കോവിഡ്കാലത്ത് പൊതുജനങ്ങളുടെ ചെലവിൽ സർക്കാർ നിരീക്ഷണത്തിൽ കഴിയുന്നവർപോലും ദലിത് സ്ത്രീ പാകംചെയ്ത ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുകയാണ് ഇന്ത്യയിൽ. ജാതിക്കൊലകളും ജാതിമതിലുകളും ജാതിവിദ്യാലയങ്ങളും തിരിച്ചുവരുന്ന കേരളത്തിലാണ് ജാതി ഉന്മൂലനത്തിനായി 1917 മേയ് 29ന് ചെറായിയിലെ പന്തിഭോജനം സാധ്യമാക്കിയ സഹോദരൻ വെളിച്ചമാകുന്നത്. ഇരിങ്ങാലക്കുടയിൽ ജാതിഹിന്ദുത്വം കഴിഞ്ഞ പത്തു വർഷത്തിനിടെ രണ്ടാമതും കെട്ടിയടച്ച പൊതുവഴി തുറപ്പിച്ച് രണ്ടാം കുട്ടൻകുളം സമരം നിയമപരമായി വിജയിച്ചിരിക്കുന്നു. നാണുഗുരുവിലൂടെ കേരളമണ്ണിൽ ആധുനികകാലത്ത് ദാർശനികമായി വീണ്ടെടുക്കപ്പെടുന്ന മാനവസാഹോദര്യത്തിെൻറ നൈതിക ചിന്തയെ കേരള നവോത്ഥാന ആധുനികതയുടെ സാംസ്കാരിക അടിത്തറയാക്കിയത് സഹോദരനാണ്.
പദ്യകൃതികളെന്ന പാട്ടുകളിലൂടെ ബഹുജനമനസ്സുകളെയും അതുവഴി കേരള സംസ്കാരത്തെയും ഏറെ സ്വാധീനിച്ചു നിർണയിച്ച സാംസ്കാരിക പ്രവർത്തകനാണ് അദ്ദേഹം (1889-1968). വാമനാദർശമെന്ന ബ്രാഹ്മണിസത്തെ വെടിഞ്ഞ് ജനായത്തപരവും തദ്ദേശീയവുമായ മാബലിവാഴ്ച വരുത്തണമെന്ന് സഹോദരൻ കേരളമക്കളോട് നിരന്തരം ധർമശാസനം ചെയ്തു. പൊയ്കയിൽ അപ്പച്ചെൻറ പ്രത്യക്ഷരക്ഷാ സങ്കൽപവും അധീശവിരുദ്ധജ്ഞാനത്തിെൻറ ആശയലോകവും ലോകക്ഷേമത്തെ ഉൗന്നുന്നതുപോലെതന്നെയാണ് ജാതിബാഹ്യരായ അഖിലരും ബൗദ്ധപാരമ്പര്യമുള്ളവരാണെന്ന സഹോദരെൻറ വിശാലവീക്ഷണവും. പത്തൊമ്പതാം നൂറ്റാണ്ടിെൻറ ഒടുവിൽ തമിഴകത്തെ അയ്യോതി താസരുടെ നവബൗദ്ധവാദത്തിനുശേഷം 1920-1930കളിൽ േപ്രാജ്വലിച്ച കേരളത്തിലെ നവബൗദ്ധവാദം സഹോദരെൻറ ബൗദ്ധിക പരിശ്രമമായിരുന്നു.
