ആഗോള മുസ്ലിം സമൂഹം ആരംഭിച്ച (1919^22) ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണ നൽകുന്നതിലൂടെ ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യസമരത്തിന് ഇന്ത്യൻ മുസ്ലിംകളുടെ പിന്തുണ ഉറപ്പാക്കാമെന്നും ഹിന്ദു^മുസ്ലിം മൈത്രി ദൃഢീകരിക്കാമെന്നുമുള്ള കണക്കുകൂട്ടലായിരുന്നു മഹാത്മാ ഗാന്ധിക്കുണ്ടായിരുന്നതെന്നും എന്നാൽ, ‘‘ഖിലാഫത്ത് പ്രസ്ഥാനത്തിന് ഗാന്ധിജി പിന്തുണ നൽകിയത് ശരിയായിരുന്നില്ലെ’’ന്നും ‘‘ആ സമരത്തിെൻറ ഉള്ളടക്കം ജനാധിപത്യവിരുദ്ധമായിരുന്നു’’വെന്നും എം.എൻ. കാരശ്ശേരി ‘മാതൃഭൂമി’യിൽ എഴുതിയിരിക്കുന്നു. ‘‘ഖിലാഫത്തിനെ നിശിതമായി വിമർശിച്ച’’ മുഹമ്മദലി ജിന്നയാണ് ശരിയെന്ന് അദ്ദേഹം കരുതുന്നു. ‘‘നിസ്സഹകരണത്തിെൻറയും മതമൈത്രിയുടെയും അഹിംസയുടെയും’’ ഗാന്ധിയൻ സമരവേദി, ഖിലാഫത്ത് പ്രസ്ഥാനത്തോട് ചേർന്നപ്പോൾ സായുധ കലാപമായി വഴിതെറ്റിപ്പോയതാണ് 1921ലെ മലബാർ കലാപമെന്നും കാരശ്ശേരി പറയുന്നു. ഖിലാഫത്ത്^കോൺഗ്രസ് െഎക്യത്തെ എതിർത്ത കാലത്ത് കോൺഗ്രസായിരുന്നെങ്കിലും മുഹമ്മദലി ജിന്ന ദേശീയവാദിയാവുന്നതിനേക്കാൾ ഒരു പരിഷ്കരണ വാദിയായിരുന്നു. പരിഷ്കരണവാദം റാംമോഹൻ റോയിയുടേതായാലും മഹാത്മാഫൂലെയുടേതായാലും മുഹമ്മദലി ജിന്നയുടേതായാലും സ്വീകാര്യമാവുേമ്പാൾതന്നെ ഇന്ത്യൻ പരിഷ്കരണവാദത്തിന് സൈദ്ധാന്തികതലത്തിലും പ്രായോഗികമായും ഗുരുതരമായ പിശകുകൾ പറ്റിയിട്ടുണ്ടെന്ന് മറന്നുകൂടാ. കോളനി ഭരണം സാമൂഹിക പരിഷ്കരണം ത്വരിതപ്പെടുത്തുമെന്നും അതുകൊണ്ട് ബ്രിട്ടീഷുകാരോട് സമരമല്ല, സഹകരണമാണ് വേണ്ടതെന്നും അവരെല്ലാം വിചാരിക്കുകയും വിശ്വസിക്കുകയും ചെയ്തു. ഇൗ നിലപാടാണ് സർ സയ്യിദ് അഹ്മദ് ഖാനും മുറുകെപിടിച്ചത്. അദ്ദേഹത്തിെൻറ അലീഗഢ് പ്രസ്ഥാനത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് മുസ്ലിംലീഗുണ്ടായത്. മുഹമ്മദലി ജിന്ന കോൺഗ്രസിൽനിന്ന് വിട്ട് മുസ്ലിംലീഗിെൻറ നേതാവായി മാറിയതിനു പിന്നിൽ ഇൗ പശ്ചാത്തലംകൂടിയുണ്ട്. ബ്രിട്ടീഷ് ഭക്തരായ സമുദായ പ്രമാണിമാരാണ് ലീഗിന് ജന്മംനൽകിയയത്. കോളനിവാഴ്ചയോട് കലഹിക്കാൻ നിൽക്കാതെ അവരുടെ സഹായത്തോടെ സമുദായ പരിഷ്കരണവും പുരോഗതിയും ഇന്ത്യൻ മുസ്ലിംകൾക്ക് കൈവരിക്കാൻ കഴിയുമെന്ന ധാരണയാണ് ലീഗിനുണ്ടായിരുന്നത്. ‘ഹിന്ദുത്വ’ ശക്തികളാകെട്ട, സമുദായത്തിലെ യാഥാസ്ഥിതിക മൂല്യങ്ങളുടെയും മുറകളുടെയും പരിരക്ഷണാർഥമാണ് ബ്രിട്ടീഷ് പക്ഷത്ത് നിലയുറപ്പിച്ചത്. ഹിന്ദുക്കൾക്കിടയിലെ ‘ജാതി^ജന്മി^നാടുവാഴി’കളെയാണ് ആർ.എസ്.എസ് പ്രതിനിധാനം ചെയ്തതെങ്കിൽ മുസ്ലിംകളിലെ കീഴാളരായ ‘പസ്മന്ദ’കളുടെയല്ല, മേൽത്തട്ടുകാരായ ‘അശ്റഫി’ വിഭാഗത്തിെൻറ താൽപര്യങ്ങളെയാണ് ലീഗ് പ്രതിഫലിപ്പിച്ചത്. അതുകൊണ്ടുതന്നെ ഗ്രാമീണ ദരിദ്രരുടെ ജന്മിവിരുദ്ധവും ബ്രിട്ടീഷ് വാഴ്ചയെ വെല്ലുവിളിച്ച് മുന്നേറിയതുമായ മലബാർ കലാപത്തോട് സ്വാഭാവികമായും ലീഗിന് പൊരുത്തപ്പെടാനായില്ല.
ഖിലാഫത്ത് പ്രസ്ഥാനത്തെ ദേശീയ പ്രസ്ഥാനവുമായി വിളക്കിച്ചേർക്കാൻ മുതിർന്ന ഗാന്ധിജിയുടെ വിവക്ഷകൾ തിരിച്ചറിഞ്ഞതുകൊണ്ടാണ് മോഴികുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിയും എം.പി. നാരായണമേനോനും കലാപത്തിൽ പെങ്കടുത്തതിെൻറ പേരിൽ കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങിയത്. എന്നാൽ, പല കാരണങ്ങളാൽ കോൺഗ്രസ് വരച്ച വരവിട്ട് കലാപം വ്യാപിക്കാനും പടരാനും തുടങ്ങിയതോടെ നേതൃത്വം പതറിപ്പോയി. 1921ൽ മലബാറിൽ സംഭവിച്ചതുപോലുള്ള ഒരു ബഹുജന മുന്നേറ്റത്തെ നയിക്കാനും നിയന്ത്രിക്കാനും സ്വാധീനിക്കാനുമുള്ള കഴിവും പക്വതയും സംഘടനാശേഷിയും രാഷ്ട്രീയ ഇച്ഛാശക്തിയും 1920ൽ മാത്രം പ്രവർത്തനമാരംഭിച്ച കോൺഗ്രസ് കമ്മിറ്റി പ്രകടിപ്പിക്കാത്തതിൽ അത്ഭുതമില്ല. സാമ്രാജ്യത്വവിരുദ്ധ സമരത്തിൽ സാധാരണ ബഹുജനങ്ങളെ അണിനിരത്തുന്നതിന് കോൺഗ്രസ് ഒരിക്കലും വലിയ ഉത്സാഹം