മെഡിക്കൽ പ്രവേശനം മാറി മാറി വന്ന സർക്കാറുകൾക്ക് ഒരു കീറാമുട്ടിയായി നിലനിൽക്കുന്ന ഒന്നാണ്. ആരു മണികെട്ടും എന്നിടത്താണ് സുപ്രീംകോടതിതന്നെ ഇതിനായി നേരിട്ട് ഇറങ്ങിത്തിരിച്ചത്. ചോദ്യപേപ്പറിനെക്കുറിച്ച് എന്തൊക്കെ ആക്ഷേപമുണ്ടെങ്കിലും നീറ്റ് പരീക്ഷ റദ്ദാക്കാൻ സാധിക്കില്ലെന്നും ഇടക്കാല ഉത്തരവ് അനുവദിക്കില്ലെന്നും പ്രവേശനപ്രക്രിയ തുടരട്ടെയെന്നുമാണ് ജൂലൈ 14ന് സുപ്രീംകോടതി ബെഞ്ച് പ്രസ്താവിച്ചത്. ഏകീകൃത മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റുമായി ബന്ധപ്പെട്ട സുപ്രീംകോടതി വ്യവഹാരങ്ങളിലൊക്കെയും സുപ്രീംകോടതിയുടെ ഈ നിലപാട് കാണാം.
മെറിറ്റ് അട്ടിമറിച്ച് തോന്നുംപടിയുള്ള കച്ചവടമാക്കിയാണ് സ്വാശ്രയ കോളജുകൾ മെഡിക്കൽ പ്രവേശനം നടത്താറുണ്ടായിരുന്നത്. ഇരകളാവുന്നത് സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവരും ന്യൂനപക്ഷ പിന്നാക്ക വിഭാഗത്തിൽ പെട്ടവരുമാണ്. ഇത്തരം നിരവധി കേസുകളിൽനിന്നുള്ള അനുഭവങ്ങളാവും സുപ്രീംകോടതിയെ നീറ്റിൽ ഉറച്ച നിലപാടുമായി മുന്നോട്ടുപോകാൻ േപ്രരിപ്പിച്ചത്. കണ്ണൂർ അഞ്ചരക്കണ്ടി, കരുണ മെഡിക്കൽ കോളജുകളുടെ പ്രവേശനം റദ്ദാക്കിക്കൊണ്ടുള്ള പ്രവേശനപരീക്ഷ കമീഷണറുടെ ഉത്തരവിനെ ശരിവെച്ച ഹൈകോടതി വിധി സുപ്രീംകോടതി അംഗീകരിച്ച് വിധി പ്രസ്താവിച്ചതും ഈ വർഷമാണ്. നീറ്റ് സംബന്ധിച്ച നിരവധി ആക്ഷേപങ്ങളും ആശങ്കകളും നിലനിൽക്കുന്നുണ്ട്. അതിനനുസരിച്ചുള്ള തിരുത്തലുകളും അനിവാര്യമാണ്. എന്നാൽ, മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം എന്ന ആശയത്തെ നീറ്റ് മുന്നോട്ടുവെക്കുന്നുണ്ട്. യോഗ്യതയോ സാമൂഹിക പിന്നാക്കാവസ്ഥയോ പരിഗണിക്കാതെ കേവലം സാമ്പത്തികബദ്ധമായിരുന്ന പ്രവേശനം നീറ്റ് ഇല്ലാതാക്കി എന്നതാണ് സുപ്രധാന കാര്യം.
നീറ്റ് റാങ്ക്ലിസ്റ്റ് അടിസ്ഥാനത്തിൽ മെറിറ്റ് അഡ്മിഷൻ വന്നതോടെ സംസ്ഥാനത്തെ സ്വാശ്രയ കോളജുകളിൽ നേരേത്ത 50 ആയിരുന്ന മെറിറ്റ് സീറ്റ് 85 ആയി മാറി. എന്നാൽ, ഫീസ് കാര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ മെറിറ്റ് സംരക്ഷണത്തെ കൊഞ്ഞനംകുത്തുന്നതാണ്. തങ്ങൾതന്നെ പുറപ്പെടുവിച്ച ഓർഡിനൻസിൽ പറയുന്ന നിശ്ചിത എണ്ണം അംഗങ്ങളെ തികക്കാതെയുള്ള കമീഷനെ നിയമിച്ചാണ് മാനേജ്മെൻറുകൾക്ക് കോടതിയിൽ പോകാൻ സർക്കാർ സാങ്കേതികസഹായം നൽകിയത്.
