ലോക മലയാളികൾ ഏെറ സ്നേഹത്തോടെ മമ്മുക്ക എന്നുവിളിക്കുന്ന കേരളത്തിന്‍റെ സ്വന്തം മമ്മൂട്ടി സമൂഹ മാധ്യമങ്ങളിൽ പുതിയൊരു േഫാട്ടോ ഇട്ടാൽ ഒരേസമയം ആവേശത്തിലും ആശങ്കയിലുമാകുക ഇവിടുത്തെ ചെറുപ്പക്കാരാണ്. കാരണം അവരുടെ ചെറുപ്പത്തെ വെല്ലുവിളിക്കുന്ന എന്തെങ്കിലുമൊന്ന് ഈ 70ാം വയസ്സിലും മമ്മൂട്ടി അതിൽ ഒളിപ്പിച്ച് വെച്ചിട്ടുണ്ടാകുമെന്നത് തന്നെ. തന്‍റെ രാപ്പകലുകൾ സിനിമയ്ക്കായി സമർപ്പിച്ച്, സിരകളിൽ ഇപ്പോഴും സിനിമയോടുള്ള ഒടുങ്ങാത്ത പ്രണയം നിറച്ച് മലയാളികളെ ഇത്രയധികം വിസ്മയിപ്പിച്ച മറ്റൊരു നടനില്ല. അഭിനയവീഥിയിൽ അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കിയെങ്കിലും ഇന്നും പുതുമുഖ നടന്‍റെ ആവേശം കാണിക്കുന്ന മറ്റൊരു താരത്തെയും നമുക്ക് ചൂണ്ടിക്കാണിക്കാനാവില്ല. മറ്റൊരർഥത്തിൽ മമ്മൂട്ടി ഇന്നും മത്സരിക്കുന്നത് പുതുമുഖങ്ങളോടാണ്. മമ്മൂട്ടി അഭിനയം തുടങ്ങിയ കാലത്തിൽ നിന്ന് കേരളം ഒരുപാട് മാറി. എല്ലാ മേഖലകളിലും പുത്തൻ താരോദയങ്ങളും അസ്തമയങ്ങളും നാം കണ്ടു. അപ്പോഴും അഭിനയത്തിന്‍റെയും ആകാരഭംഗിയുടെയും ഏഴഴകുമായി മമ്മൂട്ടി മാറ്റമില്ലാതെ നിലകൊണ്ടു. തനി മമ്മൂട്ടി സ്റ്റൈലിൽ പറഞ്ഞാൽ 'കേരളം പഴയ കേരളമല്ലെന്നറിയാം, പക്ഷേ... മമ്മൂട്ടി പഴയ മമ്മൂട്ടി തന്നെയാ'
സിനിമയിൽ രണ്ടു മമ്മൂട്ടിയുണ്ടെന്ന് ആദ്യം പറഞ്ഞത് സംവിധായകൻ സത്യൻ അന്തിക്കാടാണ്. ഒരു മമ്മൂട്ടി ഇന്ത്യൻ സിനിമകളിൽ അഭിനയിച്ചു ജീവിക്കുമ്പോൾ, രണ്ടാമത്തെ മമ്മൂട്ടി ആദ്യത്തെ മമ്മൂട്ടിയെ മാത്രം നോക്കിയും വിലയിരുത്തിയും തിരുത്തിയും കഴിയുന്നു എന്നാണ് സത്യൻ അന്തിക്കാട് പറഞ്ഞത്. മമ്മൂട്ടിയുടെ ഏറ്റവും വലിയ ആരാധകനും വിമർശകനും മമ്മൂട്ടി തന്നെ എന്നർഥം. തന്നിലെ അഭിനേതാവിനെ നിരന്തരം തേച്ചുമിനുക്കുന്ന നടനായതുകൊണ്ടാണ് എന്നും പുതുമയുടെ സഹയാത്രികനായി നമുക്ക് മമ്മൂട്ടിയെ കാണാൻ കഴിയുന്നത്. കുറ്റവും കുറവുകളും പരിഹരിച്ചാണ് ഇവിടെ വരെയെത്തിയതെന്ന മമ്മൂട്ടിയുടെ വാക്കുകളിൽ തന്നെ അഭിനയത്തിന്‍റെ ഭാവഭേദങ്ങള്‍ അനായാസം വഴങ്ങുന്ന ഒരു ശരീരഭാഷയിലേക്കുള്ള അദ്ദേഹത്തിന്‍റെ വളർച്ച കാണാം. തനിയാവർത്തനത്തിലെ ബാലൻ മാഷിലും ഒരു വടക്കൻ വീരഗാഥയിലെ ചന്തുവിലും മൃഗയയിലെ വാറുണ്ണിയിലും അമരത്തിലെ അച്ചൂട്ടിയിലും വിധേയനിലെ ഭാസ്കരപേട്ടലരിലും പ്രാഞ്ചിയേട്ടനിലെ ചിറമേൽ ഈനാശു ഫ്രാൻസിസിലുമൊന്നും മമ്മൂട്ടി എന്ന വ്യക്തിയെ കാണാത്തതും അതുകൊണ്ടുതന്നെ. ഒരു വടക്കൻ വീരഗാഥ, കേരളവര്‍മ പഴശ്ശിരാജ, അംബേദ്കർ എന്നിങ്ങനെ കാലഘട്ടങ്ങളെ പുനരാവിഷ്‌കരിക്കുന്ന ചിത്രങ്ങളുടെ ഭാഗമാകുമ്പോള്‍തന്നെ ഈ പട്ടണത്തില്‍ ഭൂതം, രാജമാണിക്യം, പോക്കിരിരാജ തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയെന്ന നടനെ കാണുന്നതും അതുകൊണ്ടുതന്നെയാണ്.
