അധികാരികൾക്കു വഴങ്ങിക്കൊടുക്കാൻ മാധ്യമപ്രവർത്തകർ തയാറാകുന്നു എന്നതാണ് കഴിഞ്ഞ മൂന്നുനാലു വർഷത്തെ അനുഭവങ്ങളിൽനിന്ന് എനിക്കു മനസ്സിലാക്കാൻ സാധിച്ച ഒരു സുപ്രധാന കാര്യം. അധികൃതർ നൽകുന്ന തുച്ഛമായ ചില ആനുകൂല്യങ്ങൾ സ്വാസ്ഥ്യം സമ്മാനിക്കുമെന്ന ചിന്താഗതി ഉപേക്ഷിക്കാൻ നിങ്ങൾ തയാറാകേണ്ടതുണ്ട്. മന്ത്രിമാരുടെ ലേഖനങ്ങൾക്ക് പ്രാധാന്യപൂർവം പത്രസ്ഥലം അനുവദിക്കുക, മന്ത്രിമാർക്കു വേണ്ടി കൂടുതൽ സംപ്രേഷണ സമയം അനുവദിക്കുക തുടങ്ങിയ മാർഗങ്ങൾ സ്വീകരിക്കുന്നപക്ഷം പ്രതിസന്ധി ഘട്ടങ്ങളിൽ മന്ത്രിമാർ നിങ്ങൾക്ക് സഹായവുമായി വന്നണയുമെന്ന വിശ്വാസം പലർക്കും ഉണ്ടാകും. വെങ്കയ്യ നായിഡുവിെൻറ ലേഖനത്തിന് നമ്മുടെ സ്വന്തം പത്രമായ ഇന്ത്യൻ എക്സ്പ്രസ് മുക്കാൽ പേജ് തന്നെ അനുവദിക്കുന്നുണ്ട്. ഇന്ത്യൻ എക്സ്പ്രസിലായിരിക്കെ കുൽദീപ് നയാർ എനിക്കൊരിക്കലും ഇത്രയും സ്ഥലം അനുവദിച്ചിരുന്നില്ല. ഇതേ വെങ്കയ്യ നായിഡുവിെൻറ കൈയിൽ ഒരു നോട്ട്ബുക്ക് നൽകി ഏതെങ്കിലും ഒരു വിഷയത്തെ കേന്ദ്രീകരിച്ച് ഒരു കുറിപ്പെഴുതാൻ ആവശ്യപ്പെട്ടാൽ അദ്ദേഹം അതിനു കഴിയാതെ കൈമലർത്തും. അദ്ദേഹത്തിന് അത്തരം സർഗശേഷികൾ ഇല്ലെന്നറിഞ്ഞശേഷവും നിങ്ങൾ അദ്ദേഹത്തിെൻറ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നു. ആപൽഘട്ടങ്ങളിൽ ഇവർ പിന്തുണക്കാനെത്തും എന്ന ധാരണയിലാണ് നിങ്ങൾ. എന്നാൽ, വാസ്തവത്തിൽ നിങ്ങൾക്കെതിരെ ഒരു ആക്രമണം അരങ്ങേറിയാൽ ഇവരിൽ ഒരാളെയും സഹായത്തിനു ലഭിക്കില്ല. വാസ്തവത്തിൽ ഇവിടെ മന്ത്രിമാർ ഇല്ല. ഒന്നോ രണ്ടോ പേർ നടത്തുന്ന ഒരു സർക്കാറാണിത്. മന്ത്രിമാർ എന്നു നാം വിശേഷിപ്പിക്കുന്നവർ കേവലം അടിമപ്പണിക്കാർ മാത്രം. അവരെങ്ങനെ നിങ്ങളെ സഹായിക്കും?
ഇനി അവരിൽ ആർക്കെങ്കിലും പ്രണയ് റോയിയുമായി സൗഹൃദം ഉണ്ടെന്നുതന്നെയിരിക്കെട്ട. താൻ പ്രണയ് റോയിയുടെ ചങ്ങാതിയാണെന്നു മോദി മനസ്സിലാക്കും എന്നു അയാൾ പേടിക്കുകയും അതുകൊണ്ട് അദ്ദേഹത്തിൽനിന്നും അകലം സൂക്ഷിക്കുന്നതാണ് ഗുണകരമെന്ന നിഗമനത്തിൽ അയാൾ എത്തിച്ചേരുകയും ചെയ്യും. അതുകൊണ്ട് ചെറിയ ആനുകൂല്യം വഴി നിങ്ങൾക്ക് സ്വസ്ഥചിത്തരായിക്കഴിയാം എന്ന് നിങ്ങൾ ധരിക്കേണ്ടതില്ല. നിസ്സഹകരണത്തിനാണ് ഞാൻ ആഹ്വാനം ചെയ്യുന്നത്. ബഹിഷ്കരണ തന്ത്രമാണ് നിങ്ങൾ സ്വീകരിക്കേണ്ടത്.