തിരുത്തിയ ഓർഡിനൻസിലൂടെ നിലവിൽവന്ന ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിറ്റി അഞ്ചു ലക്ഷം ഏകീകൃത ഫീസും എൻ.ആർ.ഐ സീറ്റിൽ 20 ലക്ഷം ഫീസും നിശ്ചയിച്ചു. ബി.ഡി.എസിന് 2.9 ലക്ഷം ഏകീകൃത ഫീസായും നിശ്ചയിച്ചു. നാലാം ക്ലാസ് വിദ്യാർഥി ഹരണക്രിയ ചെയ്യുന്നതുപോലെ കണക്കുകൂട്ടിയാണ് അഞ്ചു ലക്ഷം ഏകീകൃത ഫീസ് തീരുമാനിച്ചത്. സ്വാശ്രയ കോളജുകളുടെ വരവുചെലവ് കണക്കുകൾ സംബന്ധിച്ച് പഠനം നടത്താൻ ഫീസ് കമ്മിറ്റി ഇതുവരെ തയാറായിട്ടില്ല എന്നതിൽനിന്നുതന്നെ ആരോടാണ് ഇവരുടെ കൂറെന്നു വ്യക്തം. പല കോളജുകളും കണക്കുകൾ സമർപ്പിക്കാതിരുന്നപ്പോൾ മറ്റു പല കോളജുകളും അപൂർണവും സുതാര്യമല്ലാത്തതുമായ കണക്കുകളാണ് സമർപ്പിച്ചത്. കണക്കു സമർപ്പിക്കാൻ മൂന്നു മാസത്തെ സമയം അനുവദിച്ച് കാത്തിരിക്കുകയാണ് ഫീസ് റെഗുലേറ്ററി കമ്മിറ്റി. കഴിഞ്ഞ വർഷത്തെ ഫീസ് എത്രയെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് മുന്നിൽ സർക്കാറുമായി കരാറിൽ ഒപ്പിടാത്ത ഒരു കോളജ് മാത്രമാണ് 10 ലക്ഷം രൂപ ഫീസ് വാങ്ങിയത് എന്ന് ബോധ്യപ്പെടുത്താൻ സർക്കാർ അഭിഭാഷകൻ തയാറായില്ല, എസ്.സി, എസ്.ടി വിദ്യാർഥികളുടെ െചലവ് സർക്കാർ വഹിക്കുമെന്നും 15 ബി.പി.എൽ വിദ്യാർഥികൾക്ക് (നേരേത്ത ഇത് 20 ആയിരുന്നു) സ്കോളർഷിപ് നൽകുമെന്നും പ്രവേശന പരീക്ഷ കമീഷണറുടെ ഉത്തരവിൽ പറഞ്ഞിരുന്നു. വിദ്യാർഥികളുടെ ചെലവ് വഹിക്കാൻ സർക്കാർ തയാറാണോ എന്ന് സുപ്രീംകോടതി ചോദിച്ചപ്പോൾ ഇതൊന്നും ബോധ്യപ്പെടുത്താൻ ശ്രമിക്കാതെ മുൻകൂട്ടി നിശ്ചയിച്ചപോലെ മൗനംപാലിച്ച് സർക്കാർ വക്കീൽ നിയമാനുസൃതമായ കൊള്ളക്ക് മാനേജ്മെൻറുകൾക്ക് ഒത്താശചെയ്യുകയായിരുന്നു.