മിതവാദിയും സി.വി. കുഞ്ഞുരാമനും സഹോദരനു ശക്തമായ പിന്തുണ നൽകിയിരുന്നു. അയ്യരെന്ന പുത്തർ ഓതിയ വചനത്തിെൻറ അനുഗാമിയായ അയ്യോതി താസരെ അയോധ്യാദാസനാക്കാനുള്ള പല പ്രമുഖ ചരിത്രകാരന്മാരുടെയും കരസേവ അസ്ഥാനത്താണ്. ദേവീസ്ഥാനങ്ങളിലെ ബാലികാപീഡനങ്ങൾ കൊടുമ്പിരിക്കൊള്ളുമ്പോഴാണ് കാവുതീണ്ടാൻ ഭരണിക്കുപോകല്ലേ സോദരരേയെന്ന സഹോദരെൻറ നൈതികവും ധാർമികവുമായ ശബ്ദശാസനങ്ങൾ ഉയർന്നുകേൾക്കുന്നത്. കിരാതപാഷണ്ഡതയോട് കൊല്ലരുതെന്നു പറഞ്ഞതിനും ജാതിയെ ദഹിപ്പിക്കാനായി പന്തിഭോജനം നടത്തിയതിനും നാണുഗുരുവിെൻറ ആ വത്സലശിഷ്യനെ ഹിന്ദുക്കളെന്നു മതിമറന്ന ചണ്ഡാള ശൂദ്രകോമരങ്ങൾ കൊല്ലാനോടിച്ചു. ഒരു മുസ്ലിം കച്ചവടക്കാരനാണ് അന്ന് ചേരമാൻപള്ളിയുടെ അടുത്തുെവച്ച് സഹോദരെൻറ ജീവൻ രക്ഷിച്ചത്.
ഇരുപതാം നൂറ്റാണ്ടിെൻറ ഉദയത്തിൽ ദരിദ്രവും ദലിതവുമായ ഇന്ത്യയെയും തെന്നിന്ത്യയെയും ഹഠാദാകർഷിച്ച അംബേദ്കറിസവും പെരിയോറുടെ ദ്രാവിഡപ്രസ്ഥാനവും സഹോദരൻ ശ്രദ്ധാപൂർവം പഠിച്ചു. കേരളത്തിലെ സഹജർക്ക് അപ്പപ്പോൾ തെൻറ പത്രത്തിലൂടെയും ‘മിതവാദി’യും ‘യുക്തിവാദി’യും ‘വിവേകോദയ’വും പോലുള്ള സഹമാധ്യമങ്ങളിലൂടെയും പകർന്നുകൊടുത്തു. കേരളത്തിലെ നവബുദ്ധമത പ്രസ്ഥാനത്തിെൻറ അമരക്കാരായിരുന്നത് സഹോദരനും ‘മിതവാദി’ സി. കൃഷ്ണനുമായിരുന്നു. ഒക്ടോബർ വിപ്ലവത്തെ ആദ്യമായി കേരളത്തിൽ പരിചയപ്പെടുത്തിയപോലെ ഇന്ത്യയിലെ കോടിക്കണക്കായ ദലിത്ബഹുജനങ്ങൾക്ക് നവബുദ്ധനും ഇന്ത്യയുടെ ഭാവിസൂര്യനുമായ അംബേദ്കറെയും അദ്ദേഹവും ഗാന്ധിയും തമ്മിൽ നടന്ന ചരിത്രപരമായ സംവാദങ്ങളെയുംകുറിച്ചും സഹോദരൻ ഇരുപതാം നൂറ്റാണ്ടിെൻറ തുടക്കത്തിൽതന്നെ വിടാതെ എഴുതിക്കൊണ്ടിരുന്നു. പദ്യഗദ്യകൃതികളിലൂടെയും പത്രപ്രവർത്തനത്തിലൂടെയും കേരളം മുഴുവനും നടത്തിയ പ്രസംഗങ്ങളിലൂടെയും ആന്തരാധിനിവേശമായ ജാതി-വർണ സാമ്രാജ്യത്തിനും അതിെൻറ ആധാരമായ ഹിന്ദുബ്രാഹ്മണമതത്തിനുമെതിരായ വിമർശനവീക്ഷണങ്ങളും പ്രതിരോധയുക്തികളും വിമോചനാഖ്യാനങ്ങളും അദ്ദേഹം ദലിത്ബഹുജനങ്ങൾക്കിടയിൽ നിരന്തരം വിതരണം ചെയ്തു.