ബഹിഷ്കരണം എന്ന ആയുധം
അപകീർത്തി ബില്ലിെൻറ ഘട്ടത്തിൽ അധികാരികൾക്കെതിരെ ബഹിഷ്കരണായുധം വേണ്ടവിധം പ്രയോഗിക്കാൻ നമുക്കു സാധിച്ചു. രാജ്യത്തെമ്പാടുമുള്ള എഡിറ്റർമാരെയെല്ലാം ടെലിഫോണിൽ വിളിച്ചായിരുന്നു നാം ആയുധപ്രയോഗ തന്ത്രം പരീക്ഷിച്ചത്. മാധ്യമപ്രവർത്തകരോടെല്ലാം ഒരു കാര്യം നിർദേശിച്ചു: ‘രാജീവ് ഗാന്ധി സർക്കാറിലെ ഒരു മന്ത്രി നിങ്ങളുടെ നഗരത്തിൽ എത്തുകയും വാർത്തസമ്മേളനം വിളിക്കുകയും ചെയ്താൽ താങ്കൾ അപകീർത്തി ബില്ലിനെ അനുകൂലിക്കുമോ ഇല്ലയോ എന്നതാകണം മന്ത്രിയോട് ആദ്യം ഉന്നയിക്കേണ്ട ചോദ്യം. മന്ത്രി ഉത്തരം നൽകാതിരിക്കുകയോ ഉരുണ്ടുകളിക്കുകയോ അനുകൂലമാണ് എന്ന് ഉത്തരം നൽകുകയോ ചെയ്താൽ ഉടൻ എഴുന്നേറ്റ് സ്ഥലംവിടുക’.
ഭീകരവാദികളുടെ പ്രാണവായുവാണ് പ്രസിദ്ധി. ഇൗ അടിമപ്പണിക്കാരുടെയും പ്രാണവായു അതുതന്നെ. സ്വന്തത്തിനും സർക്കാർ നടപടികൾ ന്യായീകരിക്കുന്നതിനും ലഭിക്കുന്ന പ്രചാരണം എത്രയെന്ന് ഇൗ മന്ത്രിമാർക്ക് മോദിയെ കാണിക്കേണ്ടതുണ്ട്. അതുകൊണ്ട് അവരെ ബഹിഷകരിക്കുക. അവരുടെ വാർത്തസമ്മേളനങ്ങളിൽനിന്ന് മാറിനിൽക്കുക. നിങ്ങളുടെ യോഗങ്ങളിലേക്ക് അവരെ ക്ഷണിക്കാതിരിക്കുക. അത്തരം നിസ്സഹകരണത്തിെൻറ ചില സാമ്പിളുകൾ കാണിച്ചുകൊടുക്കുക. എന്നിട്ട് അതിെൻറ ഫലം അറിയാൻ കാത്തിരിക്കുക.
സർക്കാറിെൻറ ഒൗദ്യോഗിക പ്രഖ്യാപനങ്ങൾക്ക് ഇത്രയേറെ സ്ഥലം അനുവദിക്കുന്ന മാധ്യമങ്ങൾ ഇന്ത്യയിലല്ലാതെ ലോകത്ത് മറ്റെവിടെയുമില്ല. ക്ലാസിഫൈഡ് പരസ്യങ്ങൾ നൽകുന്ന ഉൾപേജുകളിലാണ് അവക്ക് നിങ്ങൾ യഥാർഥത്തിൽ ഇടം നൽകേണ്ടത്. ആർട്ട് ന്യൂസ് ഡോട്ട് ഇൻ, വിവിധ വെബ് പോർട്ടലുകൾ തുടങ്ങിയവ കണ്ടെത്തുന്ന വാർത്തകൾ നിങ്ങൾ പുനഃപ്രസിദ്ധീകരിക്കുക.
സർക്കാറിെൻറ അവകാശവാദങ്ങളെ ഖണ്ഡിക്കുന്ന വസ്തുതകളും തെളിവുകളും കുഴിച്ചെടുക്കാൻ അവർക്ക് കഴിയുന്നു. അവ ആ പോർട്ടലുകളിൽതന്നെ കിടന്നാൽ മതിയോ?
ഇന്ന് നരേന്ദ മോദി, ശരദ് യാദവ് തുടങ്ങിയവരുടെ ട്വീറ്റുകൾ പുനഃപ്രസിദ്ധീകരിക്കാൻ മത്സരിക്കുകയാണ് പത്രങ്ങൾ. ആ ട്വീറ്റുകളിൽ മർമപ്രധാനമായ എന്തു വിവരങ്ങളാണ് ഉള്ളത്? ഇൗ ട്വീറ്റുകൾക്ക് അനുവദിക്കുന്ന പത്രസ്ഥലം യഥാർഥ വാർത്തകൾക്കായി മാറ്റിവെക്കുക. ആർട്ട് ന്യൂസും മറ്റും വെളിപ്പെടുത്തിയ സത്യങ്ങൾക്ക് ഇടംനൽകുക.
