പാ​ല​ക്കാം​തൊ​ടി​ക അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ര്‍ വീട്ടിലേക്കയച്ച അറബി മലയാളം കത്ത്

അവന്റെ ശഹീദന്മാരെ കൂട്ടത്തില്‍ നമ്മളെ അവന്‍ ആക്കിത്തരട്ടെ

വധശിക്ഷ നിശ്ചയിക്കപ്പെട്ടതിനു തലേന്നാൾ ഖിലാഫത്ത് സമരസേനാനി പാലക്കാംതൊടിക അബൂബക്കർ മുസ്‌ലിയാര്‍ വീട്ടിലേക്കയച്ച കത്തിൽനിന്ന്

മലബാർ വിപ്ലവവേളയിൽ ബ്രിട്ടീഷുകാർക്ക് കോഴിക്കോട് താലൂക്കിൽ ഏറെ തലവേദന സൃഷ്ടിച്ച മുക്കം-കൊടുവള്ളി-കൂടത്തായി മേഖലയിലെ ചെറുത്തുനിൽപ്പുകൾക്ക് നേതൃത്വം നൽകിയ പാലക്കാംതൊടിക അബൂബക്കർ മുസ്‌ലിയാര്‍ പുത്തൂര്‍ ഖിലാഫത്ത് കമ്മിറ്റി പ്രസിഡന്റും 22 പള്ളികളുടെ ഖാദിയുമായിരുന്നു.

ആലി മുസ്‌ലിയാർ, വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങി പ്രധാന നേതാക്കൾ പിടിയിലാവുകയും ഏറനാട്ടും വള്ളുവനാട്ടും വിപ്ലവം അടിച്ചമര്‍ത്തപ്പെടുകയും ചെയ്തപ്പോഴും അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ അധിനിവേശ വിരുദ്ധ പോരാട്ടം ശക്തമായി തുടർന്നു. പിന്നീട് വലിയ സന്നാഹങ്ങളുമായെത്തിയ പട്ടാളം വിപ്ലവകാരികളെ കൂട്ടമായി കൊലപ്പെടുത്തി.

പട്ടാളത്തിന് പിടികൊടുക്കാതെ മുസ്‌ലിയാരും സംഘവും താമരശ്ശേരിയിൽ തമ്പടിച്ചു. പിന്നീട് 1922 ജൂണിൽ ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് അദ്ദേഹത്തെ പിടികൂടിയത്.ജയിലിലടക്കപ്പെട്ട മുസ്‌ലിയാർ വിചാരണ വേളയിലും നിർഭയനായിനിന്ന്, സ്വാതന്ത്ര്യപ്പോരാട്ടം അവകാശമാണെന്നും അധിനിവേശ പട്ടാളമാണ് തെറ്റുകാരെന്നും വാദിച്ചു.

തുടർന്ന് അദ്ദേഹത്തെയും സഹപ്രവർത്തകരെയും മരിക്കുന്നതുവരെ തൂക്കിലേറ്റാൻ സീനിയര്‍ സ്പെഷല്‍ ജഡ്ജി ജി.എച്ച്.ബി. ജാക്സണ്‍ വിധി പ്രസ്താവിച്ചു. 1923 ഏപ്രിൽ 20ന് (1341 റമദാന്‍ മൂന്നിന്) തൂക്കിലേറ്റപ്പെട്ടുവെന്നും തൂക്കിലേറ്റുന്നതിനുമുമ്പ് അന്ത്യാഭിലാഷമെന്ന മട്ടിൽ നിർവഹിച്ച നമസ്കാരത്തിലെ സുജൂദിനിടയിൽ മരണപ്പെട്ടുവെന്നും പറയപ്പെടുന്നു.

ഹംദ്, സ്വലാത്ത്, സലാം എന്നിവക്കുശേഷം...

ഇന്ന് ഹിജ്റ 1341 റമദാന്‍ 3 യൗമുല്‍ ജുമുഅ. ഞങ്ങളെ നാലാമത്തേതും (തൂക്കിലേറ്റാനുള്ള വിധി) സ്ഥിരമായി ഇതാ വന്നിരിക്കുന്നു. അതുകൊണ്ട് ഇവന്റെ വിധി ഉടയവന്റെ കുറിയോടടുത്താല്‍ നാളെ നോമ്പുമുറിക്കാന്‍ ഹള്റത്തില്‍ ആവണമെന്ന് വിചാരിക്കുന്നു. അവന്റെ ശഹീദന്മാരെ കൂട്ടത്തില്‍ നമ്മളെ അവന്‍ ആക്കിത്തരട്ടെ, ആമീന്‍.