കാട്ടിയിരുന്നില്ല. മാത്രമല്ല, സമരം ബ്രിട്ടീഷ് അധികാരികളെ മാത്രം ലാക്കാക്കി നീങ്ങണമെന്ന് അതിന് നിർബന്ധമുണ്ടായിരുന്നു. ഇന്ത്യക്കാരായ ജന്മിമാർക്കും നാടുവാഴികൾക്കും എതിരായ സമരം ഗാന്ധിയും കോൺഗ്രസും വിഭാവനം ചെയ്തിരുന്നില്ല. സമരരീതി, അഹിംസാത്മകമാവണമെന്ന നിഷ്ഠയും കോൺഗ്രസിനുണ്ടായിരുന്നു. അപ്പോൾ എല്ലാ നിലക്കും കോൺഗ്രസിെൻറ ‘ലക്ഷ്മണരേഖ’കൾ ലംഘിച്ചാണ് കലാപം മുന്നേറിയത്. അബോധപൂർവവും അനാസൂത്രിതവുമായി കർഷകരുടെ വർഗസമരത്തിെൻറ രാഷ്ട്രീയവത്കരണവും സ്വാതന്ത്ര്യപ്രസ്ഥാനത്തിെൻറ ജനകീയവത്കരണവുമാണ് 1921ൽ സംഭവിച്ചത്. ഖിലാഫത്ത് സമരത്തിെൻറ ഉള്ളടക്കം ജനാധിപത്യവിരുദ്ധമായിരുന്നുവെന്ന് എം.എൻ. കാരശ്ശേരി പ്രസ്താവിച്ചത് അത് ഖലീഫഭരണം തിരിച്ചുകൊണ്ടുവരാനുള്ള പ്രക്ഷോഭമായതുകൊണ്ടാവാം. എന്നാൽ, ചരിത്രനാടകത്തിലെ കഥാപാത്രങ്ങളുടെ (ഡ്രെമറ്റിസ് പേഴ്സൊനെ) ആത്മനിഷ്ഠമായ ഉദ്ദേശ്യങ്ങളോ ലക്ഷ്യങ്ങളോ അല്ല, വസ്തുനിഷ്ഠമായ ഫലങ്ങളും പ്രതിഫലനങ്ങളുമാണ് സംഭവങ്ങളെ വിലയിരുത്തുേമ്പാൾ പരിഗണിക്കേണ്ടതെന്ന വിലപ്പെട്ട പാഠം കാരശ്ശേരി മറന്നുപോയി.
ഗാന്ധിയുടെ കോൺഗ്രസ് ഒരു ഹിന്ദുപാർട്ടിയാണെന്നും അതിൽ മുസ്ലിംകൾക്ക് കാര്യമില്ലെന്നുമുള്ള നിലപാടാണ് ലീഗ് തുടക്കംമുതൽ എടുത്തത്. ബ്രിട്ടീഷുകാർ മാപ്പിള ലഹള എന്ന് വിശേഷിപ്പിച്ച മലബാർ കലാപത്തിൽനിന്നുള്ള കോൺഗ്രസിെൻറ പിന്മാറ്റം ലീഗിന് തങ്ങളുടെ വാദം സാധൂകരിക്കാനും ന്യായീകരിക്കാനുമുള്ള വാതിൽ തുറന്നുവെച്ചു. 1921ലേത് മാപ്പിള ലഹളയാണെന്ന ബ്രിട്ടീഷ് അധികാരികളുടെ ആഖ്യാനത്തെ അതേപടി സ്വീകരിച്ച് ബ്രിട്ടീഷ് കമ്മട്ടത്തിലടിച്ച ആ കള്ളനാണയം നിർലജ്ജം പ്രചരിപ്പിക്കുകയാണ് ലീഗ് ചെയ്തത്. ‘മാപ്പിള ലഹള’ എന്ന ‘പേരുകൊത്തി’ കലാപത്തെ സമുദായവത്കരിച്ചും മാപ്പിളമാർ ലഹളക്കാരും എന്തുംചെയ്യാൻ മടിക്കാത്തവരും അക്രമികളുമാണെന്ന് പ്രചരിപ്പിച്ചും ബ്രിട്ടീഷുകാർ പട്ടാളത്തെ ഇറക്കി കലാപത്തെ അടിച്ചമർത്തിയതോടൊപ്പം പ്രതിനിധാനപരമായ ഹിംസയിലൂടെ ‘മാപ്പിള’യെ അപരവത്കരിച്ചും അധമവത്കരിച്ചും പ്രത്യയശാസ്ത്രപരമായും കീഴടക്കുകയുണ്ടായി. 