യഥാര്‍ഥ ഇന്ത്യക്കാര്‍ മലയാളികളാണ് എന്ന് അഭിപ്രായമുള്ള കശ്മീരിയാണ്. പ്രതീകാത്മകമായി യഥാര്‍ഥ ഇന്ത്യയെ മുഴുവനായി പ്രതിനിധാനംചെയ്യുന്നത് മലയാളികള്‍ മാത്രമാണ്. കുടിയേറ്റക്കാരുടെ നാടാണ് ഇന്ത്യ. എന്തിനെയും സ്വീകരിക്കാനുള്ള മനസ്സാണ് മലയാളികള്‍ക്ക്. ബാഹ്യമായതിനെപോലും സ്വീകരിക്കാന്‍ മടിയില്ല. ദ്രാവിഡരോ ആര്യന്മാരോ റോമന്‍സോ അറബുകളോ ബ്രിട്ടീഷുകാരോ, ഹിന്ദുക്കളോ മുസ്ലിംകളോ ക്രിസ്ത്യാനികളോ മാര്‍ക്സിസ്റ്റുകളോ ആവട്ടെ, ആരെയും അവര്‍ സ്വീകരിക്കും, ഉള്‍ക്കൊള്ളും. അതാണ് കേരളീയര്‍.
മലയാളികള്‍ വലിയ സഞ്ചാരികളാണ്. ഭൂഗോളത്തിന്‍െറ ഏത് കോണിലും മലയാളിയെ കാണാനാകും. കേരളത്തില്‍ നിരക്ഷരര്‍ ഇല്ല. ബുദ്ധിമാന്മാരും കഠിനാധ്വാനികളും മര്യാദയും വിനയവുമുള്ളവരാണ് മലയാളികള്‍. അവര്‍ വിശാലഹൃദയരും പുരോഗമനവാദികളും സര്‍വദേശപ്രിയരും മതേതര ചിന്താഗതിക്കാരുമാണ്. എല്ലാ ഇന്ത്യക്കാരും മലയാളികളില്‍നിന്ന് പഠിക്കണം. ലഖ്നോവില്‍ കശ്മീരി പണ്ഡിറ്റ് കുടുംബത്തില്‍ ജനിച്ച ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജുവിന് ഉള്ള അത്രയും നല്ല അഭിപ്രായം മലയാളിക്ക് മലയാളിയെപ്പറ്റി ഉണ്ടാവാനിടയില്ല. ഒരു മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊന്ന നരാധമന് എതിരായ കൊലക്കുറ്റം റദ്ദാക്കിയ സുപ്രീംകോടതി വിധിയില്‍ പിഴവുണ്ടെന്ന് തുറന്നടിച്ചതും കേരളത്തോടുള്ള ഈ സവിശേഷ ശ്രദ്ധകൊണ്ടുകൂടിയാവണം. അതിനു കിട്ടിയത് കോടതിയലക്ഷ്യത്തിനുള്ള നോട്ടീസ്.
സുപ്രീംകോടതിയില്‍നിന്നു വിരമിച്ച ശേഷം രാഷ്ട്രീയ നിരീക്ഷകനായാണ് പകര്‍ന്നാട്ടം നടത്തിയത്. ശരിയെന്നു തോന്നുന്നത് ഉറക്കെ വിളിച്ചുപറയുന്ന പ്രകൃതമാണ്. അതുകൊണ്ടാണ് വിരമിച്ചിട്ടും മാധ്യമങ്ങളുടെ തിളങ്ങുന്ന ഉപരിതലങ്ങളില്‍ എന്നും വിളങ്ങിനില്‍ക്കുന്നത്. സമപ്രായക്കാരായ മറ്റ് സുപ്രീംകോടതി ജഡ്ജിമാരെപ്പോലെയല്ല. നവമാധ്യമങ്ങളിലെ സജീവസാന്നിധ്യമാണ്. പുതിയ കാലത്തെ ജനാധിപത്യപ്രവര്‍ത്തനത്തിന്‍െറ ഇടമായി നവമാധ്യമങ്ങളെ കാണുന്നതിനാല്‍ ഫേസ്ബുക്കിലും ബ്ളോഗിലും സമകാലിക സംഭവങ്ങളോട് കൃത്യമായി പ്രതികരിക്കുന്ന പതിവുണ്ട്. അതിലൊന്നായിരുന്നു സൗമ്യ കേസ്. കേസില്‍ ഗോവിന്ദച്ചാമിക്ക് എതിരായ കൊലക്കുറ്റം റദ്ദാക്കിയ വിധിയില്‍ പിഴവുണ്ടെന്നു പറഞ്ഞതോടെ അസാധാരണ നടപടികള്‍ അരങ്ങേറി.
സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ജഡ്ജിമാര്‍ കോടതികളില്‍ ഹാജരാവുന്നത് ഭരണഘടനയുടെ 127(7) വകുപ്പ് പ്രകാരം വിലക്കിയിട്ടുണ്ട്. എന്നിട്ടും കട്ജുവിനെ സുപ്രീംകോടതി സംവാദത്തിന് വിളിപ്പിച്ചു. കോടതിയില്‍ ഹാജരാവില്ളെന്നായിരുന്നു ആദ്യ നിലപാട്. പിന്നീട് അത് മയപ്പെടുത്തി. കോടതിയിലത്തെിയ കട്ജുവിനോട് ജഡ്ജിമാര്‍ വിധിയിലെ പിഴവ് വ്യക്തമാക്കാന്‍ പറഞ്ഞു. നിലപാട് ആവര്‍ത്തിച്ചപ്പോള്‍ ബ്ളോഗ്പോസ്റ്റുകളുട പേരില്‍ നടപടി സ്വീകരിക്കുമെന്നായിരുന്നു ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ഭീഷണി.
ഗൊഗോയിയുടെ പോക്കറ്റില്‍ കട്ജുവിന്‍െറ രണ്ട് ബ്ളോഗ്പോസ്റ്റുകളുടെ പ്രിന്‍റൗട്ട് ഉണ്ടായിരുന്നു. കടലാസുപുലിയെ കണ്ടു ഭയക്കുന്ന ആളല്ല കട്ജു. നിയമത്തിന്‍െറ നൂലിഴ കീറി പഠിച്ചതാണ്. കളിയെന്നോടും വേണ്ടാ എന്ന് കട്ജു സൂചിപ്പിച്ചു. ഇതൊന്നും കണ്ടാല്‍ താന്‍ ഭയക്കില്ളെന്നും ഭീഷണിപ്പെടുത്തേണ്ടെന്നും തുറന്നടിച്ചു. കോടതിയോട് കയര്‍ത്തുസംസാരിച്ച കട്ജുവിനെ പുറത്താക്കുമെന്നുവരെ ഗൊഗോയ് പറഞ്ഞുകളഞ്ഞു. ആരുമില്ളേ ഇയാളെ പുറത്തേക്കുകൊണ്ടുപോവാന്‍ എന്നാണ് ജസ്റ്റിസ് ചോദിച്ചത്. അങ്ങനെ സുപ്രീംകോടതിയില്‍നിന്ന് അകമ്പടിയോടെ പുറത്താക്കപ്പെടുന്ന ആദ്യത്തെ മുന്‍ ജഡ്ജിയായി കട്ജു. ഒരു തെണ്ടിയെപ്പോലെ കോടതിയില്‍നിന്ന് വലിച്ചെറിയപ്പെടേണ്ട ആളാണോ ഞാന്‍ എന്ന് ചോദിച്ച് ഫേസ്ബുക്കില്‍ ആത്മരോഷം പ്രകടിപ്പിച്ചെങ്കിലും ഉടന്‍തന്നെ ആ പോസ്റ്റ് പിന്‍വലിച്ചു.
സമകാലിക രാഷ്ട്രീയ പ്രശ്നങ്ങളില്‍ ഇടപെട്ടില്ളെങ്കില്‍ ഉറക്കം വരില്ല. അതുകൊണ്ടുതന്നെ മുന്‍ ജഡ്ജിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ വാര്‍ത്താസ്രോതസ്സുകളായാണ് മാധ്യമപ്രവര്‍ത്തകര്‍ കാണുന്നത്. അഞ്ഞൂറിന്‍െറയും ആയിരത്തിന്‍െറയും നോട്ടുകള്‍ അസാധുവാക്കിയ നടപടിയെ പ്രശംസിക്കുന്നവരെ പരിഹസിച്ച് രംഗത്ത് എത്തിയത് കഴിഞ്ഞ ദിവസമാണ്. 90 ശതമാനം ഇന്ത്യക്കാരും വിഡ്ഢികളാണ് എന്ന തന്‍െറ അഭിപ്രായം ശരിവെക്കുകയാണ് ഈ നടപടിയെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യക്കാര്‍ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. എല്ലാ രംഗത്തും പരാജയപ്പെട്ട സര്‍ക്കാറിന്‍െറ സ്റ്റണ്ട് ആണ് ഇതെന്നും കട്ജു തുറന്നടിച്ചിരുന്നു.