പിണറായി സർക്കാർ വരുന്നതിനുമുമ്പ് 1.85 ലക്ഷം രൂപയായിരുന്ന ഫീസാണ് ഇപ്പോൾ 11 ലക്ഷത്തിൽ എത്തിയത് എന്നോർക്കണം. അല്ലാതെ അഞ്ചു ലക്ഷത്തിൽനിന്ന് 11 ലക്ഷമായതല്ല. അധികാരത്തിൽ വന്ന ആദ്യവർഷംതന്നെ 20 മുതൽ 35 ശതമാനം വരെയാണ് ഈ സർക്കാർ ഫീസ് വർധിപ്പിച്ചത്. സ്വാശ്രയ കോളജുകൾക്ക് വിവിധ രൂപത്തിലുള്ള പുറംവരുമാനം നിന്നുപോയിരിക്കുന്നു എന്നാണ് ഇതിന് ന്യായമായി മുഖ്യമന്ത്രി പറഞ്ഞിരുന്നത്. മെഡിക്കൽ പ്രവേശനം ‘നീറ്റ്’ റാങ്ക്ലിസ്റ്റിെൻറ അടിസ്ഥാനത്തിൽ അല്ലാത്തതുകൊണ്ട് മെറിറ്റ് സീറ്റ്, മാനേജ്മെൻറ് സീറ്റ്, എൻ.ആർ.െഎ സീറ്റ് എന്നിവയിൽ വ്യത്യസ്ത ഫീസുകളായിരുന്നു കഴിഞ്ഞ വർഷം ഈടാക്കിയിരുന്നത്. 50 മെറിറ്റ് സീറ്റിലെ ഫീസ് 1.85 ലക്ഷത്തിൽ നിന്ന് 2.5 ലക്ഷമായും (35 ശതമാനം വർധന), 35 മാനേജ്മെൻറ് സീറ്റിലെ ഫീസ് 8.5 ലക്ഷത്തിൽനിന്ന് 11 ലക്ഷമായും (29 ശതമാനം വർധന), 15 എൻ.ആർ.ഐ സീറ്റിെല ഫീസ് 12.5 ലക്ഷത്തിൽനിന്ന് 15 ലക്ഷമായുമാണ് (20 വർധന) 2016ൽ വർധിപ്പിച്ചുനൽകിയത്. ഫീസ് ഘടനയുമായി ബന്ധപ്പെട്ട ചർച്ചകളും ഫീസ് നിർണയവും തൊട്ട് മുൻവർഷത്തെ ഫീസിനെ അടിസ്ഥാനമാക്കിയാണ് ഉണ്ടാകാറുള്ളത്. അതിനാൽ ഈ അധ്യയനവർഷം മുതൽ പ്രവേശനം ഏകീകൃതമാവും എന്ന് മുൻകൂട്ടി കണ്ടാണ് 2016ലെ ഫീസ് 20 മുതൽ 35 ശതമാനം വരെ വർധിപ്പിച്ചത് എന്നാണ് മനസ്സിലാക്കേണ്ടത്. 2015ൽ 1.85 ലക്ഷം രൂപയായിരുന്ന മെറിറ്റ് സീറ്റ് ഫീസ് ഇപ്പോൾ 11 ലക്ഷമായി ഉയർന്നു. 9.15 ലക്ഷം രൂപയുടെ വർധന. 12.5 ലക്ഷമായിരുന്ന എൻ.ആർ.ഐ ഫീസ് 7.5 ലക്ഷം രൂപ വർധിച്ച് 20 ലക്ഷമായി (68 ശതമാനം വർധന).
ഏത് ഉദ്ദേശ്യത്തോടെയാണോ ഏകീകൃത അലോട്ട്മെൻറ് കൊണ്ടുവന്നത് അതിനെ അട്ടിമറിക്കുന്നതാണ് നിലവിലെ ഫീസ് ഘടന. 100 കുട്ടികളുടെ അഡ്മിഷൻ എടുക്കുന്ന സ്വാശ്രയ കോളജിന് 2015നെ അപേക്ഷിച്ച് ഏഴു കോടിയോളം രൂപയുടെ അധികവരുമാനമാണ് നിലവിലെ ഫീസ് ഘടനയിലൂടെ ലഭിക്കുന്നത്. നേരേത്ത 35 മാനേജ്മെൻറ് സീറ്റിൽ ഈ സർക്കാർതന്നെ 11 ലക്ഷമാക്കിയിരുന്ന ഫീസ് അഞ്ചു ലക്ഷമാക്കി കുറച്ചു എന്ന് വലിയ നേട്ടമായി സർക്കാർ പറഞ്ഞിരുന്നു. സുപ്രീംകോടതി വിധിയോടെ 85 ശതമാനം സീറ്റിലും അഞ്ചു ലക്ഷം രൂപ പണമായും ആറു ലക്ഷത്തിെൻറ ബാങ്ക് ഗാരൻറിയും സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് വിദ്യാർഥികളും രക്ഷിതാക്കളും. പണം സംഘടിപ്പിക്കാനാകാത്തവർ അഡ്മിഷൻ കാൻസൽ ചെയ്യുന്ന സ്ഥിതിയുണ്ടായി. 15 ബി.പി.എൽ വിദ്യാർഥികൾക്ക് (നേരേത്ത ഇത് 20 ആയിരുന്നു) സ്കോളർഷിപ്പിലൂടെ അഞ്ചു ലക്ഷത്തിെൻറ സുപ്രധാന ഇളവ് ലഭിക്കുന്നു എന്നതും മറ്റൊരു നേട്ടമായി പറഞ്ഞിരുന്നു. എന്നാൽ, ഇത് കോടതിയിൽ ബോധ്യപ്പെടുത്താൻപോലും സർക്കാർ അഭിഭാഷകൻ തയാറായില്ല.