1922ൽ ‘ദുരവസ്ഥ’യിൽ ക്രൂരമുഹമ്മദരാക്ഷസർ’ എന്ന് നവോത്ഥാന മാനവികതയുടെ മഹാഗായകനായ കുമാരനാശാൻേപാലും എഴുതിപ്പോകുംവിധം ശക്തമായ ആശയാധീശത്വം കോളനിമേധാവികൾ നേടിയെടുത്തിരുന്നു. ബ്രിട്ടീഷ് പട്ടാളത്തിെൻറയും മലബാർ സ്പെഷൽ പൊലീസിെൻറയും നരഹത്യകളോടും പീഡനമുറകളോടും താരതമ്യപ്പെടുത്താനാവില്ലെങ്കിലും കലാപകാരികളും അക്രമങ്ങളും അത്യാചാരങ്ങളും ചെയ്തുകൂട്ടിയിട്ടുണ്ട്. പ്രതിഷേധസന്നദ്ധരായി ജനങ്ങൾ തെരുവിലിറങ്ങുേമ്പാൾ എവിടെയും എപ്പോഴും ഇത്തരം അപഭ്രംശങ്ങൾ സംഭവിച്ചിട്ടുണ്ട്. അഹിംസയുടെ പരമാചാര്യനായ ഗാന്ധി നയിച്ച സമരങ്ങളിൽപോലും വൻതോതിൽ ജനപങ്കാളിത്തമുണ്ടായ നിസ്സഹകരണ പ്രസ്ഥാനത്തിെൻറയും നിയമലംഘനപ്രസ്ഥാനത്തിെൻറയും ക്വിറ്റിന്ത്യാ സമരത്തിെൻറയും സന്ദർഭങ്ങളിൽ അക്രമങ്ങളും അരുതാവൃത്തികളും സംഭവിച്ചിട്ടുണ്ട്. എന്നും അടിയേൽക്കുന്ന ജനങ്ങൾ ഒരു ദിവസം തിരിച്ചടിച്ചാൽ അതിെൻറ പേരിൽ ഭരണകൂട ഭീകരതകളെ ന്യായീകരിക്കാനാവില്ല.
1921ലെ കലാപത്തെ ‘മാപ്പിള ലഹള’ എന്ന് വിളിച്ചപോലെ 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ ബ്രിട്ടീഷ് അധികാരികൾ ‘ശിപായി ലഹള’ എന്ന് പേരിട്ട് ആക്ഷേപിക്കുകയും അടിച്ചമർത്തുകയും ചെയ്ത സമാനമായ ഒരു സംഭവം ഇന്ത്യാചരിത്രത്തിലുണ്ട്. ‘ശിപായി’മാർ നടത്തിയ ‘അക്രമ’ങ്ങളുടെ നിറംപിടിപ്പിച്ച കഥകൾ ബ്രിട്ടീഷ് പത്രങ്ങളിൽ വന്നപ്പോൾ അതിലൊന്നും തെൻറ കാഴ്ച കലങ്ങിപ്പോകാതെ ഒന്നാം സ്വാതന്ത്ര്യസമരത്തെക്കുറിച്ച് കൈവിറക്കാതെ കാൾ മാർക്സ് എഴുതിയ കുറിപ്പുകൾ ഇവിടെ ഒാർക്കാവുന്നതാണ്. മാർക്സും അദ്ദേഹത്തിെൻറ അഭ്യർഥന മാനിച്ച് എംഗൽസും അതുസംബന്ധിച്ച് എഴുതിയ ലേഖനങ്ങൾ സമാഹൃത കൃതികളുടെ 15ാം വാല്യത്തിൽ ലഭ്യമാണ്. ഖിലാഫത്തും മലബാർ കലാപവും എം.