'കഥാപാത്രങ്ങളുടെ വൈവിധ്യമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നും നമുക്ക് ഗൗരവവിഷയമുള്ള സിനിമകള്‍ മാത്രം ചെയ്താല്‍ മതിയെന്ന് കരുതിയാല്‍ ബുദ്ധിമുട്ടാകും. ചിലര്‍ ജന്മനാ നടന്മാരായിരിക്കും, ബോണ്‍ ആക്ടര്‍. ചിലര്‍ നല്ല നടന്മാരായി വളരും, അതായത് മെത്തേഡ് ആക്ടർ. ഞാന്‍ രണ്ടാമത്തെ വിഭാഗത്തിലാണ്. മെത്തേഡ് ആക്ടര്‍ കഥാപാത്രങ്ങളായി മാറുകയും കഥാപാത്രങ്ങളുടെ ചേഷ്ടകള്‍ ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ബോണ്‍ ആക്ടര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്ക് ആക്ടറുടെ ചേഷ്ടയായിരിക്കും ഉണ്ടാകുക'-തന്‍റെ അഭിനയത്തെ കുറിച്ച് ഒരിക്കൽ അദ്ദേഹം പറഞ്ഞതിങ്ങനെ. അഭിനയത്തിലും ആകാരത്തിലുമെല്ലാം യൗവ്വനം നിലനിർത്താൻ കാട്ടുന്ന ഇൗ നിതാന്ത ജാഗ്രതകൊണ്ട് തന്നെയാണ് കാലത്തെ ധീരമായി നേരിടാൻ മമ്മൂട്ടിക്ക് കഴിയുന്നതും. കോളേജ് വിദ്യാഭ്യാസകാലത്ത് നാടകത്തില്‍ തൽപരനായിരുന്ന മമ്മൂട്ടി എം.ടി.യുടെ 'രണ്ടാമൂഴ'ത്തെ ആസ്പദമാക്കി പ്രമോദ് പയ്യന്നൂര്‍ ഒരുക്കിയ 'ഭീമം' എന്ന നാടകത്തിലൂടെ അരങ്ങിന്‍റെ ശരീരഭാഷയും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരുന്നു.
മഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അഡ്വക്കേറ്റായതിനു ശേഷം സിനിമയിലെത്തിയ മമ്മൂട്ടി നിരവധി ചിത്രങ്ങളില്‍ പിന്നീട് അഡ്വക്കേറ്റ് വേഷത്തില്‍ അഭിനയിച്ചു. പൊലീസ് വേഷം ഗംഭീരമാക്കിയ മലയാള നടന്മാരുടെ മുൻനിരയിലും മമ്മൂട്ടിയുണ്ട്. സിനിമയില്‍ മമ്മൂട്ടിയെന്ന നടനായും പലതവണ അദ്ദേഹമെത്തി. ബാലചന്ദ്രമേനോന്‍റെ 'ചിരിയോ ചിരി', ജോഷിയുടെ 'നമ്പര്‍ 20 മദ്രാസ് മെയില്‍', ഹരിഹരന്‍റെ 'പ്രേം പൂജാരി', രഞ്ജിത്തിന്റെ 'കടൽ കടന്നൊരു മാത്തുക്കുട്ടി', ബിപിൻ പ്രഭാകറിന്‍റെ 'വൺവേ ടിക്കറ്റ്', പ്രജേഷ് സെന്നിന്‍റെ 'ക്യാപ്റ്റൻ' എന്നീ ചിത്രങ്ങളിലൊക്കെ അദ്ദേഹം മമ്മൂട്ടിയായി തന്നെ വെള്ളിത്തിരയിലെത്തി.