ആഗസ്റ്റ് ഒമ്പതിനാണ് രാജേന്ദ്ര ബാബു കമ്മിറ്റി നിശ്ചയിച്ച ഏകീകൃത ഫീസ് അംഗീകരിച്ച് ഹൈകോടതി ഇടക്കാല വിധി പുറപ്പെടുവിച്ചത്. നേരേത്ത സർക്കാറുമായി കരാറിൽ ഏർപ്പെട്ട കോളജുകൾ ഒഴികെ ഇനി ഒരു കോളജുമായും കരാറിൽ ഒപ്പിടരുതെന്നും കോടതി വിധിച്ചു. മാത്രമല്ല, അഞ്ചു ലക്ഷം ഏകീകൃത ഫീസ് അന്തിമമല്ലെന്നും അത് കൂടാനും കുറയാനും സാധ്യതയുണ്ടെന്ന് വിദ്യാർഥികളെ അറിയിക്കാനും ഹൈകോടതി നിർദേശിച്ചു. ഇതിനെതിരെ ചില മാനേജ്മെൻറുകൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ഹരജിയിലാണ് 11 ലക്ഷം ഫീസ് വാങ്ങാൻ ഇപ്പോൾ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പഴയ ഫീസ് ഘടനയിൽ ഒമ്പത് കോളജുകൾ കരാറിൽ ഒപ്പിടുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പരിയാരം മെഡിക്കൽ കോളജ്, എം.ഇ.എസ് പെരിന്തൽമണ്ണ, കാരക്കോണം സി.എസ്.ഐ കോളജ് എന്നിവയാണ് കരാറിൽ ഒപ്പിട്ടിരുന്നത്. ഇതിൽ പരിയാരം ഒഴികെയുള്ള കോളജുകളിൽ അഡ്മിഷൻ തുകക്ക് പുറമെ ഫീസിന് സമാനമായ തിരികെ ലഭിക്കുന്ന പലിശരഹിത നിക്ഷേപവും കരാറിലെ വ്യവസ്ഥകൾപ്രകാരം നാലു വർഷത്തെ ബാങ്ക് ഗാരൻറിയും നൽകാൻ ബാധ്യസ്ഥരാണെന്ന് കാണിച്ച് പ്രവേശന പരീക്ഷ കമീഷണർ പുതിയ വിജ്ഞാപനം ഇറക്കി. 85 സീറ്റിൽ സർക്കാർ സീറ്റ്, മാനേജ്മെൻറ് സീറ്റ് എന്ന് വേർതിരിച്ചാണ് വിജ്ഞാപനം ഇറക്കിയിരുന്നത്. ഈ കോളജുകളിൽ 50 ലക്ഷത്തിലധികം രൂപ ഉണ്ടെങ്കിലേ അഡ്മിഷൻ ലഭിക്കൂ എന്ന സാഹചര്യമായിരുന്നു. എന്നാൽ, ഹൈകോടതി ഇടക്കാല ഉത്തരവിൽ അഞ്ചു ലക്ഷത്തിെൻറ ഡി.ഡിക്കു പുറമെയുള്ള ഫീസ് തുകക്ക് ബാങ്ക് ഗാരൻറി നൽകണം എന്നു മാത്രമാണ് പറഞ്ഞിരുന്നത്. ഈ വിജ്ഞാപനവും ഹൈകോടതി സ്റ്റേ ചെയ്യുകയും ബാങ്ക് ഗാരൻറി വാങ്ങാനുള്ള അനുമതി റദ്ദാക്കുകയും, പകരം ബോണ്ട് കെട്ടിവെച്ചാൽ മതിയെന്ന് നിർദേശിക്കുകയും ചെയ്തു. അതിനിടെ സർക്കാറുമായുണ്ടാക്കിയ കരാറിലെ ഫീസ് വ്യവസ്ഥകൾ ഹൈകോടതി റദ്ദ് ചെയ്തതിനാൽ കരാറിൽനിന്ന് പെരിന്തൽമണ്ണ എം.ഇ.എസ്, സി.എസ്.ഐ മെഡിക്കൽ കോളജുകൾ പിന്മാറി. ഇതോടെ നിശ്ചയിച്ച പ്രവേശനനടപടികളുമായി സർക്കാറിന് മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതി വന്നു.