ജനങ്ങളെ മയക്കുന്നതിന് പുതിയ കഥകൾ ചമക്കുകയാണ് അധികൃതർ. നിങ്ങളുടെ വായനക്കാരുടെയും പ്രേക്ഷകരുടെയും ശ്രദ്ധകവരുന്ന സർക്കാറിെൻറ ഉപകരണങ്ങളായി നിങ്ങൾ മാറേണ്ടതില്ല. പകരം യഥാർഥ വാർത്തകളിൽ ശ്രദ്ധയൂന്നുക. സർക്കാറിെൻറ വേല നിർവഹിക്കേണ്ടത് നിങ്ങളല്ല. അധികാരികളെ അലോസരപ്പെടുത്തുന്ന ദൗത്യങ്ങൾ മാധ്യമങ്ങൾ ഇരട്ടിപ്പിക്കണം. നിങ്ങൾ കുഴിച്ചെടുക്കുന്ന സത്യങ്ങളിൽ സർക്കാർ അലോസരം പ്രകടിപ്പിക്കുന്നു എന്നതാണ് നിങ്ങൾ ശരിയായ ദിശയിലാണ് എന്നതിെൻറ വലിയ ഉറപ്പ്. അരുൺ പൂരി ഇടക്കിടെ ആവർത്തിക്കുന്ന മുദ്രാവാക്യം ഇവിടെ പ്രഖ്യാപിക്കാം. ‘സർക്കാർ തമസ്കരിക്കാൻ ശ്രമിക്കുന്നതാണ് വാർത്ത; ബാക്കിയെല്ലാം പ്രചാരണ ഘോഷങ്ങൾ മാത്രം’.
നമ്മുടെ സംരക്ഷകർ
മൂന്നു സംരക്ഷണങ്ങൾ മാത്രമേ വാസ്തവത്തിൽ മാധ്യമങ്ങൾക്ക് പ്രതീക്ഷിക്കാനാകൂ എന്ന് ദയവായി ഒാർക്കുക. ഒന്നാമതായി നമ്മുടെ പരസ്പരൈക്യം. രണ്ടാമത്തേത് കോടതികൾ. അതിനാൽ നീതിന്യായ വ്യവസ്ഥയെ ദുർബലപ്പെടുത്തുന്ന ഏത് നടപടിയും പ്രാമുഖ്യത്തോടെ റിപ്പോർട്ടുചെയ്യുക. നമ്മുടെ വായനക്കാർ നൽകുന്ന സംരക്ഷണമാണ് മൂന്നാമത്തേത്. വായനക്കാരുടെ ജീവന്മരണ പ്രശ്നങ്ങളിലുള്ള അഗാധമായ സത്യങ്ങൾ പുറത്തുകൊണ്ടുവരാൻ നാം ദീർഘദൂരം സഞ്ചരിക്കേണ്ടതുണ്ട്. അപ്പോൾ നമുക്കെതിരെ കൈകൾ ഉയർന്നാൽ അത് തങ്ങൾക്കുനേരെകൂടി ഉയർന്ന കൈകളാണെന്ന് വായനക്കാർ തിരിച്ചറിയും.
മുഖ്യധാര മാധ്യമങ്ങൾവഴി വാർത്ത ശേഖരിക്കുന്നതും സംപ്രേഷണം ചെയ്യുന്നതും നാൾതോറും ദുഷ്കരമായി മാറിക്കൊണ്ടിരിക്കുന്നു. ഇൗ പശ്ചാത്തലത്തിൽ ഇൻറർനെറ്റിനെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്നതിൽ പ്രവീണരായ പുതുതലമുറയിലേക്ക് നമ്മുടെ ശ്രദ്ധ തിരിയേണ്ടത് അനുവാര്യമാണ്. ചൈനീസ് ഭരണകൂടത്തെ മറികടക്കാൻ ഇന്നത്തെ ചൈനക്കാർക്ക് സാധിക്കുന്നുവെങ്കിൽ തീർച്ചയായും നമുക്കും ശക്തി സാധ്യമാകും. ഒടുവിൽ സർവതിെൻറയും നിയന്ത്രണം അവരുടെ കൈകളിലമരുന്ന സ്ഥിതി വന്നാലും നിരാശപ്പെടരുത്. എല്ലാം കടന്നുപോകും. മാധ്യമങ്ങൾവഴി അവർ സർവതും തമസ്കരിച്ചാൽ സ്വാനുഭവങ്ങളിൽനിന്ന് സത്യം മനസ്സിലാക്കുന്ന ജനങ്ങൾ പ്രതിസന്ധികൾ തിരിച്ചറിയും. അത്തരമൊരവസ്ഥയിൽ, പശുക്കളെ സ്നേഹിക്കുന്ന ഇൗ ഭരണകൂടത്തിന് ചത്ത ഗോക്കളെയും കെട്ടിപ്പിടിച്ച് ഇരിക്കേണ്ടതായി വരും. നന്ദി. അഭിവാദ്യങ്ങൾ.
(അവസാനിച്ചു) കടപ്പാട്: വയർ ഡോട്ട് ഇൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.