ബിരുദമൊക്കെ നേടി. ലതാ ഷിൻഡെയാണ് ഭാര്യ. മൂന്നു മക്കളുണ്ടായിരുന്നു. രണ്ടുപേർ വർഷങ്ങൾക്കു മുമ്പ് ഒരു ബോട്ടപകടത്തിൽ മരണപ്പെട്ടു. മറ്റൊരാൾ, ശ്രീകാന്ത് ഷിൻഡെ ഇപ്പോൾ ശിവസേന പ്രതിനിധിയായി ലോക്സഭയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.