ഈഴവർ ജാതിയുടെ മേലോട്ടുള്ള തൃഷ്ണയെ തകർത്ത് കീഴോട്ടിറങ്ങി ദലിതരോട് ഏകോദരസഹോദരരായി വർത്തിച്ചാൽ മാത്രമേ അവർ മനുഷ്യരാകൂ എന്ന നാരായണഗുരുവിെൻറ നൈതിക തത്ത്വം പ്രായോഗികമാക്കിയതും റാഡിക്കലായി വ്യാഖ്യാനിച്ചതും സഹോദരൻ മാത്രമാണെന്ന് പി.കെ. ബാലകൃഷ്ണൻ വിലയിരുത്തുന്നു. ജാതിയും മതവും ദൈവവും വേണ്ടെന്നും ധർമമാണ് വേണ്ടതെന്നും അർഥശങ്കക്കിടയില്ലാതെ ആ ജൈവബുദ്ധിജീവി അസന്ദിഗ്ധമായി വിളിച്ചുപറഞ്ഞു. ഇതിെൻറ സാമൂഹികപ്രയോഗമായിരുന്നു 1917ലെ പന്തിഭോജനം.
സഹോദരൻ നിയമപരമായിതന്നെ ബൗദ്ധനായി മാറി. കലർപ്പിെൻറ ചിന്തയും കലയും കലാപവും പ്രചരിപ്പിച്ച് അയ്യപ്പൻ പുലയനായി മനുഷ്യനായി. അടിത്തട്ടിലേക്കും ചവിട്ടിനിൽക്കുന്ന മണ്ണിലേക്കുമുള്ള ഈ വ്യാപനവും വികേന്ദ്രീകരണവും ബുദ്ധെൻറ ഭൂമി സ്പർശമുദ്രപോലെ വാചാലവും കരുണാർദ്രവും വിമോചനാത്മകവുമാണ്. ജാതിബാഹ്യരായ ബഹുജനങ്ങളുടെ സാംസ്കാരിക പ്രവർത്തനങ്ങളാണ് സഹോദരനെയും വീണ്ടെടുത്തുകൊണ്ട് കേരളത്തിെൻറ കീഴാളമായ പുതിയ വായനകളെയും വ്യാഖ്യാനങ്ങെളയും വർത്തമാനത്തിൽ മുന്നോട്ടുകൊണ്ടുവന്നത്. ബുദ്ധനിലാരംഭിച്ച് കബീറിലും ഫൂലേയിലും അംബേദ്കറിലും നാണുഗുരുവിലും അയ്യങ്കാളിയിലും അപ്പച്ചനിലും അയ്യോതി താസരിലും സഹോദരനിലും വികസിക്കുന്ന കീഴാളമായ മാനവിക നൈതിക പാരമ്പര്യത്തിലാണ് പുതിയ ദലിതെഴുത്തുകളും വിശകലനങ്ങളും ഉയർന്നുവരുന്നത്. സംസ്കാരത്തിെൻറ രാഷ്ട്രീയത്തെ കേരളത്തിൽ ജനായത്തപരമായി പരിവർത്തിപ്പിച്ച മുൻനിര ജൈവബുദ്ധിജീവിയാകുന്നു സഹോദരൻ. ബുദ്ധനെ വിഷ്ണുവിെൻറ അവതാരമായി സ്വാംശീകരിക്കാൻ ശ്രമിച്ചതുപോലെ നാണുഗുരുവിനെയും അയ്യങ്കാളിയെയുമെല്ലാം ഹിന്ദുത്വത്തിലേക്കു സ്വാംശീകരിക്കാനുള്ള ഫാഷിസ്റ്റ് പ്രചാരണങ്ങൾ കൊടുമ്പിരിക്കൊള്ളുന്നു. വൈദിക വർണാശ്രമധർമത്തിെൻറ ഹിന്ദുസാമ്രാജ്യത്വത്തെ, അതിെൻറ നവഹൈന്ദവ സംസ്കാരദേശീയവാദത്തെ കേരളം അപനിർമിക്കേണ്ടത് സാഹോദര്യത്തിെൻറ ജനായത്ത സംസ്കാര രാഷ്ട്രീയത്തിലൂടെയാണ്. വാമനനെന്ന ജാതിബ്രഹ്മത്തെ നാം പുത്തൻ പന്തിഭോജനങ്ങളിലൂടെ ദഹിപ്പിച്ചേ മതിയാവൂ.
(കാലടി സംസ്കൃത സർവകലാശാല ഇംഗ്ലീഷ് വിഭാഗം അധ്യാപകനാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.