സ്വാശ്രയ കോളജുകളുമായി കരാറിൽ എത്തുന്നതിലും ഫീസ് ഘടന നിർണയിക്കുന്നതിലും ആരോഗ്യവകുപ്പ് വീഴ്ച വരുത്തിയതിനാൽ ഒന്നാംഘട്ട അലോട്ട്മെൻറിൽതന്നെ സ്വാശ്രയ കോളജുകളെ ഉൾപ്പെടുത്തിയിരുന്നില്ല. രണ്ടാംഘട്ട അലോട്ട്മെൻറ് വൈകുകയും ഇത് അഖിലേന്ത്യ േക്വാട്ടയിൽ അഡ്മിഷൻ ലഭിച്ചവർക്ക് കുരുക്കാവുകയും ചെയ്തു. അഖിലേന്ത്യ േക്വാട്ടയിൽ രണ്ടാം അലോട്ട്മെൻറ് കിട്ടിയവർ നിർബന്ധമായും കോളജിൽ ചേർന്നിരിക്കണം, ഇവർക്ക് പിന്നീട് പ്രവേശന കൗൺസലിങ്ങിൽ പങ്കെടുക്കാൻ പറ്റില്ല. സംസ്ഥാനത്തെ രണ്ടാം അലോട്ട്മെൻറ് പ്രക്രിയ വൈകിയതിനാൽ കേരളത്തിൽ അലോട്ട്മെൻറ് ലഭിച്ചാലും തിരികെ വന്ന് ചേരാൻ പറ്റാത്ത അവസ്ഥ നൂറുകണക്കിന് വിദ്യാർഥികൾക്ക് കുരുക്കായി മാറി.
സ്വാശ്രയ പ്രവേശനഫീസിൽ ശാശ്വതമായ പരിഹാരമാർഗം കാണാൻ സർക്കാർതന്നെ മുൻകൈ എടുക്കണം. രാജേന്ദ്ര ബാബു കമീഷൻ മാനേജ്മെൻറുകൾ തരുന്ന വരവുചെലവ് കണക്കുകൾവെച്ചല്ല, ശാസ്ത്രീയ മാനദണ്ഡങ്ങൾ ഉപയോഗിച്ച് ഫീസ് നിർണയം നടത്തണം. ഫീസ് നിർണയ രീതി സുതാര്യമായിരിക്കണം. ഫീസ് നിർണയം നടത്തി പൊതുജന സമക്ഷം ചർച്ചക്കുവെക്കുകയും സർക്കാർ, മാനേജ്മെൻറ്, വിദ്യാഭ്യാസ വിചക്ഷണർ, രാഷ്ട്രീയ - വിദ്യാർഥി സംഘടന പ്രതിനിധികൾ എന്നിവർ ചേർന്ന് പ്രത്യേക ചർച്ച നടത്തുന്നതിനെക്കുറിച്ചും സർക്കാറിന് ആലോചിക്കാം. സമയബന്ധിതമായ ഫീസ് നിർണയം പൂർത്തിയാക്കാൻ മന്ത്രിസഭാതലത്തിൽതന്നെ പ്രത്യേക സംവിധാനമൊരുക്കണം.
പട്ടികജാതി-പട്ടികവർഗ വിദ്യാർഥികൾക്കും സാമൂഹികപരമായി പിന്നാക്കംനിൽക്കുന്ന ജനവിഭാഗങ്ങൾക്കും സാമ്പത്തികസഹായത്തിന് അർഹതയുള്ള വിദ്യാർഥികൾക്കും ഫീസ് കുറക്കാനോ നിർണയിച്ച ഫീസ് സ്കോളർഷിപ്പായോ മറ്റോ നൽകാനോ സർക്കാർ കുറ്റമറ്റ രീതി സ്വീകരിക്കണം. കുറഞ്ഞ ഫീസിൽ പഠിക്കാനുള്ള വിദ്യാർഥികളുടെ അവസരങ്ങൾ സർക്കാറിെൻറ പിടിപ്പുകേടുകൊണ്ട് ഓരോന്നായി ഇല്ലാതായിരിക്കുകയാണ്. സാധാരണക്കാരെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽനിന്ന് അകറ്റിനിർത്തുന്നത് സാമൂഹികനീതിയോടുള്ള വെല്ലുവിളികൂടിയാണ്. സ്വാശ്രയ കോളജ് എന്നത് നിലനിൽക്കുന്ന യാഥാർഥ്യമായി മനസ്സിലാക്കി സമഗ്ര പരിഷ്കരണത്തിനാണ് സർക്കാർ തയാറാവേണ്ടത്. സുപ്രീംകോടതി വിധിയും മാനേജ്മെൻറുകൾക്ക് അനുകൂലമായതോടെ രാജേന്ദ്ര ബാബു കമ്മിറ്റി അന്തിമമായി നിർണയിക്കുന്ന ഫീസിലാണ് ഇനി സാധാരണക്കാരെൻറ പ്രതീക്ഷ.
(ലേഖകൻ ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറാണ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.