ഇവിടെ തൂക്കപ്പെടുന്ന ശഹീദന്മാരെ മറചെയ്യപ്പെടുന്ന വലിയ ജുമുഅത്ത് പള്ളിക്കല്‍ അവസ്ഥപോലെ അടക്കപ്പെടുന്നതില്‍ ഇവര്‍ക്ക് കെട്ടിനു പുറമെയും എനിക്ക് പള്ളിയോട് ചേര്‍ന്ന കെട്ടിന്റെ ഉള്ളിലും ഖബര്‍ ശരിയാക്കിയിരിക്കുന്നുവെന്നും നാളെ അടക്കം ചെയ്തിട്ടേ അങ്ങാടി തുറക്കപ്പെടൂ എന്നും രണ്ടു മദ്റസന്റെ അഹ്‍ലുകാരും കൂടുന്നതാണെന്നും ഒരു മൈലീസ് ദൂരം വരെ പെരുവാല്യക്കാരെ പെരുപ്പത്താല്‍ അന്യര്‍ക്ക് നടക്കാന്‍ നിവൃത്തി ഇല്ലാത്തവിധം ആള് കൂടാന്‍ ഒരുങ്ങിയിരിക്കുന്നുവെന്നും മൂന്നുദിവസം ഉലമാഅ്, സുലഹാഅ് കൂടി ഖബറുങ്ങല്‍ ഖത്തം ഓത്ത് ഉണ്ടെന്നും മറ്റും അറിയിക്കപ്പെടുന്നതുകൊണ്ട് പ്രത്യേകം ആശ്രയിക്കുന്നില്ല.

ഉടയവന്‍ ഈമാന്‍ കൊണ്ട് ബഹുമാനിച്ച ഈ നാളിന്റെ ബര്‍ക്കത്തുകൊണ്ട് റഹ്മത്തിന്റെ വാതില്‍ തുറന്ന് ഇവരെ ശഹാദത്തിന്‍ ഖബൂല്‍ ചെയ്ത് കേസ് സാക്ഷികളെ സഹായം സിദ്ധിക്കാതെ സങ്കടം തീര്‍ത്ത്, സന്തോഷം സിദ്ധിപ്പിക്കാന്‍ ആശിക്കുന്നു. സ്ഥിരമായി പാര്‍ക്കാന്‍ പോവേണ്ടിടത്തുനിന്ന് കത്തയക്കാന്‍ കൂടാത്തതുകൊണ്ട് എന്നേക്കും ദുആക്ക് കൊതിച്ച് ഇതിയില്‍ ചുരുക്കുന്നു.

ഉടയവന്‍ ലോഗ്യക്കാരായിട്ട് നാളെ ഞമ്മളെയെല്ലാവരെയും ഒരുമിച്ചുകൂട്ടിത്തരട്ടെ, ആമീന്‍. യത്തീമുകള്‍ക്ക് കൃഫ ചെയ്യുന്ന ബാപ്പാരെപ്പോലെയും ബായക്കാടച്ചികള്‍ക്ക് കൃഫ ചെയ്യുന്ന മാപ്പിളമാരെ പോലെയും നിങ്ങളെ ഞങ്ങള്‍ കരുതുന്നു. അല്ലാഹു ഉദക്കം ചെയ്യട്ടെ, ആമീന്‍. പേരും വിവരവും എഴുതാന്‍ സമയം കുറഞ്ഞതുകൊണ്ട് ഖാസ്സ്വായിട്ടും ആമ്മായിട്ടും നിങ്ങള്‍ക്കെല്ലാവര്‍ക്കും, അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹി വബറക്കാത്തുഹു. കുഞ്ഞിരായിന്‍ നിങ്ങള്‍ക്ക് സലാം.

അല്ലാഹുമ്മഗ്ഫിര്‍ ലീ വലി വാലിദയ്യ വലി ജമീഇല്‍ മുഅ്മിനീന വല്‍ മുഅ്മിനാത്ത്. അല്ലാഹുമ്മഫ്അല്‍ ബീ വ ബിഹിം ആജിലന്‍ വ ആജിലന്‍ ഫിദ്ദീനി വദ്ദുന്‍യാ വല്‍ ആഖിറത്തി മാ അന്‍ത ലഹു അഹ്ലുന്‍. വലാ തഫ്അല്‍ ബിനാ യാ മൗലാനാ മാ നഹ്നു ലഹു അഹ്ലുന്‍. ഇന്നക്ക ഗഫൂറുന്‍ അലീമുന്‍ ജവാദുന്‍ കരീമുന്‍ റഊഫുന്‍ റഹീം. ഈ രണ്ടു ദിക്റിനെ സുബ്ഹിന്റെ പിറകെ ചട്ടമാക്കുന്നത് നല്ലതാണ്. ഹിജ്റ 1291 ശഅ്ബാന്‍ 22നാണ് എന്റെ പിറവിയെന്ന് ഉമ്മ ബാപ്പ പറയുന്നത് കേട്ടിരുന്നു, ആമീന്‍.

Tags:    
News Summary - May he make us among his martyrs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.