സിനിമയെ പ്രാണനുതുല്യം സ്നേഹിക്കുന്ന നടനായി മാത്രമല്ല മലയാളി മനസ്സുകളിൽ മമ്മൂട്ടിയെന്ന വിസ്മയം കുടികൊണ്ടിരിക്കുന്നത്. സിനിമക്കുപുറത്തുള്ള ജീവിതത്തിലും ഒരു റോൾ മോഡലായി മമ്മൂട്ടി സ്വയം അടയാളപ്പെടുത്തിയിരിക്കുന്നു. വായനയിൽ, ചിന്തയിൽ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ, രാഷ്ട്രീയത്തിൽ എല്ലാം തേന്റതായ ഇടം കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്്. തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിൽ മാത്രമല്ല, ജീവിതവുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളിലും അദ്ദേഹം പുതുമ തേടുന്നുണ്ട്. മൊബൈലായാലും കാമറയായാലും കാറായാലും ഏറ്റവും പുതിയത് അടുത്തറിയാനുള്ള വ്യഗ്രത മമ്മൂട്ടി എന്നും പുലർത്തുന്നു.
മമ്മൂട്ടിയെ പോലെ നവാഗതരായ നിരവധി തിരക്കഥാകൃത്തുക്കളേയും സംവിധായകരേയും മലയാള സിനിമയിലേക്ക് കൈപിടിച്ചു കയറ്റിയ മറ്റൊരു താരം കേരളത്തിലില്ലയെന്ന് നിസ്സംശയം പറയാം. പ്രമേയത്തിലെ പുതുമയും പ്രതിഭയുടെ തീപ്പൊരിയും കണ്ട സിനിമകളിലൊക്കെ അദ്ദേഹം ആവേശത്തോടെ സഹകരിച്ചു. പ്ലേ ഹൗസ് എന്ന നിര്‍മാണ-വിതരണ കമ്പനി തുടങ്ങിയപ്പോഴും വിതരണം ചെയ്യാൻ മമ്മൂട്ടി പ്രഥമ പരിഗണന നല്‍കിയത് മറ്റുള്ളവരുടെ സിനിമകൾക്കാണ്. 'നമ്മള്‍ പ്ലാന്‍ ചെയ്യുന്നത് വല്ലതും നടക്കുമോ? എല്ലാം ഒരു അദൃശ്യശക്തിയല്ലേ നിയന്ത്രിക്കുന്നത്?' എന്നൊക്കെ പറയുമെങ്കിലും അഭിനയത്തിൽ കാണിക്കുന്ന അതേ വ്യക്തമായ പ്ലാനിങ് എല്ലാ കാര്യത്തിലും കാണിക്കുന്നതുകൊണ്ടാണ് അദ്ദേഹത്തിന് അത് സാധ്യമാകുന്നതും. കയറ്റിറക്കമുള്ള അദ്ദേഹത്തിന്‍റെ കരിയര്‍ഗ്രാഫ് തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത ഒരു പോരാളിയുടെ ചിത്രമാണ് വരച്ചിടുക. മറ്റാരെങ്കിലുമായിരുന്നെങ്കിൽ പല തവണ വീണ തകർച്ചയുടെ പടുകുഴിയിൽ നിന്ന് ഇത്രവേഗം പൊന്തിവരുമായിരുന്നില്ല. അഭിനയസിദ്ധിയും ആകാരഭംഗിയും സ്വരഗാംഭീര്യവും കൊണ്ട് മാത്രമല്ല മമ്മൂട്ടി ഇൗ നേട്ടം കൈവരിച്ചത്. അവക്കൊപ്പം കര്‍ശനമായ ഭക്ഷണനിയന്ത്രണവും വ്യായാമവും നിരന്തരം തന്നെതന്നെ മിനുക്കിയെടുക്കുന്ന തയാറെടുപ്പുകളും എല്ലാം ജീവിതം എന്ന മമ്മൂട്ടിയുടെ ഹിറ്റ് സിനിമയിൽ സഹതാരങ്ങളായെത്തി.
ചെമ്പ് ഗ്രാമത്തിലൂടെ ഓട്ടോറിക്ഷയില്‍ ശ്രീകുമാർ തീയേറ്ററിൽ പ്രദർശിപ്പിക്കുന്ന സിനിമകളുടെ മൈക്ക് അനൗണ്‍സ്മെന്‍റ് നടത്തിയിരുന്ന ആ ശബ്ദം ലോകത്തിനുമുന്നിൽ മലയാള സിനിമയുടെ ശബ്ദമായി മാറിയതിന് പിന്നിൽ തോറ്റ് കൊടുക്കാൻ മനസ്സില്ലാത്തൊരു മനുഷ്യന്‍റെ പോരാട്ടത്തിന്‍റെ കഥയുണ്ട്. പ്രതിഭ, പ്രയത്നം, പ്രതിബദ്ധത തുടങ്ങി ജീവിത വിജയത്തിന്‍റെ സമവാക്യങ്ങളെല്ലാം മമ്മൂട്ടി എന്ന മൂന്നക്ഷരത്തിൽ അലിഞ്ഞുചേർന്നിരിക്കുന്നു. മമ്മൂട്ടി എന്ന വ്യക്തി മലയാള മനസ്സുകളിൽ അലിഞ്ഞുചേർന്നിരിക്കുന്നതുപോലെ തന്നെ... ഹാപ്പി ബർത്ഡേ മമ്മുക്ക...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.