കേരളത്തിലാണ് എപ്പോഴും ശ്രദ്ധ. മലയാളികള്‍ എന്തു ചെയ്യുന്നു എന്ന് എപ്പോഴും നോക്കിയിരിക്കും, എന്നിട്ട് അഭിപ്രായം പാസാക്കും. ഹൈകോടതി ജഡ്ജിമാരെ ശുംഭന്‍ എന്നു വിളിച്ച സി.പി.എം നേതാവ് എം.വി. ജയരാജനെ ശിക്ഷിച്ച നടപടി ശരിയായില്ളെന്ന് വിമര്‍ശനമുയര്‍ത്തിയിരുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്‍െറ ലംഘനമാണ് ഇതെന്നായിരുന്നു വിശദീകരണം. ജഡ്ജിമാര്‍ വിമര്‍ശനത്തെ ഭയപ്പെടുകയോ അതിനോടു വെറുപ്പു കാണിക്കുകയോ തങ്ങളുടെ അന്തസ്സ് കാത്തുസൂക്ഷിക്കാന്‍ ജുഡീഷ്യറിയെ ഉപയോഗിക്കുകയോ ചെയ്യരുതെന്നു പറഞ്ഞ ലോഡ് ഡെന്നിങ്ങിനെ ഉദ്ധരിച്ചാണ് ഈ വേറിട്ട അഭിപ്രായപ്രകടനം നടത്തിയത്. കോളജുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നു പഠിക്കരുതെന്നു പറയുന്ന വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് മണ്ടനാണെന്ന് തുറന്നടിച്ചിരുന്നു, കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത്.
പലരും പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ നിര്‍ഭയം തുറന്നുപറയുന്ന പതിവുണ്ട്. ഭോപാലില്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ എട്ടു സിമി പ്രവര്‍ത്തകരെ ഏറ്റുമുട്ടലില്‍ വധിച്ചുവെന്ന പൊലീസ് ഭാഷ്യം വിശ്വസിക്കാനാവില്ളെന്നും അത് വ്യാജ ഏറ്റുമുട്ടലാണെന്നും വെടിവെച്ചവര്‍ക്കും ഉത്തരവിട്ടവര്‍ക്കുമെതിരെ വധശിക്ഷ ചുമത്തണമെന്നും കട്ജു പറഞ്ഞിരുന്നു. വിരമിച്ച പല സുപ്രീംകോടതി ജഡ്ജിമാര്‍ക്കും ഇത്തരം കാര്യങ്ങളില്‍ അഭിപ്രായമുണ്ടാവാറില്ല. ഭരണഘടനയെ വ്യാഖ്യാനിച്ച് വിധികള്‍ പറഞ്ഞുകൊണ്ടിരുന്ന കോടതിയിലെ ഒൗദ്യോഗിക ജീവിതം അവസാനിപ്പിച്ചാല്‍ തീര്‍ന്നു തങ്ങളുടെ ജീവിതമെന്നാണ് അവരുടെ ചിന്ത. അവിടെയാണ് കട്ജു വ്യത്യസ്തനാവുന്നത്.
മദര്‍ തെരേസയുടെ വിശുദ്ധപദവിയിലേക്കുള്ള ആരോഹണത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. വിശുദ്ധയാക്കാന്‍ തെളിവായെടുത്തത് വ്യാജമായ അദ്ഭുതങ്ങളാണ് എന്നായിരുന്നു കട്ജുവിന്‍െറ വാദം. ഹെയ്ത്തിയിലെ ഏകാധിപതികളില്‍നിന്നും വന്‍തുക സംഭാവന സ്വീകരിച്ച മദര്‍ തെരേസയുടെ സാമൂഹിക പ്രവര്‍ത്തനത്തിന്‍െറ ഉദ്ദേശ്യശുദ്ധിയെയും കട്ജു ചോദ്യംചെയ്തിരുന്നു.
1946 സെപ്റ്റംബര്‍ 20ന് ലഖ്നോവില്‍ ജനിച്ചു. അലഹബാദ് സര്‍വകലാശാലയില്‍നിന്ന് നിയമബിരുദം. 1970ല്‍ അലഹബാദ് ഹൈകോടതിയില്‍ പ്രാക്ടീസ് തുടങ്ങി. 2004ല്‍ മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് ആയി. അടുത്ത വര്‍ഷം ഡല്‍ഹി ഹൈകോടതി ചീഫ് ജസ്റ്റിസ്. 2006ല്‍ സുപ്രീംകോടതിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 2011ല്‍ വിരമിച്ചു. ഭാര്യ രൂപ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.