എൻ. കാരശ്ശേരി പറയുേമ്പാലെ ജനാധിപത്യവിരുദ്ധമാണെങ്കിൽ ഒന്നാം സ്വാതന്ത്ര്യസമരത്തെയും (1857) ആ ഗണത്തിൽതന്നെ പെടുത്തേണ്ടിവരും. മലബാർ കലാപത്തിനെന്നപോലെ ‘ശിപായി ലഹള’ക്കു പിന്നിലും വ്രണപ്പെട്ട മതവികാരങ്ങളുണ്ട്. തോക്കിെൻറ തോട്ട കടിച്ചുതുറക്കുേമ്പാൾ അതിൽ പുരട്ടിയ ഗ്രീസ് പന്നിയിറച്ചിയിൽനിന്നുണ്ടാക്കിയതാണെന്ന് മുസ്ലിംകളും പശുവിറച്ചിയിൽനിന്നുള്ളതാണെന്ന് ഹിന്ദുക്കളും ധരിച്ചുവശായി. അത് കലാപം പൊട്ടിപ്പുറപ്പെടാൻ നിമിത്തമാവുകയും ചെയ്തു. എന്നാൽ, കലാപകാരികളുടെ ഇത്തരം പരിമിതികളോ അവർ ചെയ്തുകൂട്ടിയ അക്രമങ്ങളെക്കുറിച്ചുള്ള കഥകളോ കലാപത്തെ വിലയിരുത്തുേമ്പാൾ കാൾ മാർക്സ് പരിഗണിച്ചതേയില്ല.
ഇങ്ങനെ ഒന്നാം സ്വാതന്ത്ര്യസമരത്തോട് മാർക്സ് എടുത്ത സമീപനം സ്വന്തം നേതൃത്വത്തിൽ സമാരംഭിച്ച മലബാർ കലാപത്തോട് േകാൺഗ്രസിന് സ്വീകരിക്കാനായില്ല. സമരത്തിെൻറ പിതൃത്വം ഏറ്റെടുക്കുന്നതിന് പകരം അത് തങ്ങളുടേതല്ലെന്ന് സ്ഥാപിക്കാനാണ് കോൺഗ്രസ് വ്യഗ്രത കാട്ടിയത്. ആ വിടവിലാണ് ലീഗിെൻറ വർഗീയ രാഷ്ട്രീയം മലപ്പുറത്ത് ഇടംപിടിച്ചത്. കമ്യൂണിസ്റ്റ് പാർട്ടി രൂപംകൊള്ളുന്നതുതന്നെ കലാപാനന്തരം നീണ്ട 18 വർഷങ്ങൾക്കുശേഷം മാത്രമാണ്. ’46ൽ പാർട്ടി യുടെ ‘ആഹ്വാനവും താക്കീതും’ പുറത്തുവരുേമ്പാഴേക്കും വെള്ളം മുഴുവൻ വാർന്നുപോയിരുന്നു. കലാപം സംബന്ധിച്ച് അന്ന് പാർട്ടി മുന്നോട്ടുവെച്ച നിലപാട് അന്തിമമല്ല. പുതിയ കാലം കലാപത്തിന് പുനർവായനകൾ ആവശ്യപ്പെടുന്നുണ്ട്. ബ്രിട്ടീഷുകാർ ‘ശിപായി ലഹള’യായി വിശേഷിപ്പിച്ചത് സത്യത്തിൽ ‘ദേശീയ കലാപ’മാണെന്ന് കാൾ മാർക്സ് നിരീക്ഷിച്ചപോലെ അധികാരത്തിെൻറ ആഖ്യാനങ്ങൾ മാപ്പിള ലഹളയെന്ന് വിളിച്ച 1921ലെ മലപ്പുറത്തെ ബഹുജന മുന്നേറ്റം സത്യത്തിൽ ‘ദേശീയ കലാപ’മാണെന്ന് വിശേഷിപ്പിക്കുകയും വ്യാഖ്യാനിക്കുകയും സ്ഥാപിച്ചെടുക്കുകയും ചെയ്യേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.